സൂക്ഷിച്ചുവെക്കുക
പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ
പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തുന്നതു സംബന്ധിച്ച് നമ്മുടെ രാജ്യ ശുശ്രൂഷയിൽ പ്രസിദ്ധീകരിച്ച ലേഖന പരമ്പരകളിൽനിന്നുള്ള മുഖ്യാശയങ്ങളുടെ സമാഹാരമാണ് ഈ അനുബന്ധം. ഇതു സൂക്ഷിച്ചുവെക്കാനും ബൈബിളധ്യയനം നടത്തുമ്പോൾ എടുത്തുനോക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, വയൽസേവന യോഗങ്ങളിൽ ഈ അനുബന്ധത്തിൽനിന്നുള്ള പോയിന്റുകൾ വിശേഷവത്കരിക്കാവുന്നതാണ്. സേവന മേൽവിചാരകന്മാർ പുസ്തകാധ്യയന കൂട്ടങ്ങൾ സന്ദർശിക്കുമ്പോൾ നടത്തുന്ന പ്രസംഗങ്ങൾക്ക് അടിസ്ഥാനമായും ഇത് ഉപയോഗിക്കാൻ കഴിയും.
ഭാഗം 1: എന്താണ് ഒരു ബൈബിളധ്യയനം?
ബൈബിളോ അതോടൊപ്പം ഏതെങ്കിലും നിർദിഷ്ട പ്രസിദ്ധീകരണമോ ഉപയോഗിച്ച് ഹ്രസ്വമെങ്കിലും ക്രമമായും ക്രമീകൃതമായും നടത്തുന്ന ബൈബിൾചർച്ചയാണു ബൈബിളധ്യയനം. ബൈബിളധ്യയന ക്രമീകരണം പ്രകടിപ്പിച്ചു കാണിച്ചശേഷം രണ്ടുതവണ അധ്യയനം നടത്തുകയും അതു തുടരാമെന്നു തോന്നുകയും ചെയ്യുന്നെങ്കിൽ അധ്യയനം റിപ്പോർട്ടു ചെയ്യാവുന്നതാണ്.—km 7/04 പേ. 1.
നിർദിഷ്ട പ്രസിദ്ധീകരണങ്ങൾ
◼ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?
◼ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം
◼ ഏക സത്യദൈവത്തെ ആരാധിക്കുക
◼ നിങ്ങൾക്കു ദൈവത്തിന്റെ സ്നേഹിതനായിരിക്കാൻ കഴിയും! എന്ന ഇംഗ്ലീഷിലുള്ള ഈ പ്രസിദ്ധീകരണം വിദ്യാഭ്യാസമോ വായനാപ്രാപ്തിയോ കുറവുള്ളവർക്ക് അധ്യയനം നടത്താൻ ഉപയോഗിക്കാവുന്നതാണ്.
ഭാഗം 2: അധ്യയനം നടത്താൻ തയ്യാറാകൽ
വിവരങ്ങൾ വിദ്യാർഥിയുടെ ഹൃദയത്തെ സ്പർശിക്കുംവിധം നാം അവതരിപ്പിക്കേണ്ടതുണ്ട്. ഇതിന് വിദ്യാർഥിയെ മനസ്സിൽ കണ്ടുകൊണ്ടുള്ള സമഗ്രമായ തയ്യാറാകൽ ആവശ്യമാണ്.—km 8/04 പേ. 1.
തയ്യാറാകേണ്ട വിധം
◼ അധ്യായത്തിന്റെ അല്ലെങ്കിൽ പാഠത്തിന്റെ ശീർഷകം, ഉപശീർഷകങ്ങൾ, ചിത്രങ്ങൾ എന്നിവ പരിശോധിക്കുക.
◼ അച്ചടിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുക, മുഖ്യ ആശയങ്ങൾ ഉൾക്കൊള്ളുന്ന വാക്കുകളുടെയും വാചകങ്ങളുടെയും അടിയിൽമാത്രം വരയ്ക്കുക.
◼ അധ്യയന സമയത്ത്, പരാമർശിച്ചിരിക്കുന്ന ഏതെല്ലാം വാക്യങ്ങളാണു വായിക്കേണ്ടതെന്നു നിശ്ചയിക്കുക. പ്രസിദ്ധീകരണത്തിന്റെ മാർജിനിൽ വാക്യങ്ങളെക്കുറിച്ചുള്ള ഹ്രസ്വമായ കുറിപ്പുകൾ എഴുതുക.
◼ പ്രധാന ആശയങ്ങളുടെ ഹ്രസ്വമായ ഒരു പുനരവലോകനം തയ്യാറാക്കുക.
അധ്യയനഭാഗം വിദ്യാർഥിക്കു വ്യക്തിപരമായി ബാധകമാക്കുക
◼ വിദ്യാർഥിയെയും അദ്ദേഹത്തിന്റെ ആവശ്യങ്ങളെയും കുറിച്ചു യഹോവയോടു പ്രാർഥിക്കുക.
◼ വിദ്യാർഥിക്കു മനസ്സിലാക്കാനോ അംഗീകരിക്കാനോ ബുദ്ധിമുട്ടായേക്കാവുന്ന ആശയങ്ങൾ മുൻകൂട്ടി കാണുക.
◼ ആത്മീയമായി പുരോഗമിക്കുന്നതിന് അദ്ദേഹം എന്തൊക്കെ മനസ്സിലാക്കേണ്ടതുണ്ട് അല്ലെങ്കിൽ ഏതു കാര്യങ്ങളിൽ മെച്ചപ്പെടേണ്ടതുണ്ട്, അദ്ദേഹത്തിന്റെ ഹൃദയത്തിൽ എത്തിച്ചേരാൻ എങ്ങനെ കഴിയും എന്നിവയെക്കുറിച്ചെല്ലാം ചിന്തിക്കുക.
◼ ഒരു ആശയമോ ഒരു തിരുവെഴുത്തോ മനസ്സിലാക്കാൻ വിദ്യാർഥിയെ സഹായിക്കുന്നതിന് ആവശ്യാനുസരണം ഒരു ദൃഷ്ടാന്തമോ വിശദീകരണമോ കുറെ ചോദ്യങ്ങൾതന്നെയോ തയ്യാറാക്കുക.
ഭാഗം 3: തിരുവെഴുത്തുകളുടെ ഫലകരമായ ഉപയോഗം
ദൈവവചനത്തിലെ ഉപദേശങ്ങൾ മനസ്സിലാക്കാനും സ്വീകരിക്കാനും അതു ജീവിതത്തിൽ ബാധകമാക്കാനും ആളുകളെ സഹായിച്ചുകൊണ്ട് അവരെ ‘ശിഷ്യരാക്കുക’ എന്ന ഉദ്ദേശ്യത്തിലാണു നാം ബൈബിളധ്യയനങ്ങൾ നടത്തുന്നത്. (മത്താ. 28:19, 20; 1 തെസ്സ. 2:13) അതിനാൽ, തിരുവെഴുത്തുകളെ കേന്ദ്രീകരിച്ചായിരിക്കണം അധ്യയനം നടത്തേണ്ടത്.—km 11/04 പേ. 4.
ദൈവവചനത്തിൽനിന്നു പഠിപ്പിക്കുക
◼ സ്വന്തം ബൈബിളിൽ ഒരു വാക്യം എങ്ങനെ കണ്ടുപിടിക്കാമെന്നു വിദ്യാർഥിക്കു കാണിച്ചുകൊടുക്കുക.
◼ നമ്മുടെ വിശ്വാസങ്ങൾക്ക് അടിസ്ഥാനമായി ഉതകുന്ന തിരുവെഴുത്തുകൾ എടുത്തുനോക്കി ചർച്ച ചെയ്യുക.
◼ ചോദ്യങ്ങൾ ഉപയോഗിക്കുക. വിദ്യാർഥിക്കു നിങ്ങൾ വാക്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നതിനു പകരം, അതു നിങ്ങൾക്കു വിശദീകരിച്ചു തരാൻ വിദ്യാർഥിയെ അനുവദിക്കുക.
◼ ലളിതമാക്കി നിറുത്തുക. ഒരു തിരുവെഴുത്തിന്റെ സമസ്ത വശങ്ങളും വിശദീകരിക്കാൻ ശ്രമിക്കാതിരിക്കുക. ചർച്ചചെയ്യപ്പെടുന്ന ആശയം വ്യക്തമാക്കാൻ ആവശ്യമായ കാര്യങ്ങൾമാത്രം ഉൾപ്പെടുത്തുക.
◼ പ്രായോഗിക വശം ചൂണ്ടിക്കാട്ടുക. ബൈബിൾവാക്യങ്ങൾ തനിക്കു വ്യക്തിപരമായി ബാധകമായിരിക്കുന്നത് എപ്രകാരമെന്നു മനസ്സിലാക്കാൻ വിദ്യാർഥിയെ സഹായിക്കുക.
ഭാഗം 4: തയ്യാറാകാൻ വിദ്യാർഥികളെ പരിശീലിപ്പിക്കൽ
പഠനഭാഗം മുൻകൂട്ടി വായിച്ചുവെക്കുകയും ഉത്തരങ്ങൾ അടയാളപ്പെടുത്തുകയും സ്വന്തം വാക്കുകളിൽ അവ എങ്ങനെ പറയാമെന്നു ചിന്തിക്കുകയും ചെയ്യുന്ന ഒരു വിദ്യാർഥി പെട്ടെന്ന് ആത്മീയ പുരോഗതി കൈവരിക്കുന്നു. അതുകൊണ്ട്, ഒരു അധ്യയനം ക്രമമുള്ളതായിത്തീരുമ്പോൾ അധ്യയനത്തിനു തയ്യാറാകുന്നത് എങ്ങനെയെന്നു കാണിച്ചുകൊടുക്കാൻ വിദ്യാർഥിയോടൊപ്പം ഒരു പഠനഭാഗം തയ്യാറാകുക. ഒരു അധ്യായം അല്ലെങ്കിൽ ഒരു പാഠം മുഴുവൻ ഉൾപ്പെടുത്തിക്കൊണ്ട് അങ്ങനെ ചെയ്യുന്നത് മിക്ക വിദ്യാർഥികൾക്കും സഹായകം ആയിരിക്കും.—km 12/04 പേ. 1.
ഉത്തരങ്ങൾ അടയാളപ്പെടുത്തൽ, കുറിപ്പുകൾ എഴുതൽ
◼ അച്ചടിച്ച ചോദ്യങ്ങളുടെ നേരിട്ടുള്ള ഉത്തരം കണ്ടുപിടിക്കുന്നത് എങ്ങനെയെന്നു വിശദീകരിക്കുക.
◼ അധ്യയനത്തിന് ഉപയോഗിക്കുന്ന നിങ്ങളുടെ പുസ്തകത്തിൽ നിങ്ങൾ മുഖ്യ പദങ്ങളും പദപ്രയോഗങ്ങളും മാത്രം അടയാളപ്പെടുത്തിയിരിക്കുന്നത് വിദ്യാർഥിയെ കാണിച്ചുകൊടുക്കുക.
◼ പരാമർശിക്കുകമാത്രം ചെയ്തിട്ടുള്ള ഓരോ തിരുവെഴുത്തും ഖണ്ഡികയിലെ ഏതെങ്കിലും ഒരു ആശയത്തെ പിന്താങ്ങുന്നുണ്ടെന്നു മനസ്സിലാക്കാൻ വിദ്യാർഥിയെ സഹായിക്കുക. പാഠപുസ്തകത്തിന്റെ മാർജിനിൽ ഹ്രസ്വമായ കുറിപ്പുകൾ എഴുതുന്നത് എങ്ങനെയെന്നും കാണിച്ചുകൊടുക്കുക.
അവലോകനവും പുനരവലോകനവും
◼ പാഠഭാഗം സമഗ്രമായി തയ്യാറാകാൻ തുടങ്ങുന്നതിനുമുമ്പ്, അധ്യായത്തിന്റെ അല്ലെങ്കിൽ പാഠത്തിന്റെ തലക്കെട്ട്, ഉപതലക്കെട്ടുകൾ, ചിത്രങ്ങൾ എന്നിവ അവലോകനം ചെയ്യേണ്ടത് എങ്ങനെയെന്നു വിദ്യാർഥിക്കു കാണിച്ചുകൊടുക്കുക.
◼ മുഴു പാഠഭാഗവും തയ്യാറായി കഴിയുമ്പോൾ പ്രധാന ആശയങ്ങൾ പുനരവലോകനം ചെയ്യാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക.
ഭാഗം 5: എത്രമാത്രം വിവരങ്ങൾ ചർച്ചചെയ്യണമെന്നു തീരുമാനിക്കൽ
അധ്യാപകന്റെയും വിദ്യാർഥിയുടെയും പ്രാപ്തിയും സാഹചര്യങ്ങളും അനുസരിച്ച് ചർച്ചചെയ്യാനാകുന്ന വിവരങ്ങളുടെ അളവു വ്യത്യാസപ്പെട്ടിരിക്കും.—km 1/05 പേ. 1.
ഉറച്ച വിശ്വാസം വളർത്തിയെടുക്കുക
◼ വിവരങ്ങൾ വേഗം ചർച്ചചെയ്തുതീർക്കുക എന്നതിനെക്കാൾ ദൈവവചനം നന്നായി മനസ്സിലാകാൻ വിദ്യാർഥിയെ സഹായിക്കുക എന്നതാണു പ്രധാനം.
◼ പഠിക്കുന്ന കാര്യങ്ങൾ ഗ്രഹിക്കാനും അംഗീകരിക്കാനും വിദ്യാർഥിയെ സഹായിക്കാൻ ആവശ്യമായത്ര സമയം ചെലവഴിക്കുക.
◼ പഠിപ്പിക്കലുകൾക്ക് ആധാരമായ മുഖ്യ തിരുവെഴുത്തുകൾ പരിചിന്തിക്കാൻ ആവശ്യമായ സമയം എടുക്കുക.
ശ്രദ്ധാശൈഥില്യം ഒഴിവാക്കുക
◼ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചു ദീർഘമായി സംസാരിക്കാൻ വിദ്യാർഥി പ്രവണത കാണിക്കുന്നെങ്കിൽ, അധ്യയനത്തിനുശേഷം അവ ചർച്ചചെയ്യാമെന്നു പറയാവുന്നതാണ്.
◼ അധ്യയനവേളയിൽ ആവശ്യത്തിലധികം സംസാരിക്കരുത്. അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകളെക്കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനം സമ്പാദിക്കാൻ വിദ്യാർഥിക്കു തടസ്സം നേരിടുന്ന വിധത്തിൽ ബന്ധപ്പെട്ട ആശയങ്ങളും അനുഭവങ്ങളും ചർച്ച ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.
ഭാഗം 6: വിദ്യാർഥി ഒരു ചോദ്യം ഉന്നയിക്കുമ്പോൾ
ബൈബിളധ്യയനം ക്രമമായി നടത്താൻ തുടങ്ങിയശേഷം പല വിഷയങ്ങൾ മാറിമാറി ചർച്ചചെയ്യുന്നതിനു പകരം ക്രമീകൃതമായ വിധത്തിൽ ബൈബിൾ പഠിപ്പിക്കലുകൾ പരിചിന്തിക്കുന്നതാണ് സാധാരണഗതിയിൽ ഏറ്റവും നല്ലത്. ഇത് സൂക്ഷ്മ പരിജ്ഞാനത്തിന്റേതായ നല്ലൊരു അടിത്തറ പാകാനും ആത്മീയമായി പുരോഗതി പ്രാപിക്കാനും വിദ്യാർഥിയെ സഹായിക്കുന്നു.—km 2/05 പേ. 6.
വിവേചനയുള്ളവരായിരിക്കുക
◼ പഠന വിവരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സാധാരണഗതിയിൽ അപ്പോൾത്തന്നെ ഉത്തരം നൽകാൻ കഴിയും.
◼ പഠിക്കുന്ന വിവരങ്ങളുമായി ബന്ധമില്ലാത്തതോ ശരിയായി ഉത്തരം കൊടുക്കാൻ ഗവേഷണം ആവശ്യമുള്ളതോ ആയ ചോദ്യങ്ങൾ മറ്റൊരു സമയത്തു പരിചിന്തിക്കാവുന്നതാണ്. അത്തരം ചോദ്യങ്ങൾ കുറിച്ചുവെക്കുന്നതു സഹായകമായിരുന്നേക്കാം.
◼ ഒരു പ്രത്യേക പഠിപ്പിക്കൽ സ്വീകരിക്കാൻ വിദ്യാർഥിക്കു ബുദ്ധിമുട്ടുണ്ടെങ്കിൽ ആ വിഷയം സമഗ്രമായി ചർച്ചചെയ്യുന്ന കൂടുതലായ വിവരങ്ങൾ പരിചിന്തിക്കുക.
◼ എന്നിട്ടും വിദ്യാർഥിക്കു ബോധ്യം വരുന്നില്ലെങ്കിൽ ആ വിഷയത്തെ സംബന്ധിച്ച ചർച്ച മറ്റൊരു സമയത്തേക്കു മാറ്റിവെക്കുകയും അധ്യയനം തുടരുകയും ചെയ്യുക.
എളിമ പ്രകടമാക്കുക
◼ ഒരു ചോദ്യത്തിനുള്ള ഉത്തരം നിങ്ങൾക്ക് അറിയില്ലെങ്കിൽ സ്വന്തം അഭിപ്രായം പറയാതിരിക്കുക.
◼ ഗവേഷണം ചെയ്യേണ്ടത് എങ്ങനെയെന്നു വിദ്യാർഥിക്കു പടിപടിയായി കാണിച്ചുകൊടുക്കുക.
ഭാഗം 7: അധ്യയനവേളയിൽ പ്രാർഥിക്കൽ
ബൈബിൾവിദ്യാർഥികൾ ആത്മീയ പുരോഗതി വരുത്തുന്നതിന് യഹോവയുടെ അനുഗ്രഹം അനിവാര്യമാണ്. അതുകൊണ്ട് ഒരു അധ്യയനം പ്രാർഥനയോടെ തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ഉചിതമാണ്.—km 3/05 പേ. 8.
പ്രാർഥനയുടെ കാര്യം അവതരിപ്പിക്കാവുന്ന വിധം
◼ മതപരമായ ചായ്വുള്ള ആളുകളുമൊത്തു പഠിക്കുമ്പോൾ മിക്കപ്പോഴും ആദ്യ അധ്യയനംമുതൽതന്നെ പ്രാർഥിക്കാവുന്നതാണ്.
◼ മറ്റുള്ളവരുടെ കാര്യത്തിൽ പ്രാർഥനയുടെ കാര്യം എപ്പോൾ അവതരിപ്പിക്കുന്നതായിരിക്കും ഉചിതമെന്നു നാം വിവേചിച്ചറിയണം.
◼ പ്രാർഥനയുടെ ആവശ്യം മനസ്സിലാക്കാൻ വിദ്യാർഥിയെ സഹായിക്കുന്നതിന് സങ്കീർത്തനം 25:4, 5-ഉം 1 യോഹന്നാൻ 5:14-ഉം ഉപയോഗിക്കാവുന്നതാണ്.
◼ യേശുവിന്റെ നാമത്തിൽ യഹോവയോടു പ്രാർഥിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കാൻ യോഹന്നാൻ 15:16 ഉപയോഗിക്കാൻ കഴിയും.
പ്രാർഥനയിൽ എന്ത് ഉൾപ്പെടുത്താവുന്നതാണ്
◼ പ്രബോധനങ്ങളുടെ ഉറവെന്ന നിലയിൽ യഹോവയെ സ്തുതിക്കുന്നത് ഉചിതമാണ്.
◼ വിദ്യാർഥിയിലുള്ള ആത്മാർഥ താത്പര്യം പ്രതിഫലിപ്പിക്കുന്ന വാക്കുകൾ ഉൾപ്പെടുത്തുക.
◼ യഹോവ ഉപയോഗിക്കുന്ന സംഘടനയോടുള്ള വിലമതിപ്പു പ്രതിഫലിപ്പിക്കുക.
◼ പഠിക്കുന്ന കാര്യങ്ങൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിനുള്ള വിദ്യാർഥിയുടെ ശ്രമത്തിന്മേൽ യഹോവയുടെ അനുഗ്രഹത്തിനായി യാചിക്കുക.
ഭാഗം 8: വിദ്യാർഥികളെ സംഘടനയിലേക്കു നയിക്കൽ
ബൈബിളധ്യയനങ്ങൾ നടത്തുന്നതിന്റെ പിന്നിലെ നമ്മുടെ ലക്ഷ്യം ഉപദേശപരമായ കാര്യങ്ങൾ പഠിപ്പിക്കുക എന്നതു മാത്രമല്ല, ക്രിസ്തീയ സഭയുടെ ഭാഗമായിത്തീരാൻ വിദ്യാർഥികളെ സഹായിക്കുക എന്നതും കൂടിയാണ്. ഓരോ വാരത്തിലും അധ്യയനത്തോട് അനുബന്ധിച്ച്, യഹോവയുടെ സംഘടനയെക്കുറിച്ചുള്ള ഒരു ആശയം പങ്കുവെക്കാൻ ഏതാനും മിനിട്ടു ചെലവഴിക്കുക.—km 4/05 പേ. 8.
സഭായോഗങ്ങൾ
◼ ഓരോ സഭായോഗത്തെയുംകുറിച്ചു വിവരിക്കുക. ആദ്യത്തെ അധ്യയനംമുതൽതന്നെ യോഗങ്ങൾക്കു ക്ഷണിക്കുക.
◼ യോഗങ്ങളിൽ അവതരിപ്പിക്കപ്പെട്ട ശ്രദ്ധേയമായ ആശയങ്ങൾ പങ്കുവെക്കുക.
◼ സ്മാരകം, സമ്മേളനങ്ങൾ, കൺവെൻഷനുകൾ, സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനം എന്നിവയോടു താത്പര്യം വളർത്തിയെടുക്കുക.
◼ നമ്മുടെ പ്രസിദ്ധീകരണങ്ങളിലെ ചിത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് യോഗങ്ങളിൽ എന്താണു നടക്കുന്നതെന്നു വിഭാവന ചെയ്യാൻ അവരെ സഹായിക്കുക.
◼ യഹോവയുടെ സാക്ഷികൾ—അവർ ആരാണ്? അവർ എന്തു വിശ്വസിക്കുന്നു? എന്ന ലഘുപത്രിക വായിക്കാൻ പ്രോത്സാഹിപ്പിക്കുക.
വിലമതിപ്പു വളർത്തിയെടുക്കാൻ വീഡിയോകൾ ഉപയോഗിക്കുക
◼ യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സംഘടന (ഇംഗ്ലീഷ്)
◼ നമ്മുടെ മുഴു സഹോദരവർഗവും (ഇംഗ്ലീഷ്)
◼ ദിവ്യബോധനത്താൽ ഏകീകൃതർ (ഇംഗ്ലീഷ്)
◼ ഭൂമിയുടെ അറുതികളിലേക്ക് (ഇംഗ്ലീഷ്)
ഭാഗം 9: അനൗപചാരികമായി സാക്ഷീകരിക്കാൻ വിദ്യാർഥികളെ സജ്ജരാക്കൽ
പഠിക്കുന്ന കാര്യങ്ങളിൽ വിശ്വാസം പ്രകടമാക്കാൻ തുടങ്ങുമ്പോൾ അതേക്കുറിച്ചു മറ്റുള്ളവരോടു പറയാൻ ബൈബിൾവിദ്യാർഥികൾ പ്രചോദിതരായിത്തീരുന്നു.—km 5/05 പേ. 1.
സാക്ഷീകരിക്കാൻ പ്രോത്സാഹിപ്പിക്കുക
◼ തങ്ങളോടൊപ്പം അധ്യയനത്തിനിരിക്കാൻ ക്ഷണിക്കാവുന്ന സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ഉണ്ടോയെന്നു വിദ്യാർഥികളോടു ചോദിക്കുക.
◼ സഹജോലിക്കാരിൽ ആരെങ്കിലുമോ സഹപാഠികളോ മറ്റു പരിചയക്കാരോ സുവാർത്തയിൽ താത്പര്യം കാണിച്ചിട്ടുണ്ടോ?
വിശ്വാസം പങ്കുവെക്കാൻ പരിശീലിപ്പിക്കുക
◼ അധ്യയന സമയത്ത് ചില പ്രത്യേക ആശയങ്ങൾ പഠിക്കുമ്പോൾ വിദ്യാർഥിയോട് ഇങ്ങനെ ചോദിക്കുക: “ഈ സത്യം നിങ്ങൾ ബൈബിൾ ഉപയോഗിച്ചു കുടുംബാംഗങ്ങളോട് എങ്ങനെ വിശദീകരിക്കും?”
◼ ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചു മറ്റുള്ളവരോടു പറയുമ്പോൾ ബഹുമാനവും ദയയും പ്രകടമാക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കാൻ വിദ്യാർഥിയെ സഹായിക്കുക.
◼ നമ്മുടെ ബൈബിളധിഷ്ഠിത വിശ്വാസങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചു മനസ്സിലാക്കാൻ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സഹായിക്കുന്നതിന് യഹോവയുടെ സാക്ഷികൾ—അവർ ആരാണ്? അവർ എന്തു വിശ്വസിക്കുന്നു? എന്ന ലഘുപത്രിക വിദ്യാർഥികൾക്ക് ഉപയോഗിക്കാവുന്നതാണ്.
ഭാഗം 10: വീടുതോറുമുള്ള ശുശ്രൂഷയ്ക്കായി ബൈബിൾവിദ്യാർഥികളെ പരിശീലിപ്പിക്കൽ
ഒരു ബൈബിൾവിദ്യാർഥി സ്നാപനമേറ്റിട്ടില്ലാത്ത പ്രസാധകനായിരിക്കാൻ യോഗ്യത പ്രാപിച്ചിരിക്കുന്നെന്നു മൂപ്പന്മാർക്കു ബോധ്യമായിക്കഴിഞ്ഞാൽ അദ്ദേഹത്തിനു സഭയോടൊത്തു പ്രസംഗവേലയിൽ പങ്കുപറ്റിത്തുടങ്ങാവുന്നതാണ്.—km 6/05 പേ. 1.
ഒരുമിച്ചു തയ്യാറാകൽ
◼ നിർദിഷ്ട അവതരണങ്ങൾ എവിടെ കണ്ടെത്താമെന്നു പുതിയ പ്രസാധകനു കാണിച്ചുകൊടുക്കുക.
◼ പ്രദേശത്തിനു യോജിച്ച ലളിതമായ ഒരു അവതരണം തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ സഹായിക്കുക.
◼ ശുശ്രൂഷയിൽ ബൈബിൾ ഉപയോഗിക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക.
◼ സുവാർത്ത അവതരിപ്പിക്കുന്ന വിധം ഒരുമിച്ചു പരിശീലിച്ചുനോക്കുക. സാധാരണമായി നേരിടാറുള്ള പ്രതികരണങ്ങൾ നയപൂർവം കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നു കാണിച്ചുകൊടുക്കുക.
ഒരുമിച്ചു പ്രസംഗവേലയിൽ ഏർപ്പെടുക
◼ നിങ്ങൾ ഇരുവരും ചേർന്നു തയ്യാറായ അവതരണം നിങ്ങൾ അവതരിപ്പിക്കുന്നത് എങ്ങനെയെന്നു വിദ്യാർഥി നിരീക്ഷിക്കട്ടെ.
◼ വിദ്യാർഥിയുടെ പ്രകൃതവും പ്രാപ്തികളും കണക്കിലെടുക്കുക. ചില സാഹചര്യങ്ങളിൽ, അദ്ദേഹം അവതരണത്തിന്റെ ഒരു ഭാഗംമാത്രം അവതരിപ്പിക്കുന്നതായിരിക്കാം ഏറ്റവും നല്ലത്.
◼ ശുശ്രൂഷയിൽ ക്രമമായി പങ്കെടുക്കുന്നതിനായി ഒരു പട്ടിക ഉണ്ടാക്കാൻ പുതിയ പ്രസാധകനെ സഹായിക്കുക.
ഭാഗം 11: മടക്കസന്ദർശനങ്ങൾ നടത്താൻ വിദ്യാർഥികളെ സഹായിക്കൽ
മടക്കസന്ദർശനത്തിനുള്ള തയ്യാറെടുപ്പ് ആദ്യസന്ദർശനത്തിൽ ആരംഭിക്കുന്നു. ആരോടു സംസാരിക്കുന്നുവോ ആ വ്യക്തിയിൽ ആത്മാർഥ താത്പര്യമെടുക്കാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക. അവരുടെ വീക്ഷണം ചോദിച്ചു മനസ്സിലാക്കാനും അവരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കാനും അവരെ ഉത്കണ്ഠപ്പെടുത്തുന്ന കാര്യങ്ങൾ തിരിച്ചറിയാനും വിദ്യാർഥിയെ പടിപടിയായി പരിശീലിപ്പിക്കുക.—km 7/05 പേ. 1.
മടക്കസന്ദർശനത്തിനു തയ്യാറാകൽ
◼ ആദ്യസന്ദർശനം പുനരവലോകനം ചെയ്യുകയും വീട്ടുകാരന് ആകർഷകമായ ഒരു പോയിന്റ് തിരഞ്ഞെടുക്കുന്നത് എങ്ങനെയെന്നു വിദ്യാർഥിക്കു കാണിച്ചുകൊടുക്കുകയും ചെയ്യുക.
◼ ഒരു ബൈബിൾ വാക്യവും ഒരു പ്രസിദ്ധീകരണത്തിൽനിന്നുള്ള ഒരു ഖണ്ഡികയും ഉൾപ്പെടുത്തിക്കൊണ്ട് ഹ്രസ്വമായ ഒരു അവതരണം ഒന്നിച്ചിരുന്നു തയ്യാറാകുക.
◼ ചർച്ചയ്ക്കൊടുവിൽ ചോദിക്കാൻ കഴിയുന്ന ഒരു ചോദ്യം കണ്ടുപിടിക്കുക.
ശുഷ്കാന്തിയോടെ മടങ്ങിച്ചെല്ലുക
◼ താത്പര്യം കാണിക്കുന്ന എല്ലാവരുടെയും അടുക്കൽ താമസംവിനാ മടങ്ങിച്ചെല്ലാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക.
◼ വീടുകളിൽ കണ്ടുമുട്ടാൻ കഴിയാതിരുന്നവരെ കണ്ടെത്താൻ നാം തുടർച്ചയായി സന്ദർശിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയാൻ വിദ്യാർഥിയെ സഹായിക്കുക.
◼ തുടർന്നുള്ള സന്ദർശനത്തിന്റെ സമയം വീട്ടുകാരനുമായി ആലോചിച്ചു തീരുമാനിക്കുന്നത് എങ്ങനെയെന്നു വിദ്യാർഥിക്കു കാണിച്ചുകൊടുക്കുക, അതിൻപ്രകാരം മടങ്ങിച്ചെല്ലേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുക.
ഭാഗം 12: ബൈബിളധ്യയനങ്ങൾ ആരംഭിക്കാനും നടത്താനും വിദ്യാർഥികളെ സഹായിക്കൽ
ശുശ്രൂഷയിൽ ഉചിതമായ മാതൃക വെച്ചുകൊണ്ട് നിങ്ങൾ യേശുവിനെ അനുകരിക്കുന്നതു മർമപ്രധാനമാണ്. ശുശ്രൂഷയിലെ നിങ്ങളുടെ മാതൃക വിദ്യാർഥി നിരീക്ഷിക്കുമ്പോൾ, ബൈബിളധ്യയനങ്ങൾ ആരംഭിക്കുക എന്നതാണു മടക്കസന്ദർശനങ്ങൾ നടത്തുന്നതിന്റെ ഉദ്ദേശ്യമെന്ന് അദ്ദേഹത്തിനു മനസ്സിലാകും.—km 8/05 പേ. 1.
ബൈബിളധ്യയനം വാഗ്ദാനം ചെയ്യുക
◼ സാധാരണഗതിയിൽ, ബൈബിളധ്യയനം നടത്തുന്നവിധം സംബന്ധിച്ചു വിശദമായി വിവരിക്കേണ്ടതില്ലെന്നു വിദ്യാർഥിക്കു പറഞ്ഞുകൊടുക്കുക.
◼ അധ്യയനത്തിനുള്ള ഒരു പ്രസിദ്ധീകരണത്തിലെ ഒന്നോ രണ്ടോ ഖണ്ഡികകൾ ഉപയോഗിച്ചുകൊണ്ട് അധ്യയനം പ്രകടിപ്പിച്ചുകാണിക്കുന്നതാണു മിക്കപ്പോഴും ഏറ്റവും നല്ലത്.
◼ ബൈബിളധ്യയനങ്ങൾ ആരംഭിക്കുന്നതിനുള്ള നിർദേശങ്ങളിൽ ഒന്നു പുനരവലോകനം ചെയ്യുകയും പ്രകടിപ്പിച്ചുകാണിക്കുകയും ചെയ്യുക.—km 8/05 പേ. 8; km 1/02 പേ. 6.
അധ്യാപകരാകാൻ വിദ്യാർഥികളെ പരിശീലിപ്പിക്കൽ
◼ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പേർചാർത്താൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക.
◼ മറ്റു ബൈബിളധ്യയനങ്ങൾക്കു പുതിയ പ്രസാധകരെ ക്ഷണിക്കുകയും പഠിപ്പിക്കലിൽ പങ്കുചേരാൻ അവർക്ക് അവസരം നൽകുകയും ചെയ്യുക.