ടെലിഫോൺ സാക്ഷീകരണം ഫലകരമായി നടത്താനാകും
1. നമ്മുടെ ശുശ്രൂഷയിൽ ടെലിഫോൺ സാക്ഷീകരണം ഒരു പ്രധാന പങ്കുവഹിച്ചേക്കാവുന്നത് എന്തുകൊണ്ട്?
1 നമ്മുടെ ശുശ്രൂഷയിൽ ടെലിഫോൺ സാക്ഷീകരണം ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടത് എന്തുകൊണ്ട്? രക്ഷനേടാൻ ആവശ്യമായ പരിജ്ഞാനം മറ്റുള്ളവർക്കു പകർന്നുകൊടുക്കാൻ കഴിയുന്ന മറ്റൊരു വിധമാണിത്. (2 പത്രോ. 3:9) ദൈവരാജ്യ സുവാർത്ത ഘോഷിക്കുന്നതിനുള്ള മുഖ്യമാർഗം വീടുതോറുമുള്ള സാക്ഷീകരണമാണെങ്കിലും വീട്ടിൽ കണ്ടെത്താൻ കഴിയാത്തവരുടെ അടുത്ത് സുവാർത്ത എത്തിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും നാം സ്വീകരിക്കും.—മത്താ. 24:14; ലൂക്കോ. 10:1-7; വെളി. 14:6.
2. ടെലിഫോൺ സാക്ഷീകരണം എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്?
2 ക്രമീകരിച്ചിരിക്കുന്ന വിധം: വീടുതോറുമുള്ള ശുശ്രൂഷയുടെ കാര്യത്തിലെന്നപോലെ ടെലിഫോൺ സാക്ഷീകരണത്തിനുള്ള പ്രദേശവും പ്രസാധകർക്ക് നിയമിച്ചുകൊടുക്കുന്നു. ഒറ്റയ്ക്കോ അല്ലെങ്കിൽ രണ്ടോ മൂന്നോ പേർ ചേർന്നോ ടെലിഫോൺ സാക്ഷീകരണം നടത്താവുന്നതാണ്. അനുയോജ്യമായ ശാന്തമായ ഒരിടം ഇതിനായി തിരഞ്ഞെടുക്കണം. ഒരു മേശയ്ക്കരുകിലിരുന്ന്, സാധാരണഗതിയിൽ വീടുതോറുമുള്ള ശുശ്രൂഷയ്ക്കായി കരുതുന്നതെല്ലാം സഹിതം ടെലിഫോൺ സാക്ഷീകരണം നടത്തുന്നത് ഫലപ്രദമാണെന്ന് പലരും കണ്ടെത്തിയിട്ടുണ്ട്.
3. ടെലിഫോണിലൂടെ സാക്ഷീകരിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ മനസ്സിൽപ്പിടിക്കണം?
3 ടെലിഫോണിലൂടെ എങ്ങനെ സാക്ഷീകരിക്കാം? ടെലിഫോണിലൂടെ സാക്ഷീകരിക്കുമ്പോൾ നമ്മുടെ അവതരണം സംഭാഷണശൈലിയിൽ ആയിരിക്കണം. ഇക്കാര്യത്തിൽ പരിചയക്കുറവുള്ളവർ ഒരു അവതരണം എഴുതിവെച്ച് വായിച്ചേക്കാം; എന്നാൽ അത് സംഭാഷണശൈലിയിൽ ആയിരിക്കണം എന്നുമാത്രം. ന്യായവാദം പുസ്തകം, നമ്മുടെ രാജ്യ ശുശ്രൂഷ, സത്യം—അത് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖ എന്നിവയിലുള്ള മുഖവുരകൾ ഉപയോഗിക്കാവുന്നതാണ്. സ്വന്തമായി അവതരണം തയ്യാറാകുമ്പോൾ ഒരു വിഷയം തിരഞ്ഞെടുക്കുക, അതിനോടു ബന്ധപ്പെട്ട ഒരു ചോദ്യവും അതിന് ഉത്തരം നൽകുന്ന ഏതാനും തിരുവെഴുത്തുകളും കണ്ടെത്തുക. സംഭാഷണം തുടരണമോ എന്നു തീരുമാനിക്കുന്നതിനായി വ്യക്തിയുടെ മറുപടി നന്നായി ശ്രദ്ധിക്കുക. വീടുതോറും പോകുമ്പോൾ സമർപ്പിക്കുന്ന അതേ പ്രസിദ്ധീകരണങ്ങൾ സാധാരണഗതിയിൽ ഫോണിലൂടെ പരിചയപ്പെടുത്താനാകും. പിൻവരുന്ന ഓർമിപ്പിക്കലുകൾ മനസ്സിൽപ്പിടിക്കുക: ഭയംകൂടാതെ സാവധാനം സംസാരിക്കുക. ആദരവോടും ക്ഷമയോടും സൗഹൃദഭാവത്തിലും ആയിരിക്കണം സംസാരിക്കുന്നത്; ഫോണിലൂടെയാണെങ്കിലും വീട്ടുകാരന് അത് മനസ്സിലാക്കാനാകും. അദ്ദേഹം പറയുന്നത് ശ്രദ്ധിച്ചുകേൾക്കുക, അദ്ദേഹത്തിന്റെ അഭിപ്രായത്തെ മാനിക്കുക. സംഭാവനാക്രമീകരണത്തെ ടെലിഫോണിലൂടെയുള്ള പണപ്പിരിവായി തെറ്റിദ്ധരിച്ചേക്കാവുന്നതിനാൽ അതേക്കുറിച്ചു പറയരുത്. വീട്ടുകാരന് താത്പര്യമില്ലെന്നു മനസ്സിലായാൽ നയപൂർവം സംഭാഷണം അവസാനിപ്പിക്കുക.
4. നമ്മുടെ നിയമിത പ്രദേശത്ത് സാക്ഷ്യം നൽകുന്നതിൽ ടെലിഫോൺ സാക്ഷീകരണം എന്തു പങ്കുവഹിക്കുന്നു?
4 ടെലിഫോണിലൂടെ നിങ്ങൾ സംസാരിക്കുന്നത്, രോഗമോ മറ്റോ നിമിത്തം പുറത്തിറങ്ങാൻ പറ്റാത്ത ഒരാളോടോ ജോലിനിമിത്തം വീടുതോറുമുള്ള വേലയിൽ കണ്ടുമുട്ടാൻ സാധ്യതയില്ലാത്ത ഒരാളോടോ ആയിരിക്കാം. പ്രവേശനം നിയന്ത്രിച്ചിരിക്കുന്ന അപ്പാർട്ടുമെന്റുകളിലോ ഹൗസിങ് കോംപ്ലക്സുകളിലോ താമസിക്കുന്നവരായിരിക്കാം മറ്റു ചിലർ. അതുകൊണ്ട്, ശുശ്രൂഷ സമഗ്രമായി നിർവഹിക്കുന്നതിന് ടെലിഫോൺ സാക്ഷീകരണം നമുക്ക് ഫലകരമായി ഉപയോഗിക്കാം.