പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ
ഭാഗം 3: തിരുവെഴുത്തുകളുടെ ഫലകരമായ ഉപയോഗം
1 ദൈവവചനത്തിലെ ഉപദേശങ്ങൾ മനസ്സിലാക്കാനും സ്വീകരിക്കാനും അതു ജീവിതത്തിൽ ബാധകമാക്കാനും ആളുകളെ സഹായിച്ചുകൊണ്ട് അവരെ ‘ശിഷ്യരാക്കുക’ എന്ന ഉദ്ദേശ്യത്തിലാണ് നാം ബൈബിളധ്യയനങ്ങൾ നടത്തുന്നത്. (മത്താ. 28:19, 20; 1 തെസ്സ. 2:13) അതിനാൽ, തിരുവെഴുത്തുകളെ കേന്ദ്രീകരിച്ചായിരിക്കണം അധ്യയനം നടത്തേണ്ടത്. ആദ്യംതന്നെ, സ്വന്തം ബൈബിളിൽ ഒരു വാക്യം എങ്ങനെ കണ്ടുപിടിക്കാമെന്നു വിദ്യാർഥികൾക്കു കാണിച്ചുകൊടുക്കുന്നതു സഹായകമായേക്കാം. ആത്മീയമായി പുരോഗമിക്കുന്നതിന് അങ്ങനെയുള്ളവരെ സഹായിക്കാൻ നമുക്കു തിരുവെഴുത്തുകൾ എപ്രകാരം ഉപയോഗിക്കാം?
2 വായിക്കേണ്ട വാക്യങ്ങൾ തിരഞ്ഞെടുക്കുക: അധ്യയനത്തിനായി നിങ്ങൾ തയ്യാറാകുന്ന സമയത്ത്, പാഠത്തിലെ ഓരോ പരാമർശിത തിരുവെഴുത്തുകളും ചർച്ച ചെയ്യപ്പെടുന്ന ആശയത്തിനു ബാധകമാകുന്നത് എങ്ങനെയെന്നു മനസ്സിലാക്കുകയും അധ്യയനമെടുക്കുമ്പോൾ അവയിൽ ഏതൊക്കെ എടുത്തുനോക്കി ചർച്ച ചെയ്യണമെന്നു തീരുമാനിക്കുകയും ചെയ്യുക. നമ്മുടെ വിശ്വാസങ്ങൾക്ക് അടിസ്ഥാനമായി ഉതകുന്ന തിരുവെഴുത്തുകൾ വായിക്കുന്നത് സാധാരണഗതിയിൽ നല്ലതാണ്. പശ്ചാത്തല വിവരങ്ങൾ നൽകുന്നവ വായിക്കേണ്ട ആവശ്യമില്ലായിരിക്കാം. ഓരോ വിദ്യാർഥിയുടെയും ആവശ്യങ്ങളും സാഹചര്യങ്ങളും കണക്കിലെടുക്കുക.
3 ചോദ്യങ്ങൾ ഉപയോഗിക്കുക: വിദ്യാർഥിക്കു നിങ്ങൾ വാക്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നതിനു പകരം, അതു നിങ്ങൾക്കു വിശദീകരിച്ചു തരാൻ വിദ്യാർഥിയെ അനുവദിക്കുക. ചോദ്യങ്ങൾ വിദഗ്ധമായി ഉപയോഗിച്ചുകൊണ്ട് ഇതു ചെയ്യാൻ നിങ്ങൾക്കു വിദ്യാർഥിയെ പ്രേരിപ്പിക്കാവുന്നതാണ്. തിരുവെഴുത്തിന്റെ പ്രയുക്തത സുവ്യക്തമാണെങ്കിൽ, ഖണ്ഡികയിലെ ആശയത്തെ പ്രസ്തുത വാക്യം പിന്താങ്ങുന്നത് എങ്ങനെയെന്നുമാത്രം നിങ്ങൾ ചോദിച്ചേക്കാം. മറ്റു സന്ദർഭങ്ങളിൽ, ഉചിതമായ ഒരു നിഗമനത്തിലേക്കു വിദ്യാർഥിയെ നയിക്കുന്നതിന് ഒരു പ്രത്യേക ചോദ്യമോ അല്ലെങ്കിൽ ഒരു ചോദ്യപരമ്പരയോ വേണ്ടിവന്നേക്കാം. കൂടുതലായി വിശദീകരിക്കേണ്ടതുണ്ടെങ്കിൽ, അതു വിദ്യാർഥിയുടെ മറുപടിക്കു ശേഷമാവാം.
4 ലളിതമാക്കി നിറുത്തുക: ലക്ഷ്യത്തിൽ എയ്യാൻ വിദഗ്ധനായ ഒരു വില്ലാളിക്ക് ഒരസ്ത്രമേ ആവശ്യമുള്ളൂ. സമാനമായി, ഒരാശയം വ്യക്തമാക്കാൻ വിദഗ്ധനായ ഒരു അധ്യാപകനു ധാരാളം വാക്കുകളുടെ ആവശ്യമില്ല. ലളിതവും വ്യക്തവും കൃത്യവുമായി ആശയം കൈമാറാൻ അദ്ദേഹത്തിനു കഴിയും. ചിലപ്പോഴൊക്കെ, ഒരു തിരുവെഴുത്ത് മനസ്സിലാക്കാനും അതു കൃത്യമായി വിശദീകരിക്കാനുമായി നിങ്ങൾ ക്രിസ്തീയ പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം ചെയ്യേണ്ടിവന്നേക്കാം. (2 തിമൊ. 2:15) അധ്യയന വേളയിൽ, ഓരോ തിരുവെഴുത്തിന്റെയും സമസ്ത വശങ്ങളും വിശദീകരിക്കാൻ ശ്രമിക്കാതിരിക്കുക. ചർച്ച ചെയ്യപ്പെടുന്ന ആശയം വ്യക്തമാക്കാൻ ആവശ്യമായ കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തുക.
5 പ്രായോഗിക വശം ചൂണ്ടിക്കാട്ടുക: ഉചിതമായിരിക്കുമ്പോൾ, ബൈബിൾ വാക്യങ്ങൾ തനിക്കു വ്യക്തിപരമായി ബാധകമായിരിക്കുന്നത് എപ്രകാരമെന്നു മനസ്സിലാക്കാൻ വിദ്യാർഥിയെ സഹായിക്കുക. ഉദാഹരണത്തിന്, ഇതുവരെ ക്രിസ്തീയ യോഗങ്ങൾക്കു വന്നിട്ടില്ലാത്ത ഒരു വിദ്യാർഥിയുമായി എബ്രായർ 10:24, 25 ചർച്ച ചെയ്യുന്ന സന്ദർഭത്തിൽ, നിങ്ങൾക്ക് ഒരു യോഗത്തെക്കുറിച്ചു വിശദീകരിച്ച് അതിനു ഹാജരാകാൻ അയാളെ ക്ഷണിക്കാൻ കഴിഞ്ഞേക്കും. എങ്കിലും, അയാളെ നിർബന്ധിക്കരുത്. യഹോവയെ പ്രസാദിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് അദ്ദേഹത്തെ പ്രചോദിപ്പിക്കാൻ ദൈവവചനത്തെ അനുവദിക്കുക.
6 ശിഷ്യരെ ഉളവാക്കാനുള്ള കൽപ്പന നിറവേറ്റവേ, തിരുവെഴുത്തുകൾ ഫലകരമായി ഉപയോഗിച്ചുകൊണ്ട് നമുക്ക് ‘വിശ്വാസത്താലുള്ള അനുസരണത്തെ ഉന്നമിപ്പിക്കാം.’—റോമ. 16:26, NW.
[അധ്യയന ചോദ്യങ്ങൾ]
1. ബൈബിളധ്യയനങ്ങൾ നടത്തുമ്പോൾ നാം തിരുവെഴുത്തുകൾക്ക് ഊന്നൽ നൽകേണ്ടത് എന്തുകൊണ്ട്?
2. വായിച്ചു ചർച്ച ചെയ്യേണ്ട വാക്യങ്ങൾ ഏതൊക്കെയെന്ന് നാം തീരുമാനിക്കുന്നത് എങ്ങനെ?
3. ചോദ്യങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രയോജനമെന്ത്, നമുക്കിത് എങ്ങനെ ചെയ്യാം?
4. നാം വായിക്കുന്ന തിരുവെഴുത്തുകൾക്ക് എത്രത്തോളം വിശദീകരണം കൊടുക്കണം?
5, 6. ജീവിതത്തിൽ ദൈവവചനം ബാധകമാക്കാൻ നമുക്കു വിദ്യാർഥികളെ എങ്ങനെ സഹായിക്കാം, എന്നാൽ നാം എന്ത് ഒഴിവാക്കണം?