ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം എങ്ങനെ സമർപ്പിക്കാം?
ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം സമർപ്പിക്കുന്നതിനുള്ള നിരവധി നിർദേശങ്ങൾ ഈ അനുബന്ധത്തിൽ നൽകിയിരിക്കുന്നു. ഏറെ ഫലകരമായിരിക്കുന്നതിന് അവ നിങ്ങളുടെ സ്വന്തം വാക്കുകളിലാക്കുക, പ്രദേശത്തെ ആളുകൾക്ക് അനുയോജ്യമാംവിധം നിങ്ങളുടെ സമീപനം പൊരുത്തപ്പെടുത്തുക, പുസ്തകത്തിലെ ചർച്ചാ വിഷയങ്ങളുമായി പരിചിതരാകുക. നിങ്ങളുടെ പ്രദേശത്തിന് അനുയോജ്യമായ മറ്റ് അവതരണങ്ങളും ഉപയോഗിക്കാവുന്നതാണ്.—2005 ജനുവരിയിലെ നമ്മുടെ രാജ്യ ശുശ്രൂഷ, പേ. 8 കാണുക.
അന്ത്യകാലം
◼ “നാം ജീവിക്കുന്നത് ‘അന്ത്യകാല’ത്താണെന്ന് അനേകരും വിശ്വസിക്കുന്നു. എന്നാൽ ഭാവിയിൽ അവസ്ഥകൾ മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കാൻ തക്കതായ കാരണമുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. 2 പത്രൊസ് 3:13 വായിക്കുക.] അപ്പോൾ ജീവിതം എങ്ങനെയായിരിക്കും എന്നതു സംബന്ധിച്ച് ഇവിടെ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക.” 94-ാം പേജിലെ 15-ാം ഖണ്ഡിക വായിക്കുക.
കുടുംബം
◼ “സന്തുഷ്ടമായ കുടുംബജീവിതം നാമെല്ലാം ആഗ്രഹിക്കുന്നു. അല്ലേ? [പ്രതികരിക്കാൻ അനുവദിക്കുക.] കുടുംബസന്തുഷ്ടിക്കു സംഭാവന ചെയ്യുന്നതിൽ കുടുംബത്തിലെ ഓരോ അംഗത്തിനും ചെയ്യാനാകുന്ന ഒരു കാര്യത്തെക്കുറിച്ചു ബൈബിൾ പറയുന്നു, അത് സ്നേഹം പ്രകടമാക്കുന്നതിൽ ദൈവത്തെ അനുകരിക്കുക എന്നതാണ്.” എഫെസ്യർ 5:1, 2-ഉം 135-ാം പേജിലെ 4-ാം ഖണ്ഡികയും വായിക്കുക.
ദുരന്തം/കഷ്ടപ്പാട്
◼ “ഒരു ദുരന്തം ഉണ്ടാകുമ്പോൾ, ദൈവം യഥാർഥത്തിൽ ആളുകളെക്കുറിച്ചു കരുതുന്നുണ്ടോ, അവരുടെ കഷ്ടപ്പാടുകൾ അവൻ കാണുന്നുണ്ടോ എന്നൊക്കെ ആളുകൾ സംശയിക്കുന്നു. അതേക്കുറിച്ചു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് 1 പത്രൊസ് 5:7-ഉം 11-ാം പേജിലെ 11-ാം ഖണ്ഡികയും വായിക്കുക.] മനുഷ്യവർഗത്തിന്റെ കഷ്ടപ്പാടുകൾ ദൈവം എങ്ങനെ പൂർണമായി തുടച്ചുനീക്കുമെന്ന് ഈ പ്രസിദ്ധീകരണം വിശദീകരിക്കുന്നു.” 106-ാം പേജിലെ ആമുഖ ചോദ്യങ്ങൾ കാണിക്കുക.
നിത്യജീവൻ
◼ “മിക്കയാളുകളും നല്ല ആരോഗ്യവും ദീർഘായുസ്സും ആഗ്രഹിക്കുന്നു. എന്നാൽ നിത്യം ജീവിക്കുക സാധ്യമായിരുന്നെങ്കിൽ നിങ്ങൾ അതിനായി ആഗ്രഹിക്കുമോ? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് വെളിപ്പാടു 21:3-5എ-യും 54-ാം പേജിലെ 17-ാം ഖണ്ഡികയും വായിക്കുക.] നമുക്ക് എങ്ങനെ നിത്യജീവൻ നേടാമെന്നും ആ വാഗ്ദാനം ഒരു യാഥാർഥ്യമായിത്തീരുമ്പോൾ ജീവിതം എങ്ങനെയുള്ളതായിരിക്കുമെന്നും ഈ പുസ്തകം ചർച്ചചെയ്യുന്നു.”
പാർപ്പിടം
◼ “മിക്ക സ്ഥലങ്ങളിലും താങ്ങാവുന്ന വിലയ്ക്ക് മാന്യമായ ഒരു പാർപ്പിടസൗകര്യം കണ്ടെത്തുക എന്നത് ഏറെ പ്രയാസകരമായിരിക്കുകയാണ്. എല്ലാവർക്കും വേണ്ടത്ര പാർപ്പിടസൗകര്യം ഉണ്ടായിരിക്കുന്ന ഒരു കാലം വരുമെന്നു നിങ്ങൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് യെശയ്യാവു 65:21, 22-ഉം 34-ാം പേജിലെ 20-ാം ഖണ്ഡികയും വായിക്കുക.] ദൈവത്തിൽനിന്നുള്ള ഈ വാഗ്ദാനം എങ്ങനെ നിവൃത്തിയേറുമെന്ന് ഈ പ്രസിദ്ധീകരണം വിശദീകരിക്കുന്നു.”
പ്രാർഥന
◼ “ദൈവം പ്രാർഥനയ്ക്ക് ഉത്തരമരുളുന്നത് എങ്ങനെയെന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് 1 യോഹന്നാൻ 5:14, 15-ഉം 170-1 പേജുകളിലെ 16-18 ഖണ്ഡികകളും വായിക്കുക.] നാം എന്തുകൊണ്ട് ദൈവത്തോടു പ്രാർഥിക്കണമെന്നും അവൻ നമ്മുടെ പ്രാർഥന കേൾക്കുന്നതിനു നാം എന്തുചെയ്യണമെന്നും ഈ അധ്യായം വിവരിക്കുന്നു.”
ബൈബിൾ
◼ “ബൈബിളിനെ ദൈവവചനമായി ആളുകൾ മിക്കപ്പോഴും പരാമർശിക്കാറുണ്ട്. മനുഷ്യർ എഴുതിയ ഒരു പുസ്തകത്തെ എങ്ങനെയാണ് ദൈവവചനമെന്നു വിളിക്കാൻ കഴിയുകയെന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് 2 പത്രൊസ് 1:21-ഉം 19-ാം പേജിലെ 5-ാം ഖണ്ഡികയും വായിക്കുക. എന്നിട്ട് 6-ാം പേജിലെ ചോദ്യങ്ങൾ കാണിച്ചുകൊണ്ട് പറയുക.] ഈ ചോദ്യങ്ങൾക്കുള്ള ബൈബിളിന്റെ ഉത്തരം ഈ പ്രസിദ്ധീകരണത്തിൽ നൽകിയിരിക്കുന്നു.”
◼ “മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ വിവരങ്ങൾ സമ്പാദിക്കുന്നതിനുള്ള അവസരം ഇന്ന് ആളുകൾക്കുണ്ട്. എന്നാൽ സന്തോഷകരവും വിജയപ്രദവുമായ ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്ന ആശ്രയയോഗ്യമായ ബുദ്ധിയുപദേശം എവിടെ കണ്ടെത്താൻ കഴിയുമെന്നാണു നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് 2 തിമൊഥെയൊസ് 3:16, 17-ഉം 23-ാം പേജിലെ 12-ാം ഖണ്ഡികയും വായിക്കുക.] ദൈവത്തിനു പ്രസാദകരവും നമുക്കു പ്രയോജനകരവുമായ വിധത്തിൽ എങ്ങനെ ജീവിക്കാമെന്ന് ഈ പ്രസിദ്ധീകരണം വിശദീകരിക്കുന്നു.” 122-3 പേജുകളിലെ ചാർട്ടും ചിത്രവും കാണിക്കുക.
മതം
◼ “ലോകത്തിലെ മതങ്ങളെ മനുഷ്യരുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരമായിട്ടല്ല മറിച്ച് കാരണമായി അനേകരും വീക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു. മതം ആളുകളെ ശരിയായ ദിശയിൽ നയിക്കുന്നുവെന്നു നിങ്ങൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് മത്തായി 7:13, 14-ഉം 145-ാം പേജിലെ 5-ാം ഖണ്ഡികയും വായിക്കുക.] ദൈവം അംഗീകരിക്കുന്ന ആരാധന തിരിച്ചറിയാൻ നമ്മെ സഹായിക്കുന്ന ആറു കാര്യങ്ങൾ ഈ അധ്യായം വിശദീകരിക്കുന്നു.” 147-ാം പേജിലെ ലിസ്റ്റ് കാണിക്കുക.
മരണം/പുനരുത്ഥാനം
◼ “മരിക്കുമ്പോൾ യഥാർഥത്തിൽ എന്തു സംഭവിക്കുന്നുവെന്ന് അനേകരും ചിന്തിക്കാറുണ്ട്. നമുക്ക് അത് അറിയാൻ സാധിക്കുമെന്നു നിങ്ങൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് സഭാപ്രസംഗി 9:5-ഉം 58-ാം പേജിലെ 5-6 ഖണ്ഡികകളും വായിക്കുക.] മരിച്ചവർക്ക് ബൈബിൾ നൽകുന്ന പുനരുത്ഥാന പ്രത്യാശയെക്കുറിച്ചും ഈ പുസ്തകം വിശദീകരിക്കുന്നു.” 75-ാം പേജിലെ ചിത്രം കാണിക്കുക.
◼ “നാം സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ ആ വ്യക്തിയെ വീണ്ടും കാണാൻ ആഗ്രഹിക്കുക എന്നതു സ്വാഭാവികമാണ്. അല്ലേ? [പ്രതികരിക്കാൻ അനുവദിക്കുക.] പുനരുത്ഥാനം സംബന്ധിച്ച ബൈബിൾ വാഗ്ദാനം അനേകരെയും ആശ്വസിപ്പിച്ചിട്ടുണ്ട്. [യോഹന്നാൻ 5:28, 29-ഉം 72-ാം പേജിലെ 16-17 ഖണ്ഡികകളും വായിക്കുക. എന്നിട്ട് 66-ാം പേജിലെ ആമുഖ ചോദ്യങ്ങൾ കാണിച്ചുകൊണ്ടു പറയുക.] ഈ അധ്യായത്തിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരവും കാണാം.”
യഹോവയാം ദൈവം
◼ “ദൈവത്തിൽ വിശ്വസിക്കുന്ന അനേകരും അവനുമായി ഒരു അടുത്ത ബന്ധം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു. അവനുമായി അടുത്ത ബന്ധത്തിലേക്കു വരാൻ ബൈബിൾ നമ്മെ ക്ഷണിക്കുന്നുവെന്ന് നിങ്ങൾക്ക് അറിയാമോ? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് യാക്കോബ് 4:8എ-യും 16-ാം പേജിലെ 20-ാം ഖണ്ഡികയും വായിക്കുക.] തങ്ങളുടെ സ്വന്തം ബൈബിളിൽനിന്ന് ദൈവത്തെക്കുറിച്ചു കൂടുതൽ പഠിക്കാൻ ആളുകളെ സഹായിക്കുന്നതിനാണ് ഈ പ്രസിദ്ധീകരണം തയ്യാറാക്കിയിരിക്കുന്നത്.” 8-ാം പേജിലെ ആമുഖ ചോദ്യങ്ങൾ കാണിക്കുക.
◼ “ദൈവത്തിന്റെ നാമം വിശുദ്ധീകരിക്കപ്പെടുന്നതിന് അഥവാ പൂജിതമാകുന്നതിന് വേണ്ടി അനേകരും പ്രാർഥിക്കുന്നു. ആ പേര് എന്താണെന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് സങ്കീർത്തനം 83:18-ഉം 195-ാം പേജിലെ 2-3 ഖണ്ഡികകളും വായിക്കുക.] യഹോവയാം ദൈവത്തെയും മനുഷ്യവർഗത്തെ സംബന്ധിച്ച അവന്റെ ഉദ്ദേശ്യത്തെയും കുറിച്ചു ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു എന്ന് ഈ പുസ്തകം വിശദീകരിക്കുന്നു.”
യുദ്ധം/സമാധാനം
◼ “എല്ലായിടത്തുമുള്ള ആളുകൾ സമാധാനത്തിനായി ആഗ്രഹിക്കുന്നു. ഭൂമിയിൽ സമാധാനം വരുമെന്ന പ്രത്യാശ വെറുമൊരു സ്വപ്നമാണെന്നു നിങ്ങൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് സങ്കീർത്തനം 46:8, 9 വായിക്കുക.] ദൈവം തന്റെ ഉദ്ദേശ്യം നിവർത്തിക്കുകയും ആഗോളസമാധാനം കൊണ്ടുവരുകയും ചെയ്യുന്നത് എങ്ങനെയാണെന്ന് ഈ പുസ്തകം ചർച്ചചെയ്യുന്നു.” 35-ാം പേജിലെ ചിത്രം കാണിക്കുക, 34-ാം പേജിലെ 17-21 ഖണ്ഡികകൾ ചർച്ചചെയ്യുക.
യേശുക്രിസ്തു
◼ “ലോകമെമ്പാടുമുള്ള ആളുകൾ യേശുക്രിസ്തുവിനെക്കുറിച്ചു കേട്ടിട്ടുണ്ട്. അവൻ ശ്രദ്ധേയനായ ഒരു മനുഷ്യൻ മാത്രമായിരുന്നെന്നു ചിലർ പറയുന്നു. മറ്റു ചിലർ സർവശക്തനായ ദൈവമായി അവനെ ആരാധിക്കുന്നു. യേശുക്രിസ്തുവിനെക്കുറിച്ചു നാം എന്തു വിശ്വസിക്കുന്നുവെന്നത് പ്രധാനമാണെന്നു നിങ്ങൾ കരുതുന്നുണ്ടോ?” പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് യോഹന്നാൻ 17:3-ഉം 37-ാം പേജിലെ 3-ാം ഖണ്ഡികയും വായിക്കുക. അധ്യായ ശീർഷകത്തിനു കീഴിലെ ആമുഖ ചോദ്യങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുക.
[5-ാം പേജിലെ ചതുരം]
സംഭാവന ക്രമീകരണത്തെക്കുറിച്ച് എങ്ങനെ പറയാം?
“ഞങ്ങളുടെ ലോകവ്യാപക വേലയ്ക്കായി എന്തെങ്കിലും ഒരു സംഭാവന നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അതു സ്വീകരിക്കാൻ ഞങ്ങൾക്കു സന്തോഷമേയുള്ളൂ.”
“വില ഈടാക്കാതെയാണ് ഞങ്ങൾ പ്രസിദ്ധീകരണങ്ങൾ നൽകുന്നതെങ്കിലും ഞങ്ങളുടെ ലോകവ്യാപക വേലയ്ക്കായുള്ള ചെറുതോ വലുതോ ആയ ഏതൊരു സംഭാവനയും ഞങ്ങൾ സ്വീകരിക്കുന്നതാണ്.”
“ഈ വേല എങ്ങനെ നടക്കുന്നുവെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. ഞങ്ങളുടെ ലോകവ്യാപക വേല സ്വമേധയായുള്ള സംഭാവനകളാൽ പിന്തുണയ്ക്കപ്പെടുന്നു. ഇന്ന് എന്തെങ്കിലും സംഭാവന നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ അതു സ്വീകരിക്കാൻ ഞങ്ങൾക്കു സന്തോഷമേയുള്ളൂ.”