വീടുതോറുമുള്ള സാക്ഷീകരണം
1. വീടുതോറുമുള്ള ശുശ്രൂഷയോടുള്ള ബന്ധത്തിൽ ഏതു ചോദ്യം ഉയർന്നുവരുന്നു, എന്തുകൊണ്ട്?
1 “വ്യത്യസ്ത മാർഗങ്ങളിലൂടെ സത്യം അറിയിക്കുന്നതിൽ പരിചയസമ്പന്നരായവർ, സത്യം ഘോഷിക്കുന്നതിൽ ഇക്കാലത്ത് ഏറ്റവും ഫലപ്രദമായ മാർഗം,സഹസ്രാബ്ദോദയം ഉപയോഗിച്ചുകൊണ്ട് വീടുതോറും നടത്തുന്ന പ്രസംഗപ്രചാരണമാണ് എന്നതിനോടു യോജിക്കും.” 1893 ജൂലൈ 1 ലക്കം സീയോന്റെ വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്) വന്ന ആ പ്രസ്താവന വീടുതോറുമുള്ള ശുശ്രൂഷയുടെ മൂല്യം എടുത്തുകാണിച്ചു. ഭൂമിയിലെമ്പാടുമുള്ള ആളുകൾ യഹോവയുടെ സാക്ഷികളുടെ മുഖമുദ്രയായിട്ടാണ് വീടുതോറുമുള്ള പ്രവർത്തനത്തെ കണക്കാക്കുന്നത്. ചില രാജ്യങ്ങളിൽ ആളുകളെ വീട്ടിൽ കണ്ടെത്തുക ഒന്നിനൊന്നു ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുന്ന ഇക്കാലത്തും ഈ മാർഗം ഫലപ്രദമാണോ?
2. വീടുതോറുമുള്ള സാക്ഷീകരണത്തിന് എന്തു തിരുവെഴുത്തടിസ്ഥാനമാണുള്ളത്?
2 തിരുവെഴുത്തധിഷ്ഠിതമായ ഒരു സുപ്രധാന പ്രവർത്തനം: വീടുതോറുമുള്ള സാക്ഷീകരണം തിരുവെഴുത്തധിഷ്ഠിതമായ ഒന്നാണ്. ഈരണ്ടുപേരായി വീടുതോറും പോകാൻ യേശു തന്റെ 70 ശിഷ്യന്മാരോട് നിർദേശിച്ചു. (ലൂക്കൊ. 10:5-7) യേശുവിന്റെ മരണത്തിനുശേഷം അധികം താമസിയാതെ ശിഷ്യന്മാർ “ദിനമ്പ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും . . . സുവിശേഷിക്കയും” ചെയ്തതായി ബൈബിൾ പറയുന്നു. (പ്രവൃ. 5:42) അപ്പൊസ്തലനായ പൗലൊസും വീടുതോറും തീക്ഷ്ണതയോടെ പഠിപ്പിക്കുകയുണ്ടായി.—പ്രവൃ. 20:20.
3. വീടുതോറും സാക്ഷീകരിക്കുന്നതിന്റെ ചില പ്രയോജനങ്ങളേവ?
3 വീടുതോറുമുള്ള സാക്ഷീകരണം ഇപ്പോഴും, സുവാർത്ത പ്രചരിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന മാർഗംതന്നെയാണ്. യോഗ്യതയുള്ളവരെ ക്രമീകൃതവും സംഘടിതവുമായ ഒരു വിധത്തിൽ “അന്വേഷി”ക്കുന്നതിന് അതു നമ്മെ പ്രാപ്തരാക്കുന്നു. (മത്താ. 10:11) വീട്ടിലായിരിക്കെ സാധാരണഗതിയിൽ ആളുകൾ ശ്രദ്ധിക്കാൻ പറ്റിയ ഒരു മാനസികാവസ്ഥയിൽ ആയിരിക്കും. അവരുടെ മുഖഭാവം ശ്രദ്ധിക്കുകയും ശബ്ദം കേൾക്കുകയും പരിസരം നിരീക്ഷിക്കുകയും ചെയ്തുകൊണ്ട് അവരോടു സംസാരിക്കുമ്പോൾ അവരുടെ താത്പര്യങ്ങളും ഉത്കണ്ഠകളും വിവേചിച്ചറിയാൻ നമുക്കു കഴിയും. മിക്കപ്പോഴും അത്, കൂടുതൽ സമയം സംഭാഷണത്തിൽ ഏർപ്പെടുന്നതിനുള്ള അവസരം നമുക്കു നൽകുന്നു.
4. വീടുതോറുമുള്ള സാക്ഷീകരണം നമുക്കെങ്ങനെ കൂടുതൽ ഫലപ്രദമാക്കാൻ കഴിയും?
4 പൊരുത്തപ്പെടുത്തലുകൾ വരുത്തുക: “സുവിശേഷ”ത്തിനുവേണ്ടി വ്യക്തിപരമായ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ മനസ്സൊരുക്കമുള്ളവനായിരുന്നു അപ്പൊസ്തലനായ പൗലൊസ്. (1 കൊരി. 9:23) വൈകുന്നേരങ്ങളോ വാരാന്തങ്ങളോ അവധിദിവസങ്ങളോ പോലെ, ആളുകൾ സാധാരണ വീട്ടിലുള്ള സമയങ്ങളിൽ പ്രസംഗിക്കാനാകും വിധം ഒരുപക്ഷേ നമുക്കു നമ്മുടെ പട്ടികയിൽ മാറ്റം വരുത്താൻ കഴിയും. ആളില്ലാഭവനങ്ങളുടെ രേഖ സൂക്ഷിക്കുക, എന്നിട്ട് ദിവസത്തിന്റെ മറ്റൊരു സമയത്തോ ആഴ്ചയിലെ മറ്റൊരു ദിവസമോ വീണ്ടും ചെല്ലുക.
5. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെ വീടുതോറുമുള്ള പ്രസംഗ പ്രവർത്തനത്തിൽ ഉൾപ്പെടുത്താൻ എങ്ങനെ കഴിയും?
5 ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കുപോലും വീടുതോറുമുള്ള പ്രസംഗ പ്രവർത്തനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞേക്കും. എളുപ്പം എത്തിപ്പെടാൻ കഴിയുന്ന വീടുകൾ സന്ദർശിക്കുന്നതിനായി അവരെ ഒപ്പം കൊണ്ടുപോകാൻ നമുക്ക് ക്രമീകരിക്കാനായേക്കും. അവർക്ക് സാധിക്കുന്ന വേഗത്തിൽ പ്രവർത്തിക്കാൻ അവരെ അനുവദിക്കുക. ശ്വാസതടസ്സമുണ്ടായിരുന്ന ഒരു സഹോദരിക്ക് ഓരോ അരമണിക്കൂറിലും ഒരു വീടുമാത്രമേ പ്രവർത്തിക്കാൻ കഴിയുമായിരുന്നുള്ളൂ. എങ്കിലും, കൂട്ടത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സഹോദരിക്ക് എത്ര സന്തോഷവും സംതൃപ്തിയും തോന്നിയെന്നോ!
6. ശുശ്രൂഷയുടെ ഭാഗമായി, വീടുതോറുമുള്ള സാക്ഷീകരണത്തിൽ ക്രമമായി ഏർപ്പെടേണ്ടത് എന്തുകൊണ്ട്?
6 വീടുതോറും പ്രവർത്തിക്കവേ ചെമ്മരിയാടുതുല്യരായ അനേകരെ ഇപ്പോഴും കണ്ടെത്താൻ കഴിയുന്നുണ്ട്. ഒരിക്കൽ ഒരു സഹോദരൻ ഒരു വീടിന്റെ വാതിലിൽ മുട്ടിയപ്പോൾ ലഭിച്ച മറുപടി ഇതായിരുന്നു: “അകത്തേക്കു വരൂ. നിങ്ങൾ ആരാണെന്ന് എനിക്കറിയാം. എന്നെ സഹായിക്കാനായി ആരെയെങ്കിലും അയയ്ക്കേണമേയെന്ന് ദൈവത്തോടു പ്രാർഥിക്കുകയായിരുന്നു ഞാൻ. അപ്പോഴാണ് നിങ്ങൾ വാതിലിൽ മുട്ടിയത്. എന്റെ പ്രാർഥനകേട്ട് ദൈവം അയച്ചതാണു നിങ്ങളെ.” വീടുതോറുമുള്ള പ്രവർത്തനത്തിന്മേൽ ദൈവത്തിന്റെ അനുഗ്രഹമുണ്ട്—ഫലങ്ങൾ അതാണു തെളിയിക്കുന്നത്. (മത്താ. 11:19) നിങ്ങളുടെ ശുശ്രൂഷയുടെ ഭാഗമായി, വീടുതോറുമുള്ള സാക്ഷീകരണത്തിൽ ക്രമമായി ഏർപ്പെടാൻ ദൃഢനിശ്ചയം ചെയ്യുക.