കുറച്ചെങ്കിലും താത്പര്യം കാണിക്കുന്നവരുടെ അടുത്ത് മടങ്ങിച്ചെല്ലുക
1 നമ്മിൽ പലരും ഇന്നു സത്യത്തിലായിരിക്കുന്നത്, രാജ്യസന്ദേശത്തോടുള്ള നമ്മുടെ അനുകൂല പ്രതികരണം ശ്രദ്ധിച്ചിട്ട് അത് വളർത്തിയെടുക്കാൻ വേണ്ടി ആരെങ്കിലും നമ്മുടെ അടുത്തേക്കു ക്ഷമാപൂർവം മടങ്ങിവന്നതുകൊണ്ടല്ലേ, ഒരുപക്ഷേ പലതവണ? അതുപോലെ, കുറച്ചെങ്കിലും താത്പര്യം കാണിക്കുന്നവരുടെ അടുത്ത് നാം ഉറപ്പായി മടങ്ങിച്ചെല്ലണം. തീർച്ചയായും, ‘ശിഷ്യരാക്കാനുള്ള’ നിയോഗത്തിൽ മടക്കസന്ദർശനവും ഉൾപ്പെടുന്നുണ്ട്.—മത്താ. 28:19, 20.
2 താത്പര്യം തിരിച്ചറിയുക: ഒരാൾ സാഹിത്യം സ്വീകരിക്കുന്നില്ലെങ്കിൽപ്പോലും, മുഖഭാവവും സംസാരരീതിയും വാക്കുകളുമൊക്കെ അദ്ദേഹത്തിനു രാജ്യസന്ദേശത്തോടുള്ള താത്പര്യം വെളിവാക്കിയേക്കാം. അതിന്റെ അടിസ്ഥാനത്തിൽ നമുക്കു മടക്കസന്ദർശനം നടത്താനാകും. സാഹിത്യമൊന്നും സ്വീകരിക്കാതിരുന്ന ഒരു വ്യക്തിക്ക് ഒരു സഹോദരൻ തുടർച്ചയായ അഞ്ച് ആഴ്ചകളിൽ മടക്കസന്ദർശനം നടത്തി. ആറാമത്തെ ആഴ്ച അദ്ദേഹം സാഹിത്യം സ്വീകരിച്ചു, ഒടുവിൽ ഒരു ബൈബിളധ്യയനം ആരംഭിക്കുകയും ചെയ്തു.
3 താത്പര്യം കണ്ടാൽ, കൃത്യമായി മടങ്ങിച്ചെല്ലുക, ഒരുപക്ഷേ ഏതാനും ദിവസങ്ങൾക്കുള്ളിൽ. ആ വ്യക്തിയുടെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് എടുത്തുകളയാൻ ‘ദുഷ്ടന്’ ഒരവസരം കൊടുക്കരുത്. (മത്താ. 13:19) ഒരു ക്ലിപ്ത സമയത്തു മടങ്ങിച്ചെല്ലുമെന്നു പറഞ്ഞാൽ ആ വാക്കു പാലിക്കുക.—മത്താ. 5:37.
4 തെരുവു സാക്ഷീകരണത്തിൽ: തെരുവു സാക്ഷീകരണത്തിലും അനൗപചാരിക സാക്ഷീകരണത്തിലും കണ്ടെത്തുന്ന താത്പര്യം പിന്തുടരാൻ നിങ്ങൾ ശ്രമിക്കാറുണ്ടോ? സംഭാഷണത്തിന്റെ ഒടുവിൽ ഒരുപക്ഷേ നിങ്ങൾക്ക് ഇങ്ങനെ പറയാൻ സാധിക്കും: “താങ്കളോടു സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം. വീണ്ടും സംസാരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. നമുക്ക് എവിടെ കാണാൻ കഴിയും?” അനുയോജ്യ സന്ദർഭങ്ങളിൽ, ചില പ്രസാധകർ തങ്ങളുടെ ഫോൺനമ്പർ താത്പര്യക്കാർക്കു കൊടുക്കാറുണ്ട്, അല്ലെങ്കിൽ ഫോൺനമ്പരുകൾ അന്യോന്യം കൈമാറാൻ സാധിക്കുമോ എന്നു ചോദിക്കാറുണ്ട്. തെരുവു സാക്ഷീകരണത്തിൽ നിങ്ങളെ ക്രമമായി ഒരു പ്രത്യേകസ്ഥലത്ത് കാണാറുണ്ടെങ്കിൽ ഫോൺനമ്പരോ അഡ്രസ്സോ തരാൻ അവർ മടികാണിച്ചേക്കില്ല. ഇനി അഥവാ അവ തരാൻ വിമുഖത കാണിച്ചാൽപ്പോലും, അടുത്തതവണ അവരെ തെരുവിൽ കണ്ടുമുട്ടുമ്പോൾ അവരുടെ താത്പര്യം വളർത്താൻ നിങ്ങൾക്കു ശ്രമിക്കാവുന്നതാണ്.
5 നാം വെള്ളമൊഴിച്ച് വളർത്തുന്ന ചെടികൾ തഴച്ചുവളരുന്നത് നമുക്കു സന്തോഷം കൈവരുത്തും. അതുപോലെ മടക്കസന്ദർശനങ്ങൾ നടത്തി ആത്മീയമായി പുരോഗമിക്കാൻ ആളുകളെ സഹായിക്കുന്നത് വളരെയധികം സന്തോഷമുളവാക്കുന്ന കാര്യമാണ്. (1 കൊരി. 3:6) കുറച്ചെങ്കിലും താത്പര്യം കാണിക്കുന്നവരുടെ അടുക്കൽ മടങ്ങിച്ചെല്ലുമെന്നുള്ളതു നിങ്ങളുടെ തീരുമാനമായിരിക്കട്ടെ.