ചോദ്യപ്പെട്ടി
◼ കുടുംബ ബൈബിളധ്യയനം വയൽസേവന റിപ്പോർട്ടിൽ ഉൾപ്പെടുത്തണമോ?
ഒരു ക്രിസ്തീയ മാതാവോ പിതാവോ നടത്തുന്ന കുടുംബാധ്യയനത്തിൽ സ്നാപനമേറ്റിട്ടില്ലാത്ത കുട്ടികൾ ഉൾപ്പെട്ടിരിക്കുന്നെങ്കിൽ, ആഴ്ചയിൽ പരമാവധി ഒരു മണിക്കൂറും ഒരു മടക്കസന്ദർശനവും മാസത്തിൽ ഒരു ബൈബിളധ്യയനവും റിപ്പോർട്ടു ചെയ്യാവുന്നതാണ്. അധ്യയനം ഒരു മണിക്കൂറിൽ കൂടുതൽ ദീർഘിച്ചാലും, ആഴ്ചയിൽ ഒരു പ്രാവശ്യത്തിൽ കൂടുതൽ നടത്തിയാലും കുട്ടികൾക്ക് വ്യക്തിപരമായി നടത്തിയാലും ഇതുതന്നെ ബാധകമാണ്.—നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 104-ാം പേജ് കാണുക.
വീട്ടിലുള്ളവരെല്ലാം സ്നാപനമേറ്റവർ ആണെങ്കിൽ സമയമോ അധ്യയനമോ വയൽസേവനത്തിന്റെ ഭാഗമായി റിപ്പോർട്ടു ചെയ്യുന്നില്ല. (ഒരു കുട്ടി സ്നാപനത്തിനു ശേഷം രണ്ടാം പുസ്തകം പഠിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ ഇതു ബാധകമല്ല.) യഹോവയുടെ ദാസരായി സമർപ്പിച്ച് സ്നാപനമേറ്റിട്ടില്ലാത്ത ആളുകളോട് സുവാർത്ത പ്രസംഗിച്ചുകൊണ്ടും അവരെ ബൈബിൾ സത്യം പഠിപ്പിച്ചുകൊണ്ടും ചെയ്യുന്ന വേലയെയാണ് സഭയുടെ വയൽസേവന റിപ്പോർട്ട് പ്രമുഖമായും പ്രതിഫലിപ്പിക്കുന്നത് എന്നതാണ് ഇതിനു കാരണം. (മത്താ. 24:14; 28:19, 20) എന്നിരുന്നാലും, അത്തരമൊരു അധ്യയനം ക്രമമായി നടത്തുന്നതിന്റെ പ്രാധാന്യത്തെ ഇതു യാതൊരു വിധത്തിലും കുറച്ചുകളയുന്നില്ല.
മക്കളോടൊപ്പം ബൈബിൾ പഠിക്കുക എന്നത് ക്രിസ്തീയ മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. ഒരു കുടുംബാധ്യയനം തുടങ്ങുന്നതിനോ അല്ലെങ്കിൽ അതു മെച്ചപ്പെടുത്തുന്നതിനോ സഹായം ആവശ്യമുള്ളവർക്ക് മൂപ്പന്മാരെ സമീപിക്കാവുന്നതാണ്. സഭയുമായി സഹവസിക്കുന്ന ഒരു ക്രിസ്തീയ കുടുംബത്തിലെ സ്നാപനമേറ്റിട്ടില്ലാത്ത ഒരു പുത്രനോ പുത്രിക്കോ വേറൊരു പ്രസാധകൻ അധ്യയനമെടുക്കുന്നത് ഉചിതമായിരിക്കുന്ന ഒരു സാഹചര്യം സംജാതമാകുന്നെങ്കിൽ അതു സംബന്ധിച്ച് അധ്യക്ഷ മേൽവിചാരകനോടോ സേവന മേൽവിചാരകനോടോ അഭിപ്രായം ആരായേണ്ടതാണ്. അത്തരം ഒരു അധ്യയനം നടത്തുന്നതിന് അനുമതി ലഭിക്കുന്നെങ്കിൽ അതു നടത്തുന്ന വ്യക്തിക്ക് താൻ നടത്തുന്ന മറ്റ് അധ്യയനങ്ങൾപോലെതന്നെ അതു റിപ്പോർട്ടു ചെയ്യാവുന്നതാണ്.
മക്കളെ യഹോവയുടെ വഴികളിൽ പരിശീലിപ്പിക്കുന്നതിൽ, വയൽസേവന റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നതിനെക്കാൾ വളരെയധികം സമയവും ശ്രമവും ഉൾപ്പെട്ടിരിക്കുന്നു. (ആവ. 6:6-9; സദൃ. 22:6) മക്കളെ “യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്കരണത്തിലും” വളർത്തിക്കൊണ്ടുവരാനുള്ള തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കുന്നതിന് ക്രിസ്തീയ മാതാപിതാക്കൾ അഭിനന്ദനം അർഹിക്കുന്നു.—എഫെ. 6:4, NW.