നിങ്ങളുടെ ടെലഫോൺ മര്യാദകൾ എങ്ങനെയുള്ളവയാണ്?
“ദയാപുരസ്സരമായ സംഭാഷണങ്ങളെപ്പോലെ മറ്റെന്തെങ്കിലും, കുടുംബസ്നേഹം, ആരോഗ്യം, ജോലിയോടുള്ള താത്പര്യം എന്നിവയോടൊപ്പം നമ്മുടെ ജീവിതത്തിനു വളരെയധികം ആനന്ദം പകരുകയും നമ്മുടെ ആത്മാഭിമാനത്തെ പുനഃസ്ഥിതീകരിക്കുകയും വർധിപ്പിക്കുകയും ചെയ്യുന്നുണ്ടോ?”
ആ ചോദ്യം ചോദിച്ചുകൊണ്ട് അടുത്തകാലത്തെ ഒരു ഗ്രന്ഥകാരിയും പ്രബോധകയുമായ ലൂസി ഇല്ലിയട് കീലെർ, സൃഷ്ടിപ്പിന്റെ സമയത്തു മനുഷ്യനു സ്നേഹപൂർവം നൽകപ്പെട്ട, വാമൊഴിയായി ആശയവിനിയമം നടത്താനുള്ള കഴിവ് ഉപയോഗിക്കുന്നതിൽനിന്നു ലഭിക്കാവുന്ന വ്യക്തിപരമായ ഉല്ലാസത്തിനും സംതൃപ്തിക്കും ഉയർന്ന വില കൽപ്പിച്ചു.—പുറപ്പാടു 4:11, 12.
അലക്സാണ്ടർ ഗ്രഹാം ബെല്ലിന്റെ കണ്ടുപിടിത്തമായ ടെലഫോൺ കഴിഞ്ഞ 12 ദശകങ്ങളായി മനുഷ്യന്റെ സംസാരത്തിന്റെ ഒഴുക്ക് വളരെയധികം വർധിപ്പിച്ചിട്ടുണ്ട്. ബിസിനസിനോ ഉല്ലാസത്തിനോ വേണ്ടി ഉപയോഗിച്ചാലും ടെലഫോൺ ഇന്ന് ഭൂമിയിലെ ശതകോടിക്കണക്കിനു നിവാസികളുടെ ഇടയിൽ മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു മർമപ്രധാനമായ കണ്ണിയായി വർത്തിക്കുന്നു.
ടെലഫോണും നിങ്ങളും
ടെലഫോണിന്റെ ഉപയോഗം നിങ്ങളുടെ ജീവിതത്തിന്റെ ഗുണമേൻമ എത്രത്തോളം വർധിപ്പിക്കുന്നു? ആ ചോദ്യത്തിനുള്ള നിങ്ങളുടെ ഉത്തരം ഉപകരണത്തെക്കാളുമധികം ഉൾപ്പെട്ടിരിക്കുന്ന ആളുകളെ ആശ്രയിച്ചിരിക്കുന്നു എന്നതിനോടു നിങ്ങൾ യോജിക്കുകയില്ലേ? നിങ്ങളുടെ ടെലഫോൺ മര്യാദകൾ എങ്ങനെയുള്ളവയാണ്? എന്നു ചോദിക്കുന്നതു തീർച്ചയായും സമയോചിതമാണ്.
ടെലഫോൺ മര്യാദകളിൽ മാനസികഭാവം, സംഭാഷണ ഗുണം, ശ്രദ്ധിക്കാനുള്ള കഴിവ് തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്നു. കൂടാതെ, ടെലഫോൺ ഉപയോഗിക്കുന്ന രീതിയും ശല്യകരമായ വിളികൾ കൈകാര്യം ചെയ്യാനുള്ള മാർഗങ്ങളും പ്രസക്തമാണ്.
മറ്റുള്ളവരോടുള്ള ചിന്താപൂർവകമായ പരിഗണന
മനുഷ്യരുടെ എല്ലാ കൈമാറ്റങ്ങളുടെയും കാര്യത്തിലെന്നപോലെ നല്ല ടെലഫോൺ മര്യാദകൾ സഹാനുഭൂതിയിൽനിന്ന് ഉടലെടുക്കുന്നതാണ്. അപ്പോസ്തലനായ പൗലോസ് ഇപ്രകാരം എഴുതി: “നിങ്ങളുടെ സ്വന്തം താത്പര്യം മാത്രമല്ല, അന്യോന്യമുള്ള താത്പര്യങ്ങൾ നോക്കുക.”—ഫിലിപ്യർ 2:4, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ.
“മോശമായ ടെലഫോൺ മര്യാദകളിൽ ഏറ്റവും സാധാരണമായത് ഏവയാണ്?” എന്നു പരിചയസമ്പന്നയായ ഒരു ടെലഫോൺ സ്വിച്ച്ബോർഡ് ഓപ്പറേറ്ററോടു ചോദിച്ചപ്പോൾ, തന്റെ ലിസ്റ്റിൽ ഏറ്റവും മുകളിൽ വരുന്നത്, “‘ഇതു മേരിയാണ്’ (എത്ര മേരിമാരെ നിങ്ങൾക്കറിയാം?) എന്നോ അതിലും മോശമായി, ‘ഇതു ഞാനാണ്’ എന്നോ ‘ആരാണു സംസാരിക്കുന്നതെന്ന് ഊഹിക്കുക’ എന്നോ ഫോൺ വിളിക്കുന്നയാൾ പറയുന്നതാണ്” എന്ന് അവർ മറുപടി നൽകി. സദുദ്ദേശ്യപരമായിരുന്നേക്കാമെങ്കിലും അത്തരം ചിന്തയില്ലാത്ത സമീപനങ്ങൾ അമ്പരപ്പും അക്ഷമയും ഉളവാക്കിയേക്കാം. ആ ഓപ്പറേറ്റർ ഇപ്രകാരം തുടർന്നു: “നിങ്ങളെത്തന്നെ വ്യക്തമായി തിരിച്ചറിയിച്ചുകൊണ്ടും ആരോടാണോ സംസാരിക്കുന്നത് ആ വ്യക്തിയോടുള്ള പരിഗണന നിമിത്തം, സംസാരിക്കാൻ സൗകര്യമുണ്ടോയെന്നു ചോദിച്ചുകൊണ്ടും വിളിക്കു സന്തോഷകരമായ ഒരു തുടക്കമിട്ടു കൂടേ?”
നിങ്ങളുടെ മുഖഭാവം കാണാൻ കഴിയില്ലെങ്കിലും മനോഭാവം പ്രകടമാണെന്നോർമിക്കുക. അതെങ്ങനെ? നിങ്ങളുടെ സംസാരരീതിയിലൂടെ. അക്ഷമ, വിരസത, കോപം, ഉദാസീനത, ആത്മാർഥത, ആഹ്ലാദം, സഹായ സന്നദ്ധത, ഊഷ്മളത ഇവയെല്ലാം വെളിവാകുന്നു. തടസ്സം സൃഷ്ടിക്കപ്പെടുമ്പോൾ ശല്യം തോന്നുന്നതു സ്വാഭാവിക പ്രതികരണമായിരിക്കാമെന്നതു സത്യംതന്നെ. ഈ സാഹചര്യത്തിൽ, നല്ല മര്യാദകളോടുള്ള താത്പര്യംമൂലം, മറുപടി നൽകുന്നതിനു മുമ്പായി ഒന്നു നിർത്തി, നിങ്ങളുടെ ശബ്ദത്തിൽ ഒരു “പുഞ്ചിരി” തിരുകുക. വിയോജിപ്പിന്റെ ധ്വനിയില്ലാതെ വിയോജിക്കുക സാധ്യമാണ്.
ചിന്താപൂർവകമായ പരിഗണനയും ഒരു പ്രസന്ന സംസാരരീതിയും ഉണ്ടെങ്കിൽ “ആവശ്യമനുസരിച്ചു കെട്ടുപണിചെയ്യാൻ ഉതകുന്ന” കാര്യങ്ങൾ പറയാനും “കേൾവിക്കാർക്ക് അനുകൂലമായ” വിവരങ്ങൾ അറിയിക്കാനും കഴിയും.—എഫേസ്യർ 4:29, NW.
സംഭാഷണ ഗുണം
അതേ, നമ്മുടെ സംഭാഷണം ഏതു തരത്തിലുള്ളതാണെന്നുള്ളതു പ്രധാനമാണ്. നിങ്ങൾ പിൻവരുന്ന നിയമങ്ങളോടു യോജിക്കുകയും അവ ബാധകമാക്കുകയും ചെയ്യുന്നുവോ? സ്വാഭാവികവും വ്യക്തവും വേർതിരിച്ചറിയാവുന്നതുമായ വിധത്തിൽ സംസാരിക്കുക. മന്ത്രിക്കരുത്. വളരെ ദൂരെനിന്നാണു വിളിക്കുന്നതെങ്കിൽപ്പോലും വളരെ ഉച്ചത്തിൽ സംസാരിക്കരുത്. വാക്കുകൾ അവ്യക്തമായി ഉച്ചരിക്കരുത്. പദാംഗങ്ങൾ ഹ്രസ്വമായി ഉച്ചരിക്കുകയോ വിഴുങ്ങിക്കളയുകയോ ചെയ്യുന്ന അശ്രദ്ധ സംസാരം ഒഴിവാക്കുക; അസ്വാസ്ഥ്യജനകവും അസ്വാരസ്യം ഉളവാക്കുന്നതുമായ, “വികൃത ശബ്ദങ്ങളും” പിറകോട്ടുപോക്കുകളും ഒഴിവാക്കുക. ഒരേ സ്ഥായിയിലുള്ള സ്വരം ഉപയോഗിക്കാതിരിക്കുക. ഉചിതമായ അർഥം ഊന്നിപ്പറയലും ഉച്ചനീചത്വവും സംഭാഷണത്തെ അർഥവത്തും നിറപ്പകിട്ടുള്ളതും നവോൻമേഷപ്രദവുമാക്കുന്നു. ടെലഫോൺ സംഭാഷണം നടത്തിക്കൊണ്ടിരിക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതു സംഭാഷണ ഗുണം മെച്ചപ്പെടുത്തുകയോ നല്ല മര്യാദകൾ പ്രതിഫലിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും ഓർമിക്കുക.
വാക്കുകളുടെ തിരഞ്ഞെടുപ്പും പരിഗണനാർഹമാണ്. വിവേചന ആവശ്യമാണ്. വേഗം മനസ്സിലാകുന്ന സാധാരണ, ലളിത പദങ്ങൾ ഉപയോഗിക്കുക. വാക്കുകൾക്കു വ്യംഗ്യാർഥങ്ങളുണ്ട്. അവയ്ക്കു ദയയുള്ളതോ ക്രൂരമോ, ആശ്വാസദായകമോ പരുഷമോ, പ്രോത്സാഹജനകമോ നിരാശാജനകമോ ആയിരിക്കാൻ കഴിയും. കൂടാതെ, ഒരുവനു വ്രണപ്പെടുത്തുന്നവനായിരിക്കാതെ നർമബോധമുള്ളവനും, നിർവികാരനോ പരുക്കനോ ആയിരിക്കാതെ തുറന്നു പറയുന്നവനും, ഒഴിഞ്ഞുമാറുന്നവനായിരിക്കാതെ നയമുള്ളവനും ആയിരിക്കാൻ കഴിയും. “ദയവായി” “നന്ദി” എന്നിങ്ങനെയുള്ള മര്യാദയുള്ള പദപ്രയോഗങ്ങൾ എല്ലായ്പോഴും സ്വീകാര്യമാണ്. “ഒരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതിയപ്പോൾ അവന്റെ മനസ്സിലുണ്ടായിരുന്നത് ദയയുള്ള, പരിഗണനയുള്ള, ഇമ്പമുള്ള വാക്കുകളായിരുന്നു.—കൊലൊസ്സ്യർ 4:6.
ഒരു നല്ല ശ്രോതാവായിരിക്കുക
ഒരു നല്ല സംഭാഷണവിദഗ്ധനായിരിക്കുന്നതിന്റെ രഹസ്യമെന്താണെന്നു തന്റെ പിതാവിനോടു ചോദിച്ച ഒരു യുവാവിനെപ്പറ്റി ഒരു കഥയുണ്ട്. “എന്റെ മകനേ, ശ്രദ്ധിക്കുക” എന്നായിരുന്നു മറുപടി. “ഞാൻ ശ്രദ്ധിക്കുന്നുണ്ട്. എന്നോടു കൂടുതൽ കാര്യങ്ങൾ പറയൂ,” യുവാവു പറഞ്ഞു. “ഇനി ഒന്നും പറയാനില്ല,” പിതാവു മറുപടി നൽകി. താത്പര്യവും അനുകമ്പയുമുള്ള ഒരു ശ്രോതാവായിരിക്കുന്നതാണ് നല്ല ടെലഫോൺ മര്യാദകളുടെ പാചകക്കുറിപ്പിലെ ഒരു പ്രധാന ചേരുവ.
ഒരു നിസ്സാര നിയമം ആചരിക്കുന്നതിലെ പരാജയം, ആളുകൾ നിങ്ങളെ ഒരു ടെലഫോൺ മുഷിപ്പനായി വീക്ഷിക്കുന്നതിനിടയാക്കിയേക്കാം. ആ നിയമം ഏതാണ്? സംഭാഷണത്തിന്റെ കുത്തക ഏറ്റെടുക്കരുത്. ഉദാഹരണത്തിന്, നിങ്ങൾ ഉൾപ്പെട്ട ഏതെങ്കിലുമൊരു നിസ്സാരമായ സംഭാഷണത്തെക്കുറിച്ചോ നിങ്ങൾക്കുണ്ടായ നിസ്സാരമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചോ നീട്ടിപ്പിടിച്ചുള്ള, അവസാനിക്കാത്ത, പദാനുപദ വിവരണം നടത്തുന്നതിൽ മുഴുകരുത്. ഒരിക്കൽക്കൂടി പ്രായോഗികവും സംക്ഷിപ്തവുമായ ഒരു ബൈബിൾ നിയമം നമുക്കുണ്ട്. ഈ പ്രാവശ്യം അതു ശിഷ്യനായ യാക്കോബിൽനിന്നാണ്, “ശ്രദ്ധിക്കാൻ വേഗതയുള്ളവരും സംസാരിക്കാൻ സാവകാശമുള്ളവരും ആയിരിപ്പിൻ.”—യാക്കോബ് 1:19, യെരുശലേം ബൈബിൾ.
അവസാന പരിഗണനകൾ
ടെലഫോൺ മര്യാദകളിൽ ഉൾപ്പെടുന്ന അവസാനത്തെ രണ്ടു ചോദ്യങ്ങളിലേക്ക് നമുക്കിപ്പോൾ ശ്രദ്ധ തിരിക്കാം. ടെലഫോൺ ഉപയോഗിക്കുന്ന രീതിയെക്കുറിച്ച് എന്തു പറയാൻ കഴിയും? സ്വീകാര്യമല്ലാത്ത ടെലഫോൺ വിളികൾ കൈകാര്യം ചെയ്യുന്നതിൽ ചില മാർഗനിർദേശങ്ങൾ നിർദേശിക്കപ്പെടുന്നുണ്ടോ?
ടെലഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ലൈനിന്റെ മറ്റേ അറ്റത്തുള്ളയാളുടെ ശബ്ദം ഇടയ്ക്കിടയ്ക്ക് കുറഞ്ഞുകുറഞ്ഞു പോകുന്നതായി നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? മൗത്ത്പീസ് നിങ്ങളുടെ ചുണ്ടുകളിൽനിന്ന് ഏകദേശം രണ്ടു സെൻറിമീറ്റർ അകലത്തിൽ പിടിച്ചുകൊണ്ട് അതിലേക്കു സംസാരിക്കുന്നകാര്യം ഇതു നിങ്ങളെ ഓർമിപ്പിക്കേണ്ടതുണ്ട്. കൂടാതെ, ചുറ്റുപാടുമുള്ള ശബ്ദം നിയന്ത്രിക്കുന്നതും മര്യാദയാണ്. റോങ് നമ്പർ ലഭിക്കുന്നത് ഒഴിവാക്കാനായി നിങ്ങൾ ഫോൺവിളിക്കുന്ന സമയത്തു ശ്രദ്ധാപൂർവം ഡയൽ ചെയ്യുക; വിളിച്ചുകഴിയുമ്പോൾ റിസീവർ അതിന്റെ സ്ഥാനത്തു പതുക്കെ വയ്ക്കുക.
നിങ്ങൾ ശല്യകരമായ ഫോൺവിളികൾക്കു വിധേയനായിട്ടുണ്ടോ? അവ വർധിച്ചുകൊണ്ടിരിക്കുന്നതായി കാണുന്നതു ദുഃഖകരമാണ്. മര്യാദയില്ലാത്തതോ ശൃംഗാര ധ്വനിയുള്ളതോ അശ്ലീലമോ ആയ ഭാഷ ഒരേ ഒരു പ്രതികരണമേ അർഹിക്കുന്നുള്ളൂ—ഫോൺ വെച്ചുകളയുക. (എഫെസ്യർ 5:3, 4 താരതമ്യം ചെയ്യുക.) വിളിക്കുന്നയാൾ തന്നെത്തന്നെ തിരിച്ചറിയിക്കാൻ വിസമ്മതിക്കുമ്പോഴും ഇതുതന്നെ ചെയ്യാം. ഒരു ഫോൺവിളിയെപ്പറ്റി സംശയംതോന്നാൻ നിങ്ങൾക്കു കാരണമുണ്ടെങ്കിൽ “‘ആരാണു സംസാരിക്കുന്നത്?’ എന്ന് ഒരു അപരിചിത ശബ്ദം ചോദിക്കുന്നെങ്കിൽ ഉത്തരം പറയരുതെ”ന്നും നിങ്ങളുടെ പദ്ധതികൾ ഒരു അപരിചിതനുമായി ചർച്ചചെയ്യരുതെന്നും മെച്ചമായി എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന വിധം (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണം ശുപാർശചെയ്യുന്നു.
നല്ല ടെലഫോൺ മര്യാദകൾ നടപ്പിലാക്കുന്നത് ആത്യന്തികമായ നിയമങ്ങളുടെയോ നിയന്ത്രണങ്ങളുടെയോ ഒരു നീണ്ട പട്ടിക ആവശ്യമാക്കിത്തീർക്കുന്നില്ലെന്ന് അറിയുന്നത് എത്രയോ നല്ലതാണ്! മനുഷ്യരുടെയിടയിലെ എല്ലാ ഇടപെടലുകളും പോലെതന്നെ, സന്തോഷകരവും പ്രതിഫലദായകവുമായ ബന്ധങ്ങളും ഉണ്ടാകുന്നതു സുവർണ നിയമം എന്നു സാധാരണമായി അറിയപ്പെടുന്നതു ബാധകമാക്കുന്നതിൽനിന്നാണ്. “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ” എന്ന് യേശുക്രിസ്തു പറഞ്ഞു. (മത്തായി 7:12) സംസാരം എന്ന ദാനം മനുഷ്യനു നൽകിയ ഒരുവനെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹവും ക്രിസ്ത്യാനികൾക്കുണ്ട്. “എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ” എന്നു സങ്കീർത്തനക്കാരൻ പ്രാർഥിച്ചു.—സങ്കീർത്തനം 19:14.