എല്ലാവർക്കും ഒരു മാതൃക
യഹോവയുടെ ഹിതം ചെയ്യാനായി തന്നെത്തന്നെ വിട്ടുകൊടുത്ത ഒരു വ്യക്തിയായിരുന്നു നോഹ. ദൈവവുമായി ഉറ്റബന്ധം പുലർത്തിയിരുന്ന നോഹ “ദൈവത്തോടുകൂടെ” നടന്നു. അതുകൊണ്ടുതന്നെ അദ്ദേഹം അനുഗ്രഹിക്കപ്പെടുകയും ചെയ്തു. പ്രായഭേദമന്യേ എല്ലാവർക്കും അനുകരിക്കാവുന്ന ഒരു ഉത്കൃഷ്ടമാതൃകയാണ് നോഹയുടേത്. (ഉല്പ. 6:9) എപ്രകാരമുള്ള ഒരു ജീവിതമാണ് നോഹ നയിച്ചിരുന്നതെന്നും യഹോവയുടെ അനുഗ്രഹങ്ങൾ ലഭിക്കാൻ അദ്ദേഹത്തെ യോഗ്യനാക്കിയത് എന്താണെന്നും അദ്ദേഹത്തിന്റെ നല്ല ഗുണങ്ങൾ നമുക്ക് എങ്ങനെ അനുകരിക്കാമെന്നും മനസ്സിലാക്കാൻ നോഹ ദൈവത്തോടുകൂടെ നടന്നു എന്ന വീഡിയോ നമ്മെ സഹായിക്കും.
പ്രസ്തുത വീഡിയോയുടെ ഡിവിഡി പതിപ്പിൽ പിൻവരുന്ന ക്വിസ് ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോ കാണുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുക: (1) തെറ്റായ ഏതു സംഗതിയാണ് ചില ദൂതന്മാർ ചെയ്തത്? നെഫിലിമുകൾ (മല്ലന്മാർ) ആരായിരുന്നു? (ഉല്പ. 6:1, 2, 4) (2) ആളുകൾ അത്രമാത്രം ദുഷ്ടരായിത്തീർന്നത് എന്തുകൊണ്ട്? ദൈവത്തിന് അതു സംബന്ധിച്ച് എന്തു തോന്നി? (ഉല്പ. 6:4-6) (3) നോഹ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനായിരുന്നത് എങ്ങനെ? (ഉല്പ. 6:22) (4) ദുഷ്ടർ എങ്ങനെയാണ് നശിപ്പിക്കപ്പെട്ടത്? (ഉല്പ. 6:17) (5) പെട്ടകത്തിന് എന്തുമാത്രം വലിപ്പമുണ്ടായിരുന്നു? (ഉല്പ. 6:15) (6) നോഹ മറ്റെന്തു കൂടി ചെയ്തു, ആളുകളുടെ പ്രതികരണം എന്തായിരുന്നു? (മത്താ. 24:38, 39; 2 പത്രൊ. 2:5) (7) ഓരോ തരത്തിലുള്ള മൃഗങ്ങളിൽനിന്നും എത്ര എണ്ണം വീതം പെട്ടകത്തിൽ ഉണ്ടായിരുന്നു? (ഉല്പ. 7:2, 3, 8, 9) (8) എത്ര നാൾ മഴ പെയ്തു, എത്ര നാൾ ഭൂമി പൂർണമായും വെള്ളത്തിനടിയിലായിരുന്നു? (ഉല്പ. 7:11, 12; 8:3, 4) (9) നോഹയും കുടുംബവും അതിജീവിച്ചത് എന്തുകൊണ്ട്? (ഉല്പ. 6:18, 22; 7:5) (10) പെട്ടകം ഉറച്ചത് എവിടെയാണ്? (ഉല്പ. 8:4) (11) പെട്ടകത്തിൽനിന്നു പുറത്തുവരുന്നത് സുരക്ഷിതമാണെന്നു നോഹ മനസ്സിലാക്കിയത് എങ്ങനെ? (ഉല്പ. 8:6-12) (12) പുറത്തുവന്നിട്ട് നോഹ എന്തു ചെയ്തു? (ഉല്പ. 8:20-22) (13) മഴവില്ല് എന്തിന്റെ പ്രതീകമാണ്? (ഉല്പ. 9:8-16) (14) “ദൈവത്തോടുകൂടെ” നടക്കുക എന്നതിന്റെ അർഥമെന്ത്? (ഉല്പ. 6:9, 22; 7:5) (15) പറുദീസയിൽ നോഹയെ കാണണമെങ്കിൽ നാം എന്തു ചെയ്യണം? (മത്താ. 28:19, 20; 1 പത്രൊ. 2:21)
അനുസരണവും വിശ്വസ്തതയും പ്രകടമാക്കിയ നോഹയെക്കുറിച്ചുള്ള ബൈബിൾ വിവരണം, എങ്ങനെ ‘ദൈവത്തോടുകൂടെ’ നടക്കാം, തന്റെ ആധുനികകാല ജനത്തെ വിടുവിക്കാനുള്ള യഹോവയുടെ പ്രാപ്തിയിൽ എങ്ങനെ വിശ്വാസമുണ്ടായിരിക്കാം എന്നിവ സംബന്ധിച്ച് നിങ്ങളെ എന്തു പഠിപ്പിച്ചിരിക്കുന്നു?—ഉല്പ. 7:1; സദൃ. 10:16; എബ്രാ. 11:7; 2 പത്രൊ. 2:9.