വീടുതോറും ഇടതടവില്ലാതെ
1 പുരാതന ഇസ്രായേലിൽ ദിവസേന ബലികളർപ്പിച്ചിരുന്നു. (പുറ. 29:38-42) യാഗപീഠത്തിലെ അഗ്നി കത്തിക്കൊണ്ടേയിരിക്കുമായിരുന്നു. “സൌരഭ്യവാസന”യോടെ മേലോട്ട് ഉയർന്ന അതിന്റെ പുക യഹോവക്കു പ്രസാദകരമായിരുന്നു. (പുറ. 29:18) ഇന്നു നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത് “ദൈവത്തിന്നു അവന്റെ നാമത്തെ ഏററുപറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പി”ക്കാനാണ്. (എബ്രാ. 13:15) ന്യായപ്രമാണം പറയുന്നതനുസരിച്ചുളള ബലികൾ ഉപയോഗിക്കുന്നതിനു പകരം ഇടതടവില്ലാതെ അവനു സ്തുതികളർപ്പിച്ചുകൊണ്ട് നാം യഹോവയെ ആരാധിക്കുന്നു.—യെശ. 43:21; പ്രവൃ. 5:42.
2 സ്തോത്രയാഗങ്ങളർപ്പിച്ചുകൊണ്ടു നാം എങ്ങനെയാണു നിർമലാരാധന നിർവഹിക്കേണ്ടതെന്ന് ഭൂമിയിൽ ജീവിച്ചിട്ടുളളതിലേക്കും ഏററവും മഹാനായ സാക്ഷിയായ യേശുക്രിസ്തു നമ്മെ പഠിപ്പിക്കുകയുണ്ടായി. അടിയന്തിരസ്വഭാവമുളളതാണ് അവർ പ്രസംഗിച്ച സന്ദേശമെന്നു യേശു ശിഷ്യൻമാരെ പഠിപ്പിച്ചു. സുവാർത്തയുമായി ആളുകളെ സമീപിക്കാനാവുന്ന ഏററവും ഫലപ്രദമായ മാർഗം അവരുടെ ഭവനങ്ങളിലേക്കു ചെന്നു വ്യക്തിപരമായി അവരോടു സംസാരിക്കുന്നതാണെന്ന് അവന് അറിയാമായിരുന്നു. (മത്താ. 10:7, 12) അങ്ങനെ, വീടുതോറും പ്രസംഗിക്കാനുളള ദൈവനിശ്വസ്തമായ അവന്റെ നിർദേശം അപ്പോസ്തലൻമാർ പിൻപററിയതായി നാം കാണുന്നു.—പ്രവൃ. 20:20.
3 ഇന്നും സ്ഥിതി വ്യത്യസ്തമല്ല. യേശുവിന്റെ ശിഷ്യൻമാരെന്ന നിലയിൽ സത്യക്രിസ്ത്യാനികൾ വീടുതോറും സുവാർത്ത പ്രസംഗിച്ചുകൊണ്ട് അവന്റെ മാതൃക പിൻപററുന്നു. ഇതിനെച്ചൊല്ലി നമുക്കു ചിലപ്പോൾ വിമർശനമേൽക്കേണ്ടിവന്നേക്കാം, നാം പീഡനത്തിനിരയായെന്നുംവരാം. എങ്കിലും ലക്ഷക്കണക്കിനാളുകളാണു സത്യം പഠിച്ചിരിക്കുന്നത്. ഓരോ വർഷവും ആയിരക്കണക്കിനു പുതിയ ശിഷ്യൻമാർ മഹാപുരുഷാരത്തിന്റെ അണികളിലേക്കു ചേർന്നുകൊണ്ടിരിക്കുന്നു. യഹോവയുടെ ഹിതം നിവർത്തിക്കുന്നതിനുളള രീതി ഇതുതന്നെയാണ് എന്ന് അതു തെളിയിക്കുന്നു. അതുകൊണ്ടാണു നാം ശുശ്രൂഷയിൽ സ്ഥിരോത്സാഹം കാണിക്കുന്നത്.
4 വീടുതോറും പ്രസംഗിക്കുന്നതിന്റെ പ്രയോജനം: “ദൈവത്തിനു മുഖപക്ഷമില്ല . . . അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു.” (പ്രവൃ. 10:34, 35) നമ്മുടെ പ്രദേശത്തുളള ഓരോ വീട്ടിലും നേരിട്ടു സന്ദർശനം നടത്തി രാജ്യസന്ദേശം ശ്രവിക്കുവാൻ സകലർക്കും ക്രമമായി അവസരം നൽകുന്നതിനാൽ മുഖപക്ഷമില്ലായ്മ വ്യക്തമായി തെളിയിക്കപ്പെടുന്നു. തത്ഫലമായി സ്വീകാര്യക്ഷമരായ ആളുകൾ തങ്ങളുടെ ആവശ്യമനുസരിച്ചു വ്യക്തിപരമായ സഹായം കൈപ്പററുന്നു.
5 ചെറുപ്പക്കാരും പ്രായംചെന്നവരും പുതിയ ആളുകൾപോലും ഉൾപ്പെടെ മിക്കവാറും എല്ലാ പ്രസാധകർക്കും വീടുതോറുമുളള വേലയിൽ പങ്കെടുക്കാവുന്നതാണ്. ഈ വിധത്തിൽ ഓരോരുത്തർക്കും “രക്ഷക്കുവേണ്ടിയുളള പരസ്യ പ്രഖ്യാപനം” നടത്തുന്നതിനു കഴിയും. (റോമ. 10:10, NW) മററുളളവരോടൊപ്പം വീടുതോറുമുളള ശുശ്രൂഷയിൽ പങ്കെടുക്കുന്നതു നമ്മെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ബന്ധത്തിൽ കൂട്ടിവരുത്തുന്നു. അതേസമയംതന്നെ ഉദാസീനതയൊ എതിർപ്പൊ നേരിടേണ്ടിവരുമ്പോൾ നമ്മുടെ സഹിഷ്ണുത പ്രകടിപ്പിക്കുന്നതിനും ഇതു നമുക്ക് അവസരം നൽകുന്നു. വിശ്വാസത്തിന്റെ ഈ പരസ്യ പ്രകടനം നമ്മെ “പ്രദർശനവസ്തുക്കൾ” ആക്കിത്തീർക്കുകയാണ്. (1 കൊറി. 4:9, പി.ഒ.സി. ബൈബിൾ) ബൈബിൾ പഠിപ്പിക്കുന്നതിനു നമുക്ക് സംഘടിതമായ ക്രമീകരണമുണ്ടെന്നും അതിൽനിന്നു തങ്ങൾക്കു പ്രയോജനമനുഭവിക്കാൻ കഴിയുമെന്നും തിരിച്ചറിയുന്നതിന് അത് ആത്മാർഥരായ ആളുകളെ സഹായിക്കുന്നു. വീടുതോറുമുളള വേലയെ യഹോവ അനുഗ്രഹിക്കുന്നുവെന്നും അതുവഴി മഹാപുരുഷാരത്തെ അവന്റെ “ആലയത്തിലേക്കു” കൂട്ടിവരുത്തുന്നുവെന്നും ഇതെല്ലാം കാണിക്കുന്നു.—യെശ. 2:2-4.
6 ചരിത്രത്തിലെ മറേറതൊരു സമയത്തെക്കാളും അധികമായി ആളുകൾ രാജ്യസന്ദേശം ഇപ്പോൾ കേൾക്കേണ്ടതിന്റെ ആവശ്യമുണ്ട്. മതി എന്ന് യഹോവ പറയുന്നതുവരെ നമുക്കു വീടുതോറും ഇടതടവില്ലാതെ പ്രസംഗിക്കുന്നതിൽ തുടരാം. (യെശ. 6:11) അപ്രകാരം ചെയ്യുന്നതിലൂടെ ഈ അന്ത്യകാലത്ത് ഏററവും പ്രധാനപ്പെട്ടതും പ്രയോജനകരവുമായ വേലയിൽ പങ്കെടുക്കുന്നതിൽനിന്ന് ഉളവാകുന്ന സന്തുഷ്ടി നമുക്കു പ്രതിഫലമായി ലഭിക്കും.—1 കൊരി. 15:58.