ജീവനിലേക്കു നയിക്കുന്ന വിദ്യാഭ്യാസം
1 ദൈവവചനത്തിൽനിന്നുള്ള സത്യം ഗ്രഹിക്കുമ്പോൾ ആളുകളുടെ കണ്ണുകളിലുണ്ടാകുന്ന തിളക്കം കാണുന്നത് എത്ര പ്രതിഫലദായകമാണ്! ദൈവത്തെയും മനുഷ്യവർഗത്തെ സംബന്ധിച്ച അവന്റെ ഉദ്ദേശ്യത്തെയും കുറിച്ചുള്ള പരിജ്ഞാനം മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ശരിക്കും സംതൃപ്തിദായകമാണ്. അത്തരം വിദ്യാഭ്യാസത്തിന് ഒരുവനെ നിത്യജീവനിലേക്കു നയിക്കാനാകും.—യോഹ. 17:3.
2 ശ്രേഷ്ഠമായിരിക്കുന്നതിന്റെ കാരണം: ലഭ്യമായ മിക്കവാറും എല്ലാ മാധ്യമങ്ങളിലൂടെയും ഏതൊരു വിഷയത്തെക്കുറിച്ചും ഉള്ള വിദ്യാഭ്യാസം ഇന്നു ലഭ്യമാണ്. (സഭാ. 12:12) എന്നാൽ അത്തരം അറിവ് “ദൈവത്തിന്റെ വൻകാര്യങ്ങ”ളോടുള്ള താരതമ്യത്തിൽ ഒന്നുമല്ല. (പ്രവൃ. 2:11) ലൗകിക വിദ്യാഭ്യാസത്തിന് മനുഷ്യവർഗത്തെ സ്രഷ്ടാവിലേക്കു കുറച്ചുകൂടെ അടുപ്പിക്കുന്നതിനോ അവന്റെ ഉദ്ദേശ്യത്തെക്കുറിച്ചു മനസ്സിലാക്കുന്നതിനോ സഹായിക്കാനായിട്ടുണ്ടോ? നാം മരിക്കുമ്പോൾ എന്തു സംഭവിക്കുന്നുവെന്നോ ഇത്രയധികം കഷ്ടപ്പാട് ഉള്ളത് എന്തുകൊണ്ടെന്നോ ഗ്രഹിക്കുന്നതിന് അത് ആളുകളെ സഹായിച്ചിട്ടുണ്ടോ? അത് ആളുകൾക്കു പ്രത്യാശ നൽകിയിട്ടുണ്ടോ? കുടുംബക്രമീകരണം മെച്ചപ്പെടുത്താൻ അതു സഹായിച്ചിട്ടുണ്ടോ? ഇല്ല. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള യഥാർഥ ഉത്തരം കണ്ടെത്താൻ നമുക്കു കഴിയുന്നത് ദൈവിക വിദ്യാഭ്യാസത്തിലൂടെ മാത്രമാണ്.
3 ഇന്നത്തെ ലോകത്തിൽ വളരെ വിരളമായിരിക്കുന്ന ഒന്ന് ദൈവിക വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നു—ഉന്നതമായ ധാർമികമൂല്യങ്ങൾ. ദൈവവചനം, അതിലെ പഠിപ്പിക്കലുകൾ സ്വീകരിച്ച് അതു പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നവരുടെ ഹൃദയത്തിൽനിന്നു വർഗീയതയും ദേശീയതയും മറ്റും വേരോടെ പിഴുതെറിയുന്നു. (എബ്രാ. 4:12) എല്ലാത്തരം അക്രമവാസനയും തള്ളിക്കളയുന്നതിനും ‘പുതിയ മനുഷ്യനെ ധരിക്കുന്നതിനും’ അത് ആളുകളെ പ്രേരിപ്പിച്ചിരിക്കുന്നു. (കൊലൊ. 3:9-11; മീഖാ 4:1-3) കൂടാതെ, ആഴത്തിൽ വേരോടിയിരിക്കുന്ന, ദൈവത്തെ അപ്രീതിപ്പെടുത്തുന്നതരം ആചാരങ്ങളും സ്വഭാവവിശേഷങ്ങളും ഉപേക്ഷിക്കുന്നതിനും ദൈവിക വിദ്യാഭ്യാസം ലക്ഷക്കണക്കിന് ആളുകളെ ശക്തിപ്പെടുത്തിയിരിക്കുന്നു.—1 കൊരി. 6:9-11.
4 ഇപ്പോൾ അടിയന്തിരമായിരിക്കുന്നതിന്റെ കാരണം: നാം ജീവിക്കുന്ന കാലത്തിന്റെ പ്രത്യേകത സംബന്ധിച്ച് നമ്മുടെ മഹോപദേഷ്ടാവ് നമ്മെ ബോധവാന്മാരാക്കുന്നു. ഭൂവ്യാപകമായി ഘോഷിക്കേണ്ട ആനുകാലിക വിവരങ്ങളാണ് അവന്റെ പ്രാവചനിക ന്യായവിധിയിൽ അടങ്ങിയിരിക്കുന്നത്. (വെളി. 14:6, 7) ക്രിസ്തു സ്വർഗത്തിൽ വാഴ്ച ആരംഭിച്ചു, വ്യാജമതലോക സാമ്രാജ്യം പെട്ടെന്നുതന്നെ നശിപ്പിക്കപ്പെടും, മുഴു ഭൗമിക ഗവൺമെന്റുകളെയും നശിപ്പിക്കുന്നതിന് ദൈവരാജ്യം സജ്ജമായിരിക്കുന്നു. (ദാനീ. 2:44; വെളി. 11:15; 17:16) അതുകൊണ്ട് ആളുകൾ ദൈവത്തിന്റെ ഇപ്പോൾ വാഴുന്ന രാജാവിനെ അംഗീകരിക്കുകയും മഹാബാബിലോണിൽനിന്നു പുറത്തു കടക്കുകയും വിശ്വാസത്തോടെ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുകയും ചെയ്യേണ്ടത് അടിയന്തിരമാണ്. (സങ്കീ. 2:11, 12; റോമ. 10:13; വെളി. 18:4) ആയതിനാൽ ജീവനിലേക്കു നയിക്കുന്ന വിദ്യാഭ്യാസം മറ്റുള്ളവർക്കു പ്രദാനം ചെയ്യുന്നതിൽ നമുക്കു കഴിവിന്റെ പരമാവധി പ്രവർത്തിക്കാം.