ഞാൻ വേണ്ടത്ര പ്രവർത്തിക്കുന്നുണ്ടോ?
1. വിശ്വസ്തനായ ക്രിസ്ത്യാനിക്ക് എന്തെല്ലാം ആകുലതകൾ ഉണ്ടായേക്കാം?
1 നിങ്ങൾ എപ്പോഴെങ്കിലും ഈ ചോദ്യം സ്വയം ചോദിച്ചിട്ടുണ്ടോ? പ്രായാധിക്യമോ ആരോഗ്യപ്രശ്നങ്ങളോ വർധിച്ച കുടുംബ ഉത്തരവാദിത്വങ്ങളോ നിമിത്തം ഒരുപക്ഷേ ശുശ്രൂഷയിലുള്ള നിങ്ങളുടെ പങ്ക് കുറഞ്ഞിട്ടുണ്ടാകും; അത് നിരാശയ്ക്കു കാരണമായേക്കാം. മൂന്നുമക്കളുടെ അമ്മയായ ഒരു സഹോദരി പറഞ്ഞത്, ശുശ്രൂഷയിൽ ചെലവിടേണ്ട സമയത്തിന്റെയും ഊർജത്തിന്റെയും നല്ലൊരു ഭാഗവും വീട്ടുകാര്യങ്ങൾ ചെയ്തു നഷ്ടപ്പെടുകയാണെന്നാണ്. ഇതിൽ സഹോദരിക്ക് ഇടയ്ക്കൊക്കെ കുറ്റബോധവും തോന്നാറുണ്ട്. കാര്യങ്ങൾ സമനിലയോടെ നോക്കിക്കാണാൻ നമ്മെ എന്തു സഹായിക്കും?
2. യഹോവ നമ്മിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നത്?
2 യഹോവ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നത്: ശുശ്രൂഷയിൽ കൂടുതൽ ചെയ്യണമെന്ന ആഗ്രഹമുള്ളവരാണു നാമെല്ലാം. പക്ഷേ നാം മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്: പലപ്പോഴും നാം ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളും നമുക്കു വാസ്തവത്തിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങളും തമ്മിൽ നല്ല അന്തരമുണ്ടായിരിക്കും. കൂടുതൽ ചെയ്യാനുള്ള നമ്മുടെ ആഗ്രഹം ശുശ്രൂഷയിൽ നാം ഉദാസീനരല്ല എന്നതിന്റെ തെളിവാണ്. യഹോവയ്ക്കു നമ്മുടെ പരിമിതികൾ അറിയാം എന്നകാര്യം നാം ഓർക്കേണ്ടതുണ്ട്. അതുപോലെ നമുക്ക് ന്യായമായും ചെയ്യാൻ കഴിയുന്നതിനപ്പുറം യഹോവ ഒരിക്കലും നമ്മിൽനിന്നു പ്രതീക്ഷിക്കുകയില്ല. (സങ്കീ. 103:13, 14) എന്നാൽ എന്തായിരിക്കും അവൻ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നത്? നാം നമ്മുടെ പരമാവധി ചെയ്യണമെന്ന്, അതെ നാം അവനെ സർവാത്മനാ സേവിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു.—കൊലോ. 3:23.
3. ശുശ്രൂഷയിലെ നമ്മുടെ പങ്കിനെ നമുക്ക് എങ്ങനെ വിലയിരുത്താനാകും?
3 നമുക്കു വാസ്തവത്തിൽ എത്രത്തോളം ചെയ്യാൻ കഴിയുമെന്നു നിർണയിക്കാൻ നമ്മെ എന്തു സഹായിക്കും? നമ്മുടെ സാഹചര്യം വസ്തുനിഷ്ഠമായി വിലയിരുത്താനുള്ള സഹായത്തിനായി യഹോവയോട് അപേക്ഷിക്കാനാകും. (സങ്കീ. 26:2) നമ്മെ നന്നായി അറിയാവുന്ന, തിരുത്താൻ മടിക്കാത്ത, പക്വതയുള്ള, ആശ്രയയോഗ്യനായ ഒരു ക്രിസ്തീയ സുഹൃത്തിനും നമ്മെ സഹായിക്കാൻ കഴിഞ്ഞേക്കും. (സദൃ. 27:9) നമ്മുടെ സാഹചര്യങ്ങൾക്കു മാറ്റം വന്നേക്കാമെന്നതിനാൽ ഇടയ്ക്കിടെ അതു വിലയിരുത്തുന്നതും ഗുണംചെയ്യും.—എഫെ. 5:10.
4. ശുശ്രൂഷയോടു ബന്ധപ്പെട്ട തിരുവെഴുത്തധിഷ്ഠിത ഓർമിപ്പിക്കലുകളെ നാം എങ്ങനെ വീക്ഷിക്കണം?
4 ഓർമിപ്പിക്കലുകളെ നാം എങ്ങനെ കാണണം? ഒരു ഓട്ടമത്സരം നടക്കുമ്പോൾ കാണികൾ ഓട്ടക്കാരെ കയ്യടിച്ചു പ്രോത്സാപ്പിക്കാറുണ്ട്. ഓട്ടക്കാർ സമ്മാനം കരസ്ഥമാക്കണമെന്ന ലക്ഷ്യത്തിലാണ് അവർ അങ്ങനെ ചെയ്യുന്നത്, അല്ലാതെ അവരുടെ വീര്യം കെടുത്തിക്കളയാനല്ല. നമുക്കു ലഭിക്കുന്ന തിരുവെഴുത്തധിഷ്ഠിത പ്രോത്സാഹനങ്ങളുടെയും ഓർമിപ്പിക്കലുകളുടെയും കാര്യത്തിലും ഇതു സത്യമാണ്. ‘അടിയന്തിരതയോടെ വചനം പ്രസംഗിക്കാൻ’ യോഗങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ലഭിക്കുന്ന അത്തരം നിർദേശങ്ങൾ നമ്മുടെ നന്മയെ കരുതിയുള്ളതാണ്; അല്ലാതെ ഒരിക്കലും നമ്മുടെ ശുശ്രൂഷ ഏതെങ്കിലുംവിധത്തിൽ അപര്യാപ്തമാണ് എന്നു സൂചിപ്പിക്കുന്നതിനുവേണ്ടിയുള്ളതല്ല. (2 തിമൊ. 4:2) കഴിവിന്റെ പരമാവധി ചെയ്യാൻ നാം ശ്രമിക്കുന്നിടത്തോളം നമ്മുടെ ‘സ്നേഹവും സേവനവും’ യഹോവ മറന്നുകളയില്ല; അവൻ പ്രതിഫലം തരും എന്ന കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.—എബ്രാ. 6:10.