ബ്രാഞ്ചിൽനിന്നുള്ള കത്ത്
പ്രിയ രാജ്യഘോഷകരേ,
ഇക്കഴിഞ്ഞ സേവനവർഷത്തിൽ നാം ചെയ്ത നല്ല വേലയെ യഹോവ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. മാർച്ചിൽ, ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകാചരണത്തിന് 74,326 പേരാണ് സന്നിഹിതരായത്. 29,050 ബൈബിളധ്യയനങ്ങളുടെ ഒരു അത്യുച്ചവും ആ മാസത്തിലുണ്ടായി. മേയിൽ 29,065 പ്രസാധകരുടെ പുതിയ അത്യുച്ചവും 2,342 സാധാരണ പയനിയർമാരുടെ സർവകാല അത്യുച്ചവും രേഖപ്പെടുത്തി. ഇവയെല്ലാം നമ്മെ എത്രയധികം സന്തോഷിപ്പിക്കുന്നു!
ബൈബിൾ സന്ദേശത്തിൽ താത്പര്യം കാണിക്കുന്ന അനേകർക്കും പരിമിതമായ വിദ്യാഭ്യാസമേയുള്ളൂ. അതുകൂടാതെ ബൈബിളുമായി പരിചിതരല്ലാത്ത വായനക്കാരുമുണ്ട്. അത്തരം പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്കുംകൂടെ മനസ്സിലാകുന്നതും ആകർഷകമായതുമായിരിക്കണം നമ്മുടെ പരിഭാഷ. (1 തിമൊ. 2:4) അഭ്യസ്തവിദ്യരായവർക്കു മാത്രമല്ല സാധാരണക്കാർക്കും ചെറുപ്പക്കാർക്കുമെല്ലാം നമ്മുടെ പ്രസിദ്ധീകരണങ്ങൾ എളുപ്പം മനസ്സിലാകണം. അതു ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിൽ പരിഭാഷകരെ പരിശീലിപ്പിച്ചു വരികയാണ്. (മത്താ. 11:25) നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ലളിതവും സ്വാഭാവികവുമായ ഭാഷ ഉപയോഗിക്കുന്നതിൽ വിലമതിപ്പു പ്രകടിപ്പിച്ചുകൊണ്ട് വയലിൽനിന്ന് ധാരാളം നല്ല പ്രതികരണങ്ങൾ ലഭിച്ചിട്ടുണ്ട്.—1 കൊരി. 14:9-11.
യഹോവയുടെ സംഘടനയിലേക്ക് കടന്നുവരുന്നവർക്ക് കൂടിവരുന്നതിനായി കഴിഞ്ഞ സേവനവർഷം, രാജ്യത്തിന്റെ പല ഭാഗങ്ങളിലായി 15 രാജ്യഹാളുകൾ പണിയുകയുണ്ടായി. എഴുപതോളം സ്വമേധയാസേവകർ തങ്ങളുടെ വൈദഗ്ധ്യങ്ങൾ ബൃഹത്തായ ഈ വേലയെ പിന്തുണയ്ക്കാനായി വിനിയോഗിച്ചു. യഹോവയുടെ അനുഗ്രഹത്താൽ ഈ സേവനവർഷത്തിൽ 25 പുതിയ പദ്ധതികൾ നടപ്പാക്കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. സംഭാവനകളിലൂടെയും ഹൃദയംഗമമായ പ്രാർഥനയിലൂടെയും നിങ്ങൾ നൽകുന്ന പിന്തുണയെ ഞങ്ങൾ അതിയായി വിലമതിക്കുന്നു.—സദൃ. 3:9, 10.
നിങ്ങളുടെ സഹോദരങ്ങൾ,
ബ്രാഞ്ചോഫീസ്, ഇന്ത്യ