ബ്രാഞ്ചിൽനിന്നുള്ള കത്ത്
പ്രിയ രാജ്യഘോഷകരേ,
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ വരുത്തിയ സംഘടനാപരമായ മാറ്റങ്ങൾക്കു നിങ്ങളെല്ലാവരും നൽകിയ പിന്തുണയ്ക്കായി ഞങ്ങൾ നന്ദി പറയുന്നു.
2006 സെപ്റ്റംബർ 1 മുതൽ സർക്കിട്ട് സമ്മേളനങ്ങളിൽ, പ്രാദേശിക ഭാഷ സംസാരിക്കുന്ന ഒരു ഡിസ്ട്രിക്റ്റ് മേൽവിചാരകനു സേവിക്കാൻ കഴിയേണ്ടതിന് പുതിയ ഡിസ്ട്രിക്റ്റ് ക്രമീകരണം നിലവിൽവന്നിരിക്കുന്നു. ഇംഗ്ലീഷ് സഭകൾ ഉൾപ്പെടുന്ന സർക്കിട്ടുകൾ ഡിസ്ട്രിക്റ്റ് 1-ലും ഹിന്ദി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ ഭാഷാ സർക്കിട്ടുകൾ ഡിസ്ട്രിക്റ്റ് 2-ലും കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന പ്രസാധകർ ഡിസ്ട്രിക്റ്റ് 3-ലും മലയാളം സഭകൾ ഉൾപ്പെടുന്ന സർക്കിട്ടുകൾ ഡിസ്ട്രിക്റ്റ് 4-ലും ആയിരിക്കും.
വലിയ നഗരങ്ങളിലുള്ള വ്യത്യസ്ത ഭാഷാക്കൂട്ടങ്ങൾക്കു പ്രത്യേക ശ്രദ്ധകൊടുക്കാനുള്ള കൂടുതലായ ക്രമീകരണവും ചെയ്തിരിക്കുന്നു. ഒന്നിലധികം സഭകൾ ചിലപ്പോഴൊക്കെ ഒരേ പ്രദേശംതന്നെ പ്രവർത്തിക്കുമെന്നാണ് ഇതിന്റെ അർഥം. ഓരോ സഭയും അതതിന്റെ പ്രാഥമിക ഭാഷ സംസാരിക്കുന്നവരിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
ഏറെ സംഘടിതമായ ഒരു വിധത്തിൽ യഹോവയുടെ ഇഷ്ടം ചെയ്യാൻ നാമെല്ലാവരും നമ്മുടേതായ പങ്കുവഹിക്കേണ്ടതുണ്ട്. സ്വന്തം സഭയുടേതല്ലാത്ത ഭാഷ സംസാരിക്കുന്നവർ താത്പര്യം പ്രകടിപ്പിക്കുമ്പോൾ എന്തു ചെയ്യണമെന്നതു സംബന്ധിച്ചുള്ള നിർദേശങ്ങൾ പാലിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.—സങ്കീർത്തനം 40:8.
വിവിധ ഭാഷക്കാരായ പുതിയവർ നമ്മോടൊപ്പം കൂടിവരവേ, കൂടുതൽ യോഗസ്ഥലങ്ങൾ ആവശ്യമായിവരുന്നു. രാജ്യത്തുടനീളമുള്ള അനേകം രാജ്യഹാൾ നിർമാണ പദ്ധതികൾ പിന്തുണച്ചുകൊണ്ട് സഹോദരങ്ങൾ നിർമാണ പ്രവർത്തനത്തിൽ സജീവമായി ഏർപ്പെടുകയും നിർലോപമായി ഭൗതിക സഹായം നൽകുകയും ചെയ്യുന്നതു കാണുന്നതു പുളകപ്രദമാണ്. സാമ്പത്തിക സ്ഥിതിഗതികളിൽ ഇനിയും മാറ്റമുണ്ടായിട്ടില്ലെങ്കിലും പ്രാദേശിക പ്രസാധകർ കൈയയച്ചു സംഭാവന ചെയ്യുന്നതിനാൽ കൂടുതൽ രാജ്യഹാളുകളുടെ നിർമാണം ഏറ്റെടുക്കാൻ കഴിഞ്ഞിരിക്കുന്നു. സ്ഥലത്തിനും കെട്ടിട നിർമാണത്തിനുമുള്ള ഭീമമായ തുക കണ്ടെത്തുന്നതിൽ സഭകൾ ഉത്തരവാദിത്വത്തിന്റെ സ്വന്തം ചുമട് വഹിക്കവേ, യഹോവ തുടർന്നും നമ്മുടെ നിർമാണ പദ്ധതികളെ അനുഗ്രഹിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.—ഗലാത്യർ 6:5; സങ്കീർത്തനം 127:1.
നിങ്ങളുടെ സഹോദരങ്ങൾ,
ബ്രാഞ്ച് ഓഫീസ്, ഇന്ത്യ