സ്മാരകം പരസ്യപ്പെടുത്താനുള്ള പ്രത്യേക പ്രചാരണപരിപാടി
1. ലോകമെമ്പാടുമുള്ള രാജ്യഘോഷകർ 2009 മാർച്ച് 21 മുതൽ എന്തിൽ ഏർപ്പെടും, എന്തുകൊണ്ട്?
1 യഹോവയാം ദൈവം മനുഷ്യവർഗത്തോടു കാണിച്ച ഉത്കൃഷ്ടമായ സ്നേഹം അനുസ്മരിക്കാൻ ലോകമെമ്പാടുമുള്ള അവന്റെ ആരാധകർ 2009 ഏപ്രിൽ 9 വ്യാഴാഴ്ച കൂടിവരും. (റോമ. 5:6-8) യേശുവിന്റെ മരണത്തിന്റെ സ്മാരകം നാം ആചരിക്കുമ്പോൾ താത്പര്യക്കാരായ ദശലക്ഷങ്ങൾ നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്നാണ് നമ്മുടെ പ്രതീക്ഷ. സ്മാരകത്തിനുള്ള ഒരു പ്രത്യേക ക്ഷണക്കത്ത് മാർച്ച് 21 മുതൽ ലോകമെമ്പാടും നാം വിതരണം ചെയ്യുന്നതായിരിക്കും.
2. ക്ഷണക്കത്ത് നൽകുമ്പോൾ ഏതെല്ലാം കാര്യങ്ങൾ ഓർക്കണം?
2 ഓർക്കേണ്ട കാര്യങ്ങൾ: എതിർപ്പു നേരിട്ടിട്ടുള്ള പ്രദേശങ്ങളിൽ വളരെ ജാഗ്രതയോടും വിവേകത്തോടും കൂടെ വേണം പ്രവർത്തിക്കാൻ. കാണുന്ന എല്ലാവർക്കും ക്ഷണക്കത്തു നൽകാതെ സത്യം പഠിക്കാൻ യഥാർഥ താത്പര്യമുണ്ടെന്നു നിങ്ങൾക്കു തോന്നുന്നവർക്കു മാത്രം അതു നൽകുക. ക്ഷണക്കത്തിലെ ചിത്രങ്ങളും ചോദ്യങ്ങളും, കൂടാതെ അതിൽ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളും നന്നായി ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കുക. ഉദാഹരണത്തിന്, പുറംപേജിലെ ചിത്രം കാണിച്ചുകൊണ്ട് ഇങ്ങനെ പറയാവുന്നതാണ്: “2009 ഏപ്രിൽ 9 വ്യാഴാഴ്ച ഞങ്ങൾ യേശുവിന്റെ മരണത്തിന്റെ സ്മാരകം ആചരിക്കും. താങ്കളും ഒപ്പമുണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” എന്നിട്ട് ക്ഷണക്കത്തിന്റെ ശീർഷകവും നൽകിയിരിക്കുന്ന ചോദ്യങ്ങളും ശ്രദ്ധയിൽ പെടുത്തുക. വീട്ടുകാരന് തന്റെ കുടുംബത്തെ ഉൾപ്പെടെ ഇഷ്ടമുള്ള ആരെയും കൂടെക്കൊണ്ടുവരാവുന്നതാണ് എന്ന് എടുത്തുപറയുക.
3. പ്രചാരണപരിപാടിക്കിടയിൽ നിങ്ങൾ ക്ഷണക്കത്തു നൽകിയവരെ വീണ്ടും എങ്ങനെ പ്രോത്സാഹിപ്പിക്കാം?
3 വാരാന്തങ്ങളിൽ ക്ഷണക്കത്തിനൊപ്പം മാസികകളും നൽകുക. നിങ്ങൾ മടക്കസന്ദർശനം ക്രമീകരിച്ചിട്ടുള്ളവർ, നിങ്ങളുടെ ബൈബിൾവിദ്യാർഥികൾ, ബന്ധുക്കൾ, സഹപാഠികൾ, സഹപ്രവർത്തകർ, അയൽക്കാർ, പരിചയക്കാർ എന്നിവരെയെല്ലാം ക്ഷണിക്കാവുന്നതാണ്. കഴിഞ്ഞ വർഷം ഒരു സഹോദരി 30 ബന്ധുക്കളെ സ്മാരകത്തിനു ക്ഷണിച്ചു. പിന്നീട്, ആ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടെക്കൂടെ അവരെ ഓർമിപ്പിക്കുകയും ചെയ്തു. ബന്ധുക്കളിൽ 25 പേർ സ്മാരകാചരണത്തിൽ പങ്കെടുക്കുകയും അവരിൽ 4 പേർ പിന്നീട് ബൈബിൾ പഠിക്കാൻ തുടങ്ങുകയും ചെയ്തു. ആ സഹോദരിക്കുണ്ടായ സന്തോഷം എത്രയെന്ന് നിങ്ങൾക്ക് ഊഹിക്കാനാകുന്നുണ്ടോ?
4. ഇപ്പോൾത്തന്നെ നാം എന്ത് ആസൂത്രണങ്ങൾ ചെയ്യണം, എന്തുകൊണ്ട്?
4 ഇപ്പോൾത്തന്നെ ആസൂത്രണം ചെയ്യുക: മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കൂടുതൽ സമയം വയൽപ്രവർത്തനത്തിൽ ഏർപ്പെടാൻ പല പ്രസാധകർക്കും സാധിച്ചേക്കും. നിങ്ങളുടെ മക്കളോ ബൈബിൾ വിദ്യാർഥികളോ ആത്മീയാഭിവൃദ്ധി വരുത്തിയിട്ടുണ്ടെങ്കിൽ സ്നാനപ്പെടാത്ത പ്രസാധകരാകാനുള്ള നല്ലൊരു അവസരമായിരിക്കും അത്. യഹോവയും യേശുവും കാണിച്ച മഹത്തായ സ്നേഹത്തെ അനുസ്മരിക്കുന്ന വേളയെ പരസ്യപ്പെടുത്തുന്ന ഈ പ്രചാരണപരിപാടിയിൽ പൂർണപങ്കുണ്ടായിരിക്കാൻ ഇപ്പോൾത്തന്നെ ആവശ്യമായ ശ്രമങ്ങൾ തുടങ്ങുക.—യോഹ. 3:16; 15:13.