വ്യക്തിഗത താത്പര്യം കാണിക്കുക—കൃപയുള്ളവർ ആയിരുന്നുകൊണ്ട്
1 ‘യഹോവ കൃപയുള്ളവനാണ്.’ (സങ്കീ. 145:8) അഖിലാണ്ഡ പരമാധികാരി ആണെങ്കിൽപ്പോലും, അപൂർണ മനുഷ്യരുമായി ഇടപെടുമ്പോൾ അവൻ ദയയും പരിഗണനയും ആദരവും പ്രകടമാക്കുന്നു. (ഉല്പ. 13:14; 19:18-21, 29) കൃപാലുവായ നമ്മുടെ ദൈവത്തെ അനുകരിക്കുന്നതിലൂടെ സുവാർത്തയുടെ അവതരണത്തിനു മാറ്റുകൂട്ടാൻ നമുക്കു കഴിയും. (കൊലൊസ്സ്യർ 4:6) എന്നാൽ സംസാരത്തിൽ വിനയവും ആദരവും ഉണ്ടായിരിക്കുക എന്നതുമാത്രമല്ല അതിൽ ഉൾപ്പെട്ടിരിക്കുന്നത്.
2 വീടുതോറുമുള്ള പ്രവർത്തനത്തിൽ: സൗകര്യപ്രദമല്ലാത്ത ഒരു സമയത്തോ വീട്ടുകാരൻ വളരെ തിരക്കിലായിരിക്കുമ്പോഴോ ആണ് നാം അദ്ദേഹത്തെ സന്ദർശിക്കുന്നതെങ്കിൽ എന്തു ചെയ്യണം? സാഹചര്യം കണക്കിലെടുത്തുകൊണ്ട് അവതരണം ഹ്രസ്വമാക്കുകയോ മറ്റൊരു സമയത്തു മടങ്ങിവരാമെന്നു പറയുകയോ വേണം. സാഹിത്യം സ്വീകരിക്കാൻ താത്പര്യമില്ലാത്തവരെ അതിനായി നാം നിർബന്ധിക്കുന്നില്ല. ആളുകളുടെ വസ്തുവകകളെപ്രതി പരിഗണന ഉള്ളവരായിരിക്കാൻ അവരോടുള്ള താത്പര്യം നമ്മെ പ്രേരിപ്പിക്കുന്നു. ഗെയ്റ്റോ വേലിയോ ഒക്കെ മറക്കാതെ അടയ്ക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ഇക്കാര്യത്തിൽ മക്കളെയും നന്നായി പരിശീലിപ്പിക്കുക. ആളില്ലാഭവനങ്ങളിൽ സാഹിത്യം ഇടുന്നപക്ഷം, അതു മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാത്ത ഒരു സ്ഥലത്തായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മറ്റുള്ളവർ നമ്മോടു പെരുമാറണമെന്നു നാം ആഗ്രഹിക്കുന്ന അതേ വിധത്തിൽ അവരോടും പെരുമാറാൻ കൃപയും ആർദ്രതയും നമ്മെ പ്രചോദിപ്പിക്കും.—ലൂക്കൊസ് 6:31.
3 തെരുവുസാക്ഷീകരണ വേളയിൽ: തെരുവുസാക്ഷീകരണം നടത്തവേ, കാൽനടയാത്രക്കാർക്കു തടസ്സം സൃഷ്ടിക്കുകയോ കടകൾക്കും മറ്റും മുമ്പിൽ കൂടിനിൽക്കുകയോ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. തിരക്കിട്ടു പോകുന്നവരോടു സംസാരിക്കാൻ ശ്രമിക്കുന്നതിനുപകരം അൽപ്പസമയം ശ്രദ്ധിക്കാൻ സാവകാശമുള്ളവരോടു നാം സാക്ഷീകരിക്കണം. സാഹചര്യം സൂക്ഷ്മമായി വിലയിരുത്തുന്നത് ഇതിനു നമ്മെ സഹായിക്കും. പൊതുസ്ഥലത്തെ ബഹളം നിമിത്തം ചിലപ്പോഴൊക്കെ കുറച്ച് ഉറക്കെ സംസാരിക്കേണ്ടിവന്നേക്കാം. എന്നിരുന്നാലും മാന്യമായും ചുറ്റുമുള്ളവരുടെ ശ്രദ്ധ ആകർഷിക്കാത്ത വിധത്തിലും ആയിരിക്കണം അങ്ങനെ ചെയ്യേണ്ടത്.—മത്തായി 12:18.
4 ടെലിഫോൺ സാക്ഷീകരണവേളയിൽ: ടെലിഫോണിലൂടെ സാക്ഷീകരിക്കുമ്പോൾ നമുക്കു ചുറ്റും ശബ്ദകോലാഹലമൊന്നുമില്ലെന്ന് ഉറപ്പുവരുത്താൻ മറ്റുള്ളവരോടുള്ള പരിഗണന നമ്മെ പ്രചോദിപ്പിക്കും. ആരംഭത്തിൽത്തന്നെ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഫോൺ വിളിക്കാനുണ്ടായ കാരണത്തെക്കുറിച്ചു വിശദീകരിക്കുന്നതു മര്യാദയാണ്. ഫോൺ വായോടു ചേർത്തുപിടിച്ചുകൊണ്ടും ഹൃദ്യമായ ഒരു ശബ്ദത്തിലും സംസാരിക്കുന്നത് പരിപുഷ്ടിപ്പെടുത്തുന്ന തിരുവെഴുത്തു ചർച്ചയിൽ ഏർപ്പെടാൻ മറ്റുള്ളവരെ സഹായിക്കും. (1 കൊരിന്ത്യർ 14:8, 9) ഈ വിധങ്ങളിൽ ദയയും പരിഗണനയും കൃപയും പ്രകടമാക്കുമ്പോൾ കൃപാസമ്പന്നനായ നമ്മുടെ ദൈവമായ യഹോവയെ നാം അനുകരിക്കുകയാണു ചെയ്യുന്നത്.