“പരീക്ഷ സഹിക്കുന്ന മനുഷ്യൻ സന്തുഷ്ടൻ”
1 എല്ലാ ക്രിസ്ത്യാനികളും പരീക്ഷകൾ നേരിടേണ്ടിയിരിക്കുന്നു. (2 തിമൊ. 3:12) അവ അനാരോഗ്യം, സാമ്പത്തിക പ്രതിസന്ധി, പ്രലോഭനം, പീഡനം എന്നിവയോ മറ്റെന്തെങ്കിലുമോ ആയിരിക്കാം. നമ്മെ മന്ദീഭവിപ്പിക്കുന്നതിനോ നാം നമ്മുടെ ക്രിസ്തീയ ശുശ്രൂഷ അവഗണിക്കുന്നതിനോ ദൈവസേവനത്തിൽനിന്നു നമ്മെ പിന്തിരിപ്പിക്കുന്നതിനോ വേണ്ടി മെനഞ്ഞെടുത്തവയാണ് സാത്താൻ കൊണ്ടുവരുന്ന പരീക്ഷകൾ. (ഇയ്യോ. 1:9-11) പരീക്ഷ സഹിക്കുന്നത് സന്തോഷത്തിനിടയാക്കുന്നത് എങ്ങനെയാണ്?—2 പത്രൊ. 2:9
2 പരീക്ഷയ്ക്കു സജ്ജരാകുക: യേശുവിന്റെ ജീവചരിത്രവും പഠിപ്പിക്കലും അടങ്ങുന്ന തന്റെ സത്യവചനം യഹോവ നമുക്കു നൽകിയിരിക്കുന്നു. യേശുവിന്റെ മൊഴികൾ കേട്ടനുസരിക്കുന്നപക്ഷം ഒരു ദൃഢമായ അടിസ്ഥാനമിട്ടുകൊണ്ട് പരീക്ഷകൾ നേരിടാൻ നാം സജ്ജരായിത്തീരും. (ലൂക്കൊ. 6:47-49) ക്രിസ്തീയ സഹോദരങ്ങൾ, സഭായോഗങ്ങൾ, വിശ്വസ്തനും വിവേകിയുമായ അടിമ പ്രദാനം ചെയ്യുന്ന ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ എന്നിവയും നമ്മെ ബലപ്പെടുത്താനുള്ള കരുതലുകളാണ്. പ്രാർഥനയെന്ന ദിവ്യദാനവും നമുക്ക് കൂടെക്കൂടെ പ്രയോജനപ്പെടുത്താനാകും.—മത്താ. 6:13.
3 യഹോവ നമുക്ക് ഒരു പ്രത്യാശയും നൽകിയിരിക്കുന്നു. അവന്റെ വാഗ്ദാനങ്ങളിൽ നാം ശക്തമായ വിശ്വാസം വളർത്തിയെടുക്കുമ്പോൾ “ഈ പ്രത്യാശ നമ്മുടെ ആത്മാവിന്റെ സുനിശ്ചിതവും അചഞ്ചലവുമായ നങ്കൂര”മായിത്തീരുന്നു. (എബ്രാ. 6:19, ഓശാന ബൈബിൾ) ബൈബിൾ കാലങ്ങളിൽ, കടൽ ശാന്തമായിരിക്കുമ്പോൾ പോലും നങ്കൂരമില്ലാതെ ഒരു കപ്പലും യാത്ര പുറപ്പെടുമായിരുന്നില്ല. കടൽ പെട്ടെന്നു പ്രക്ഷുബ്ധമായാൽ നങ്കൂരമിറക്കിക്കൊണ്ട്, കപ്പൽ പാറക്കെട്ടുകളിൽ ചെന്നിടിക്കുന്നതു തടയാനാകുമായിരുന്നു. സമാനമായി, ഇപ്പോൾ ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വാസം വളർത്തിയെടുക്കുന്നത് പ്രക്ഷുബ്ധ സാഹചര്യങ്ങളിൽ ഉറച്ചുനിൽക്കാൻ നമ്മെ സഹായിക്കും. ക്ഷണനേരത്തിൽ പ്രതിസന്ധികൾ ഉയർന്നുവന്നേക്കാം. പൗലൊസിന്റെയും ബർന്നബാസിന്റെയും പ്രസംഗം ലുസ്ത്രയിലുള്ളവർ ആദ്യം സന്തോഷത്തോടെ കേട്ടെങ്കിലും യഹൂദ എതിരാളികൾ വന്നതോടെ സാഹചര്യം പെട്ടെന്നു വഷളായി.—പ്രവൃ. 14:8-19.
4 സഹിഷ്ണുത സന്തോഷം കൈവരുത്തുന്നു: എതിർപ്പിന്മധ്യെയും ശുശ്രൂഷയിൽ ഉറച്ചുനിൽക്കുന്നത് മനസ്സമാധാനം നൽകുന്നു. ക്രിസ്തുവിനുവേണ്ടി നിന്ദ സഹിക്കാൻ യോഗ്യരായി എണ്ണപ്പെടുന്നതിൽ നാം സന്തോഷിക്കുന്നു. (പ്രവൃ. 5:40, 41) പരീക്ഷ സഹിക്കുന്നതിലൂടെ താഴ്മ, അനുസരണം, സഹിഷ്ണുത എന്നീ ഗുണങ്ങളിൽ നാം തികവുറ്റവരായിത്തീരും. (ആവ. 8:16; എബ്രാ. 5:8; യാക്കോ. 1:2, 3) യഹോവയിൽ ആശ്രയിക്കാനും അവന്റെ വാഗ്ദാനങ്ങളിൽ വിശ്വാസം അർപ്പിക്കാനും അവനെ സങ്കേതമാക്കാനും പരീക്ഷകളിലൂടെ നാം പഠിക്കുന്നു.—സദൃ. 18:10.
5 പരീക്ഷകൾ താത്കാലികമാണെന്നു നമുക്കറിയാം. (2 കൊരി. 4:17, 18) യഹോവയോടു നമുക്ക് എത്രത്തോളം സ്നേഹമുണ്ടെന്നു തെളിയിക്കാൻ, പരീക്ഷിക്കപ്പെടുമ്പോൾ നമുക്ക് അവസരം ലഭിക്കുന്നു. സാത്താന്റെ ആരോപണങ്ങൾക്ക് ഉത്തരം നൽകാനും ഇതു നമ്മെ സഹായിക്കുന്നു. അതുകൊണ്ട്, നാം മടുത്തു പിന്മാറില്ല! “പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW]; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം . . . ജീവകിരീടം പ്രാപിക്കും.”— യാക്കോ. 1:12.