യഥാർഥ ധനം സ്വന്തമാക്കുക
1. സാധാരണ പയനിയറിങ്ങിനെക്കുറിച്ചു ചിന്തിക്കേണ്ടത് എന്തുകൊണ്ട്?
1 ജീവിതത്തിൽ കൂടുതൽ സന്തോഷവും ചാരിതാർഥ്യവും ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? മറ്റുള്ളവരെ സഹായിക്കുന്നതിൽ ആനന്ദവും സംതൃപ്തിയും കണ്ടെത്താൻ നിങ്ങൾക്കാകുന്നുണ്ടോ? യഹോവയ്ക്കുള്ള സേവനം വർധിപ്പിക്കാൻ നിങ്ങൾക്കാഗ്രഹമുണ്ടോ? ഇവയിൽ ഏതെങ്കിലുമൊരു ചോദ്യത്തിനുള്ള ഉത്തരം ‘ഉവ്വ്’ എന്നാണെങ്കിൽ നിങ്ങൾക്കു സാധാരണ പയനിയറിങ്ങിനെക്കുറിച്ചു ചിന്തിക്കാനാകും. നിശ്ചയമായും കുടുംബ ഉത്തരവാദിത്വങ്ങളും തിരുവെഴുത്തുപരമായ മറ്റ് ചുമതലകളും ആരോഗ്യപ്രശ്നങ്ങളും ശാരീരിക പരിമിതികളും കണക്കിലെടുക്കേണ്ടതുണ്ട്.
2. സാധാരണ പയനിയർമാർക്കു ലഭിക്കുന്ന ചില ആത്മീയ സമ്പത്തുകൾ ഏവ?
2 യഹോവയുടെ അനുഗ്രഹവും ഭൗതികസമ്പത്തും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി ദിവ്യ നിശ്വസ്തതയിൽ ശലോമോൻ പറയുന്നു. (സദൃ. 10:22) ഇക്കാലത്ത് യഹോവയുടെ അനുഗ്രഹം മുഖ്യമായും ആത്മീയ അനുഗ്രഹങ്ങളാണു കൈവരുത്തുന്നത്. സാധാരണ പയനിയർമാർ അത്തരം അനുഗ്രഹത്താൽ ഏറെ സമ്പന്നരാണ്. ഉദാഹരണത്തിന്, വ്യക്തിപരമായ കാര്യങ്ങൾക്കായി ചെലവഴിക്കുന്ന സമയം വെട്ടിക്കുറച്ചുകൊണ്ട്, കൊടുക്കുന്നതിന്റെ വലിയ സന്തോഷം അവർ അനുഭവിക്കുന്നു. (കൊലൊ. 4:5; പ്രവൃ. 20:35) അവരുടെ സ്നേഹപ്രവൃത്തി യഹോവ കാണുകയും വിലമതിക്കുകയും ചെയ്യുന്നു. അത്തരം ‘സ്വർഗീയ നിക്ഷേപങ്ങൾക്ക്’ ഒരിക്കലും വിലയിടിയില്ല. (മത്താ. 6:20; എബ്രാ. 6:10) കൂടാതെ പയനിയർമാർ കണ്ണ് ചൊവ്വുള്ളതായി സൂക്ഷിക്കുകയും അവശ്യ കാര്യങ്ങൾക്കായി യഹോവയിൽ ആശ്രയിക്കുകയും ചെയ്യുമ്പോൾ അവനുമായുള്ള അവരുടെ ബന്ധം ഏറെ ശക്തമായിത്തീരുന്നു.—മത്താ. 6:22, 25, 32; എബ്രാ. 13:5, 6.
3. ആത്മീയ ധനത്തിനും ഭൗതിക ധനത്തിനുമായുള്ള ശ്രമങ്ങളുടെ കാര്യത്തിൽ എന്തു വൈരുധ്യമാണുള്ളത്?
3 ഭൗതിക ധനത്തിനായുള്ള ആഗ്രഹം മിക്കപ്പോഴും “മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും” വഴിവെക്കുന്നു. (1 തിമൊ. 6:9, 10; യാക്കോ. 5:1–3) യഹോവയുടെ അനുഗ്രഹത്തിന്റെ കാര്യത്തിൽ അങ്ങനെ ഒരിക്കലും സംഭവിക്കില്ല. സമയത്തിന്റെ നല്ലൊരു ഭാഗവും ശുശ്രൂഷയിൽ ചെലവഴിക്കുന്നത് ആത്മീയ സമനില നിലനിറുത്താനും അധികം പ്രധാനമായ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും പയനിയർമാരെ സഹായിക്കുന്നു. (ഫിലി. 1:10) എഞ്ചിനീയറായ ഒരു സഹോദരൻ പയനിയറിങ് ചെയ്യാനായി, ധാരാളം സമയം വേണ്ടിവരുന്ന തന്റെ തൊഴിൽ രാജിവെച്ചു. അദ്ദേഹം പറയുന്നു: “എന്റെ തൊഴിൽ വളരെ സമ്മർദപൂരിതമായിരുന്നു. എന്നാൽ പയനിയറിങ് അങ്ങനെയല്ല. ആളുകളെ സഹായിക്കാനും സത്യം പഠിപ്പിക്കാനും ഇപ്പോൾ എനിക്കു കഴിയുന്നു. അങ്ങേയറ്റം ചാരിതാർഥ്യമേകുന്നതും ആവേശകരവുമാണ് ഇത്.”
4. പയനിയർ ശുശ്രൂഷ സാധാരണ പയനിയർമാർക്കും മറ്റുള്ളവർക്കും അനുഗ്രഹമായിരിക്കുന്നത് എങ്ങനെ?
4 മറ്റുള്ളവർക്ക് ഒരു അനുഗ്രഹം: ‘ദുർഘടസമയങ്ങളിലാണ്’ നാമിന്നു ജീവിക്കുന്നത്. (2 തിമൊ. 3:1) യാതൊരു പ്രത്യാശയുമില്ലാത്തവരാണ് എവിടെയും. സുവാർത്തയോട് അനുകൂലമായി പ്രതികരിക്കവെ, ആളുകളുടെ മുഖത്തെ നിരാശ ശുഭാപ്തിവിശ്വാസത്തിനു വഴിമാറുന്നതു നേരിൽക്കാണുമ്പോൾ രാജ്യഘോഷകർ സന്തോഷിക്കുന്നു. ജീവരക്ഷാകരമായ ഈ വേലയ്ക്കായി ഓരോ വർഷവും 800-ലേറെ മണിക്കൂർ ചെലവഴിക്കുന്ന സാധാരണ പയനിയർമാരുടെ സന്തോഷം എത്ര അധികമാണ്!—1 തിമൊ. 4:16.
5, 6. ഒരു സാധാരണ പയനിയറായിത്തീരാൻ എന്തു നിങ്ങളെ സഹായിച്ചേക്കും?
5 ഒരു സാധാരണ പയനിയറായി സേവിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സഗൗരവം ചിന്തിക്കാറുണ്ടോ? പ്രാധാന്യം കുറഞ്ഞ കാര്യങ്ങൾ പരമാവധി ഒഴിവാക്കിക്കൊണ്ട് ‘സമയം തക്കത്തിൽ ഉപയോഗിക്കേണ്ടത്’ ആവശ്യമായിരുന്നേക്കാം. (എഫെ. 5:15, 16) അപ്രകാരം ചെയ്തുകൊണ്ട് ജീവിതം ലളിതമാക്കിയിരിക്കുകയാണ് പലരും. രാജ്യതാത്പര്യങ്ങൾക്കു കൂടുതൽ സമയം നീക്കിവെക്കാൻ തക്കവണ്ണം ജോലിസമയം വെട്ടിച്ചുരുക്കാൻ ഇതവരെ സഹായിച്ചിരിക്കുന്നു. ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്തിക്കൊണ്ട് അവരുടെ അണിയിൽ ചേരാൻ നിങ്ങൾക്കാകുമോ?
6 പ്രായോഗികമായ ഒരു പട്ടിക തയ്യാറാക്കാനുള്ള ജ്ഞാനത്തിനായി യഹോവയോട് അപേക്ഷിക്കുക. (യാക്കോ. 1:5) അപ്പോൾ നിങ്ങൾക്ക് എന്തു പ്രതീക്ഷിക്കാനാകും? സമൃദ്ധമായ ആത്മീയധനം! നിങ്ങൾക്കാവശ്യമുള്ളതു നൽകിക്കൊണ്ട് ഭൗതികമായും യഹോവ നിങ്ങളെ അനുഗ്രഹിക്കും. (മത്താ. 6:33) ഈ വിധത്തിൽ അവനെ പരീക്ഷിക്കുന്നവർക്ക് “സ്ഥലം പോരാതെവരുവോളം . . . അനുഗ്രഹം” ലഭിക്കും.—മലാ. 3:10.