നല്ല ശീലങ്ങൾ നട്ടുവളർത്തുക, സമൃദ്ധമായ അനുഗ്രഹങ്ങൾ കൊയ്യുക
1. നിങ്ങളുടെ ആത്മീയ ദിനചര്യ പരിശോധിക്കുന്നതു പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ട്?
1 ക്രിസ്ത്യാനിയായിത്തീർന്ന സമയത്ത്, ബൈബിൾ പഠനവും ക്രിസ്തീയ യോഗങ്ങളും വയൽശുശ്രൂഷയും പ്രാർഥനയുമൊക്കെ ഉൾപ്പെട്ട വളരെ നല്ല ഒരു ആത്മീയ ദിനചര്യയോടു പറ്റിനിൽക്കാൻ നിങ്ങൾ ഏറെ ശ്രമിച്ചിട്ടുണ്ടാകണം. അത്തരം ശ്രമങ്ങളെ യഹോവ അനുഗ്രഹിച്ചതിന്റെ ഫലമായി നിങ്ങൾ നല്ല ആത്മീയ പുരോഗതി പ്രാപിച്ചു. നിങ്ങൾ സ്നാപനമേറ്റിട്ട് ഇപ്പോൾ പല വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടാകാം. ക്രിസ്തീയ ജീവിതത്തിന്റെ പ്രാരംഭനാളുകളിൽ വളർത്തിയെടുത്ത ആ നല്ല ആത്മീയ ശീലങ്ങൾ ഇപ്പോഴും നിങ്ങൾക്കുണ്ടോ?
2. ദൈനംദിന ബൈബിൾ വായന നമുക്ക് എങ്ങനെ പ്രയോജനം ചെയ്യുന്നു?
2 ദിനചര്യ പരിശോധിച്ചു നോക്കുക: ദിവസവും ദൈവവചനത്തിലെ ഒരു ഭാഗം വായിക്കുകയെന്നതു നിങ്ങളുടെ ശീലമാണോ? അങ്ങനെ ചെയ്യുന്നതിലൂടെ എത്ര സമൃദ്ധമായ അനുഗ്രഹങ്ങളാണു നാം കൊയ്യുന്നത്! (യോശു. 1:8; സങ്കീ. 1:2, 3) പുരാതന ഇസ്രായേലിലെ ഓരോ രാജാവും “തന്റെ ആയുഷ്കാലം ഒക്കെയും” ന്യായപ്രമാണത്തിന്റെ സ്വന്തം പ്രതിയിൽനിന്നു വായിക്കണമായിരുന്നു. അതിന്റെ പ്രയോജനങ്ങൾ എന്തായിരുന്നു? രാജാവ് താഴ്മയുള്ള ഹൃദയമുള്ളവനായിത്തീരുകയും യഹോവയുടെ കൽപ്പനകൾ ലംഘിക്കാതിരിക്കേണ്ടതിന് അവനെ ഭയപ്പെടാൻ പഠിക്കുകയും ചെയ്യുമായിരുന്നു. (ആവ. 17:18-20) സമാനമായി, ദുഷ്ടതയും വക്രതയും നിറഞ്ഞ ഈ ലോകത്തിൽ അനിന്ദ്യരും നിഷ്കളങ്കരുമായി നിലകൊള്ളാൻ ദൈനംദിന ബൈബിൾ വായന നമ്മെ സഹായിക്കും. ശുശ്രൂഷ നിവർത്തിക്കാൻ പൂർണ സജ്ജരായിത്തീരാനും അതു നമ്മെ സഹായിക്കുന്നു.—ഫിലി. 2:14; 2 തിമൊ. 3:16.
3. യോഗങ്ങളിൽ ക്രമമായി സംബന്ധിക്കുന്നതിലൂടെ നാം എന്തെല്ലാം അനുഗ്രഹങ്ങൾ കൊയ്യുന്നു?
3 തിരുവെഴുത്തുകൾ ചർച്ചചെയ്യപ്പെട്ടിരുന്ന സിനഗോഗിൽ പോകുന്നത് യേശുവിന്റെ ശീലമായിരുന്നു. (ലൂക്കൊ. 4:16) പിന്നീടു സഹിക്കേണ്ടിയിരുന്ന പരിശോധനകൾ നേരിടാൻ അതവനെ ശക്തീകരിച്ചുവെന്നതിനു സംശയമില്ല. സഭായോഗങ്ങളിലെ ആത്മീയ പ്രബോധനവും പരിപുഷ്ടിപ്പെടുത്തുന്ന ‘പ്രോത്സാഹനക്കൈമാറ്റവും’ നമ്മെയും ശക്തരാക്കുന്നു. (റോമ. 1:12, NW) ഈ അന്ത്യനാളുകളിലെ ബുദ്ധിമുട്ടുകൾ സഹിച്ചുനിൽക്കാൻ സഹോദരങ്ങളോടൊപ്പമുള്ള കൂടിവരവ് നമ്മെ സഹായിക്കുന്നു. (എബ്രാ. 10:24, 25) എല്ലാ യോഗങ്ങളിലും സംബന്ധിക്കുന്നത് ഇപ്പോഴും നിങ്ങളുടെ ശീലമാണോ?
4. ഓരോ ആഴ്ചയിലും വയൽസേവനത്തിൽ ഏർപ്പെടുന്നത് നമുക്ക് എങ്ങനെ പ്രയോജനം ചെയ്യുന്നു?
4 അപ്പൊസ്തലന്മാർ “ദിനമ്പ്രതി ദൈവാലയത്തിലും വീടുതോറും” സുവാർത്ത പ്രസംഗിക്കുന്നതിൽ ഏർപ്പെട്ടുവെന്ന് ബൈബിൾ നമ്മോടു പറയുന്നു. (പ്രവൃ. 5:42) ദിവസവും സുവാർത്താ പ്രസംഗത്തിൽ ഏർപ്പെടാൻ നമുക്കു കഴിയാതിരുന്നേക്കാമെങ്കിലും, എല്ലാ ആഴ്ചയിലും ഏതെങ്കിലുമൊരു വിധത്തിൽ ശുശ്രൂഷയിൽ പങ്കെടുക്കുകയെന്നത് ഒരു ശീലമാക്കാൻ നമുക്കു കഴിയുമോ? അങ്ങനെ ചെയ്യുമ്പോൾ, ദൈവവചനം കൈകാര്യം ചെയ്യുന്നതിൽ നാം കൂടുതൽ വൈദഗ്ധ്യമുള്ളവരായിത്തീരും. കൂടാതെ, മറ്റുള്ളവരുമായി ബൈബിൾ സത്യം പങ്കുവെക്കുമ്പോൾ പ്രോത്സാഹജനകമായ അനുഭവങ്ങളും നമുക്കുണ്ടായേക്കാം.
5. യഹോവയോടു ക്രമമായി പ്രാർഥിക്കുന്നതു സുപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
5 ക്രമമായി പ്രാർഥിക്കുന്ന ശീലമുണ്ടായിരുന്ന ദാനീയേൽ പ്രവാചകൻ ജീവിതത്തിലുടനീളം “ഇടവിടാതെ” യഹോവയെ സേവിച്ചു. അതിന്റെ ഫലമായി അവൻ സമൃദ്ധമായി അനുഗ്രഹിക്കപ്പെടുകയും ചെയ്തു. (ദാനീ. 6:10, 16, 20) സമാനമായി, ഹൃദയംഗമമായ പ്രാർഥനയിൽ ക്രമമായി നാം യഹോവയിലേക്കു തിരിയുമ്പോൾ അവൻ പരിശുദ്ധാത്മാവിനെ നൽകി നമ്മെ അനുഗ്രഹിക്കും. (ലൂക്കൊ. 11:9-13) തന്നെയുമല്ല, പ്രാർഥനയ്ക്കുള്ള പ്രതികരണമെന്ന നിലയിൽ അവൻ നമ്മോട് അടുത്തുവരുകയും ചെയ്യും. അങ്ങനെ അവനുമായി ഒരു ഉറ്റബന്ധം ആസ്വദിക്കാൻ അവൻ നമുക്ക് അവസരം തുറന്നുതരുന്നു. (സങ്കീ. 25:14; യാക്കോ. 4:8) എത്ര മഹത്തായ പ്രതിഫലം! അതുകൊണ്ട് നമുക്കെല്ലാം, നല്ല ആത്മീയ ദിനചര്യയുള്ളവരായിരിക്കാൻ കഠിനമായി യത്നിക്കുകയും യഹോവയിൽനിന്നുള്ള സമൃദ്ധമായ അനുഗ്രഹങ്ങൾ കൊയ്യുകയും ചെയ്യാം.