“ഭയപ്പെടരുത്!”
1. യിരെമ്യാവിനെപ്പോലെ നമുക്കും ഏതെല്ലാം വെല്ലുവിളികൾ തരണം ചെയ്യേണ്ടതുണ്ടായിരിക്കാം?
1 യിരെമ്യാവിന് ഒരു പ്രവാചകനായി നിയോഗം ലഭിച്ചപ്പോൾ, ആ ഉത്തരവാദിത്വം നിറവേറ്റാനുള്ള പ്രാപ്തി തനിക്കില്ലെന്ന് തോന്നി. എന്നാൽ, “ഭയപ്പെടരുത്” എന്നു പറഞ്ഞുകൊണ്ട് ആ നിയമനം നിറവേറ്റുന്നതിനായി യഹോവ അവനെ ശക്തീകരിച്ചു. (യിരെ. 1:6-10) അപരിചിതരോടു സംസാരിക്കാനുള്ള സങ്കോചമോ ആത്മവിശ്വാസക്കുറവോ ശുശ്രൂഷയിലുള്ള നമ്മുടെ പങ്കിനെ പരിമിതപ്പെടുത്തിയേക്കാം. ആളുകൾ എങ്ങനെ പ്രതികരിക്കും, അവർ നമ്മെ എങ്ങനെ വീക്ഷിക്കും എന്നിങ്ങനെയുള്ള ഭയം നിമിത്തം സാക്ഷീകരിക്കുന്നതിൽനിന്ന് നാം ചിലപ്പോഴെങ്കിലും പിൻവാങ്ങി നിന്നേക്കാം. അത്തരം ആശങ്കകളെ നമുക്ക് എങ്ങനെ തരണംചെയ്യാനാകും? അതുകൊണ്ട് നമുക്കുണ്ടാകുന്ന പ്രയോജനങ്ങൾ എന്തൊക്കെയാണ്?
2. മുൻകൂട്ടി തയ്യാറാകുന്നത് ശുശ്രൂഷയിലെ ഭയം ദൂരികരിക്കാൻ എങ്ങനെ സഹായിക്കും?
2 മുൻകൂട്ടി തയ്യാറാകുക: മുൻകൂട്ടി തയ്യാറാകുന്നതാണ് ഭയം ദൂരികരിക്കാനുള്ള ഒരു മാർഗം. ഉദാഹരണത്തിന്, വയലിൽ ഉയർന്നുവരാനിടയുള്ള തടസ്സവാദങ്ങൾ കൈകാര്യം ചെയ്യാൻ മുന്നമേ തയ്യാറെടുക്കുന്നെങ്കിൽ, അത്തരം സാഹചര്യങ്ങൾ വരുമ്പോൾ മറുപടി പറയാൻ നാം സജ്ജരായിരിക്കും. (സദൃ. 15:28) സ്കൂളിലോ വയലിലോ ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടുന്നതിന് തയ്യാറെടുക്കാൻ കുടുംബാരാധനാവേളയിലെ പരിശീലന സെഷനുകൾ പ്രയോജനപ്പെടുത്തരുതോ?—1 പത്രോ. 3:15.
3. യഹോവയിൽ ആശ്രയിക്കുന്നത് ഭയത്തെ തരണം ചെയ്യാൻ എങ്ങനെ സഹായിക്കും?
3 യഹോവയിൽ ആശ്രയിക്കുക: നമ്മുടെ ദൈവമായ യഹോവയിൽ ആശ്രയിക്കുന്നത് ഏതൊരു ഭയത്തെയും തരണം ചെയ്യാൻ നമ്മെ സഹായിക്കും. നമ്മുടെ സഹായത്തിനെത്തുമെന്ന് അവൻ ഉറപ്പുനൽകിയിട്ടുണ്ട്. (യെശ. 41:10-13) അതിലും വലിയ സഹായവും സംരക്ഷണവും നമുക്ക് ലഭിക്കാനുണ്ടോ? ഇനി, അപ്രതീക്ഷിതമായി ഉയർന്നുവരുന്ന ഒരു സാഹചര്യത്തിൽപ്പോലും നല്ല രീതിയിൽ സാക്ഷ്യം നൽകാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മെ പ്രാപ്തരാക്കുമെന്ന് യേശുവും ഉറപ്പുനൽകി. (മർക്കോ. 13:11) അതുകൊണ്ട് ദൈവത്തിന്റെ പരിശുദ്ധാത്മാവിനായി നിരന്തരം പ്രാർഥിക്കുക.—ലൂക്കോ. 11:13.
4. വെല്ലുവിളികളുണ്ടെങ്കിലും നാം മടുത്തുപിന്മാറാതെ ശുശ്രൂഷയിൽ തുടരുന്നെങ്കിൽ എന്തെല്ലാം അനുഗ്രഹങ്ങൾ നമുക്ക് ലഭിക്കും?
4 അനുഗ്രഹങ്ങൾ: വെല്ലുവിളികളൊക്കെയുണ്ടെങ്കിലും നാം മടുത്തുപിന്മാറാതെ ശുശ്രൂഷയിൽ തുടരുന്നെങ്കിൽ, ഭാവിയിൽ വരാനിരിക്കുന്ന പ്രശ്നങ്ങളെ വിജയകരമായി നേരിടാൻ നാം ശക്തരായിത്തീരും. പരിശുദ്ധാത്മാവിനാൽ നിറയുന്നവർ പ്രകടമാക്കുന്ന ഒരു ഗുണമായ ധൈര്യം നമുക്ക് ആർജിക്കാനാകും. (പ്രവൃ. 4:31) യഹോവയുടെ സഹായത്താൽ നാം നമ്മുടെ ഭയാശങ്കകളെ തരണംചെയ്യുമ്പോൾ, അവനിലുള്ള ആശ്രയവും രക്ഷിക്കാനുള്ള അവന്റെ ശക്തിയിലുള്ള നമ്മുടെ വിശ്വാസവും ശക്തമാകും. (യെശ. 33:2) നമ്മുടെ സ്വർഗീയ പിതാവിനെ പ്രസാദിപ്പിക്കുന്നുവെന്ന അറിവ് നമുക്ക് സന്തോഷവും സംതൃപ്തിയും പകരും. (1 പത്രോ. 4:13, 14) അതുകൊണ്ട്, യഹോവ എല്ലായ്പോഴും നമ്മെ പിന്തുണയ്ക്കും എന്ന വിശ്വാസത്തോടെ നിർഭയം നമുക്ക് രാജ്യസന്ദേശം ഘോഷിക്കാം!