“വന്ന് എന്നെ അനുഗമിക്കുക”
1. വരും മാസങ്ങളിലെ സഭാ ബൈബിളധ്യയനത്തിൽ നമുക്ക് എന്തിനുള്ള അവസരമുണ്ട്?
1 യേശുവിന്റെ ഭൗമിക ജീവിതത്തെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്ന നാലുസുവിശേഷങ്ങൾ, ദൈവപുത്രനെ അടുത്തറിയാൻ നമ്മെ സഹായിക്കുന്നു. ക്രിസ്ത്യാനികളെന്നനിലയിൽ നാം “അവന്റെ കാൽച്ചുവടുകൾ അടുത്തു പിന്തുട”രേണ്ടതുണ്ട്. അതിനാൽ ഏപ്രിൽ 18-ന് ആരംഭിക്കുന്ന വാരംമുതൽ സഭാ ബൈബിളധ്യയനത്തിൽ, “വന്ന് എന്നെ അനുഗമിക്കുക” എന്ന പുസ്തകം പഠിക്കുമ്പോൾ നന്നായി തയ്യാറായി വരുകയും അടുത്ത ശ്രദ്ധ നൽകുകയും ചെയ്യുക. (1 പത്രോ. 2:21; മർക്കോ. 10:21) യേശുവിന്റെ ജീവിതത്തിലെ, ശുശ്രൂഷയിൽ നമുക്കു പ്രയോജനംചെയ്യുന്ന വശങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നത് മൂല്യവത്താണ്.
2. സഹിഷ്ണുതയുടെ കാര്യത്തിൽ യേശുവെച്ച മാതൃക നമുക്ക് എങ്ങനെ പ്രയോജനംചെയ്യും?
2 യേശുവിന്റെ മാതൃക: വീടുതോറും പ്രസംഗിക്കവെ, അനുകൂലമല്ലാത്ത പ്രതികരണങ്ങൾ നിങ്ങൾക്കു നേരിട്ടിട്ടുണ്ടോ? അത്തരം എതിർപ്പുകൾ ഉണ്ടാകുമ്പോൾ യേശുവിന്റെ പിൻവരുന്ന വാക്കുകളായിരിക്കും നിങ്ങളുടെ മനസ്സിലേക്കു വരുന്നത്: “അവർ എന്നെ പീഡിപ്പിച്ചെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും.” (യോഹ. 15:20) ആളുകൾ സുവാർത്തയ്ക്കു ചെവികൊടുക്കാത്ത എല്ലാ സാഹചര്യങ്ങളെയും പീഡനമായി കണക്കാക്കാനാവില്ല എന്നതു ശരിയാണ്. യേശുവിന്റെ കാര്യത്തിൽ, ഏതുതരത്തിലുള്ള പരിശോധനകൾ നേരിട്ടപ്പോഴും സഹിച്ചുനിൽക്കാൻ അവനെ സഹായിച്ചത് “മുമ്പിൽ വെച്ചിരുന്ന സന്തോഷമാണ്.” സമാനമായി, യഹോവയുടെ അംഗീകാരവും വിശ്വസ്ത ഗതിക്കുള്ള പ്രതിഫലവും നേടുക എന്നതിൽ നമുക്കും ശ്രദ്ധകേന്ദ്രീകരിക്കാനാകും. അങ്ങനെ ചെയ്യുന്നത് ‘മനസ്സുമടുത്ത് തളർന്നുപോകാതിരിക്കാൻ’ നമ്മെ സഹായിക്കും. (എബ്രാ. 12:2, 3; സദൃ. 27:11) ശുശ്രൂഷയിൽ സ്ഥിരോത്സാഹത്തോടെ മുന്നേറുമ്പോൾ ക്രിസ്തുയേശുവിന്റെ പിന്തുണ ലഭിക്കുമെന്ന കാര്യത്തിലും നമുക്ക് ഉറപ്പുള്ളവരായിരിക്കാം.—മത്താ. 28:20.
3. ശുശ്രൂഷയോടുള്ള യേശുവിന്റെ മനോഭാവം നമുക്ക് എങ്ങനെ അനുകരിക്കാം?
3 “അതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്”: യേശുവിന്റെ ജീവിതത്തിൽ ഒന്നാം സ്ഥാനം രാജ്യപ്രസംഗവേലയ്ക്കായിരുന്നു. (ലൂക്കോ. 4:43) ശുശ്രൂഷയ്ക്കായി അവൻ തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. വളരെ അടിയന്തിരതയോടെയാണ് അവൻ അതിനെ വീക്ഷിച്ചത്. ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കാനുള്ള ഒരവസരവും അവൻ പാഴാക്കിയില്ല. യേശുവിന്റെ കാൽച്ചുവടുകളെ പിന്തുടരുന്നവരെന്നനിലയിൽ നമുക്ക് എങ്ങനെ അവന്റെ മാതൃക അനുകരിക്കാം? നാം അനുദിന കാര്യാദികളിൽ ഏർപ്പെടുമ്പോൾ, സുവാർത്ത പങ്കുവെക്കാൻ കഴിയുന്ന ആളുകളെ കണ്ടുമുട്ടാറുണ്ടോ? കഴിയുന്നത്ര ആളുകളെ സുവാർത്ത അറിയിക്കാൻ ക്രിസ്തുവിന്റെ സ്നേഹം നമ്മെ പ്രചോദിപ്പിക്കട്ടെ!—2 കൊരി. 5:14.
4. ശുശ്രൂഷയുടെ ഗുണനിലവാരം വർധിപ്പിക്കാനായി നമുക്ക് എന്തെല്ലാം ചെയ്യാനാകും?
4 “ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരിക്കലും സംസാരിച്ചിട്ടില്ല”: യേശുവിന്റെ പഠിപ്പിക്കൽരീതി അവന്റെ ശ്രോതാക്കളെ വിസ്മയഭരിതരാക്കി. (യോഹ. 7:46; മത്താ. 7:28, 29) മറ്റ് ഉപദേഷ്ടാക്കളിൽനിന്ന് അവനെ വ്യത്യസ്തനാക്കിയത് എന്താണ്? താൻ പഠിപ്പിച്ച സത്യത്തെയും പഠിപ്പിച്ച ആളുകളെയും അവൻ സ്നേഹിച്ചു. ആളുകളെ പഠിപ്പിക്കാൻ അവൻ വ്യത്യസ്ത മാർഗങ്ങൾ അവലംബിച്ചു. യേശുവെന്ന മഹാനായ അധ്യാപകനെ അനുകരിക്കുന്നെങ്കിൽ ശുശ്രൂഷയുടെ ഗുണനിലവാരം വർധിപ്പിക്കാൻ നമുക്കു കഴിയും.—ലൂക്കോ. 6:40.
5. “വന്ന് എന്നെ അനുഗമിക്കുക” എന്ന പുസ്തകം പഠിക്കുമ്പോൾ എന്തായിരിക്കണം നമ്മുടെ ലക്ഷ്യം?
5 യേശുവിന്റെ ജീവിതത്തിൽനിന്നു നമുക്കു പഠിക്കാനാകുന്ന മൂല്യവത്തായ ചില കാര്യങ്ങളാണ് നാം പരിചിന്തിച്ചത്. കൂടുതലായി മറ്റെന്തെല്ലാം നിങ്ങൾക്കു പഠിക്കാനാകും? സഭാ ബൈബിളധ്യയന വേളയിൽ യേശുവിന്റെ ജീവിതത്തെക്കുറിച്ച് പരിചിന്തിക്കവെ, അവന്റെ വാക്കുകളും പ്രവൃത്തികളും അനുകരിച്ചുകൊണ്ട് ‘ക്രിസ്തുവിന്റെ സ്നേഹം മനസ്സിലാക്കാൻ’ ലക്ഷ്യംവെക്കുക.—എഫെ. 3:19.