സുവാർത്ത പ്രഖ്യാപിക്കുന്നതിൽ വിരാമമില്ല
1 ആദിമ ക്രിസ്ത്യാനികൾ തങ്ങളുടെ ശുശ്രൂഷയെ വളരെ ഗൗരവമായിട്ടെടുത്തു. ലൂക്കോസ് ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “എല്ലാദിവസവും ദേവാലയത്തിൽവച്ചും ഭവനംതോറും ചെന്നും യേശുവാണു ക്രിസ്തു എന്നു പഠിപ്പിക്കുന്നതിലും പ്രസംഗിക്കുന്നതിലുംനിന്ന് അവർ വിരമിച്ചില്ല.” (പ്രവൃ. 5:42, പി.ഒ.സി. ബൈബിൾ) ഒന്നിനും, പീഡനത്തിനുപോലും, അവരെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല! (പ്രവൃ. 8:4) അവർ അനുദിനം മറ്റുള്ളവരോടു സത്യത്തെക്കുറിച്ചു സംസാരിച്ചു.
2 നമ്മെ സംബന്ധിച്ചെന്ത്? നിങ്ങളോടുതന്നെ ചോദിക്കുക: ‘കാലത്തിന്റെ അടിയന്തിരതയെക്കുറിച്ചു ഞാൻ ബോധവാനാണോ? സുവാർത്ത അവിരാമം പ്രഖ്യാപിക്കുന്നതിൽ തുടരാൻ ഞാൻ തത്പരനാണോ?’
3 അവിരാമം പ്രസംഗിക്കുന്നതിന്റെ ആധുനികകാല ദൃഷ്ടാന്തങ്ങൾ: പോളിയോ ബാധിച്ച ഒരു സഹോദരിക്ക് ഇരുമ്പു കവചത്തോടുകൂടിയ കൃത്രിമശ്വാസോച്ഛ്വാസ ഉപകരണത്തിനകത്തു കഴിഞ്ഞുകൂടേണ്ടി വന്നു. രാജ്യഹാളിൽ പോകാനോ ഒരു സമ്മേളനത്തിൽ പങ്കെടുക്കാനോ അവർക്കു സാധിച്ചിരുന്നില്ല. പക്ഷേ, സുവാർത്ത പ്രഖ്യാപിക്കുന്നതിൽ അവർ സതീക്ഷ്ണം മുഴുകിയിരുന്നു. ഉപകരണത്തിനകത്തു കഴിച്ചുകൂട്ടേണ്ടിവന്ന 37 വർഷത്തിനുള്ളിൽ 17 ആളുകളെ സത്യം പഠിക്കുന്നതിനു സഹായിക്കാൻ അവർക്കു കഴിഞ്ഞു! അവർ അത് എപ്രകാരമാണു ചെയ്തത്? വീടുതോറും പോകാൻ കഴിയുമായിരുന്നില്ലെങ്കിലും ദിവസേന അവരുമായി സമ്പർക്കം പുലർത്തിയിരുന്നവരോട് അനൗപചാരിക സാക്ഷീകരണം നടത്താനുള്ള ഒരു മാർഗം അവർ കണ്ടെത്തി.
4 ബോസ്നിയയിലുള്ള നമ്മുടെ സഹോദരങ്ങൾക്കു യുദ്ധത്തെയും ബുദ്ധിമുട്ടുകളെയും തരണം ചെയ്യേണ്ടതായി വന്നിട്ടുണ്ട്. എങ്കിലും നിരന്തരം മറ്റുള്ളവരോടു പ്രസംഗിക്കുന്നതിൽ അവർ തുടരുന്നു. സാരയെവോയിൽ പ്രസാധകർ മാസംതോറും ശരാശരി 20 മണിക്കൂർ സുവാർത്തയെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുന്നു. ഓരോരുത്തരും ശരാശരി രണ്ടു ബൈബിളധ്യയനങ്ങളും നടത്തുന്നു. കഠിനമായ സാഹചര്യങ്ങൾക്കിടയിലും അവർ അവിരാമം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
5 കൊച്ചു കുട്ടികളും ശുശ്രൂഷയോടു തീക്ഷ്ണത പ്രകടിപ്പിക്കുന്നു. റുവാണ്ടയിൽ സാക്ഷികളുടെ ഒരു കുടുംബത്തെ മുറിയിലാക്കിയിട്ട് പട്ടാളക്കാർ അവരെ കൊല്ലാൻ തയ്യാറെടുത്തു. കുടുംബം ആദ്യം പ്രാർഥിക്കാനുള്ള അനുവാദം ചോദിച്ചു. അവർക്ക് അനുമതി ലഭിച്ചു. ഇളയ കുട്ടിയായ ദെബോറ ഉറക്കെ ഇങ്ങനെ പ്രാർഥിച്ചു: “യഹോവേ, ഈ ആഴ്ചയിൽ പപ്പായും ഞാനും അഞ്ചു മാസികകൾ സമർപ്പിച്ചിരിക്കുന്നു. ഞങ്ങൾക്ക് അവരെ വീണ്ടും സന്ദർശിച്ചു സത്യം പഠിപ്പിക്കുന്നതിനും ജീവൻ നേടാൻ സഹായിക്കുന്നതിനും എങ്ങനെ കഴിയും?” അവളുടെ ഉറച്ച വിശ്വാസവും ശുശ്രൂഷയോടുള്ള സ്നേഹവും നിമിത്തം മുഴുകുടുംബത്തെയും വെറുതെ വിട്ടു.
6 ഇന്ന്, മറ്റുള്ളവരോടു സാക്ഷീകരിക്കുന്നതിനുള്ള അവസരങ്ങൾക്കായി നോക്കിപ്പാർത്തിരിക്കേണ്ടതിന്റെയും “നിത്യജീവന്നായി നിയമിക്കപ്പെട്ട”വരെ തേടിപ്പിടിക്കേണ്ടതിന്റെയും ആവശ്യമുണ്ട്. (പ്രവൃ. 13:48) പ്രാദേശിക സാഹചര്യങ്ങൾക്കനുസൃതമായി സഭാ മൂപ്പന്മാർ സൗകര്യപ്രദമായ സമയത്ത്, രാവിലെയോ ഉച്ചകഴിഞ്ഞോ സായാഹ്നത്തിലോ, കൂട്ടസാക്ഷീകരണത്തിനുവേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നു. നമ്മുടെ രാജ്യ ശുശ്രൂഷയിലെ ലേഖനങ്ങൾ, സേവനയോഗത്തിലെ ഭാഗങ്ങൾ, സർക്കിട്ട് സമ്മേളനങ്ങൾ, ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ എന്നിവ രാജ്യസാക്ഷീകരണത്തിന്റെ വിവിധ വശങ്ങളിൽ പങ്കെടുക്കാൻവേണ്ട സമയോചിത നിർദേശങ്ങളും പ്രോത്സാഹനവും നൽകുന്നു. അതിനുപുറമേ, സർക്കിട്ട് മേൽവിചാരകന്മാരും ഡിസ്ട്രിക്റ്റ് മേൽവിചാരകന്മാരും പ്രസാധകരെ തെരുവുസാക്ഷീകരണത്തിനായി പരിശീലിപ്പിക്കുകയും ബിസിനസ് പ്രദേശങ്ങളിൽ പ്രവർത്തിക്കേണ്ടതെങ്ങനെയെന്ന് അവർക്കു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. കൂടാതെ, ആളുകളെ കണ്ടെത്താൻ കഴിയുന്ന എവിടെയും സാക്ഷ്യം നൽകുന്നതിനുള്ള മറ്റുവിധങ്ങൾ അവർ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഇവയെല്ലാം ഒരു കാര്യത്തിന് ഊന്നൽ നൽകുന്നു: സുവാർത്ത പ്രഖ്യാപിക്കുന്നതിൽ വിരാമമില്ല!
7 യേശുവിന്റെ അപ്പോസ്തലന്മാർ സധൈര്യം പ്രസ്താവിച്ചു: “ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല.” തടസ്സങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും അവർക്കു സ്ഥിരോത്സാഹം കാട്ടുവാൻ കഴിഞ്ഞതെങ്ങനെയായിരുന്നു? തങ്ങളെ സഹായിക്കാൻ അവർ യഹോവയോട് അപേക്ഷിച്ചു. അവൻ അങ്ങനെ ചെയ്തു. “എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.” (പ്രവൃ. 4:20, 29, 31) സകലരും ശുശ്രൂഷയിൽ ശ്രദ്ധേയമായ അനുഭവങ്ങളാൽ അനുഗൃഹീതരായെന്നുവരില്ല. എന്നാൽ, സുവാർത്ത അവിരാമം പ്രഖ്യാപിക്കാൻ നാം യഥാർഥത്തിൽ ആഗ്രഹിക്കുകയും ദിവസേന അതു ചെയ്യാൻ ശ്രമം ചെലുത്തുകയും ചെയ്യുന്നെങ്കിൽ യഹോവ നമ്മെ സഹായിക്കും.