നമുക്കു സഹായിക്കാൻ കഴിയുന്ന വിധം
1 “ഞങ്ങൾക്ക് എങ്ങനെ സഹായിക്കാൻ കഴിയും?” ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഒരു ദുരന്തം നടന്നതായി കേൾക്കുമ്പോൾ യഹോവയുടെ സാക്ഷികൾ മിക്കപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണ് അത്. യെഹൂദ്യയിൽ ഒരു ക്ഷാമം ഉണ്ടായപ്പോൾ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ അവിടെ വസിക്കുന്ന സഹോദരങ്ങൾക്ക് ദുരിതാശ്വാസത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തതായി പ്രവൃത്തികൾ 11:27-30-ലെ വിവരണം കാണിക്കുന്നു.
2 ഈ ആധുനിക നാളിൽ, പ്രകൃതിവിപത്തുകളാലും മനുഷ്യർ വരുത്തുന്ന ദുരന്തങ്ങളാലും കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുന്നതുപോലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പണം ചെലവഴിക്കാൻ സംഘടനയോടു ബന്ധപ്പെട്ട നിയമങ്ങൾ നമുക്ക് അനുവാദം നൽകിയിട്ടുണ്ട്.
3 ഉദാഹരണത്തിന് കഴിഞ്ഞ വർഷം ദക്ഷിണേഷ്യയിൽ ഉണ്ടായ സുനാമി ദുരന്തത്താൽ ബാധിക്കപ്പെട്ടവരുടെ സഹായാർഥം അനേകം സഹോദരങ്ങൾ സംഭാവനകൾ നൽകുകയുണ്ടായി. സംഘടനയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവനകൾ അയച്ചുകൊണ്ട് സഹോദരങ്ങൾ പ്രകടമാക്കിയ സമാനുഭാവത്തെ ഞങ്ങൾ വളരെയധികം വിലമതിക്കുന്നു. എന്നിരുന്നാലും ദാതാവ് ഒരു പ്രത്യേക ദുരന്തത്തിനുവേണ്ടി നിർദേശിച്ചിരിക്കുന്ന സംഭാവനകൾ, ആ ഉദ്ദേശ്യത്തിനായി മാത്രമേ വിനിയോഗിക്കാവൂ എന്നും നിശ്ചിത കാലയളവിനുള്ളിൽ അത് ഉപയോഗിച്ചിരിക്കണം എന്നും ചില രാജ്യങ്ങളിലെ നിയമം നിഷ്കർഷിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, സഹോദരങ്ങളുടെ ആവശ്യങ്ങൾ അതിനോടകം നിറവേറ്റപ്പെട്ടിട്ടുണ്ടെങ്കിൽ ആ സംഭാവന വേറൊരു ഉദ്ദേശ്യത്തിനും ഉപയോഗിക്കാൻ സാധിക്കാതെ വരും.
4 അതുകൊണ്ട് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസത്തിനുമുള്ള സംഭാവനകൾ, ലോകവ്യാപക വേലയ്ക്കായുള്ള സംഭാവനയായി നൽകാൻ അഭ്യർഥിക്കുന്നു. ഈ സംഭാവനകൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായും ക്രിസ്തീയ സഹോദരവർഗത്തിന്റെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായും ഉപയോഗിക്കപ്പെടുന്നു. ഇനി ഏതെങ്കിലും കാരണത്താൽ ഒരു വ്യക്തി ലോകവ്യാപക വേലയ്ക്കു കൊടുക്കുന്നതു കൂടാതെ ദുരിതാശ്വാസത്തിനു പ്രത്യേകമായി സംഭാവന നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ അത് സ്വീകരിക്കുകയും ദുരിതാശ്വാസ സഹായം ആവശ്യമുള്ള ഇടങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്നതായിരിക്കും. എന്നാൽ അങ്ങനെയുള്ള സംഭാവനകൾ നൽകുമ്പോൾ അവ എങ്ങനെ, എവിടെ ഉപയോഗിക്കണം എന്നതു സംബന്ധിച്ച് നിബന്ധനകൾ വെക്കാതിരിക്കാൻ താത്പര്യപ്പെടുന്നു.
5 സംഭാവനകൾ മുഖ്യമായും ലോകവ്യാപക വേലയ്ക്കായി നൽകുമ്പോൾ, അവയുടെ വിനിയോഗം ഭാവിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു മാത്രമായി ഒതുക്കിനിറുത്തപ്പെടുന്നില്ല. പകരം രാജ്യവേലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഉപയോഗിക്കാൻ ആവശ്യമായ പണം നമ്മുടെ ശേഖരത്തിൽ ഉണ്ടായിരിക്കും. ഇത് എഫെസ്യർ 4:16-ലെ തത്ത്വത്തിനു ചേർച്ചയിലാണ്. “സ്നേഹത്തിലുളള വർദ്ധനെക്കായി . . . വളർച്ച പ്രാപിക്കു”വാൻ “ശരീരം മുഴുവനും . . . ഏകീഭവിച്ചു” പ്രവർത്തിക്കാൻ ആ വാക്യം നമ്മെ പ്രോത്സാഹിപ്പിക്കുന്നു.