രക്തം വർജിക്കാൻ നമ്മെ സഹായിക്കുന്നതിനുള്ള പുതിയ കരുതൽ
ഡ്യൂറബിൾ പവർ ഓഫ് അറ്റോർണി (ഡിപിഎ) രേഖയുടെയും മുൻകൂർ വൈദ്യ നിർദേശം/വിമുക്തമാക്കൽ കാർഡിന്റെയും മുഖ്യ ഭാഗങ്ങൾ സംയോജിപ്പിച്ച് നിയമപരമായ ഒറ്റ രേഖയാക്കുന്നതിന് ഭരണസംഘം അനുവാദം നൽകിയിരിക്കുന്നു. ഇത് ഡിപിഎ കാർഡ് എന്നായിരിക്കും അറിയപ്പെടുക.
ഡിപിഎ കാർഡ് എല്ലാക്കാലത്തേക്കുമുള്ളതാണ്. നിങ്ങൾ മറ്റു രാജ്യങ്ങളിൽ ചെന്നാലും നിങ്ങളുടെ താത്പര്യങ്ങൾ സംബന്ധിച്ച ഒരു പ്രസ്താവനയെന്ന നിലയിൽ അതിനു സാധുതയുണ്ട്. ഭാവിയിൽ (1) നിങ്ങളുടെ താത്പര്യങ്ങൾക്കു മാറ്റം വരുകയോ നിങ്ങളുടെ ആരോഗ്യ-പരിപാലന പ്രതിനിധികളെ മാറ്റുകയോ മേൽവിലാസമോ ടെലിഫോൺ നമ്പറോ മാറുകയോ (2) നിങ്ങളുടെ ഡിപിഎ കാർഡ് നഷ്ടപ്പെടുകയോ മുഷിഞ്ഞു കീറിപ്പോകുകയോ ചെയ്യുമ്പോൾ മാത്രമേ ഒരു പുതിയ ഡിപിഎ കാർഡ് പൂരിപ്പിക്കേണ്ടതുള്ളൂ.
ഡിപിഎ കാർഡ് സംബന്ധിച്ച് നിങ്ങൾ പ്രാർഥനാപൂർവം പരിചിന്തിക്കുകയും വീട്ടിൽവെച്ച് ശ്രദ്ധാപൂർവം പൂരിപ്പിക്കുകയും വേണം. എന്നാൽ കാർഡിൽ ഒപ്പിടുന്നതിനുമുമ്പ്, നിയമപരമായ നടപടിക്രമങ്ങൾ കർശനമായി പാലിച്ചിരിക്കണം. ദൃഷ്ടാന്തത്തിന്, നിങ്ങൾ ഒപ്പിടുന്നത് രണ്ടു സാക്ഷികളുടെ സാന്നിധ്യത്തിൽ ആയിരിക്കണമെന്ന് കാർഡിൽ പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ ഒപ്പിടുമ്പോൾ അവർ സന്നിഹിതരായിരിക്കണം. പുതിയ കാർഡ് പൂരിപ്പിച്ചിട്ടില്ലാത്തവർക്ക് സഹായം ആവശ്യമുണ്ടോയെന്ന് പുസ്തകാധ്യയന മേൽവിചാരകന് ഇടയ്ക്കിടെ പരിശോധിക്കാവുന്നതാണ്.
ഡിപിഎ കാർഡ് മടക്കുന്നതിനുമുമ്പ് നിങ്ങളുടെ ഡോക്ടർക്കും നിങ്ങളുടെ സ്വന്തം ആവശ്യത്തിനും വേണ്ടി ഗുണനിലവാരമുള്ള ഫോട്ടോക്കോപ്പികളെടുക്കുക. നിങ്ങളുടെ കുടുംബാംഗങ്ങൾക്കും സഭാ സെക്രട്ടറിക്കും വേണ്ടി പകർപ്പെടുക്കാനും നിങ്ങൾ ആഗ്രഹിച്ചേക്കാം. പകർപ്പുകൾ സ്റ്റാൻഡേർഡ് സൈസ് പേപ്പറിൽ (8 1/2” x 11” അഥവാ A-4) എടുക്കുക. പേപ്പറിന്റെ ഒരു വശത്തു മാത്രമേ പകർപ്പെടുക്കാവൂ. ഡിപിഎ കാർഡ് പേജിന്റെ മധ്യഭാഗത്തു വരത്തക്കവിധം വേണം പകർപ്പെടുക്കാൻ. കാർഡിന്റെ ഫോട്ടോക്കോപ്പിയല്ല, മറിച്ച് അസ്സൽതന്നെ എപ്പോഴും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം.
സാക്ഷികളായ മാതാപിതാക്കളുടെ സ്നാപനമേറ്റിട്ടില്ലാത്ത മക്കൾക്കുവേണ്ടിയുളള, 3/99 എന്ന അച്ചടി തീയതിയുള്ള തിരിച്ചറിയൽ കാർഡിനു മാറ്റമില്ല. പ്രായപൂർത്തിയെത്താത്ത ഓരോ കുട്ടിക്കും കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട ഒരു കാർഡ് ഉണ്ടെന്നും ഉചിതമായ സമയങ്ങളിൽ അതു കൈവശമുണ്ടെന്നും മാതാപിതാക്കൾ ഉറപ്പുവരുത്തണം.
സ്നാപനമേറ്റിട്ടില്ലാത്ത പ്രസാധകർക്ക് തങ്ങൾക്കും മക്കൾക്കും വേണ്ടി ഡിപിഎ കാർഡിന്റെയും തിരിച്ചറിയൽ കാർഡിന്റെയും ശൈലിയിൽ ആരോഗ്യ-പരിപാലന നിർദേശങ്ങൾ എഴുതിയുണ്ടാക്കാവുന്നതാണ്. നടപ്പുവർഷം സ്നാപനമേൽക്കുന്ന എല്ലാ പ്രസാധകർക്കും സെക്രട്ടറി ഒരു ഡിപിഎ കാർഡ് നൽകേണ്ടതാണ്.