യഹോവയ്ക്ക് നാം എന്തു കൊടുക്കും?
1 മനുഷ്യരായ നമുക്ക് ദൈവത്തിന് എന്തെങ്കിലും കൊടുക്കാനാകുമെന്ന് നിങ്ങൾക്ക് അറിയാമായിരുന്നോ? ഹാബെൽ മൃഗസമ്പത്തിൽനിന്ന് ഏറ്റവും മേത്തരമായവയെ യഹോവയ്ക്ക് അർപ്പിച്ചതായി തിരുവെഴുത്തു പറയുന്നു. നോഹ, ഇയ്യോബ് എന്നിവരും സമാനമായ യാഗങ്ങൾ അർപ്പിക്കുകയുണ്ടായി. (ഉല്പ. 4:4; 8:20; ഇയ്യോ. 1:5) ദൈവത്തിന് ഒന്നിനും കുറവില്ലാത്തതിനാൽ, അത്തരം യാഗങ്ങൾ അവനെ ഒരു പ്രകാരത്തിലും ധനികനാക്കിയില്ല എന്നു വ്യക്തം. പക്ഷേ, അത്തരം യാഗങ്ങൾ ആ വിശ്വസ്ത മനുഷ്യർക്ക് ദൈവത്തോടുള്ള സ്നേഹത്തിന്റെ തെളിവായി ഉതകി. ഇന്ന് ദൈവത്തിന് “സ്തോത്രയാഗം” അർപ്പിക്കാനായി നമുക്ക് സമയവും ഊർജവും ആസ്തികളും ഉപയോഗിക്കാനാകും.—എബ്രാ. 13:15.
2 സമയം: ‘സമയം തക്കത്തിൽ ഉപയോഗിക്കുന്നത്,’ മറ്റുവാക്കുകളിൽ പറഞ്ഞാൽ, അപ്രധാന കാര്യങ്ങൾക്കായി നീക്കിവെച്ചിരിക്കുന്ന സമയം ശുശ്രൂഷയിൽ കൂടുതൽ പ്രവർത്തിക്കുന്നതിനായി വിനിയോഗിക്കുന്നത് എത്ര പ്രശംസനീയമാണ്! (എഫെ. 5:15, 16) കാര്യാദികൾ ചിട്ടപ്പെടുത്തിക്കൊണ്ട്, വർഷത്തിൽ ഒന്നോ അതിലധികമോ തവണ സഹായപയനിയറിങ് ചെയ്യാൻ നമുക്കായേക്കും. അതുമല്ലെങ്കിൽ ശ്രുശ്രൂഷയിൽ പതിവിലേറെ പ്രവർത്തിക്കാൻ സാധിച്ചേക്കും. ഓരോ ആഴ്ചയും 30 മിനിട്ട് കൂടുതൽ പ്രവർത്തിച്ചാൽ മാസാവസാനമാകുമ്പോഴേക്കും കുറഞ്ഞപക്ഷം രണ്ടു മണിക്കൂർ കൂടുതൽ റിപ്പോർട്ടു ചെയ്യാനാകും!
3 ഊർജം: യഹോവയ്ക്ക് നമ്മുടെ കഴിവിന്റെ പരമാവധി കൊടുക്കാൻ സാധിക്കാത്തവിധത്തിൽ നമ്മെ ക്ഷീണിപ്പിക്കുന്ന വിനോദവും തൊഴിലും ഒഴിവാക്കിയാലേ ശുശ്രൂഷയിലേർപ്പെടാൻ നമുക്ക് ഊർജം ഉണ്ടാകുകയുള്ളൂ. നമ്മുടെ ‘മനസ്സിടിക്കുന്ന’ ആകുലതകളും ഉത്കണ്ഠകളും ഒഴിവാക്കേണ്ടതും പ്രധാനമാണ്. കാരണം, അത് ദൈവസേവനത്തിനുവേണ്ടിയുള്ള നമ്മുടെ ഊർജം ചോർത്തിക്കളയും. (സദൃ. 12:25) നമ്മുടെ ഉത്കണ്ഠ ന്യായമാണെന്നുതന്നെയിരിക്കട്ടെ. അപ്പോൾപ്പോലും നമ്മുടെ ‘ഭാരം യഹോവയുടെമേൽ വെക്കുന്നതല്ലേ’ ഏറെ നല്ലത്?—സങ്കീ. 55:22; ഫിലി. 4:6, 7.
4 ആസ്തികൾ: പ്രസംഗവേലയുടെ ഉന്നമനാർഥം നമ്മുടെ ആസ്തികളും വിനിയോഗിക്കാവുന്നതാണ്. സഹായം ആവശ്യമുള്ളവർക്കുവേണ്ടി പതിവായി എന്തെങ്കിലും നീക്കിവെക്കാൻ പൗലൊസ് സഹക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുകയുണ്ടായി. (1 കൊരി. 16:1, 2) സമാനമായി, പ്രാദേശിക സഭയ്ക്കും ലോകവ്യാപക വേലയ്ക്കും വേണ്ടി ചെറിയൊരു തുക നീക്കിവെക്കാൻ നമുക്കും സാധിച്ചേക്കും. ഹൃദയപൂർവം നൽകുന്നതെന്തും യഹോവ അങ്ങേയറ്റം വിലമതിക്കുന്നു, അതു നിസ്സാരമാണെങ്കിൽപ്പോലും.—ലൂക്കൊ. 21:1-4.
5 യഹോവ നമുക്കു നൽകിയിരിക്കുന്ന കാര്യങ്ങൾക്ക് കയ്യുംകണക്കുമില്ല. (യാക്കോ. 1:17) ദൈവത്തെ സേവിക്കാനായി സമയവും ഊർജവും ആസ്തികളും ഉദാരമായി ഉപയോഗിക്കുമ്പോൾ നാം നന്ദിയും വിലമതിപ്പും കാണിക്കുകയാണ്. അത് യഹോവയെ പ്രസാദിപ്പിക്കും. കാരണം, “സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു” എന്നു ബൈബിൾ പറയുന്നു.—2 കൊരി. 9:7.