അധ്യയനത്തിനു നന്നായി തയ്യാറാകുക
1. ബൈബിളധ്യയനം നടത്തുമ്പോൾ വിദ്യാർഥിയുടെ വിലമതിപ്പ് വർധിപ്പിക്കാൻ ശ്രമിക്കേണ്ടത് എന്തുകൊണ്ട്?
1 യഹോവയെ സേവിക്കാൻ ബൈബിൾവിദ്യാർഥിയെ പ്രചോദിപ്പിക്കുന്നതിന് അധ്യയനത്തിനായി നാം നന്നായി തയ്യാറാകേണ്ടതുണ്ട്. ബൈബിൾസത്യത്തോട് വിദ്യാർഥിക്കുള്ള വിലമതിപ്പ് വർധിപ്പിക്കുക. അത് വിദ്യാർഥിയെ പ്രവർത്തനത്തിന് പ്രചോദിപ്പിക്കും. (ആവ. 6:5; സദൃ. 4:23; 1 കൊരി. 9:26) നമുക്ക് അതെങ്ങനെ ചെയ്യാനാകും?
2. നന്നായി തയ്യാറാകുന്നതിൽ പ്രാർഥന എന്തു പങ്കുവഹിക്കുന്നു?
2 പ്രാർഥനയോടെ തയ്യാറാകുക: വിദ്യാർഥിയുടെ ഹൃദയത്തിൽ സത്യത്തിന്റെ വിത്ത് വളരാനിടയാക്കുന്നത് യഹോവ ആയതിനാൽ, വിദ്യാർഥിക്കും അദ്ദേഹത്തിന്റെ പ്രത്യേക ആവശ്യങ്ങൾക്കും വേണ്ടി പ്രാർഥിച്ചുകൊണ്ട് അധ്യയനത്തിനു തയ്യാറാകുന്നത് ഉചിതമാണ്. (1 കൊരി. 3:6; യാക്കോ. 1:5) ദൈവേഷ്ടത്തെക്കുറിച്ചുള്ള പരിജ്ഞാനം വിദ്യാർഥിയുടെ ഹൃദയത്തിൽ എങ്ങനെ നിറയ്ക്കാമെന്നു മനസ്സിലാക്കാനും അത്തരം പ്രാർഥന നമ്മെ സഹായിച്ചേക്കാം.—കൊലോ. 1:9, 10.
3. വിദ്യാർഥിയെ മനസ്സിൽക്കണ്ടുകൊണ്ട് നമുക്കെങ്ങനെ തയ്യാറാകാം?
3 വിദ്യാർഥിയെ പരിഗണിക്കുക: ഫലകരമായി പഠിപ്പിക്കാൻ, സദസ്സിനെ പരിഗണിക്കേണ്ടത് ആവശ്യമാണെന്ന് യേശുവിന് അറിയാമായിരുന്നു. കുറഞ്ഞപക്ഷം രണ്ടു തവണയെങ്കിലും, “നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?” എന്ന് അവനോടു ചോദിക്കുകയുണ്ടായി. ആ രണ്ടു സന്ദർഭങ്ങളിലും വ്യത്യസ്ത വിധങ്ങളിലായിരുന്നു അവന്റെ പ്രതികരണം. (ലൂക്കോ. 10:25-28; 18:18-20) വിദ്യാർഥിയെ മനസ്സിൽക്കണ്ടുകൊണ്ടുവേണം നാം തയ്യാറാകാൻ. പരാമർശിച്ചിട്ടുള്ളതിൽ ഏതെല്ലാം തിരുവെഴുത്തുകൾ അധ്യയനസമയത്തു വായിക്കണം? എന്തുമാത്രം പഠിപ്പിക്കണം? പാഠ്യഭാഗത്തെ ഏതെല്ലാം ആശയങ്ങൾ മനസ്സിലാക്കാനോ അംഗീകരിക്കാനോ വിദ്യാർഥിക്കു പ്രയാസമായിരുന്നേക്കാം? വിദ്യാർഥി എന്തെല്ലാം ചോദ്യങ്ങൾ ഉന്നയിച്ചേക്കാമെന്ന് ഒരു ധാരണയുണ്ടെങ്കിൽ ഫലകരമായി പ്രതികരിക്കാൻ നമുക്കു സാധിക്കും.
4. നല്ല തയ്യാറാകലിൽ എന്തുൾപ്പെടുന്നു?
4 പാഠ്യഭാഗം അവലോകനംചെയ്യുക: മുമ്പ് എത്ര പ്രാവശ്യം ഒരു അധ്യയനഭാഗം നാം പഠിപ്പിച്ചിട്ടുണ്ടെങ്കിലും ഈ വിദ്യാർഥിയോടൊത്ത് നാം അതു പഠിക്കുന്നത് ആദ്യമായിട്ടാണ്. അദ്ദേഹത്തിന്റെ ഹൃദയത്തിലെത്തണമെങ്കിൽ ഓരോ അധ്യയനത്തിനുമായി നന്നായി തയ്യാറാകേണ്ടത് അതിപ്രധാനമാണ്. വിദ്യാർഥി ചെയ്യണമെന്നു നാം പ്രതീക്ഷിക്കുന്ന കാര്യം നമ്മളും ചെയ്യണമെന്നാണ് അതിനർഥം. വിദ്യാർഥിയെ മനസ്സിൽപ്പിടിച്ചുകൊണ്ട് പരാമർശിത തിരുവെഴുത്തുകൾ ഉൾപ്പെടെ പാഠ്യഭാഗം അവലോകനംചെയ്യുക; മുഖ്യ ആശയങ്ങൾക്ക് അടിവരയിടുക.—റോമ. 2:21, 22.
5. നമുക്കെങ്ങനെ യഹോവയെ അനുകരിക്കാം?
5 ഓരോ ബൈബിൾവിദ്യാർഥിയുടെയും പുരോഗതിയിൽ യഹോവ അതീവ തത്പരനാണ്. (2 പത്രോ. 3:9) ഓരോ അധ്യയനത്തിനുമായി നന്നായി തയ്യാറായിക്കൊണ്ട് യഹോവയ്ക്കുള്ള സ്നേഹപൂർവകമായ അതേ താത്പര്യം നമുക്കുമുണ്ടെന്നു കാണിക്കാം.