ശുശ്രൂഷയിലായിരിക്കെ അന്യോന്യം പ്രോത്സാഹിപ്പിക്കുക
1 ‘തക്കസമയത്തു പറയുന്ന’ പ്രോത്സാഹജനകമായ വാക്കുകൾ വിലമതിക്കാത്തവരായി ആരുംതന്നെയില്ല. (സദൃ. 25:11) മറ്റുള്ളവരോടൊപ്പം വയൽസേവനത്തിലായിരിക്കെ, നമ്മുടെ വാക്കുകൾ അവർക്കു പ്രോത്സാഹനം പകരുന്നുവെന്ന് നമുക്ക് എങ്ങനെ ഉറപ്പുവരുത്താം?
2 പ്രോത്സാഹനം പകരുന്ന വാക്കുകൾ: പ്രസംഗവേലയിൽ കൂടെപ്രവർത്തിക്കുന്നവരോട് ആത്മീയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് എത്ര പ്രോത്സാഹനദായകമായിരിക്കും! (സങ്കീ. 37:30) അവതരണങ്ങളോ അടുത്ത കാലത്ത് വയലിൽ നമുക്കുണ്ടായ നല്ല അനുഭവങ്ങളോ സംസാരവിഷയമാക്കാവുന്നതാണ്. (പ്രവൃ. 15:3) വ്യക്തിപരമായ ബൈബിൾവായനയിൽനിന്നോ മാസികകളിൽനിന്നോ സഭായോഗങ്ങളിൽനിന്നോ നാം പഠിച്ച വിവരങ്ങൾ അവരുമായി പങ്കുവെക്കരുതോ? അതുമല്ലെങ്കിൽ, ഈയിടെ കേട്ട പരസ്യപ്രസംഗത്തിലെ ആശയങ്ങളെക്കുറിച്ച് പറയരുതോ?
3 വീട്ടുകാരൻ ഉന്നയിച്ച ഒരു ചോദ്യത്തിന് ഉത്തരം കൊടുക്കാൻ കഴിയാതെവരുമ്പോൾ നമുക്ക് എന്തെന്നില്ലാത്ത നിരാശ തോന്നിയേക്കാം. അവിടെനിന്ന് അടുത്ത വീട്ടിലേക്കു പോകുമ്പോൾ, ഭാവിയിൽ അത്തരമൊരു സാഹചര്യം ഉണ്ടാകുന്നപക്ഷം എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്നു മറ്റേയാളുമായി ചർച്ച ചെയ്യുന്നത് വളരെ പ്രയോജനപ്രദമായിരിക്കും. ഒരുപക്ഷേ ന്യായവാദം പുസ്തകം എടുത്തുനോക്കാനാകും. കൂടെയുള്ളയാളുടെ അവതരണത്തിൽ നമുക്ക് പ്രത്യേകാൽ ഇഷ്ടപ്പെട്ട എന്തെങ്കിലും ഉണ്ടെങ്കിൽ ആത്മാർഥമായി അഭിനന്ദിച്ചുകൊണ്ട് പ്രോത്സാഹനമേകാൻ സാധിക്കും.
4 മുന്നിട്ടിറങ്ങുക: അടുത്തകാലത്തെങ്ങും നമ്മോടുകൂടെ പ്രവർത്തിക്കാത്ത ആരെങ്കിലും പുസ്തകാധ്യയനക്കൂട്ടത്തിലുണ്ടോ? ശുശ്രൂഷയിൽ നമ്മോടൊപ്പം വരാൻ അവരെ ക്ഷണിക്കുന്നത് ഇരുകൂട്ടർക്കും പ്രോത്സാഹനമേകും. (റോമ. 1:12, NW) സാധാരണഗതിയിൽ അതിരാവിലെയോ വൈകുന്നേരമോ വയലിൽ പ്രസാധകർ കുറവായിരിക്കും. ആ സമയത്ത് ആരെങ്കിലും തങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് സാധാരണ പയനിയർമാരും സഹായ പയനിയർമാരും വളരെയധികം വിലമതിക്കും. നമുക്ക് അവരെ പിന്തുണയ്ക്കാൻ സാധിക്കുമോ? ഇനിയും, ആരോഗ്യസ്ഥിതി മോശമായതു നിമിത്തം ശുശ്രൂഷയിൽ കാര്യമായി ഏർപ്പെടാൻ സാധിക്കാത്ത പ്രസാധകരെ നിങ്ങൾക്ക് അറിയാമോ? അധ്യയനത്തിനോ മറ്റോ അവരെ നിങ്ങളോടൊപ്പം കൊണ്ടുപോകുന്നത് അവർക്കും നിങ്ങൾക്കും പ്രോത്സാഹനമേകും.—സദൃ. 27:17.
5 അനുമോദനങ്ങൾ എല്ലായ്പോഴും പ്രോത്സാഹനം പകരും—ചെറിയ കാര്യങ്ങളിലാണെങ്കിൽപ്പോലും. ശുശ്രൂഷയിൽ മറ്റുള്ളവരോടൊപ്പം പ്രവർത്തിക്കുമ്പോൾ അതു മനസ്സിൽപ്പിടിക്കണം. കാരണം, “തമ്മിൽ ആത്മികവർദ്ധന” വരുത്താനാണ് നാമെല്ലാം ആഗ്രഹിക്കുന്നത്.—1 തെസ്സ. 5:11.