പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ
ഭാഗം 7: അധ്യയനവേളയിൽ പ്രാർഥിക്കൽ
1 ബൈബിൾ വിദ്യാർഥികൾ ആത്മീയ പുരോഗതി വരുത്തുന്നതിന് യഹോവയുടെ അനുഗ്രഹം അനിവാര്യമാണ്. (1 കൊരി. 3:6) അതുകൊണ്ട് ഒരു അധ്യയനം പ്രാർഥനയോടെ തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ഉചിതമാണ്. മതപരമായ ചായ്വുള്ള ആളുകളുമൊത്തു പഠിക്കുമ്പോൾ ആദ്യ അധ്യയനംമുതൽത്തന്നെ ഇതു ചെയ്യാവുന്നതാണ്. മറ്റുള്ളവരുടെ കാര്യത്തിൽ പ്രാർഥനയുടെ കാര്യം ഉചിതമായി എപ്പോൾ അവതരിപ്പിക്കണമെന്നു നാം വിവേചിച്ചറിയേണ്ടതുണ്ടായിരിക്കാം. പ്രാർഥനയുടെ ആവശ്യം മനസ്സിലാക്കാൻ വിദ്യാർഥിയെ സഹായിക്കുന്നതിന് സങ്കീർത്തനം 25:4, 5-ഉം 1 യോഹന്നാൻ 5:14-ഉം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. കൂടാതെ യേശുവിന്റെ നാമത്തിൽ യഹോവയോടു പ്രാർഥിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിക്കാൻ യോഹന്നാൻ 15:16-ഉം ഉപയോഗിക്കുക.
2 ബൈബിളധ്യയന വേളയിൽ ആരാണു പ്രാർഥിക്കേണ്ടത്? അധ്യയനത്തിന് ഒരു സഹോദരിയോടൊപ്പം സ്നാപനമേറ്റ സഹോദരൻ പോകുന്നെങ്കിൽ ശിരോവസ്ത്രം ധരിച്ചുകൊണ്ട് സഹോദരി അധ്യയനം നടത്തിയേക്കാമെങ്കിലും സഹോദരൻ പ്രാർഥിക്കണം. (1 കൊരി. 11:5, 10) അതേസമയം സ്നാപനമേറ്റിട്ടില്ലാത്ത ഒരു രാജ്യപ്രസാധകനാണ് സഹോദരിയോടൊപ്പം പോകുന്നതെങ്കിൽ സഹോദരി വേണം പ്രാർഥിക്കാൻ. അങ്ങനെയൊരു സാഹചര്യത്തിൽ പ്രാർഥിക്കുമ്പോഴും അധ്യയനം നടത്തുമ്പോഴും സഹോദരി ശിരോവസ്ത്രം ധരിക്കണം.
3 പ്രാർഥനയിൽ എന്ത് ഉൾപ്പെടുത്താവുന്നതാണ്: ബൈബിളധ്യയന വേളകളിൽ ദീർഘമായി പ്രാർഥിക്കേണ്ടതില്ല, എന്നാൽ അത് കാര്യങ്ങൾ കൃത്യമായി എടുത്തുപറഞ്ഞുകൊണ്ടുള്ള പ്രാർഥനയായിരിക്കണം. അധ്യയനത്തിന്മേൽ യഹോവയുടെ അനുഗ്രഹത്തിനായി യാചിക്കുകയും പഠിച്ച സത്യങ്ങൾക്കുള്ള നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നതിനു പുറമേ പ്രബോധനങ്ങളുടെ ഉറവെന്ന നിലയിൽ യഹോവയെ സ്തുതിക്കുന്നതും ഉചിതമാണ്. (യെശ. 54:13) കൂടാതെ വിദ്യാർഥിയിലുള്ള നമ്മുടെ ആത്മാർഥമായ താത്പര്യവും യഹോവ ഉപയോഗിക്കുന്ന സംഘടനയോടുള്ള നമ്മുടെ വിലമതിപ്പും പ്രതിഫലിപ്പിക്കുന്ന വാക്കുകളും ഉൾപ്പെടുത്താവുന്നതാണ്. (1 തെസ്സ. 1:2, 3; 2:7, 8) പഠിക്കുന്ന കാര്യങ്ങൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിനുള്ള വിദ്യാർഥിയുടെ ശ്രമത്തിന്മേൽ യഹോവയുടെ അനുഗ്രഹത്തിനായി യാചിക്കുന്നത്, ‘വചനം ചെയ്യുന്നവരായിരിക്കേണ്ടതിന്റെ’ പ്രാധാന്യം തിരിച്ചറിയുന്നതിന് അദ്ദേഹത്തെ സഹായിക്കും.—യാക്കോ. 1:22.
4 അത്തരം പ്രാർഥനയുടെ പ്രയോജനങ്ങൾ അനവധിയാണ്. അത് യഹോവയുടെ അനുഗ്രഹം കൈവരുത്തുന്നു. (ലൂക്കൊ. 11:13) ദൈവവചനം പഠിക്കേണ്ടതിന്റെ പ്രാധാന്യത്തിന് അത് ഊന്നൽ നൽകുന്നു. വിദ്യാർഥി നമ്മുടെ പ്രാർഥന ശ്രദ്ധിക്കുമ്പോൾ പ്രാർഥിക്കേണ്ട വിധം അദ്ദേഹം പഠിക്കുകയാണ്. (ലൂക്കൊ. 6:40) കൂടാതെ യഹോവയോടുള്ള സ്നേഹവും അവന്റെ അതിശ്രേഷ്ഠ ഗുണങ്ങളോടുള്ള വിലമതിപ്പും നിറഞ്ഞ, ഹൃദയത്തിൽനിന്നു വരുന്ന പ്രാർഥനകൾക്ക്, യഹോവയുമായി വ്യക്തിഗത ബന്ധം വളർത്തിയെടുക്കാൻ വിദ്യാർഥിയെ സഹായിക്കാനാകും.
[അധ്യയന ചോദ്യങ്ങൾ]
1. (എ) ഒരു അധ്യയനം പ്രാർഥനയോടെ ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ഒരു ബൈബിൾ വിദ്യാർഥിയോട് അധ്യയനവേളയിലെ പ്രാർഥനയുടെ കാര്യം നമുക്ക് എങ്ങനെ ആദ്യമായി അവതരിപ്പിക്കാൻ കഴിയും?
2. ഒരു സഹോദരിയോടൊപ്പം സ്നാപനമേറ്റ ഒരു സഹോദരനോ സ്നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകനോ ബൈബിളധ്യയനത്തിനു പോകുന്നെങ്കിൽ ആരാണു പ്രാർഥിക്കേണ്ടത്?
3. ബൈബിളധ്യയന വേളയിലെ പ്രാർഥനയിൽ ഉചിതമായി ഉൾപ്പെടുത്താവുന്ന കാര്യങ്ങൾ ഏവ?
4. പ്രാർഥനയോടെ അധ്യയനം തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്നത് എന്തു പ്രയോജനങ്ങൾ കൈവരുത്തുന്നു?