വീട്ടുവാതിൽക്കൽ ഒരു ഉത്തമ സഹായി ആയിരിക്കുക
1. ശുശ്രൂഷയിൽ മറ്റൊരാളോടൊപ്പം പ്രവർത്തിക്കുന്നതുകൊണ്ട് എന്തെല്ലാം പ്രയോജനങ്ങളുണ്ട്?
1 ഒരിക്കൽ യേശു 70 ശിഷ്യന്മാരെ പ്രസംഗവേലയ്ക്കായി അയച്ചു. അവൻ ‘അവരെ ഈരണ്ടായാണ് അയച്ചത്.’ (ലൂക്കോ. 10:1) ശുശ്രൂഷയിൽ ഏർപ്പെടവെ, അന്യോന്യം സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ ക്രമീകരണം ഉതകി. മറ്റൊരു പ്രസാധകനോടൊപ്പം പ്രസംഗവേലയിൽ ഏർപ്പെടുമ്പോൾ നമുക്ക് എങ്ങനെ ഒരു സഹായിയായി വർത്തിക്കാൻ കഴിയും?
2. കൂടെയുള്ളയാൾ സംസാരിക്കുമ്പോൾ നാം എന്തു ചെയ്യണം, എന്തുകൊണ്ട്?
2 നന്നായി ശ്രദ്ധിച്ചുകൊണ്ട്: കൂടെയുള്ളയാൾ വീട്ടുകാരനോടു സംസാരിക്കുമ്പോൾ ശ്രദ്ധിച്ചുകേൾക്കുക. (യാക്കോ. 1:19) തിരുവെഴുത്തു വായിക്കുമ്പോൾ അത് എടുത്തു നോക്കുക. സംസാരിക്കുന്നത് നിങ്ങളുടെ കൂടെയുള്ള ആളോ വീട്ടുകാരനോ ആയിരുന്നാലും അയാളെ നോക്കുക. നിങ്ങൾ സംഭാഷണം ശ്രദ്ധിക്കുന്നതു കാണുമ്പോൾ അങ്ങനെ ചെയ്യാൻ വീട്ടുകാരനും പ്രേരിതനാകും. പ്രശ്നസാധ്യതയുള്ള ഒരു പ്രദേശത്താണ് പ്രവർത്തിക്കുന്നതെങ്കിൽ ചുറ്റുപാടും നിരീക്ഷിക്കാൻ നിങ്ങൾക്കു കഴിയണം, അങ്ങനെയാകുമ്പോൾ ആരെങ്കിലും ആളുകളെ വിളിച്ചുകൂട്ടുന്നതായോ മറ്റോ ശ്രദ്ധയിൽപ്പെട്ടാൽ കൂടെയുള്ള ആൾക്ക് സൂചനകൊടുക്കാനും പെട്ടെന്നുതന്നെ അവിടെനിന്നു പോരാനും നിങ്ങൾക്കു കഴിയും.
3. ഏതൊക്കെ സാഹചര്യങ്ങളിൽ നാം സംസാരിക്കുന്നത് നമ്മോടൊപ്പമുള്ളയാൾക്ക് സ്വീകാര്യമായിരുന്നേക്കാം?
3 എപ്പോൾ സംസാരിക്കണമെന്ന് വിവേചിച്ചുകൊണ്ട്: കൂടെയുള്ളയാൾ വീട്ടുകാരനോടു സംസാരിക്കുമ്പോൾ ഇടയ്ക്കുകയറി സംസാരിക്കരുത്. സംഭാഷണത്തിന്റെ ഗതിയെ നിയന്ത്രിക്കാൻ അദ്ദേഹത്തെ അനുവദിക്കുക. അതുവഴി അദ്ദേഹത്തെ ബഹുമാനിക്കുകയായിരിക്കും നാം. (റോമ. 12:10) എന്നാൽ അദ്ദേഹത്തിനു സംഭാഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വരുന്നെങ്കിലോ? അല്ലെങ്കിൽ വീട്ടുകാരൻ ഉന്നയിക്കുന്ന തടസ്സവാദമോ ചോദ്യമോ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലെങ്കിലോ? അദ്ദേഹം ആവശ്യപ്പെടുന്നപക്ഷം സഹായിക്കാവുന്നതാണ്. ആ സന്ദർഭത്തിൽ പുതിയൊരു വിഷയം അവതരിപ്പിക്കാതെ അദ്ദേഹം പറഞ്ഞു നിറുത്തിയതിന്റെ ബാക്കിയായി സംസാരിക്കാൻ ശ്രമിക്കുക. (സദൃ. 16:23; സഭാ. 3:1, 7) അതുവരെ പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളെ പിന്താങ്ങുന്ന വിധത്തിലായിരിക്കണം നമ്മുടെ സംസാരം.—1 കൊരി. 14:8.
4. നമുക്കെങ്ങനെ ശുശ്രൂഷയിൽ സന്തോഷവും വിജയവും കണ്ടെത്താനാകും?
4 യേശു അയച്ച ആ 35 ജോഡി ശിഷ്യന്മാർ പ്രസംഗനിയോഗം പൂർത്തിയാക്കിയിട്ട് “സന്തോഷത്തോടെ മടങ്ങിവന്നു.” (ലൂക്കോ. 10:17) മറ്റുള്ളവരോടൊപ്പം പ്രവർത്തിക്കുമ്പോൾ നന്നായി ശ്രദ്ധിക്കുകയും എപ്പോൾ സംസാരിക്കണമെന്ന് വിവേചിച്ചറിയുകയും ചെയ്യുന്നെങ്കിൽ നമുക്കും ശുശ്രൂഷയിൽ സന്തോഷവും വിജയവും കണ്ടെത്താനാകും.