പുതിയ സഭായോഗ പട്ടിക
1, 2. 2009 ജനുവരി മുതൽ യോഗപരിപാടികളിൽ എന്തെല്ലാം മാറ്റങ്ങളുണ്ടായിരിക്കും?
1 ലോകമെമ്പാടുമുള്ള നമ്മുടെ സഹോദരങ്ങൾ 2008 ഏപ്രിൽ 21-27 വാരത്തിൽ ഉദ്വേഗജനകമായ ഒരു അറിയിപ്പ് കേൾക്കുകയുണ്ടായി: “2009 ജനുവരി 1 മുതൽ സഭാ പുസ്തകാധ്യയനം, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിനോടും സേവനയോഗത്തോടുമൊപ്പം ഒരേ ദിവസം നടത്തുന്നതായിരിക്കും. സഭാ പുസ്തകാധ്യയനത്തിന്റെ പേര് സഭാ ബൈബിളധ്യയനം എന്നാക്കി മാറ്റും.”
2 പ്രതിവാരയോഗ പട്ടിക: ഗീതങ്ങളും പ്രാർഥനകളും ഉൾപ്പെടെ ഈ യോഗത്തിനായി പട്ടികപ്പെടുത്തിയിരിക്കുന്നത് 1 മണിക്കൂർ 45 മിനിട്ടാണ്. ഗീതത്തോടും പ്രാർഥനയോടുംകൂടെ (5 മിനി.) യോഗം ആരംഭിക്കും. സഭാ ബൈബിളധ്യയനമാണ് (25 മിനി.) ആദ്യം; അതേത്തുടർന്ന് ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ (30 മിനി.). അതിനുശേഷം ഗീതത്തോടെ (5 മിനി.) സേവനയോഗം (35 മിനി.) ആരംഭിക്കും. ഗീതത്തോടും പ്രാർഥനയോടുംകൂടെ (5 മിനി.) യോഗം അവസാനിക്കും. ഈ യോഗങ്ങൾക്കു തയ്യാറാകുന്നതിന് നിങ്ങളെ സഹായിക്കുന്നതിനായി സഭാ ബൈബിളധ്യയനത്തിന്റെയും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിന്റെയും സേവനയോഗത്തിന്റെയും പട്ടിക ഓരോ മാസവും നമ്മുടെ രാജ്യ ശുശ്രൂഷയിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
3. സഭാ ബൈബിളധ്യയനം എങ്ങനെയായിരിക്കും നടത്തപ്പെടുക?
3 സഭാ ബൈബിളധ്യയനം: വീക്ഷാഗോപുര അധ്യയനത്തിന്റെ മാതൃകയിലായിരിക്കും ഇതു നടത്തുക. മുൻവാരത്തിൽ പഠിച്ച ഭാഗത്തിന്റെ പുനരവലോകനത്തോടെ അധ്യയനം തുടങ്ങേണ്ടതില്ല. ചെറിയൊരു മുഖവുര മതിയാകും. അങ്ങനെയാകുമ്പോൾ, സന്നിഹിതരായിരിക്കുന്ന എല്ലാവർക്കും ഹ്രസ്വമായ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് പങ്കുപറ്റാനുള്ള സമയം ലഭിക്കും. അധ്യയനം നിർവഹിക്കാനുള്ള നിയമനം മൂപ്പന്മാർക്കു നൽകുന്നത് അധ്യക്ഷമേൽവിചാരകന്റെ മേൽനോട്ടത്തിലായിരിക്കും. ഓരോ ആഴ്ചയും വ്യത്യസ്ത മൂപ്പന്മാർ അധ്യയനം നടത്തും.
4. സേവനയോഗത്തിൽ ഏതു പൊരുത്തപ്പെടുത്തൽ വരുത്തിയിരിക്കും?
4 സേവനയോഗം: അനുവദിച്ചിരിക്കുന്ന സമയം കുറവാണ് എന്നതൊഴിച്ചാൽ സേവനയോഗ പരിപാടികൾക്കു കാര്യമായ മാറ്റമൊന്നുമില്ല. അറിയിപ്പുകൾ സാധാരണഗതിയിൽ അഞ്ചു മിനിട്ടായിരിക്കും. പ്രധാനപ്പെട്ട അറിയിപ്പുകൾ നടത്തുന്നതിനും ബ്രാഞ്ചോഫീസിൽനിന്നുള്ള പ്രത്യേകകത്തുകൾ വായിക്കുന്നതിനും ഈ സമയം മതിയാകും. വയൽസേവന ക്രമീകരണം, ശുചീകരണ നിയമനങ്ങൾ, കണക്കുറിപ്പോർട്ട്, ബ്രാഞ്ചോഫീസിൽനിന്ന് സാധാരണ വരുന്ന കത്തുകൾ തുടങ്ങിയ അറിയിപ്പുകൾ സ്റ്റേജിൽനിന്നു വായിക്കേണ്ടതില്ല; നോട്ടീസ് ബോർഡിൽ ഇട്ടാൽമതി. പരിപാടികൾ നടത്താൻ നിയമനം ലഭിക്കുന്നവർ നന്നായി തയ്യാറാകുകയും കൃത്യസമയം പാലിക്കുകയും നൽകിയിരിക്കുന്ന നിർദേശങ്ങളോടു പറ്റിനിൽക്കുകയും വേണം.
5. സന്ദർശനവാരത്തിലെ സഭായോഗം പട്ടികപ്പെടുത്തിയിരിക്കുന്നത് എങ്ങനെ?
5 സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനം: സർക്കിട്ട് മേൽവിചാരകൻ സന്ദർശിക്കുന്ന വാരത്തിലെ പട്ടികയ്ക്ക് മാറ്റമൊന്നുമില്ല. ചൊവ്വാഴ്ച ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിനും സേവനയോഗത്തിനും ശേഷം ഒരു ഗീതത്തോടെ സർക്കിട്ട് മേൽവിചാരകൻ 30 മിനിട്ടുനേരത്തെ പ്രസംഗം നിർവഹിക്കും. ഇപ്പോഴത്തെപ്പോലെതന്നെ, സന്ദർശനവാരത്തിലെ മറ്റൊരു ദിവസമായിരിക്കും സഭാ ബൈബിളധ്യയനം. തുടർന്ന് ഒരു ഗീതത്തിനുശേഷം സർക്കിട്ട് മേൽവിചാരകന്റെ സേവനപ്രസംഗം ഉണ്ടായിരിക്കും. ഗീതത്തോടും പ്രാർഥനയോടുംകൂടെ യോഗം അവസാനിക്കും.
6. ഗ്രൂപ്പ് മേൽവിചാരകന്റെ ഉത്തരവാദിത്വമെന്ത്?
6 വയൽസേവന യോഗം: വയൽസേവനക്കൂട്ടങ്ങളെ നയിക്കാനും അതിലെ അംഗങ്ങളെ പരിപാലിക്കാനുമായി മൂപ്പന്മാരുടെ സംഘം “ഗ്രൂപ്പ് മേൽവിചാരക”ന്മാരെ നിയമിക്കുന്നതായിരിക്കും. വയൽസേവനക്കൂട്ടത്തിന്റെ മേൽനോട്ടം ഒരു ശുശ്രൂഷാദാസനാണെങ്കിൽ “ഗ്രൂപ്പ് ദാസൻ” എന്നായിരിക്കും അദ്ദേഹം അറിയപ്പെടുക.
7. ഈ പുതിയ സഭായോഗ ക്രമീകരണത്തിൽനിന്ന് നമുക്ക് എന്തു പ്രതീക്ഷിക്കാം?
7 ഇതുവരെ ചിന്തിച്ച കാര്യങ്ങളിൽനിന്ന് വ്യക്തമാകുന്നതുപോലെ, യഹോവയുമായി ശക്തമായൊരു ബന്ധം വളർത്തിയെടുക്കാൻ സഹായകമായ പ്രബോധനാത്മകവും പ്രോത്സാഹനദായകവുമായ ആത്മീയ വിവരങ്ങളാണ് ഈ ക്രമീകരണത്തിലൂടെ നമുക്കു ലഭിക്കുക. വയലിൽ ഏറെ ഫലം പുറപ്പെടുവിക്കാൻ കഴിയുന്ന ശുശ്രൂഷകരായിരിക്കാൻ ഇതു നമ്മെ പ്രാപ്തരാക്കും.—എഫെ. 4:13-15; 2 തിമൊ. 3:16, 17.
8. മുന്നമേ തയ്യാറാകുന്നത് നമുക്കും മറ്റുള്ളവർക്കും പ്രയോജനം ചെയ്യുന്നതെങ്ങനെ?
8 മുന്നമേ തയ്യാറാകുന്നത് ഓരോ യോഗത്തിലും കേൾക്കുന്ന മുഖ്യാശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മെ സഹായിക്കും. അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് പരസ്പരം പ്രോത്സാഹിപ്പിക്കാനുള്ള അവസരം എല്ലാവർക്കും ലഭിക്കും. (റോമ. 1:11, 12; എബ്രാ. 10:24, 25) സത്യവചനം ശരിയായവിധത്തിൽ കൈകാര്യം ചെയ്തുകൊണ്ട് ‘നമ്മുടെ അഭിവൃദ്ധി പ്രസിദ്ധമാക്കുക’ എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.—1 തിമൊ. 4:15; 2 തിമൊ. 2:15.
9. നമ്മുടെ തീരുമാനം എന്താണ്, എന്തുകൊണ്ട്?
9 ഈ പുതിയ ക്രമീകരണത്തിൽ നാം സന്തുഷ്ടരല്ലേ? വിശ്വസ്തനും വിവേകിയുമായ അടിമ നൽകുന്ന മാർഗനിർദേശം നമുക്കു തുടർന്നും അനുസരിക്കാം. അതുപോലെ, പടിവാതിൽക്കൽ എത്തിനിൽക്കുന്ന “മഹാകഷ്ട”ത്തിനായി നമ്മെ ഒരുക്കിക്കൊണ്ടിരിക്കുന്ന നമ്മുടെ വലിയ ഇടയനോടു പറ്റിനിൽക്കുകയും ചെയ്യാം.—മത്താ. 24:21, 45; എബ്രാ. 13:20, 21; വെളി. 7:14.