യഹോവയുടെ സ്നേഹദയയ്ക്ക് നന്ദി നൽകുവിൻ
ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകാചരണം മാർച്ച് 24-ന്
1 സങ്കീർത്തനക്കാരൻ ഇങ്ങനെ ഉദ്ഘോഷിച്ചു: “ആളുകൾ യഹോവയ്ക്ക് അവന്റെ സ്നേഹദയയെ ചൊല്ലിയും മനുഷ്യപുത്രന്മാരോടുള്ള അവന്റെ അത്ഭുതപ്രവൃത്തികളെ ചൊല്ലിയും നന്ദി നൽകട്ടെ.” (സങ്കീ. 107:8, NW) ദൈവത്തിന്റെ സ്നേഹദയയിൽ, ആളുകളോട് അവനുള്ള ആർദ്ര പരിഗണനയിലധികം ഉൾപ്പെട്ടിരിക്കുന്നു. പിൻവരുന്ന നിശ്വസ്ത സ്തുതിവചനങ്ങൾ ഈ വസ്തുത വ്യക്തമാക്കുന്നു: “യഹോവേ, നിന്റെ ദയ [“സ്നേഹദയ,” NW] എന്നെ താങ്ങി.” (സങ്കീ. 94:18) തന്റെ ഏകജാത പുത്രനെ നമുക്കുവേണ്ടി നൽകിയപ്പോൾ യഹോവ എത്ര വലിയ സ്നേഹദയയാണു പ്രകടമാക്കിയത്!—1 യോഹ. 4:9, 10.
2 ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം അടുത്തുവരവേ, “സ്നേഹദയയുടെ ദൈവ”ത്തിന് നമുക്ക് എങ്ങനെ നന്ദി നൽകാൻ കഴിയും? (സങ്കീ. 59:17, NW) ഭൂമിയിലെ യേശുവിന്റെ അവസാന ദിവസങ്ങളെക്കുറിച്ചു ധ്യാനിക്കുന്നതിന് സമയം മാറ്റിവെക്കാൻ നാം ഓരോരുത്തരും ആഗ്രഹിക്കും. (സങ്കീ. 143:5) കൂടാതെ, തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2005-ൽ നൽകിയിരിക്കുന്ന സ്മാരക ബൈബിൾ വായനാ പട്ടിക പിൻപറ്റുന്നതും, സാധ്യമെങ്കിൽ മഹാനായ മനുഷ്യൻ പുസ്തകത്തിന്റെ 112-16 അധ്യായങ്ങളും മറ്റ് ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും വായിച്ചു ഗവേഷണം ചെയ്യുന്നതും പ്രയോജനപ്രദമായിരിക്കും. വായിക്കുന്ന ഭാഗങ്ങളെക്കുറിച്ചു ധ്യാനിക്കുകയും അവയിൽ മുഴുകിയിരിക്കുകയും ചെയ്യുക. (1 തിമൊ. 4:15) ദൈവവചനത്തിന്റെ പ്രാർഥനാപൂർവകമായ പഠനം നമ്മുടെ ഹൃദയത്തെ പോഷിപ്പിച്ച് ബലപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്, അത് യഹോവയോടുള്ള നമ്മുടെ സ്നേഹത്തിന്റെ പ്രകടനം കൂടിയാണ്.—മത്താ. 22:37.
3 ദൈവത്തിനു നന്ദി നൽകാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുക: കഴിഞ്ഞ വർഷം, ലോകവ്യാപകമായി 1,67,60,607 പേർ സ്മാരകത്തിനു ഹാജരായി. ഏതാനും വർഷം മുമ്പ്, ലൈബീരിയയിലെ ഒരു ഗ്രാമത്തിലുള്ള സഹോദരങ്ങൾ ആ ഗ്രാമത്തിന്റെ അധികാരം വഹിക്കുന്ന പട്ടണമുഖ്യന് ഒരു കത്തെഴുതി. അദ്ദേഹത്തിന്റെ പട്ടണത്തിൽ, കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നതായി അദ്ദേഹത്തെ അറിയിക്കാനായിരുന്നു അത്. പരിപാടി നടത്താൻ ആ പ്രദേശത്തെ ഫുട്ബോൾ ഗ്രൗണ്ട് ഉപയോഗിക്കാൻ അദ്ദേഹം അനുമതി നൽകി. മാത്രമല്ല, ആളുകളെ സ്മാരകത്തിനു ക്ഷണിച്ചുകൊണ്ട് ആ പ്രദേശത്ത് ഉടനീളം അതു സംബന്ധിച്ച് ഒരു അറിയിപ്പു നൽകുകയും ചെയ്തു. വെറും അഞ്ചു പ്രസാധകരുണ്ടായിരുന്ന ആ ഗ്രാമത്തിൽ സ്മാരകത്തിന് 636 പേർ ഹാജരായി!
4 സമാനമായി നാമും സ്മാരകാചരണത്തിന് നമ്മോടൊപ്പം ചേരാൻ സാധ്യമാകുന്നത്ര ആളുകളെ സഹായിക്കാൻ ആഗ്രഹിക്കുന്നു. ക്ഷണിക്കാൻ ആഗ്രഹിക്കുന്നവരുടെ ഒരു ലിസ്റ്റ് നിങ്ങൾക്ക് ഉണ്ടാക്കരുതോ? നമ്മുടെ മാസികകളുടെ അവസാന പേജിൽ ക്ഷണക്കുറിപ്പ് നൽകിയിട്ടുണ്ട്. അച്ചടിച്ച സ്മാരക ക്ഷണക്കത്തുകളും ഉപയോഗിക്കാൻ കഴിയും. അതിൽ സ്മാരകാചരണത്തിന്റെ സമയവും സ്ഥലവും ടൈപ്പ് ചെയ്യുകയോ വൃത്തിയായി എഴുതുകയോ ചെയ്യുക. നിങ്ങൾ ക്ഷണിക്കുന്ന ഓരോ വ്യക്തിക്കും അതു കൊടുക്കുക. മാർച്ച് 24 അടുത്തുവരവേ ഓരോ വ്യക്തിയെയും സ്മാരകത്തിന്റെ കാര്യം ഓർമിപ്പിക്കാനും അവസാനമായി എന്തെങ്കിലും ക്രമീകരണങ്ങൾ ചെയ്യാനുണ്ടെങ്കിൽ അവ ചെയ്യാനുമായി മടങ്ങിച്ചെല്ലുക.
5 ഇതുവരെ യോഗങ്ങളിൽ സംബന്ധിച്ചു തുടങ്ങിയിട്ടില്ലാത്ത ബൈബിൾ വിദ്യാർഥികളെ സ്മാരകത്തിന് ഹാജരാകാനും പരിപാടിയിൽനിന്നു പൂർണ പ്രയോജനം നേടാനും നമുക്ക് എങ്ങനെ സഹായിക്കാൻ കഴിയും? സ്മാരകാചരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ അവരെ സഹായിക്കുന്നതിന് ഓരോ അധ്യയനവേളയിലും ഏതാനും മിനിട്ടുകൾ ചെലവഴിക്കുക. 2004 മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 3-7 പേജുകളിലും ന്യായവാദം പുസ്തകത്തിന്റെ 266-9 പേജുകളിലും ഇതിനു പറ്റിയ വിവരങ്ങൾ കണ്ടെത്താൻ കഴിയും.
6 സന്ദർശകരെ സ്വാഗതംചെയ്യുക: സ്മാരകത്തിനെത്തുന്ന ആളുകളുടെ അടുത്തുചെന്ന് അവരെ സ്വാഗതം ചെയ്യുക. (റോമ. 12:13) നിങ്ങൾ ക്ഷണിച്ചവരുടെ അടുത്ത് ഇരിക്കാനുള്ള ക്രമീകരണം ചെയ്യുക. അവർക്ക് ബൈബിളും പാട്ടുപുസ്തകവും ഉണ്ടെന്ന് ഉറപ്പുവരുത്തുക. സ്മാരകത്തിൽ സംബന്ധിക്കാൻ എത്തിയിരിക്കുന്ന നിഷ്ക്രിയരായ സഹോദരീസഹോദരന്മാരെ ഊഷ്മളമായി സ്വാഗതംചെയ്യുന്നതിൽ മുൻകൈയെടുക്കാൻ നാം വിശേഷിച്ചും ആഗ്രഹിക്കും. നാം കാണിക്കുന്ന സ്നേഹപൂർവകമായ താത്പര്യം സഭയോടൊത്തു വീണ്ടും ക്രമമായി സഹവസിച്ചുതുടങ്ങാൻ അവരെ സഹായിച്ചേക്കാം. (ലൂക്കൊ. 15:3-7) പരിപാവനമായ ഈ വേളയിൽ, യഹോവയുടെ “അത്ഭുതാവഹമായ സ്നേഹദയ”യെപ്രതി അവന് നന്ദി നൽകുന്നതിൽ നമ്മോടൊപ്പം ചേരാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനായി സാധ്യമാകുന്നതെല്ലാം നമുക്കു ചെയ്യാം.—സങ്കീ. 31:21, NW.
[അധ്യയന ചോദ്യങ്ങൾ]
1. യഹോവ നമ്മോടു സ്നേഹദയ പ്രകടമാക്കിയിരിക്കുന്നത് എങ്ങനെ?
2. യഹോവയോടുള്ള നന്ദി പ്രകടിപ്പിക്കാൻ നമുക്ക് എങ്ങനെ കഴിയും?
3, 4. (എ) ലൈബീരിയയിലെ നമ്മുടെ സഹോദരങ്ങളുടെ മനോഭാവം നമുക്ക് എങ്ങനെ അനുകരിക്കാൻ കഴിയും? (ബി) സ്മാരകത്തിന് ആരെയൊക്കെ ക്ഷണിക്കാനാണു നിങ്ങൾ ഉദ്ദേശിക്കുന്നത്?
5. സ്മാരകത്തിൽ സംബന്ധിക്കുന്നതിന് ബൈബിൾ വിദ്യാർഥികളെ നമുക്ക് എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയും?
6. സ്മാരകത്തിന് വരുന്നവരെ സ്വാഗതം ചെയ്യുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?