ചോദ്യപ്പെട്ടി
◼ കുടുംബാധ്യയനം നടത്തുന്ന സമയം മാതാവിനും പിതാവിനും റിപ്പോർട്ടു ചെയ്യാമോ?
“കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും” മക്കളെ വളർത്തിക്കൊണ്ടുവരാനുള്ള പ്രാഥമിക ഉത്തരവാദിത്വം പിതാക്കന്മാർക്കാണെങ്കിലും അവരെ പരിശീലിപ്പിക്കുന്നതിൽ മാതാപിതാക്കൾ ഇരുവർക്കും പങ്കുണ്ട്. (എഫെ. 6:4) “മകനേ, അപ്പന്റെ പ്രബോധനം കേൾക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുത്” എന്നു ബൈബിൾ കുട്ടികളെ ഉദ്ബോധിപ്പിക്കുന്നു. (സദൃ. 1:8) മക്കളെ പരിശീലിപ്പിക്കാനുള്ള ഒരു സുപ്രധാന മാർഗമാണ് കുടുംബ ബൈബിളധ്യയനം.
മുമ്പൊക്കെ, സ്നാനമേറ്റിട്ടില്ലാത്ത മക്കൾക്ക് കുടുംബാധ്യയനം നടത്തുന്ന മാതാവോ പിതാവോ മാത്രമേ മണിക്കൂർ റിപ്പോർട്ടു ചെയ്തിരുന്നുള്ളൂ, മാതാപിതാക്കൾ ഇരുവരും സന്നിഹിതരായിരുന്നെങ്കിലും. എന്നാൽ ഇനിമുതൽ അങ്ങനെയല്ല. അധ്യയന സമയത്ത് രണ്ടുപേരും മക്കളെ പഠിപ്പിക്കുന്നതിൽ പങ്കെടുക്കുന്നപക്ഷം ആഴ്ചയിൽ ഒരു മണിക്കൂർ വീതം ഓരോരുത്തർക്കും റിപ്പോർട്ടു ചെയ്യാവുന്നതാണ്. മക്കളെ പഠിപ്പിക്കാൻ പൊതുവെ ഒരു മണിക്കൂറിലേറെ മാതാപിതാക്കൾ ചെലവഴിക്കുന്നുണ്ടെന്നതു ശരിയാണ്. അതിനായി അവർ ചെയ്യുന്ന ശ്രമവും കുറച്ചൊന്നുമല്ല. (ആവ. 6:6-9) എങ്കിലും മാസാവസാനം കൊടുക്കുന്ന റിപ്പോർട്ടിൽ മുഖ്യമായും വയലിൽ ചെലവഴിക്കുന്ന മണിക്കൂറാണ് കാണേണ്ടത്. അതുകൊണ്ട് ഒരു മണിക്കൂറിലേറെയോ, ആഴ്ചയിൽ ഒന്നിലേറെ പ്രാവശ്യമോ, മക്കൾക്ക് വെവ്വേറെയായിട്ടോ അധ്യയനമെടുത്താലും ആഴ്ചയിൽ ഒരു മണിക്കൂറിലധികം റിപ്പോർട്ട് ചെയ്യരുത്. അധ്യയനവും, ആഴ്ചയിലൊരിക്കൽ ഒരു മടക്കസന്ദർശനവും മാതാപിതാക്കളിൽ ഒരാൾക്ക് റിപ്പോർട്ടു ചെയ്യാവുന്നതാണ്.