ചോദ്യപ്പെട്ടി
◼ മറ്റു രാജ്യങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കാൻ സംഭാവന നൽകാനുള്ള ഏറ്റവും നല്ല വിധം ഏതാണ്?
പീഡനമോ വിപത്തോ ദുഷ്‌കരമായ മറ്റു സാഹചര്യങ്ങളോ നിമിത്തം ഭൗതിക സഹായം ആവശ്യമായി വരുന്ന മറ്റു രാജ്യങ്ങളിലുള്ള സഹോദരങ്ങളെക്കുറിച്ചു നാം ചിലപ്പോഴെല്ലാം കേൾക്കാറുണ്ട്. അങ്ങനെയുള്ളവരെ സഹായിക്കാൻ ആ രാജ്യങ്ങളിലെ ബ്രാഞ്ച് ഓഫീസുകളിലേക്കു ചില സഹോദരങ്ങൾ നേരിട്ടു പണം അയച്ചുകൊടുത്തിട്ടുണ്ട്. ഏതെങ്കിലും ഒരു വ്യക്തിയെയോ സഭയെയോ അല്ലെങ്കിൽ ഒരു പ്രത്യേക നിർമാണ പ്രവർത്തനത്തെയോ സഹായിക്കാൻ ആ പണം ഉപയോഗിക്കണമെന്നുള്ള ഒരു അഭ്യർഥനയും അതോടൊപ്പം ഉണ്ടായിരുന്നേക്കാം.—2 കൊരി. 8:1-4.
സഹവിശ്വാസികളോടുള്ള സ്‌നേഹപുരസ്സരമായ അത്തരം പരിഗണന അഭിനന്ദനാർഹമാണ്. എന്നാൽ, സംഭാവന അയയ്‌ക്കുന്ന വ്യക്തികൾ ചിന്തിക്കുന്നതിലും അടിയന്തിരമായ ആവശ്യങ്ങൾ ഉണ്ടായിരുന്നേക്കാമെന്നതാണ് വാസ്‌തവം. ചില സന്ദർഭങ്ങളിൽ, അവർ ഉദ്ദേശിച്ച കാര്യങ്ങൾക്കുള്ള സഹായം അതിനോടകംതന്നെ നൽകിയിട്ടുണ്ടാവും. ലോകവ്യാപക വേലയ്‌ക്കോ രാജ്യഹാൾ ഫണ്ടിലേക്കോ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കോ ആയി പ്രാദേശിക ബ്രാഞ്ചിൽ ലഭിക്കുന്ന സംഭാവനകൾ, അവ അയയ്‌ക്കുന്നവർ ഉദ്ദേശിക്കുന്ന കാര്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
അപ്രതീക്ഷിതമായ ആവശ്യങ്ങളോടു സത്വരം പ്രതികരിക്കാൻ എല്ലാ ബ്രാഞ്ചുകളിലെയും സഹോദരങ്ങൾക്കു മികച്ച പരിശീലനം നൽകിയിട്ടുണ്ട്. അത്തരം അവസരങ്ങളിലെല്ലാം ബ്രാഞ്ച് ഓഫീസുകൾ വിവരങ്ങൾ തത്സമയം ഭരണസംഘത്തെ അറിയിച്ചുകൊണ്ടിരിക്കും. കൂടുതലായ സഹായം ആവശ്യമാണെന്നു കണ്ടാൽ അപ്രകാരം ചെയ്യാൻ സമീപങ്ങളിലുള്ള ബ്രാഞ്ച് ഓഫീസുകളെ ഭരണസംഘം ക്ഷണിക്കുകയോ ഹെഡ്‌ക്വാർട്ടേഴ്‌സിൽനിന്നു നേരിട്ട് പണം അയച്ചുകൊടുക്കുകയോ ചെയ്‌തേക്കാം.—2 കൊരി. 8:14, 15.
അതുകൊണ്ട്, ലോകവ്യാപകവേലയ്‌ക്കോ മറ്റു രാജ്യങ്ങളിലെ നിർമാണ പദ്ധതികൾക്കോ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കോ വേണ്ടിയുള്ള എല്ലാ സംഭാവനകളും സഭയിലൂടെയായാലും നേരിട്ടായാലും നിങ്ങൾ താമസിക്കുന്ന രാജ്യത്തെ ബ്രാഞ്ച് ഓഫീസിലേക്ക് അയയ്‌ക്കേണ്ടതാണ്. അങ്ങനെ, ഭരണസംഘം ഏർപ്പെടുത്തിയിട്ടുള്ള സംഘടനാപരമായ ക്രമീകരണങ്ങളിലൂടെ ലോകമെങ്ങുമുള്ള സഹോദരങ്ങളുടെ ആവശ്യങ്ങൾക്കായി ക്രമീകൃതമായ ഒരു രീതിയിൽ കരുതാൻ “വിശ്വസ്‌തനും വിവേകിയും ആയ അടിമ”യ്‌ക്കു സാധിക്കുന്നു.—മത്താ. 24:45-47, NW; 1 കൊരി. 14:33, 39.