“എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ”
യേശുവിന്റെ മരണത്തിന്റെ സ്മാരകാചരണം ഏപ്രിൽ 2-ന്
1. 2007 ഏപ്രിൽ 2-ന്റെ പ്രാധാന്യമെന്ത്?
1 യേശുവിന്റെ ബലിമരണത്തിന്റെ സ്മാരകാചരണത്തിനായി 2007 ഏപ്രിൽ 2-ന് ലോകവ്യാപകമായി ദശലക്ഷക്കണക്കിനാളുകൾ കൂടിവരും. തന്റെ സ്വർഗീയ പിതാവിന്റെ പരമാധികാരത്തെ പിന്തുണച്ചതിനാലാണ് യേശു മരിച്ചത്. അങ്ങനെ, മനുഷ്യർ ദൈവത്തെ സേവിക്കുന്നത് സ്വാർഥലക്ഷ്യങ്ങളാൽ മാത്രമാണെന്ന പിശാചായ സാത്താന്റെ ആരോപണം വ്യാജമാണെന്ന് അവൻ തെളിയിച്ചു. (ഇയ്യോ. 2:1-5) മാത്രമല്ല, പാപരഹിതനും പൂർണനുമായ ഒരു മനുഷ്യനെന്ന നിലയിൽ മരിച്ചതിലൂടെ യേശു “അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടു”ത്തുവെന്ന് കർത്താവിന്റെ സന്ധ്യാഭക്ഷണം നമ്മെ ഓർമിപ്പിക്കുന്നു. (മത്താ. 20:28) അതുകൊണ്ട് യേശു തന്റെ ശിഷ്യന്മാരോടു ഇപ്രകാരം കൽപ്പിച്ചു: “എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ” (ലൂക്കൊസ് 22:19) സ്നേഹത്തിന്റെ ആ അതിശ്രേഷ്ഠ പ്രകടനം സ്മരിക്കുന്നതിനായി ഒരുങ്ങിത്തുടങ്ങാൻ ദൈവത്തിന്റെ ഈ അമൂല്യ ദാനത്തോടുള്ള വിലമതിപ്പ് നിങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നുവോ?—യോഹ. 3:16.
2. സ്മാരകാചരണത്തിനായി നമുക്ക് എങ്ങനെ മനസ്സിനെ ഒരുക്കാം?
2 നിങ്ങളുടെ മനസ്സിനെ ഒരുക്കുക: ഈ സ്മാരകാചരണത്തിനായി നമ്മുടെ മനസ്സിനെ ഒരുക്കാൻ, യേശുവിന്റെ ഭൗമിക ജീവിതത്തിന്റെ അവസാന ദിനങ്ങളിൽ നടന്ന സംഭവങ്ങൾ പരിചിന്തിക്കുന്നതു സഹായകമാകും. (എസ്രാ 7:10) ഇക്കാര്യത്തിൽ നമ്മെ സഹായിക്കാൻ, തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—2007-ലും കലണ്ടർ—2007-ലും ഒരു പ്രത്യേക ബൈബിൾ വായനാ പട്ടിക നൽകിയിട്ടുണ്ട്. യേശുവിന്റെ മരണത്തോടനുബന്ധിച്ച് ഓരോ ദിവസവും നടന്ന സംഭവങ്ങൾ ഇന്ന് നാം ഉപയോഗിക്കുന്ന കലണ്ടറുമായി പരമാവധി ഒത്തുവരും വിധമാണ് ഈ പട്ടിക ക്രമീകരിച്ചിരിക്കുന്നത്. ബൈബിൾ വിവരണത്തിൽ കാണുന്ന തീയതിയും ദിവസവും യഹൂദ കലണ്ടർ അനുസരിച്ചുള്ളതാണ്. അതിൻപ്രകാരം സൂര്യാസ്തമയം മുതൽ സൂര്യാസ്തമയം വരെ ആയിരുന്നു ഒരു ദിവസം. ഈ വ്യത്യാസം കണക്കിലെടുത്തുകൊണ്ടാണ് ബൈബിൾ വായനാ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വായനാ ഭാഗത്തെ വിവരങ്ങൾ വിശകലനം ചെയ്യുന്നതും ദൈവസ്നേഹത്തിന്റെ ആഴത്തെക്കുറിച്ചു പ്രാർഥനാപൂർവം ധ്യാനിക്കുന്നതും സ്മാരകാചരണത്തിൽനിന്നു പൂർണ പ്രയോജനം നേടാൻ നമ്മെ സഹായിക്കും.
3. സ്മാരകാചരണത്തിൽനിന്നു പ്രയോജനം അനുഭവിക്കാൻ താത്പര്യക്കാരെയും നിഷ്ക്രിയരെയും നമുക്കെങ്ങനെ സഹായിക്കാം?
3 ഹാജരാകാൻ മറ്റുള്ളവരെ ക്ഷണിക്കുക: ഈ സുപ്രധാന ആചരണത്തിൽ സംബന്ധിക്കാൻ ആളുകളെ ക്ഷണിക്കുന്നതിനുള്ള ഒരു പ്രത്യേക പരിപാടിയെക്കുറിച്ച് ഫെബ്രുവരിയിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധം പ്രസ്താവിച്ചിരുന്നു. ഈ പ്രത്യേക പരിപാടിയിൽ ഒരു നല്ല പങ്കുണ്ടായിരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ നിങ്ങൾ ചെയ്തിട്ടുണ്ടോ? ക്ഷണിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളുടെ ഒരു പട്ടിക തയ്യാറാക്കിയോ? അവരെ ക്ഷണിച്ചുതുടങ്ങിയോ? നിങ്ങൾ ക്ഷണിച്ചവരെയും മറ്റു താത്പര്യക്കാരെയും സ്വാഗതം ചെയ്യാനായി സ്മാരകത്തിന് മുന്നമേതന്നെ എത്തിച്ചേരുന്നതിനു ക്രമീകരണം ചെയ്യുക. ഒരുപക്ഷേ, അവരോടൊപ്പം ഇരിക്കാനും അവർക്കു ബൈബിളും പാട്ടുപുസ്തകവും കാണിച്ചുകൊടുക്കാനും നിങ്ങൾക്കു കഴിയും. സഭയിലെ മറ്റുള്ളവരെ പരിചയപ്പെടുത്തുക. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പരിപാടിക്കു ശേഷം നിങ്ങൾ അവിടെ ഉണ്ടായിരിക്കുക. ഏപ്രിൽ 15-ന് നടത്തപ്പെടുന്ന പ്രത്യേക പരസ്യ പ്രസംഗത്തിന് അവരെ ക്ഷണിക്കുക. നമ്മോടൊപ്പം സഹവസിച്ചിരുന്ന, എന്നാൽ പിന്നീടു നിഷ്ക്രിയരായിപ്പോയവരെ സ്മാരകാചരണത്തിനും പ്രത്യേക പരസ്യ പ്രസംഗത്തിനും ക്ഷണിക്കുന്നുവെന്ന് പ്രത്യേകാൽ മൂപ്പന്മാർ ഉറപ്പുവരുത്തും.
4. സ്മാരകാചരണ ശേഷം ആത്മീയമായി പുരോഗമിച്ചുകൊണ്ടേയിരിക്കാൻ നമുക്ക് ആളുകളെ എങ്ങനെ സഹായിക്കാനാകും?
4 നിഷ്ക്രിയരെയും പുതിയ താത്പര്യക്കാരെയും പുരോഗമിക്കാൻ സഹായിക്കുക: സ്മാരക പ്രസംഗകൻ ബൈബിളധ്യയന ക്രമീകരണത്തെക്കുറിച്ചു ചെറിയൊരു വിശദീകരണം നൽകുകയും യഹോവയെപ്പറ്റിയുള്ള പരിജ്ഞാനം നേടുന്നതിൽ തുടരാൻ പുതിയ താത്പര്യക്കാരെ പ്രോത്സാപ്പിക്കുകയും ചെയ്യും. പ്രസംഗകന്റെ ഈ വാക്കുകളെ അടിസ്ഥാനപ്പെടുത്തി, സ്മാരകത്തിനു ക്ഷണിച്ചവർക്കു കൂടുതലായ ആത്മീയ സഹായം നൽകാൻ നിങ്ങൾക്കു കഴിയും. അവർ ഇപ്പോൾ ബൈബിൾ പഠിക്കുന്നില്ലെങ്കിൽ താമസംവിനാ അവരെ സന്ദർശിച്ച് ബൈബിളധ്യയനം പ്രകടിപ്പിച്ചു കാണിക്കുക. ആത്മീയ പുരോഗതി കൈവരിക്കുന്നതിന് അവർ സഭായോഗങ്ങളിലും സംബന്ധിക്കേണ്ടിയിരിക്കുന്നു. (എബ്രാ. 10:24, 25) ഇതു മനസ്സിൽ പിടിച്ചുകൊണ്ട് ക്രമമായി യോഗങ്ങൾക്കു ഹാജരാകാൻ അവരെ പ്രോത്സാഹിപ്പിക്കുക. പ്രസംഗത്തിൽ അവതരിപ്പിച്ച വിവരങ്ങളോടു വിലമതിപ്പു വളർത്തിയെടുക്കാനായി, സ്മാരകത്തിനു ഹാജരായ നിഷ്ക്രിയരെ സന്ദർശിക്കാൻ മൂപ്പന്മാർ ക്രമീകരിക്കും. സഭയോടൊപ്പമുള്ള പ്രവർത്തനം പുനരാരംഭിക്കാൻ ഇത് അവരെ പ്രോത്സാഹിപ്പിച്ചേക്കാം.
5. സ്മാരകാചരണം നമ്മിൽ എന്തു ഫലമുളവാക്കിയേക്കാം?
5 യഹോവയും യേശുവും നമുക്കായി ചെയ്തിരിക്കുന്നതിനെക്കുറിച്ച് സഗൗരവം ധ്യാനിക്കാനുള്ള ഒരു അവസരമാണ് സ്മാരകാചരണം. അത്തരം ധ്യാനം അവരോടുള്ള നമ്മുടെ സ്നേഹം വർധിപ്പിക്കും, നമ്മുടെ പെരുമാറ്റത്തെ അത് സ്വാധീനിക്കുകയും ചെയ്യും. (2 കൊരി. 5:14, 15; 1 യോഹ. 4:11) ‘കർത്താവിന്റെ മരണത്തെ പ്രസ്താവിക്കുന്ന’ ഈ സുപ്രധാന വേളയ്ക്കായി നമുക്ക് ഇപ്പോഴേ തയ്യാറെടുപ്പുകൾ തുടങ്ങാം, താത്പര്യക്കാരെയും അതിനായി പ്രോത്സാഹിപ്പിക്കാം.—1 കൊരി. 11:26.