കുടുംബപ്പട്ടിക—ദിനവാക്യ പരിചിന്തനം
1 സ്നേഹമുള്ള മാതാപിതാക്കൾ ഓരോ ദിവസവും മക്കൾക്ക് പോഷകസമൃദ്ധമായ ആഹാരം കൊടുക്കാൻ പ്രയത്നിക്കും. ദൈവവചനത്തിൽനിന്നുള്ള ആത്മീയ പോഷണം അവർക്കു നൽകേണ്ടത് അതിലും പ്രധാനമാണ്. (മത്താ. 4:4) ദിവസവും ഒരു കുടുംബമെന്ന നിലയിൽ ദിനവാക്യം വായിക്കാനും അഭിപ്രായം പറയാനും സമയമെടുക്കുക. ആരോഗ്യകരമായ ആത്മീയ വിശപ്പ് വളർത്തിയെടുക്കാനും ‘രക്ഷയ്ക്കായി വളരുവാനും’ കുട്ടികളെ സഹായിക്കാൻ കഴിയുന്ന ഒരു വിധമാണ് അത്. (1 പത്രൊ. 2:2) നിങ്ങളുടെ കുടുംബപ്പട്ടികയിൽ അതിനുള്ള സമയം എപ്പോഴാണ്?
2 ഭക്ഷണസമയങ്ങളിൽ: ദിനവാക്യ പരിചിന്തനത്തോടെ ദിവസം ആരംഭിക്കുന്നത് ആ ദിവസം മുഴുവനും യഹോവയെ മനസ്സിൽ അടുപ്പിച്ചു നിറുത്താൻ നിങ്ങളുടെ കുടുംബത്തെ സഹായിക്കും. (സങ്കീ. 16:8) തന്റെ മകൻ പ്രഭാതഭക്ഷണം കഴിക്കുന്ന സമയത്ത് ദിനവാക്യം വായിച്ചു ചർച്ചചെയ്യാൻ ഒരു അമ്മ തീരുമാനിച്ചു, അവൻ സ്കൂളിൽ പോകുന്നതിനുമുമ്പ് അവൾ മകനോടൊത്തു പ്രാർഥിക്കുകയും ചെയ്തിരുന്നു. ഇത്, ദേശീയത സംബന്ധിച്ചു ചില പ്രശ്നങ്ങൾ ഉടലെടുത്തപ്പോൾ അനുരഞ്ജനപ്പെടാതിരിക്കാനും അധാർമിക മുന്നേറ്റങ്ങളെ ചെറുക്കാനും വിദ്യാർഥികളോടും അധ്യാപകരോടും സാക്ഷീകരിക്കാനും അവനു കരുത്തു പകർന്നു. ആ സ്കൂളിലെ ഏക സാക്ഷിയായിരുന്നെങ്കിലും, താൻ ഒറ്റയ്ക്കാണെന്ന് അവനൊരിക്കലും തോന്നിയില്ല.
3 രാവിലെ ദിനവാക്യ പരിചിന്തനം പ്രായോഗികമല്ലെന്നു തോന്നിയാൽ മറ്റൊരു സമയത്ത്, ഒരുപക്ഷേ വൈകിട്ട് അത്താഴസമയത്ത് കുടുംബം ഒത്തൊരുമിച്ച് അതു ചെയ്യാവുന്നതാണ്. ഈ സമയത്ത് ചിലർ വയൽശുശ്രൂഷയിൽനിന്നുള്ള അനുഭവങ്ങളോ വ്യക്തിപരമായ ബൈബിൾ വായനയിൽനിന്നു മനസ്സിലാക്കിയ ആശയങ്ങളോ കൂടെ ചർച്ചചെയ്യാറുണ്ട്. അത്താഴമേശയ്ക്കു ചുറ്റുമിരുന്നുള്ള ദിനവാക്യ ചർച്ച കുടുംബം ഒന്നിച്ചു ചെലവഴിച്ച ഏറ്റവും സന്തോഷകരമായ അവസരങ്ങളിൽ ഒന്നായിരുന്നെന്ന് അനേകരും താത്പര്യത്തോടെ ഓർക്കുന്നു.
4 രാത്രിയിൽ: ചില കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ദിനവാക്യ പരിചിന്തനത്തിനു പറ്റിയ സമയം ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുമ്പാണ്. ഒന്നിച്ചു പ്രാർഥിക്കാനുള്ള നല്ലൊരു അവസരവുമാണിത്. നിത്യവും നിങ്ങൾ യഹോവയെക്കുറിച്ചു സംസാരിക്കുകയും അവനോടു പ്രാർഥിക്കുകയും ചെയ്യുന്നത് കുട്ടികൾ കേൾക്കുമ്പോൾ യഹോവ അവർക്കൊരു യഥാർഥ വ്യക്തി ആയിത്തീരും.
5 തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്ന പ്രസിദ്ധീകരണം നന്നായി ഉപയോഗിച്ചുകൊണ്ട് മക്കളിൽ സത്യം ഉൾനടാൻ നിങ്ങൾ നടത്തുന്ന ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുമാറാകട്ടെ.