മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ജനുവരി - മാർച്ച്
“വർധിച്ചുവരുന്ന ജീവിതസമ്മർദങ്ങൾ പല വിവാഹബന്ധങ്ങളിലും വിള്ളൽവീഴ്ത്തുന്നു. ദാമ്പത്യബന്ധം ബലിഷ്ഠമാക്കാൻ ഭാര്യാഭർത്താക്കന്മാരെ എന്തു സഹായിക്കുമെന്നാണ് നിങ്ങൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] വിവാഹജീവിതത്തിൽ സന്തുഷ്ടി നിലനിറുത്താൻ സഹായിക്കുന്ന മാർഗനിർദേശങ്ങളിലൊന്ന് ഒരു പുരാതന ഗ്രന്ഥത്തിൽനിന്നു ഞാൻ വായിച്ചുകേൾപ്പിക്കട്ടേ? [വീട്ടുകാരൻ താത്പര്യം കാണിക്കുന്നപക്ഷം എഫെസ്യർ 5:32 വായിക്കുക.] ദാമ്പത്യപ്രതിബദ്ധത കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന മാർഗനിർദേശങ്ങൾ ഈ ലേഖനത്തിലുണ്ട്.” 12-ാം പേജിലെ ലേഖനം വിശേഷവത്കരിക്കുക.
ഉണരുക! ജനുവരി - മാർച്ച്
ജീവിതവിജയം നേടാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും, അതുകൊണ്ടുതന്നെ അത് ആളുകൾക്കിടയിലെ ഒരു പ്രധാന സംസാരവിഷയമാണ്. എന്നാൽ വാസ്തവത്തിൽ എന്താണ് വിജയം? [പ്രതികരിക്കാൻ അനുവദിക്കുക.] യഥാർഥ വിജയത്തിലേക്കു നയിക്കുന്ന തിരുവെഴുത്തധിഷ്ഠിതമായ ചില പടികൾ ഞാൻ കാണിച്ചുതരട്ടേ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ സങ്കീർത്തനം 1:1-3 വായിക്കുക.] ഈ ലേഖനം വിജയത്തിലേക്കുള്ള ആറു പടികൾ വിശദീകരിക്കുന്നു.” 6-ാം പേജിലെ ലേഖനം വിശേഷവത്കരിക്കുക.
വീക്ഷാഗോപുരം ഏപ്രിൽ - ജൂൺ
അനേകം ആളുകൾക്കും മരിച്ചവരെ ഭയമാണ്. എന്നാൽ മരിച്ചവരുടെ അവസ്ഥയെക്കുറിച്ച് നിങ്ങൾ എന്തു വിചാരിക്കുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] ഇതു സംബന്ധിച്ച് നമ്മുടെ സ്രഷ്ടാവ് എന്താണു പറഞ്ഞിരിക്കുന്നതെന്ന് ഞാൻ കാണിച്ചുതരട്ടേ? [വീട്ടുകാരൻ അനുകൂലമായി പ്രതികരിക്കുന്നെങ്കിൽ ഉല്പത്തി 3:19 വായിക്കുക.] മരിച്ചവരെ ഭയക്കേണ്ടതില്ലാത്തതിന്റെ കൂടുതലായ ചില കാരണങ്ങൾ ഈ ലേഖനം ചർച്ചചെയ്യുന്നു.” 12-ാം പേജിൽ ആരംഭിക്കുന്ന ലേഖനം കാണിക്കുക.
ഉണരുക! ഏപ്രിൽ - ജൂൺ
പ്രശ്നങ്ങൾ നേരിടുമ്പോൾ അത് ദൈവത്തിൽനിന്നുള്ള ശിക്ഷയാണെന്ന് അനേകർ കരുതുന്നു. നിങ്ങൾക്ക് എന്നെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. വീട്ടുകാരനു താത്പര്യമുണ്ടെന്നു തോന്നുന്നെങ്കിൽ അദ്ദേഹത്തിന്റെ അനുവാദത്തോടെ യാക്കോബ് 1:13 വായിക്കുക.] നാം അനുഭവിക്കുന്ന പ്രശ്നങ്ങളുടെ യഥാർഥ കാരണത്തെക്കുറിച്ചും നമ്മുടെ എല്ലാ പ്രശ്നങ്ങളും പെട്ടെന്നുതന്നെ തീരുമെന്നു വിശ്വസിക്കാനാകുന്നത് എന്തുകൊണ്ടെന്നും ഈ ലേഖനം വിശദീകരിക്കുന്നു.” 17-ാം പേജിലെ ലേഖനം പരിചയപ്പെടുത്തുക.