ലളിതമായി പഠിപ്പിക്കുക
1. ഫലകരമായ പഠിപ്പിക്കലിന്റെ ഒരു മുഖ്യ സവിശേഷതയെന്ത്?
1 ഫലകരമായ പഠിപ്പിക്കലിന്റെ ഒരു മുഖ്യ സവിശേഷതയാണ് ലാളിത്യം. യേശുവിന്റെ പഠിപ്പിക്കൽരീതി അനുകരിക്കുകവഴി നമുക്കും നമ്മുടെ “പ്രബോധനപാടവം” മെച്ചപ്പെടുത്താനാകും.—2 തിമൊ. 4:2; യോഹ. 13:13.
2. ലളിതമായി പഠിപ്പിക്കുന്നതിൽ എന്തുൾപ്പെട്ടിരിക്കുന്നു, അതിന് എന്തു ഫലമുണ്ട്?
2 ഭാഷ ലളിതമായിരിക്കട്ടെ: മനുഷ്യൻ എക്കാലത്തും പ്രസ്താവിച്ചിട്ടുള്ളതിലേക്കും ശക്തമായ ചില സത്യങ്ങൾ ഗിരിപ്രഭാഷണത്തിൽ അടങ്ങിയിരുന്നുവെങ്കിലും അവയെല്ലാം വളരെ ലളിതമായ ഭാഷയിലായിരുന്നു അവതരിപ്പിച്ചത്. (മത്താ. അധ്യാ. 5-7) യേശുവിനെ ശ്രദ്ധിച്ചുകൊണ്ടിരുന്നവർ “അവന്റെ പഠിപ്പിക്കലിൽ വിസ്മയിച്ചു”പോയി. “ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരിക്കലും സംസാരിച്ചിട്ടില്ല” എന്ന് യേശുവിനെ അറസ്റ്റുചെയ്യാൻ പോയ ഭടന്മാർ പറഞ്ഞതായി നാം വായിക്കുന്നു. (മത്താ. 7:28, 29; യോഹ. 7:46) സത്യം വ്യക്തമായി മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിന് വിഷമംപിടിച്ച വാക്കുകളും പ്രയോഗങ്ങളും വിശദമായ ദൃഷ്ടാന്തങ്ങളും മറ്റും നാം ഉപയോഗിക്കേണ്ടതില്ല. സാധാരണ വാക്കുകളിലൂടെ സത്യം വ്യക്തമായി വിശദീകരിച്ചുകൊടുക്കുക സാധ്യമാണ്.
3. ധാരാളം കാര്യങ്ങൾ ഒറ്റയടിക്കു പഠിപ്പിക്കാൻ ചിലർ ശ്രമിക്കുന്നതെന്തുകൊണ്ട്, അതെങ്ങനെ ഒഴിവാക്കാം?
3 എത്രത്തോളം പഠിപ്പിക്കണം: തന്റെ സദസ്സിനെ കണക്കിലെടുത്തുകൊണ്ടാണ്, എത്രത്തോളം വിവരങ്ങൾ ഒരു സമയത്ത് പകർന്നുകൊടുക്കണമെന്ന് യേശു തീരുമാനിച്ചത്. (യോഹ. 16:12) നമ്മളും അതുപോലെ വഴക്കമുള്ളവരായിരിക്കണം, വിശേഷിച്ചും ബന്ധുക്കളോടും താത്പര്യക്കാരോടും കുട്ടികളോടുമൊക്കെ സാക്ഷീകരിക്കുമ്പോൾ. അവർ ശ്രദ്ധിക്കുന്നുണ്ടെന്നു തോന്നുമ്പോൾത്തന്നെ ആവശ്യത്തിലേറെ വിവരങ്ങൾ അവതരിപ്പിക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. സത്യദൈവമായ യഹോവയെക്കുറിച്ചു കൂടുതലായി പഠിക്കാൻ ആത്മാർഥഹൃദയരായ ആളുകൾ സദാ സന്നദ്ധരായിരിക്കും.—യോഹ. 17:3; 1 കൊരി. 3:6.
4. അനാവശ്യ വിശദാംശങ്ങളിലേക്കു കടക്കാതെ മുഖ്യപോയിന്റുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഫലപ്രദമായിരിക്കുന്നത് എന്തുകൊണ്ട്?
4 മുഖ്യപോയിന്റുകൾക്ക് ഊന്നൽനൽകുക: അനേകം വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് യേശു തന്റെ പഠിപ്പിക്കലിനെ സങ്കീർണമാക്കിയില്ല. ഉദാഹരണത്തിന്, “സ്മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ ശബ്ദം കേട്ടു പുറത്തുവരുന്ന സമയം വരുന്നു” എന്നു പറഞ്ഞപ്പോൾ, രണ്ടു വിധത്തിലുള്ള പുനരുത്ഥാനത്തെക്കുറിച്ചു വിവരിക്കാൻ അവൻ അപ്പോൾ മുതിർന്നില്ല. (യോഹ. 5:28, 29) ബൈബിളധ്യയനം നടത്തുമ്പോൾ മുഖ്യപോയിന്റുകൾക്കു ശ്രദ്ധകൊടുക്കുക, പുസ്തകത്തിലില്ലാത്ത വിവരങ്ങൾ അനാവശ്യമായി ഉൾപ്പെടുത്താതിരിക്കുക.
5. ലളിതമായി പഠിപ്പിക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?
5 അറിയേണ്ട കാര്യങ്ങളെല്ലാം യഹോവ നമുക്കു ലളിതമായി പറഞ്ഞുതന്നിരിക്കുന്നതിൽ നാമെത്ര നന്ദിയുള്ളവരാണ്! (മത്താ. 11:25) അതുകൊണ്ട് നമുക്കും ലളിതമായി പഠിപ്പിക്കാം, അങ്ങനെ നമ്മുടെ ശുശ്രൂഷ ഫലപ്രദമാക്കുകയും അതിന്റെ സന്തോഷം അനുഭവിക്കുകയും ചെയ്യാം.