“ജ്ഞാനമോ അതിന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു”
1. നമ്മുടെ വേലയെ ചിലർ എങ്ങനെ വീക്ഷിക്കുന്നു?
1 നാം സുവാർത്ത പങ്കുവെക്കാനായി ചെല്ലുമ്പോൾ ചില വീട്ടുകാർ, തെറ്റിദ്ധാരണയുടെ പുറത്തോ യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലോ നമ്മോട് മോശമായി പ്രതികരിച്ചെന്നുവരാം. ഒരുപക്ഷേ വളച്ചൊടിച്ച മാധ്യമ റിപ്പോർട്ടുകളായിരിക്കാം അതിന് അവരെ പ്രേരിപ്പിക്കുന്നത്. അല്ലെങ്കിൽ, ആളുകളെ ‘പറഞ്ഞു മയക്കി’ മതപരിവർത്തനം നടത്തുന്നവരാണ് നാം എന്ന ആരോപണം അവർ കേട്ടിരിക്കാം. ഇത്തരം സാഹചര്യങ്ങളെ നാം എങ്ങനെയാണു കൈകാര്യംചെയ്യേണ്ടത്?
2. ആരോപണങ്ങൾക്ക് വിധേയരാകുമ്പോൾ നിരുത്സാഹത്തിന്റെ പിടിയിലകപ്പെട്ടുപോകാതിരിക്കാൻ നമുക്ക് എങ്ങനെ കഴിയും?
2 ക്രിയാത്മക മനോഭാവം നിലനിറുത്തുക: യേശുവിനെയും അതുപോലെ ഒന്നാം നൂറ്റാണ്ടിലെ മറ്റു ദൈവദാസന്മാരെയും പലപ്പോഴും ആളുകൾ തെറ്റിദ്ധരിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. (പ്രവൃ. 28:22) ദുരാരോപണങ്ങളും വിമർശനങ്ങളുമൊക്കെ നേരിടേണ്ടിവന്നെങ്കിലും ഒരിക്കലും അവർ ശുശ്രൂഷയെക്കുറിച്ച് ലജ്ജിച്ചില്ല. യേശു പറഞ്ഞു: “ജ്ഞാനമോ അതിന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു.” (മത്താ. 11:18, 19) സത്യാന്വേഷികൾ സുവാർത്തയുടെ പ്രാധാന്യം തിരിച്ചറിയുമെന്ന ഉത്തമബോധ്യമുണ്ടായിരുന്നതുകൊണ്ട് യേശു തീക്ഷ്ണതയോടെ തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിൽ തുടർന്നു. ദൈവത്തിന്റെ സ്വന്തപുത്രനായ യേശുവിനുപോലും ഇത്തരം കയ്പേറിയ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഓർക്കുന്നത് നിരുത്സാഹത്തിന്റെ പിടിയിലകപ്പെടാതിരിക്കാൻ നമ്മെ സഹായിക്കും.
3. എതിർപ്പുകളും വാസ്തവവിരുദ്ധമായ റിപ്പോർട്ടുകളും നമ്മെ അതിശയിപ്പിക്കാത്തത് എന്തുകൊണ്ട്?
3 തന്നെ ദ്വേഷിച്ചതുപോലെ, ലോകം തന്റെ അനുഗാമികളെയും ദ്വേഷിക്കുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. (യോഹ. 15:18-20) അതുകൊണ്ട് എതിർപ്പുകൾ നേരിടുമ്പോഴോ നമ്മെക്കുറിച്ചുള്ള വാസ്തവവിരുദ്ധമായ റിപ്പോർട്ടുകൾ കേൾക്കുമ്പോഴോ നാം അതിശയിച്ചുപോകുന്നില്ല. അന്ത്യത്തോടു നാം കൂടുതൽ അടുക്കുന്തോറും, സാത്താന്റെ ക്രോധം തീവ്രമാകുന്തോറും ഇത്തരം കാര്യങ്ങൾ ഏറിവരുമെന്ന് നാം പ്രതീക്ഷിക്കേണ്ടതാണ്. (വെളി. 12:12) എങ്കിലും ഇവയൊക്കെയും ഈ ലോകത്തിന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നതിന്റെ സൂചനയാണ് എന്നതിൽ നമുക്ക് സന്തോഷിക്കാം.
4. സുവാർത്തയോട് മറ്റുള്ളവർ പ്രതികൂലമായി പ്രതികരിക്കുമ്പോൾ നാം അവരോട് എങ്ങനെ ഇടപെടണം?
4 ഹൃദ്യമായ മറുപടി: ആളുകൾ മോശമായി പ്രതികരിച്ചാലും സൗമ്യതയോടെ, ഹൃദ്യമായി വേണം നാം മറുപടി പറയാൻ. (സദൃ. 15:1; കൊലോ. 4:5, 6) സാഹചര്യം അനുകൂലമാണെങ്കിൽ, സത്യവിരുദ്ധമായ പല ആരോപണങ്ങളും യഹോവയുടെ സാക്ഷികൾക്കെതിരെയുണ്ടെന്ന് വീട്ടുകാരോട് നമുക്ക് വിശദീകരിക്കാൻ കഴിഞ്ഞേക്കും. വീട്ടുകാർ പ്രശ്നക്കാരല്ലെങ്കിൽ, അവർ അപ്രകാരം പ്രതികരിച്ചതിന്റെ കാരണം തിരക്കാനാകും. നാം സൗമ്യതയോടെയാണ് പ്രതികരിക്കുന്നതെങ്കിൽ അവർ നമ്മെക്കുറിച്ചു കേട്ട കാര്യങ്ങളുടെ സത്യത പരിശോധിക്കാനും അടുത്തതവണ സാക്ഷികൾ സന്ദർശിക്കുമ്പോൾ ശ്രദ്ധിക്കാനും തയ്യാറായേക്കും. എന്നാൽ വീട്ടുകാർ രോഷാകുലരാണെങ്കിൽ നയപൂർവം അവിടം വിട്ടുപോരുന്നതായിരിക്കും നല്ലത്. മറ്റുള്ളവർ എങ്ങനെ വീക്ഷിച്ചാലും യഹോവ നമ്മുടെ ശുശ്രൂഷയെ വിലമതിക്കുന്നുവെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.—യെശ. 52:7.