അടിയന്തിരതയോടെ പ്രസംഗിക്കുക!
1. പൗലോസിന്റെ ഏത് ഉദ്ബോധനം നമ്മുടെയും ശ്രദ്ധയർഹിക്കുന്നു?
1 “വചനം പ്രസംഗിക്കുക; . . . അടിയന്തിരതയോടെ അതു ചെയ്യുക.” (2 തിമൊ. 4:2) പൗലോസിന്റെ ഈ ഉദ്ബോധനത്തിന് നമ്മുടെ നാളിൽ ഇത്ര പ്രാധാന്യമുള്ളത് എന്തുകൊണ്ടാണ്? ഈ വാക്കുകൾ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു?
2. സുവാർത്ത കേട്ടിട്ടില്ലാത്തവരെ കണ്ടെത്താനായി നാം ഉത്സാഹപൂർവം ശ്രമിക്കേണ്ടത് എന്തുകൊണ്ട്?
2 ജീവൻ ഉൾപ്പെട്ടിരിക്കുന്നു: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ രക്ഷയിലേക്കു നയിക്കുന്ന സുവാർത്ത ഇനിയും കേൾക്കേണ്ടതായിട്ടുണ്ട്. (റോമ. 10:13-15; 1 തിമൊ. 4:16) കൂടെക്കൂടെ പ്രവർത്തിച്ചിട്ടുള്ള പ്രദേശങ്ങളിൽപ്പോലും സത്യതത്പരരായ ആളുകളെ ഇപ്പോഴും കണ്ടെത്താനാകുന്നു. മറ്റൊരു ദിവസമോ മറ്റൊരു സമയത്തോ വീടുകൾ സന്ദർശിക്കുന്നതിലൂടെയാണ് പലപ്പോഴും അതിനു കഴിയുന്നത്. ആളുകളെ കണ്ടെത്താൻ ഉത്സാഹത്തോടെ നാം ശ്രമിക്കുന്നെങ്കിൽ നമുക്ക് ഒരു ശുദ്ധമനസ്സാക്ഷി ഉണ്ടായിരിക്കുമെന്നു മാത്രമല്ല, രക്തപാതകക്കുറ്റത്തിൽനിന്ന് ഒഴിഞ്ഞിരിക്കാനുമാകും.—പ്രവൃ. 20:26.
3. ശുശ്രൂഷയിലായിരിക്കെ നമുക്ക് എങ്ങനെ സമയം ബുദ്ധിപൂർവം ഉപയോഗിക്കാം?
3 ശക്തമായ എതിർപ്പ് ഉണ്ടായിരുന്നെങ്കിലും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ‘യെരുശലേമിനെ അവരുടെ ഉപദേശംകൊണ്ടു നിറച്ചു.’ (പ്രവൃ. 5:28) പ്രവർത്തിക്കേണ്ട പ്രദേശത്തെക്കുറിച്ചു മൂപ്പന്മാർ നൽകുന്ന നിർദേശങ്ങളും അവിടത്തെ ആളുകളുടെ മതവികാരങ്ങളും കണക്കിലെടുത്തുകൊണ്ട് ‘സമഗ്രമായി സാക്ഷീകരിക്കാൻ’ ആദിമക്രിസ്ത്യാനികളെപ്പോലെതന്നെ നാമും ദൃഢചിത്തരാണോ? (പ്രവൃ. 10:42) ശുശ്രൂഷയിലായിരിക്കെ സമയം ഒട്ടും പാഴാക്കാതെ നാം ബുദ്ധിപൂർവം പ്രവർത്തിക്കാറുണ്ടോ? കൂട്ടത്തിലുള്ള മറ്റു സഹോദരങ്ങൾക്കായി കാത്തുനിൽക്കേണ്ടി വരുന്നെങ്കിൽ, അതുവഴി കടന്നുപോകുന്നവരോടു സംസാരിക്കാൻ നാം നയപൂർവം മുൻകൈ എടുക്കാറുണ്ടോ?
4. പ്രസംഗവേലയിൽ അടിയന്തിരതയോടെ പ്രവർത്തിക്കുന്നത് ജാഗ്രതയുള്ളവരായിരിക്കാൻ നമ്മെ സഹായിക്കുന്നത് എങ്ങനെ?
4 ജാഗ്രതയുള്ളവരായിരിക്കാൻ സഹായിക്കുന്നു: ഈ വ്യവസ്ഥിതിയുടെ അന്ത്യം ആസന്നമായിരിക്കെ, നാം ഉണർവും ജാഗ്രതയും ഉള്ളവരായിരിക്കണം. (1 തെസ്സ. 5:1-6) രാജ്യപ്രത്യാശയെക്കുറിച്ച് നാം മറ്റുള്ളവരോട് കൂടെക്കൂടെ സംസാരിക്കുന്നെങ്കിൽ ഈ ലോകത്തിന്റെ ചിന്തകളാൽ ഭാരപ്പെടുന്നത് ഒഴിവാക്കാൻ നമുക്ക് സാധിക്കും. (ലൂക്കോ. 21:34-36) അങ്ങനെ, യഹോവയുടെ ദിവസം “സദാ മനസ്സിൽ” അടുപ്പിച്ചു നിറുത്തുമ്പോൾ ജീവരക്ഷാകരമായ പ്രസംഗവേലയിൽ കൂടുതലായി പങ്കെടുക്കാൻ നാം പ്രേരിതരാകും.—2 പത്രോ. 3:11, 12.
5. ജീവനോടുള്ള ആദരവ് ശുശ്രൂഷയിൽ നമ്മെ സഹായിക്കുന്നതെങ്ങനെ?
5 അടിയന്തിരതയോടെ പ്രസംഗവേലയിൽ ഏർപ്പെടുമ്പോൾ, ജീവനെ സംബന്ധിച്ച് യഹോവയ്ക്കുള്ള അതേ വീക്ഷണമാണ് നമുക്കുള്ളതെന്നു തെളിയിക്കുകയായിരിക്കും നാം. “ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരത്തിലേക്കു വരാൻ” അവൻ ആഗ്രഹിക്കുന്നുവെന്ന് തിരുവെഴുത്തുകൾ പറയുന്നു. (2 പത്രോ. 3:9; യെഹെ. 33:11) അതുകൊണ്ട് നമ്മുടെ പ്രദേശത്ത് കഴിയുന്നത്ര ആളുകളെ കണ്ടുമുട്ടാനും അങ്ങനെ യഹോവയ്ക്കു മഹത്ത്വം കരേറ്റാനും ആയിരിക്കട്ടെ നമ്മുടെ ദൃഢതീരുമാനം!—സങ്കീ. 109:30.