കോട്ടതുല്യമായ പ്രതിബന്ധങ്ങൾ മറികടക്കുന്നു
1 വ്യാജോപദേശങ്ങളിലൂടെയും വഞ്ചനയിലൂടെയും നൂറ്റാണ്ടുകളായി സാത്താൻ അനേകരെ വഴിതെറ്റിച്ചുകൊണ്ടിരിക്കുകയാണ്. ത്രിത്വം, ആത്മാവിന്റെ അമർത്യത, നരകം തുടങ്ങിയവ അവൻ പ്രചരിപ്പിച്ചിരിക്കുന്ന ചില നുണകളാണ്. സ്രഷ്ടാവിന്റെ അസ്തിത്വവും ബൈബിളിന്റെ ആധികാരികതയും സംബന്ധിച്ച് അവൻ മനുഷ്യമനസ്സുകളിൽ സംശയം ജനിപ്പിക്കുന്നു. സത്യത്തിന്റെ പ്രകാശത്തെ മറയ്ക്കുന്ന ശക്തമായ മറ്റു പ്രതിബന്ധങ്ങളാണ് വർഗീയതയും ദേശീയതയും. (2 കൊരി. 4:4) കോട്ടതുല്യമായ അത്തരം വിശ്വാസങ്ങൾ തകർക്കാൻ നമുക്കെങ്ങനെ കഴിയും?—2 കൊരി. 10:4, 5.
2 വികാരങ്ങൾ കണക്കിലെടുക്കുക: കാലങ്ങളായി വെച്ചുപുലർത്തുന്ന വിശ്വാസങ്ങൾ ഒരുവന്റെ ഹൃദയവികാരങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ചെറുപ്പംമുതൽക്കേ തെറ്റായ വിശ്വാസങ്ങൾ നെഞ്ചിലേറ്റിയിരിക്കുന്നവരാണ് ചിലർ. അത്തരം വീക്ഷണങ്ങൾ കണക്കിലെടുത്തുകൊണ്ട് ആദരപൂർവം സംസാരിച്ചാൽ മാത്രമേ നമുക്ക് അവരെ സഹായിക്കാനാകൂ.—1 പത്രൊ. 3:15.
3 തങ്ങൾ എന്തു വിശ്വസിക്കുന്നുവെന്നും അതിനുള്ള കാരണം എന്താണെന്നും പറയാൻ മറ്റുള്ളവരെ അനുവദിച്ചുകൊണ്ട് നമുക്ക് അവരോട് ആദരവു കാണിക്കാം. (യാക്കോ. 1:19) പ്രിയപ്പെട്ടവർ മരിച്ചുപോയിട്ടുള്ളതിനാലും അവരെ വീണ്ടും കാണാൻ വാഞ്ഛിക്കുന്നതിനാലും ആത്മാവ് അമർത്യമാണെന്നായിരിക്കാം അവർ വിശ്വസിക്കുന്നത്. കുടുംബാംഗങ്ങളോടൊപ്പം കൂടിവരാനുള്ള അവസരങ്ങൾ ലഭിക്കുന്നതിനാലായിരിക്കാം അവർ വിശേഷദിവസങ്ങൾ ആഘോഷിക്കുന്നത്. അവരുടെ അഭിപ്രായം ശ്രദ്ധിക്കുന്നത് അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കാതെ അവരുടെ വികാരങ്ങൾ മനസ്സിലാക്കാനും ഫലപ്രദമായി പ്രതികരിക്കാനും നമ്മെ സഹായിക്കും. ചില സന്ദർഭങ്ങളിൽ, ചർച്ച പിന്നീടൊരിക്കൽ നടത്തുന്നതായിരിക്കും നല്ലത്.—സദൃ. 16:23.
4 യേശുവിനെ അനുകരിക്കുക: ഒരു ന്യായശാസ്ത്രിയുടെ ചോദ്യങ്ങൾക്ക് യേശു നൽകിയ ഉത്തരം ഇക്കാര്യത്തിൽ ഒരുത്തമ മാതൃകയാണ്. അവൻ നേരിട്ടുള്ള ഉത്തരങ്ങൾ നൽകിയില്ല എന്നതു ശ്രദ്ധിക്കുക. അങ്ങനെ ചെയ്തിരുന്നെങ്കിൽ, താൻ അടിയുറച്ചു വിശ്വസിക്കുന്ന കാര്യങ്ങൾ നിമിത്തം അയാൾ അത് തള്ളിക്കളയാനുള്ള സാധ്യതയുണ്ടായിരുന്നു. അതുകൊണ്ട്, യേശു തിരുവെഴുത്തുകൾ പരാമർശിക്കുകയും തന്റെ വീക്ഷണം തുറന്നുപറയാൻ അയാളെ അനുവദിക്കുകയും യുക്തിയുക്തം ചിന്തിക്കാൻ സഹായകമായ ഒരു ദൃഷ്ടാന്തം ഉപയോഗിക്കുകയും ചെയ്തു.—ലൂക്കൊ. 10:25-37.
5 എത്ര ശക്തമായിരുന്നാലും വ്യാജോപദേശങ്ങൾ ദൈവവചനത്തിനു മുമ്പാകെ നിഷ്പ്രഭമാണ്! (എബ്രാ. 4:12) ക്ഷമയോടും നയത്തോടുംകൂടെ പ്രചോദനാത്മകമായ വിധത്തിൽ സംസാരിക്കുക, അങ്ങനെ അസത്യം തള്ളിക്കളയാനും സത്യം സ്വീകരിക്കാനും മറ്റുള്ളവരെ സഹായിക്കുക.—യോഹ. 8:32.