ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—സഹായിക്കുന്ന പങ്കാളിയായിരുന്നുകൊണ്ട്
എന്തുകൊണ്ടു പ്രധാനം: പ്രസംഗവേലയിൽ ഒരു പങ്കാളി ഉണ്ടായിരിക്കുന്നതിന്റെ മൂല്യം യേശു തിരിച്ചറിഞ്ഞു. അതുകൊണ്ടാണു ശിഷ്യന്മാരിൽ 70 പേരെ തനിക്കു മുമ്പേ പ്രസംഗിക്കാൻ ജോഡിയായി അയച്ചത്. (ലൂക്കോ. 10:1) ഒരു പങ്കാളിക്ക്, വിഷമകരമായ സാഹചര്യങ്ങളിലും വീട്ടുകാരനോട് എങ്ങനെ ഉത്തരം പറയണം എന്നു നിശ്ചയമില്ലാത്തപ്പോഴും, കൂടെ പ്രവർത്തിക്കുന്ന വ്യക്തിക്ക് ആവശ്യമായ സഹായം നൽകാനാകും. (സഭാ. 4:9, 10) തന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടും, ചിലപ്പോഴൊക്കെ നിർദേശങ്ങൾ നൽകിക്കൊണ്ടും പങ്കാളിയെ ഫലപ്രദനായ ഒരു സുവിശേഷകനായിത്തീരുന്നതിനു സഹായിക്കാനാകും. (സദൃ. 27:17) ഒരു വീട്ടിൽനിന്നു മറ്റൊന്നിലേക്കു പോകുമ്പോൾ കെട്ടുപണിചെയ്യുന്ന സംഭാഷണത്തിലൂടെയും പ്രോത്സാഹിപ്പിക്കാനാകും.—ഫിലി. 4:8.
ഇത് എങ്ങനെ ചെയ്യാം:
• പങ്കാളി സാക്ഷീകരിക്കുമ്പോൾ ശ്രദ്ധിക്കുക. (യാക്കോ. 1:19) തിരുവെഴുത്തുകൾ വായിക്കുമ്പോൾ സ്വന്തം ബൈബിളിൽ അത് നോക്കുക. ആവശ്യമെങ്കിൽ സഹായം നൽകാൻ ഇതൊക്കെ നിങ്ങളെ പ്രാപ്തരാക്കും. വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കാളി സംസാരിക്കുമ്പോൾ ശ്രദ്ധാശൈഥില്യം ഉണ്ടാക്കാതെ ചുറ്റുപാടുകൾ നിരീക്ഷിക്കുക. (മത്താ. 10:16) ചിലയാളുകൾ പ്രത്യേകമായി ശ്രദ്ധിക്കുന്നതായോ, നിങ്ങളെ നോക്കി മൊബൈൽ ഉപയോഗിക്കുന്നതായോ കാണുന്നെങ്കിൽ വിവേചനയോടെ സംസാരം നിറുത്തി ശാന്തമായി ആ സ്ഥലം വിട്ടുപോകാൻ പങ്കാളിയെ സഹായിക്കുക. —സദൃ. 17:14.
• സംഭാഷണത്തിൽ ഉൾപ്പെടണമോ വേണ്ടയോ എന്നും വേണമെങ്കിൽ എപ്പോൾ എന്നും തീരുമാനിക്കാൻ ന്യായബോധം ഉപയോഗിക്കുക. (സദൃ. 25:11) മറ്റൊരു പ്രസാധകന്റെ ബൈബിളധ്യയനത്തിനു കൂടെയായിരിക്കുമ്പോൾ നിങ്ങളുടെ അവസരോചിതമായ അഭിപ്രായങ്ങൾ വിലമതിച്ചേക്കാം. എന്നിരുന്നാലും, വീടുതോറുമുള്ള പ്രസംഗവേലയിൽ പങ്കാളിയുടെ ഊഴം വരുമ്പോൾ നാം അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കുമെന്നു പ്രതീക്ഷിക്കും. അദ്ദേഹം പുതിയ പ്രസാധകനാണെങ്കിലോ, ചോദ്യത്തിനോടോ എതിർപ്പിനോടോ എങ്ങനെ പ്രതികരിക്കണമെന്നു നിശ്ചയമില്ലെങ്കിലോ, നിങ്ങളുടെ സഹായം തീർച്ചയായും വിലമതിക്കും. എന്നാൽ ഒരു പ്രസാധകനോടൊപ്പം വീടുതോറുമുള്ള വേലയിലോ, മടക്കസന്ദർശനം, ബൈബിളധ്യയനം എന്നിവ നടത്തുമ്പോഴോ ഇടയ്ക്കുകയറി പറയുകയോ, സംസാരം ഏറ്റെടുക്കുകയോ, മറ്റൊരു വിഷയം അവതരിപ്പിക്കുകയോ അരുത്.
• സ്വന്തം അനുഭവങ്ങൾ പങ്കുവെക്കുക. ചിലപ്പോഴൊക്കെ, നിങ്ങളോടൊപ്പം പ്രവർത്തിക്കുന്ന പ്രസാധകനു മെച്ചപ്പെടാനുള്ള നിർദേശങ്ങൾ നൽകാനുള്ള അവസരം ലഭിക്കുമ്പോൾ അതു കൊടുക്കാൻ മടികാണിക്കരുത്. (സദൃ. 3:27) ഉചിതമായ സമയത്ത് നിങ്ങൾക്ക് ഇപ്രകാരം പറയാം: “കഴിഞ്ഞ വീട്ടിലെ സംസാരം എങ്ങനെ ആയിരുന്നു,” “ഞാനൊരു നിർദേശം വയ്ക്കട്ടേ,” “ഇങ്ങനെ ചെയ്യാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.” വല്ലപ്പോഴും നൽകുന്ന നിർദേശം വിലമതിക്കുമെങ്കിലും പിഴവുകളെല്ലാം ശ്രദ്ധയിൽപെടുത്തിയാൽ നിരുത്സാഹം തോന്നുമെന്ന് ഓർക്കുക.
മാസത്തിലുടനീളം ഇതു പരീക്ഷിക്കുക:
• ശുശ്രൂഷയിൽ പ്രവർത്തിച്ച ശേഷം, കൂടെ പ്രവർത്തിച്ചയാൾ പറഞ്ഞതോ ചെയ്തതോ ആയ ഇന്നയിന്ന കാര്യങ്ങൾ അദ്ദേഹത്തെ നല്ല പങ്കാളിയാക്കിയെന്ന് പറഞ്ഞ് അഭിനന്ദിക്കുക.