നമുക്കുള്ള പദവികൾ നാം വിലമതിക്കുന്നു!
1 മനുഷ്യ ചരിത്രത്തിലുടനീളം യഹോവ തന്റെ ദാസന്മാർക്കു പലവിധ പദവികൾ നൽകിയതിന്റെ ദൃഷ്ടാന്തങ്ങൾ കാണാനാകും. അവരുടെ ലിംഗമോ പ്രായമോ നിലയോ ഗണ്യമാക്കാതെയാണ് അവൻ അത്തരം അനുഗ്രഹങ്ങളും വരങ്ങളുമൊക്കെ നൽകിയിട്ടുള്ളത്. (ലൂക്കൊ. 1:41, 42; പ്രവൃ. 7:46; ഫിലി. 1:29) ഇന്ന് എന്തെല്ലാം പദവികളാണ് അവൻ നമുക്കു നൽകുന്നത്?
2 പദവികളിൽ ചിലത്: യഹോവയാൽ പഠിപ്പിക്കപ്പെടുന്നതിനുള്ള പദവി നമുക്കുണ്ട്. (മത്താ. 13:11, 14) സഭായോഗങ്ങളിൽ യഹോവയെ സ്തുതിക്കുന്ന പദവിയും നാം ആസ്വദിക്കുന്നു. (സങ്കീ. 35:18) അവസരം ലഭിക്കുമ്പോൾ നാം ഉത്സാഹപൂർവം അഭിപ്രായങ്ങൾ പറയുന്നു. സമാനമായി സഭയിലെ ഓരോ നിയമനവും ഒരു ബഹുമതിയായി കരുതുന്നെങ്കിൽ കഴിയുന്നത്ര നന്നായി നാം അതു നിർവഹിക്കും. രാജ്യഹാൾ ശുചിയായും നല്ല നിലയിലും സൂക്ഷിക്കുന്നതിനുള്ള വിലപ്പെട്ട അവസരം നിങ്ങൾ മുടങ്ങാതെ ഉപയോഗപ്പെടുത്താറുണ്ടോ?
3 ദൈവം തങ്ങളുടെ പ്രാർഥന കേൾക്കുന്നുണ്ടോ എന്ന് ദശലക്ഷങ്ങൾ സംശയിക്കുമ്പോൾ, അഖിലാണ്ഡത്തിന്റെ പരമാധികാരി നമ്മുടെ പ്രാർഥന കേൾക്കുന്നു എന്നത് നമുക്ക് ആസ്വദിക്കാൻ കഴിയുന്ന വലിയൊരു പദവിയല്ലേ? (സദൃ. 15:29) തന്റെ ദാസന്മാരുടെ പ്രാർഥന യഹോവ വ്യക്തിപരമായി കേൾക്കുന്നു. (1 പത്രൊ. 3:12) എത്ര കൂടെക്കൂടെ നമുക്ക് അവനെ സമീപിക്കാം എന്നതു സംബന്ധിച്ച് അവൻ യാതൊരു നിയന്ത്രണവും വെക്കുന്നില്ല. “ഏതു നേരത്തും” പ്രാർഥിക്കാൻ നമുക്കു കഴിയും; ഒരു അമൂല്യ സമ്മാനംതന്നെ!—എഫെ. 6:18.
4 “ദൈവത്തിന്റെ കൂട്ടുവേലക്കാർ”: “ദൈവത്തിന്റെ കൂട്ടുവേലക്കാർ” എന്നനിലയിൽ ദൈവരാജ്യ സുവാർത്ത ഘോഷിക്കുന്നതാണ് നാം ആസ്വദിക്കുന്ന ശ്രേഷ്ഠ പദവികളിലൊന്ന്. (1 കൊരി. 3:9) സംതൃപ്തിയും നവോന്മേഷവും നൽകുന്ന ഒരു വേലയാണത്. (യോഹ. 4:34) യഹോവയ്ക്കു തന്റെ വേല നിർവഹിക്കാൻ മനുഷ്യരെ ഉപയോഗിക്കേണ്ട കാര്യമില്ല. എങ്കിലും തന്റെ സ്നേഹത്തിന്റെ പ്രകടനമെന്ന നിലയിൽ അവൻ നമുക്ക് ഈ നിയമനം നൽകിയിരിക്കുന്നു. (ലൂക്കൊ. 19:39, 40) എന്നാൽ യഹോവ ഈ പദവി ആർക്കെങ്കിലുമൊക്കെ നൽകുകയല്ല ചെയ്യുന്നത്. പരസ്യശുശ്രൂഷയിൽ ഏർപ്പെടുന്നവർ ചില ആത്മീയ യോഗ്യതകളിൽ എത്തിച്ചേരുകയും അവ നിലനിറുത്തുകയും ചെയ്യേണ്ടതാണ്. (യെശ. 52:11) ശുശ്രൂഷയെ പ്രതിവാര പട്ടികയുടെ ഒരു സുപ്രധാന ഭാഗമാക്കിക്കൊണ്ട് ആ പദവി നിങ്ങൾ വിലമതിക്കുന്നുവെന്നു പ്രകടമാക്കുന്നുണ്ടോ?
5 യഹോവ നൽകുന്ന പദവികൾ നമ്മുടെ ജീവിതം ധന്യമാക്കുന്നു. (സദൃ. 10:22) അവയെ ഒരിക്കലും നിസ്സാരമായി കാണരുത്! നമുക്കുള്ള സേവന പദവികൾ വിലമതിക്കുന്നു എന്നു തെളിയിച്ചുകൊണ്ട്, “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” പ്രദാനംചെയ്യുന്ന നമ്മുടെ സ്വർഗീയ പിതാവിനെ നമുക്കു സന്തോഷിപ്പിക്കാം.—യാക്കോ. 1:17.