യഹോവയുടെ മഹത്ത്വം പ്രസിദ്ധമാക്കുക
1 സങ്കീർത്തനക്കാരൻ ഇപ്രകാരം ഉദ്ഘോഷിച്ചു: “സകലഭൂവാസികളുമായുള്ളോരേ, യഹോവെക്കു പാടുവിൻ. . . . ജാതികളുടെ ഇടയിൽ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും വിവരിപ്പിൻ.” യഹോവ ചെയ്തിരിക്കുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും ചെയ്യാനിരിക്കുന്നതും ആയ കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കവേ, അവന്റെ മഹത്ത്വം പ്രസിദ്ധമാക്കാൻ നാം പ്രചോദിതരായിത്തീരുന്നു!—സങ്കീ. 96:1, 3.
2 നമ്മുടെ ശുശ്രൂഷയിലൂടെ: ദൈവത്തിന്റെ നാമം വഹിക്കാനും ഭൂമിയിലുടനീളം അത് പരസ്യമായി സ്തുതിക്കാനും ഉള്ള പദവി യഹോവയുടെ സാക്ഷികൾക്കുണ്ട്. (മലാ. 1:11) ബൈബിൾ ഭാഷാന്തരങ്ങളിൽനിന്ന് ദൈവനാമം ധിക്കാരപരമായി നീക്കം ചെയ്തിരിക്കുന്ന ക്രൈസ്തവമണ്ഡലത്തിലെ പുരോഹിതവർഗത്തിൽനിന്ന് എത്ര വ്യത്യസ്തരാണ് അവർ! ദൈവനാമം പ്രസിദ്ധമാക്കുന്നത് അടിയന്തിരമായ ഒരു വേലയാണ്, കാരണം വരാനിരിക്കുന്ന മഹോപദ്രവത്തിൽ രക്ഷപ്രാപിക്കാൻ ആളുകൾ വിശ്വാസപൂർവം ആ നാമം വിളിച്ചപേക്ഷിക്കേണ്ടതുണ്ട്. (റോമ. 10:13-15) ഇതിനുപുറമേ, അഖിലാണ്ഡത്തിലെ സമാധാനം—ഭൂവാസികൾക്കിടയിലെ സമാധാനം ഉൾപ്പെടെ—ദൈവനാമത്തിന്റെ വിശുദ്ധീകരണത്തെ ആശ്രയിച്ചാണിരിക്കുന്നത്. തീർച്ചയായും, ദൈവത്തിന്റെ സകല പ്രവൃത്തികളും അവന്റെ നാമവുമായി ബന്ധപ്പെട്ടിരിക്കുന്നു.
3 “യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു.” എന്നാൽ ആളുകൾ “യഹോവെക്കു അവന്റെ നാമത്തിന്നു തക്ക മഹത്വം കൊടു”ക്കാൻ അവർ അവനെ സംബന്ധിച്ച സത്യം അറിയണം. (സങ്കീ. 96:4, 8) എന്നിരുന്നാലും ചിലർ ദൈവത്തിന്റെ അസ്തിത്വത്തെ നിരാകരിക്കുന്നു. (സങ്കീ. 14:1) അശക്തനായോ മനുഷ്യവർഗത്തിന്റെ കാര്യങ്ങളിൽ താത്പര്യമില്ലാത്തവനായോ ചിത്രീകരിച്ചുകൊണ്ട് മറ്റു ചിലർ അവനെ അപകീർത്തിപ്പെടുത്തുന്നു. നമ്മുടെ സ്രഷ്ടാവിനെയും അവന്റെ ഉദ്ദേശ്യങ്ങളെയും പ്രിയങ്കരമായ വ്യക്തിത്വത്തെയും കുറിച്ച് സൂക്ഷ്മപരിജ്ഞാനം സമ്പാദിക്കാൻ പരമാർഥഹൃദയരെ സഹായിക്കുമ്പോൾ നാം യഹോവയെ മഹത്ത്വപ്പെടുത്തുന്നു.
4 നമ്മുടെ നടത്തയിലൂടെ: യഹോവയുടെ നീതിനിഷ്ഠമായ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നത് അവനെ മഹത്ത്വപ്പെടുത്തുന്നു. നമ്മുടെ നല്ല നടത്ത ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ല. (1 പത്രൊ. 2:12) ഉദാഹരണത്തിന് നമ്മുടെ വൃത്തിയുള്ള വസ്ത്രധാരണവും മാന്യമായ ചമയവും മറ്റുള്ളവർ നമ്മെക്കുറിച്ചു നല്ല അഭിപ്രായം പറയാൻ ഇടയാക്കും, അതാകട്ടെ ദൈവവചനത്തിലെ തത്ത്വങ്ങൾക്കനുസൃതമായി ജീവിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ചു പറയാൻ നമുക്ക് അവസരം നൽകും. (1 തിമൊ. 2:9, 10) മറ്റുള്ളവർ ‘നമ്മുടെ നല്ല പ്രവൃത്തികളെ കണ്ടു സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവിനെ മഹത്വപ്പെടുത്തുന്നതു’ കാണുന്നത് എത്ര സന്തോഷകരമാണ്!—മത്താ. 5:16.
5 വാക്കാലും പ്രവൃത്തിയാലും നമ്മുടെ മഹത്ത്വപൂർണനായ ദൈവത്തെ നമുക്കു സ്തുതിക്കാം. അങ്ങനെ നമുക്ക്, ഈ ഉദ്ഘോഷത്തോടു പ്രതികരിക്കാം: “യഹോവെക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ; നാൾതോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിൻ.”—സങ്കീർത്തനം 96:2.