അവർ എങ്ങനെ കേൾക്കും?
1. പ്രസംഗവേല പ്രയാസകരമായിരുന്നേക്കാവുന്നത് എന്തുകൊണ്ട്, എന്നാൽ അതു ചെയ്യുന്നതിൽ നാം തുടരേണ്ടത് എന്തുകൊണ്ട്?
1 യഹോവയുടെ ദിവസം സത്വരം അടുത്തുവരവെ ദൈവത്തെക്കുറിച്ചും മനുഷ്യവർഗത്തെ സംബന്ധിച്ച അവന്റെ ഉദ്ദേശ്യത്തെക്കുറിച്ചുമുള്ള സൂക്ഷ്മപരിജ്ഞാനം സമ്പാദിക്കാൻ ഇനിയും അനേകരെ സഹായിക്കേണ്ടത് അടിയന്തിരമായിത്തീർന്നിരിക്കുന്നു. (യോഹ. 17:3; 2 പത്രൊ. 3:9, 10) ആളുകളുടെ നിസ്സംഗതയും പരിഹാസവും പക്ഷേ ഇതിനൊരു പ്രതിബന്ധമായിരുന്നേക്കാം. (2 പത്രൊ. 3:3, 4) എന്നിരുന്നാലും, സുവാർത്ത സ്വീകരിക്കാൻ മനസ്സൊരുക്കമുള്ളവർ നമ്മുടെ പ്രദേശത്ത് ഇനിയുമുണ്ട് എന്നു വിശ്വസിക്കാൻ കാരണമുണ്ട്. പക്ഷേ, ആരെങ്കിലും പ്രസംഗിച്ചില്ലെങ്കിൽ അവർ എങ്ങനെ കേൾക്കും?—റോമ. 10:14, 15.
2. പൗലൊസ് അപ്പൊസ്തലന്റെ മാതൃക നമുക്കു പ്രോത്സാഹനം പകരുന്നതെങ്ങനെ?
2 എതിർപ്പു നേരിടുമ്പോൾ: രാജ്യസന്ദേശം കേൾക്കാൻ മനസ്സൊരുക്കമുള്ള ആളുകൾ നമ്മുടെ പ്രദേശത്ത് ഇനിയുമുള്ളതുകൊണ്ട് നാം മടുത്തു പിന്മാറരുത്. പൗലൊസ് അപ്പൊസ്തലൻ യൂറോപ്പിൽ ആദ്യമായി സുവാർത്ത പ്രസംഗിച്ചത് ഫിലിപ്പി പട്ടണത്തിലായിരുന്നു. അവിടെയുള്ളവർ പൗലോസിനും ശീലാസിനും എതിരെ വ്യാജാരോപണങ്ങൾ ഉന്നയിച്ചു. അതേത്തുടർന്ന് അവരെ കോൽകൊണ്ട് അടിക്കുകയും തടവിലാക്കുകയും ചെയ്തു. (പ്രവൃ. 16:16-24) ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും പൗലൊസ് ഭയന്നു പിന്മാറിയില്ല. ഫിലിപ്പിയിൽനിന്ന് പൗലൊസ് തെസ്സലൊനീക്യയിലേക്കാണു പോയത്. അവിടെ അദ്ദേഹം സുവിശേഷം പ്രസംഗിക്കാൻ ‘ദൈവത്തിൽ ധൈര്യപ്പെട്ടു.’ (1 തെസ്സ. 2:2) ‘മടുത്തുപോകാതിരിക്കാൻ’ പൗലൊസിന്റെ മാതൃക നമുക്കു പ്രോത്സാഹനമേകുന്നില്ലേ?—ഗലാ. 6:9.
3. മുമ്പ് താത്പര്യം കാണിക്കാതിരുന്ന ചിലർക്കു മനംമാറ്റം ഉണ്ടാകാനുള്ള കാരണം എന്തായിരിക്കാം?
3 വർഷങ്ങളോളം സുവാർത്ത കേൾക്കാൻ കൂട്ടാക്കാതിരുന്ന പലർക്കും മനംമാറ്റമുണ്ടായിട്ടുണ്ട്. സാമ്പത്തിക തിരിച്ചടികൾ, രോഗം, ഉറ്റവരുടെ മരണം, സംഭ്രമജനകമായ ലോകസംഭവങ്ങൾ എന്നിവയെല്ലാം ആളുകളിൽ മാറ്റത്തിനു കാരണമായേക്കാം. (1 കൊരി. 7:31) താത്പര്യം കാണിക്കാതിരുന്ന ചിലരുടെ മക്കൾ ഇപ്പോൾ മുതിർന്നിട്ടുണ്ടാകും. അവർ ഒരുപക്ഷേ താത്പര്യം കാണിച്ചേക്കാം. സമയം വൈകുംമുമ്പ് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കാനുള്ള അവസരമാണ് ഇത്തരം ആളുകൾക്ക് നമ്മുടെ പ്രസംഗവേലയിലൂടെ ലഭിക്കുന്നത്.—റോമ. 10:13.
4. ശുശ്രൂഷയിൽ അവിരാമം ഏർപ്പെടാൻ എന്താണ് നമ്മെ പ്രചോദിപ്പിക്കുന്നത്?
4 അവിരാമം പ്രസംഗിക്കുക: ദൈവത്തോടും അയൽക്കാരോടുമുള്ള സ്നേഹമാണ് ഒന്നാം നൂറ്റാണ്ടിലെ അപ്പൊസ്തലന്മാരെപ്പോലെ പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ അവിരാമം ഏർപ്പെടാൻ നമ്മെ പ്രചോദിപ്പിക്കുന്നത്. (പ്രവൃ. 5:42) നമുക്കുചുറ്റും നടമാടുന്ന “സകലമ്ലേച്ഛതകളുംനിമിത്തം നെടുവീർപ്പിട്ടു കരയുന്ന” അനേകരുണ്ട്. (യെഹെ. 9:4) സുവാർത്ത കേൾക്കുമ്പോൾ അവർക്കു ലഭിക്കുന്ന പ്രത്യാശയെയും ആശ്വാസത്തെയുംക്കുറിച്ചൊന്നു ചിന്തിച്ചുനോക്കൂ! മിക്ക ആളുകളും കേൾക്കാൻ കൂട്ടാക്കാത്തപ്പോൾപ്പോലും, നമ്മുടെ ശ്രമങ്ങൾ യഹോവയെ പ്രസാദിപ്പിക്കുന്നു എന്ന തിരിച്ചറിവ് നമുക്കു സന്തോഷം പകരുന്നു.—എബ്രാ. 13:15, 16.