പഠനലേഖനം 26
യഹോവയുടെ സ്നേഹം അറിയൂ, ഭയത്തെ കീഴടക്കൂ!
“യഹോവ എന്റെ പക്ഷത്തുണ്ട്; ഞാൻ പേടിക്കില്ല.”—സങ്കീ. 118:6.
ഗീതം 105 “ദൈവം സ്നേഹമാണ്”
ചുരുക്കംa
1. ഏതൊക്കെ ചിന്തകൾ നമ്മളെ ഭയപ്പെടുത്തിയേക്കാം?
നമുക്ക് ഇപ്പോൾ നമ്മുടെ ചില സഹോദരങ്ങൾക്കു നേരിട്ട മൂന്നു സാഹചര്യങ്ങൾ നോക്കാം. ആദ്യത്തേത്, നെസ്റ്റർ സഹോദരന്റെയും ഭാര്യ മരിയയുടെയും ആണ്.b അവർ ആവശ്യം അധികമുള്ളിടത്ത് പോയി പ്രവർത്തിക്കാൻ ആഗ്രഹിച്ചു. അതിനുവേണ്ടി അവർ ചെലവ് ചുരുക്കി ജീവിക്കണമായിരുന്നു. എന്നാൽ കുറഞ്ഞ വരുമാനംകൊണ്ട് ജീവിച്ചാൽ സന്തോഷത്തോടെ തുടരാനാകുമോ എന്ന് അവർ പേടിച്ചു. മറ്റൊന്ന്, ബിനിയം എന്നു പറയുന്ന ആളുടേതാണ്. സാക്ഷികളുടെ പ്രവർത്തനത്തിനു കടുത്ത എതിർപ്പു നേരിടുന്ന ഒരു സ്ഥലത്തുവെച്ചാണ് അദ്ദേഹം സത്യം പഠിക്കുന്നത്. ഒരു സാക്ഷിയായതുകൊണ്ട് തനിക്കും ഉപദ്രവം സഹിക്കേണ്ടിവന്നേക്കാമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ആ ചിന്ത അദ്ദേഹത്തെ ഭയപ്പെടുത്തി. എന്നാൽ അതിനെക്കാൾ അദ്ദേഹം പേടിച്ചത്, താനൊരു സാക്ഷിയാണെന്ന് അറിയുമ്പോൾ കുടുംബാംഗങ്ങളിൽനിന്നുണ്ടാകുന്ന എതിർപ്പിനെയാണ്. അടുത്തത്, വാലറി സഹോദരിയുടെ അനുഭവമാണ്. സഹോദരിക്കു ഗുരുതരമായ ക്യാൻസർ പിടിപെട്ടു. രക്തത്തിന്റെ ഉപയോഗം സംബന്ധിച്ചുള്ള തന്റെ വിശ്വാസത്തെ അനുകൂലിക്കുന്ന ഡോക്ടർമാരെ കണ്ടെത്താൻ സഹോദരി ബുദ്ധിമുട്ടി. അതുകൊണ്ട് നല്ല ചികിത്സ കിട്ടാതെ താൻ മരിച്ചുപോകുമോ എന്നു സഹോദരി പേടിച്ചു.
2. ഭയത്തെ മറികടക്കാൻ നമ്മൾ ശ്രമിക്കേണ്ടത് എന്തുകൊണ്ട്?
2 നമ്മളിൽ പലരും ഇതുപോലുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകും. എന്നാൽ ഭയത്തെ മറികടക്കാൻ പഠിച്ചില്ലെങ്കിൽ നമ്മൾ പല തെറ്റായ തീരുമാനങ്ങളും എടുത്തേക്കാം. യഹോവയുമായുള്ള നമ്മുടെ ബന്ധത്തിന് അതു വിള്ളൽ വീഴ്ത്തും. ശരിക്കും സാത്താൻ ആഗ്രഹിക്കുന്നതും അതുതന്നെയാണ്. ഇനി, പേടി തോന്നിയാൽ സന്തോഷവാർത്ത അറിയിക്കുന്നത് ഉൾപ്പെടെയുള്ള പല ദൈവകല്പനകളും നമ്മൾ അനുസരിക്കില്ലെന്ന് അവന് അറിയാം. (വെളി. 12:17) അതുകൊണ്ട് ആ ഭയത്തെ മുതലെടുക്കാനും അവൻ ശ്രമിക്കും. സാത്താൻ ദുഷ്ടനും ക്രൂരനും വളരെ ശക്തനും ആണ്. എന്നാൽ അവന്റെ കെണിയിൽ വീഴാതെ നമുക്കു നമ്മളെത്തന്നെ സംരക്ഷിക്കാനാകും. എങ്ങനെ?
3. ഭയത്തെ മറികടക്കാൻ നമ്മളെ എന്തു സഹായിക്കും?
3 യഹോവ നമ്മളെ സ്നേഹിക്കുന്നുണ്ടെന്നും എപ്പോഴും കൂടെയുണ്ടെന്നും നമുക്ക് ഉറപ്പുണ്ടെങ്കിൽ നമ്മളെ ഭയപ്പെടുത്താനുള്ള സാത്താന്റെ ശ്രമങ്ങളൊന്നും വിജയിക്കില്ല. (സങ്കീ. 118:6) 118-ാം സങ്കീർത്തനം എഴുതിയ ആ സങ്കീർത്തനക്കാരന്റെ അനുഭവം അതാണു നമ്മളെ പഠിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിൽ പല കഷ്ടങ്ങളുമുണ്ടായി. അദ്ദേഹത്തിന് ഒരുപാടു ശത്രുക്കളുണ്ടായിരുന്നു, ഉന്നതരായ ചില വ്യക്തികൾപോലും (9, 10 വാക്യങ്ങൾ). ഇനി, ജീവിതത്തിൽ പല സമ്മർദങ്ങളും നേരിട്ടു (13-ാം വാക്യം). യഹോവയിൽനിന്ന് കടുത്ത ശിക്ഷണവും അദ്ദേഹത്തിനു ലഭിച്ചു (18-ാം വാക്യം). എന്നിട്ടും അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഞാൻ പേടിക്കില്ല.” അത്തരം സാഹചര്യങ്ങളിലൂടെയൊക്കെ കടന്നുപോയപ്പോഴും സുരക്ഷിതത്വം തോന്നാൻ അദ്ദേഹത്തെ സഹായിച്ചത് എന്താണ്? തന്റെ സാഹചര്യം എന്തുതന്നെയായാലും സ്നേഹമുള്ള ഒരു അപ്പനെപ്പോലെ തന്നെ സഹായിക്കാൻ യഹോവ എപ്പോഴും കൂടെയുണ്ടായിരിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. യഹോവ ശിക്ഷണം നൽകിയെങ്കിലും തന്നോടുള്ള സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു.—സങ്കീ. 118:29.
4. ദൈവം നമ്മളെ സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ ഏതെല്ലാം ഭയത്തെ നമുക്കു കീഴ്പെടുത്താനാകും?
4 യഹോവ നമ്മളെ ഓരോരുത്തരെയും സ്നേഹിക്കുന്നുണ്ടെന്ന ബോധ്യം നമുക്കുണ്ടായിരിക്കണം. അങ്ങനെയൊരു ഉറപ്പുണ്ടെങ്കിൽ നമുക്ക് ഈ ഭയത്തെയെല്ലാം മറികടക്കാനാകും: (1) കുടുംബം പോറ്റാനാകാതെവരുമോ എന്ന് ഓർത്തുള്ള ഭയം, (2) മനുഷ്യരെ ഓർത്തുള്ള ഭയം, (3) മരിച്ചുപോകുമോ എന്ന് ഓർത്തുള്ള ഭയം. ഒന്നാം ഖണ്ഡികയിൽ നമ്മൾ കണ്ട ആ സഹോദരങ്ങൾക്കു ദൈവം തങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് അവർക്കു ഭയത്തെ കീഴ്പെടുത്താനായി.
കുടുംബം പോറ്റാനാകാതെവരുമോ എന്ന് ഓർത്തുള്ള ഭയം
ഒരു സഹോദരൻ കുടുംബം പോറ്റാൻ മീൻപിടിക്കുന്നു, മകനും അടുത്തുണ്ട് (5-ാം ഖണ്ഡിക കാണുക)
5. ഏതൊക്കെ സാഹചര്യങ്ങൾ ഒരു കുടുംബനാഥന് ഉത്കണ്ഠയ്ക്ക് ഇടയാക്കിയേക്കാം? (പുറംതാളിലെ ചിത്രം കാണുക.)
5 ഒരു കുടുംബനാഥൻ തന്റെ കുടുംബത്തെ നന്നായി പോറ്റാൻ യഹോവ ആഗ്രഹിക്കുന്നുണ്ട്. (1 തിമൊ. 5:8) മഹാമാരിയുടെ സമയത്ത്, ജോലി നഷ്ടപ്പെടുമോ എന്നൊരു ഭയം പല കുടുംബനാഥന്മാരെയും പിടികൂടിയിട്ടുണ്ടാകും. നിങ്ങൾ അവരിൽ ഒരാളാണോ? എങ്കിൽ പുതിയ ഒരു ജോലി കിട്ടുമോ, ഭക്ഷണത്തിനുള്ള വക കണ്ടെത്താനാകുമോ, വീട്ടുവാടക കൊടുക്കാൻ കഴിയുമോ എന്നൊക്കെ നിങ്ങൾ ഉത്കണ്ഠപ്പെട്ടിട്ടുണ്ടാകാം. അതല്ലെങ്കിൽ, നേരത്തേ കണ്ട നെസ്റ്ററിനെയും മരിയയെയും പോലെ കുറഞ്ഞ വരുമാനംകൊണ്ട് ജീവിക്കാൻ തീരുമാനിച്ചാൽ അതു ശരിയാകുമോ എന്നു നിങ്ങൾ ഭയപ്പെട്ടിരിക്കാം. ഇത്തരം ഭയത്തെ മുതലെടുക്കാൻ സാത്താൻ ശ്രമിച്ചിട്ടുണ്ട്. അങ്ങനെ പലരും യഹോവയെ സേവിക്കുന്നതു നിറുത്തിക്കളഞ്ഞു.
6. നമ്മൾ എന്തു ചിന്തിക്കാനാണു സാത്താൻ ആഗ്രഹിക്കുന്നത്?
6 യഹോവ നമ്മുടെ ഓരോരുത്തരുടെയും ആവശ്യങ്ങൾക്കുവേണ്ടി കരുതുകയില്ലെന്നും നമ്മുടെ കുടുംബത്തിന്റെ കാര്യം നമ്മൾതന്നെ നോക്കണമെന്നും നമ്മൾ ചിന്തിക്കാനാണു സാത്താൻ ആഗ്രഹിക്കുന്നത്. കാരണം അങ്ങനെയൊരു ചിന്ത വന്നാൽ എന്തു വിലകൊടുത്തും ജോലി നിലനിറുത്താൻ നമ്മൾ നോക്കും. അതിനുവേണ്ടി ബൈബിൾതത്ത്വങ്ങൾ ലംഘിക്കാൻപോലും നമ്മൾ ചിലപ്പോൾ മടിക്കില്ല.
7. യേശു നമുക്ക് എന്ത് ഉറപ്പുതരുന്നു?
7 മറ്റാരെക്കാളും നന്നായി യേശുവിനു തന്റെ പിതാവിനെ അറിയാം. അതുകൊണ്ട് ആ പിതാവിനെക്കുറിച്ച് യേശു തരുന്ന ഉറപ്പ് ഇതാണ്: “നിങ്ങൾക്കു വേണ്ടത് എന്താണെന്നു നിങ്ങൾ ചോദിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ പിതാവിന് അറിയാമല്ലോ.” (മത്താ. 6:8) നമ്മുടെ ആവശ്യങ്ങൾ നടത്തിത്തരാൻ യഹോവ എപ്പോഴും ഒരുക്കമാണെന്നു യേശുവിന് അറിയാം. നമ്മളെല്ലാം യഹോവയുടെ കുടുംബത്തിലെ അംഗങ്ങളാണ്. ആ കുടുംബത്തിന്റെ നാഥൻ യഹോവയാണ്. അതുകൊണ്ട് 1 തിമൊഥെയൊസ് 5:8-ൽ എല്ലാ കുടുംബനാഥന്മാരോടും ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്ന കാര്യം കുടുംബനാഥനായ യഹോവതന്നെ ചെയ്യാതിരിക്കുമോ?
നമുക്ക് ആവശ്യമായതു കിട്ടുന്നുണ്ടെന്ന് യഹോവ ഉറപ്പുവരുത്തും. അതിനു ചിലപ്പോൾ നമ്മുടെ സഹോദരങ്ങളെ ഉപയോഗിച്ചേക്കാം (8-ാം ഖണ്ഡിക കാണുക)d
8. (എ) കുടുംബത്തിനുവേണ്ടി കരുതാൻ പറ്റാതെവരുമോ എന്ന ഭയത്തെ മറികടക്കാൻ എന്തു നമ്മളെ സഹായിക്കും? (മത്തായി 6:31-33) (ബി) ഈ ചിത്രത്തിൽ കാണുന്നതുപോലെ ഒരു സഹോദരിക്ക് ആഹാരം കൊണ്ടുപോയി കൊടുക്കുന്ന ആ ദമ്പതികളെ നമുക്ക് എങ്ങനെ അനുകരിക്കാം?
8 യഹോവ നമ്മളെയും നമ്മുടെ കുടുംബത്തെയും സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പുള്ളപ്പോൾ യഹോവ നമുക്കുവേണ്ടി കരുതുമോ എന്ന് ഓർത്ത് നമ്മൾ പേടിക്കില്ല. (മത്തായി 6:31-33 വായിക്കുക.) സ്നേഹത്തോടെ, ഉദാരമായി നമുക്കു വേണ്ടതെല്ലാം തരാൻ യഹോവ ആഗ്രഹിക്കുന്നു. നമുക്കുവേണ്ടി ഭൂമിയെ ഒരുക്കിയപ്പോൾ യഹോവ അതു തെളിയിച്ചു. നമ്മുടെ അടിസ്ഥാനാവശ്യങ്ങൾക്കു വേണ്ടതു മാത്രമല്ല യഹോവ നൽകിയത്. മറിച്ച് മനുഷ്യനു സന്തോഷത്തോടെ ഈ ഭൂമിയിൽ ജീവിക്കാൻ വേണ്ടതെല്ലാം യഹോവ ചെയ്തുതന്നു. (ഉൽപ. 2:9) ചില സാഹചര്യങ്ങളിൽ നമുക്കു കഷ്ടിച്ച് കഴിഞ്ഞുകൂടാനുള്ളതേ ഉണ്ടായിരിക്കൂ എന്നതു ശരിയാണ്. എന്നാൽ അത്രയെങ്കിലും ഉള്ളത് യഹോവ നമുക്കുവേണ്ടി കരുതിയതുകൊണ്ടാണെന്നു നമുക്ക് ഓർക്കാം. (മത്താ. 6:11) നമുക്ക് എന്തൊക്കെ ഉപേക്ഷിക്കേണ്ടിവന്നാലും, യഹോവ ഇപ്പോൾ തരുന്നതും ഭാവിയിൽ തരാനിരിക്കുന്നതും ആയ കാര്യങ്ങളോടുള്ള താരതമ്യത്തിൽ അവയൊന്നും ഒന്നുമല്ല. നെസ്റ്ററും മരിയയും തങ്ങളുടെ ജീവിതത്തിലൂടെ അതു തിരിച്ചറിഞ്ഞു.—യശ. 65:21, 22.
9. നെസ്റ്ററിന്റെയും മരിയയുടെയും അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
9 നെസ്റ്ററും മരിയയും കൊളംബിയയിലാണു താമസിക്കുന്നത്. അവർക്കു നല്ല ഒരു വീടും ഉയർന്ന ശമ്പളമുള്ള ജോലിയും ഒക്കെ ഉണ്ടായിരുന്നു. അവർ പറയുന്നു: “ജീവിതം കുറെക്കൂടി ലളിതമാക്കിയിട്ട്, പ്രസംഗപ്രവർത്തനത്തിൽ കൂടുതൽ ചെയ്യാൻ ഞങ്ങൾ ആഗ്രഹിച്ചു. എന്നാൽ വരുമാനം കുറയുമ്പോൾ ഇപ്പോഴത്തെ അത്രയും സന്തോഷം കിട്ടുമോ എന്നൊരു പേടി ഞങ്ങൾക്കുണ്ടായിരുന്നു.” ആ ഭയത്തെ മറികടക്കാൻ എന്താണ് അവരെ സഹായിച്ചത്? യഹോവ ഇതുവരെ അവർക്കുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ചും അവരെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്നതിനെക്കുറിച്ചും ഒക്കെ അവർ ഒരുപാടു ചിന്തിച്ചു. അപ്പോൾ തങ്ങളുടെ ഇപ്പോഴത്തെ ജോലിയൊക്കെ വിട്ടുകളഞ്ഞാലും യഹോവ തങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി കരുതുമെന്ന് അവർക്കു കൂടുതൽ ബോധ്യംവന്നു. അങ്ങനെ അവർ വീടും ജോലിയും ഒക്കെ ഉപേക്ഷിച്ച് പ്രസംഗപ്രവർത്തകരുടെ ആവശ്യം കൂടുതലുള്ള മറ്റൊരു സ്ഥലത്തേക്കു താമസംമാറി. അവർ എടുത്ത ആ തീരുമാനത്തെക്കുറിച്ച് അവർക്ക് എന്താണ് ഇപ്പോൾ തോന്നുന്നത്? നെസ്റ്റർ സഹോദരൻ പറയുന്നു: “മത്തായി 6:33-ലെ ആ വാക്കുകൾ എത്ര സത്യമാണെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു. ഞങ്ങൾക്ക് ഒന്നിനും ഒരു കുറവും വന്നിട്ടില്ല. ഞങ്ങൾ ഇപ്പോൾ വളരെ സന്തോഷത്തിലാണ്.”
മനുഷ്യരെ ഓർത്തുള്ള ഭയം
10. മനുഷ്യൻ മനുഷ്യനെ പേടിക്കുന്നതിന്റെ കാരണം എന്താണ്?
10 മനുഷ്യചരിത്രത്തിന്റെ തുടക്കംമുതൽതന്നെ ആളുകൾ മറ്റുള്ളവരോടു മോശമായി പെരുമാറുന്നുണ്ട്. ഇന്നും അതിനു മാറ്റമൊന്നും വന്നിട്ടില്ല. (സഭാ. 8:9) ഉദാഹരണത്തിന്, അധികാരികൾ തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയ്യുന്നു. ആളുകൾ മറ്റുള്ളവരുടെ ക്രൂരകൃത്യങ്ങൾക്ക് ഇരയാകുന്നു. സ്കൂളിലും കോളേജിലും മറ്റിടങ്ങളിലും വിദ്യാർഥികൾ സഹപാഠികളെ കളിയാക്കുന്നു, ഉപദ്രവിക്കുന്നു. ഇനി, കുടുംബാംഗങ്ങൾപോലും പരസ്പരം ഉപദ്രവിക്കാറുണ്ട്. വെറുതേയല്ല ആളുകൾ മറ്റുള്ളവരെ ഭയപ്പെടുന്നത്. നമ്മുടെ ഈ ഭയത്തെ മുതലെടുക്കാൻ സാത്താനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത് എങ്ങനെയാണ്?
11-12. സാത്താൻ എങ്ങനെയാണു മനുഷ്യരെ ഓർത്തുള്ള നമ്മുടെ ഭയം മുതലെടുക്കുന്നത്?
11 ഒത്തിരി പേടി തോന്നിയാൽ നമ്മൾ പ്രസംഗപ്രവർത്തനവും ദൈവം നമ്മളോട് ആവശ്യപ്പെടുന്ന മറ്റു കാര്യങ്ങളും ചെയ്യുന്നതു നിറുത്തിക്കളയുമെന്നു സാത്താന് അറിയാം. അതുകൊണ്ട് നമ്മുടെ പ്രവർത്തനം നിരോധിക്കാനും നമ്മളെ ഉപദ്രവിക്കാനും സാത്താൻ ഗവൺമെന്റുകളെ ഉപയോഗിക്കുന്നു. (ലൂക്കോ. 21:12; വെളി. 2:10) പലരും യഹോവയുടെ സാക്ഷികളെക്കുറിച്ച് തെറ്റായ വിവരങ്ങളും നുണകളും പ്രചരിപ്പിക്കുന്നു. ഇതൊക്കെ വിശ്വസിച്ചിട്ട് ചിലർ നമ്മളെ പരിഹസിക്കുകയോ ഉപദ്രവിക്കുകയോപോലും ചെയ്യാറുണ്ട്. സാത്താൻ ഇങ്ങനെയൊക്കെ ചെയ്യുന്നതു നമ്മളെ അതിശയിപ്പിക്കുന്നുണ്ടോ? ഇല്ല. കാരണം ആദ്യകാലത്തെ ക്രിസ്ത്യാനികൾക്കെതിരെയും സാത്താൻ ഇതേ തന്ത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.—പ്രവൃ. 5:27, 28, 40.
വീട്ടുകാർ എതിർക്കുമ്പോഴും യഹോവ നമ്മളെ സ്നേഹിക്കുന്നുണ്ടെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം (12-14 ഖണ്ഡികകൾ കാണുക)e
12 ഗവൺമെന്റുകളിൽനിന്നുള്ള എതിർപ്പു മാത്രമല്ല സാത്താൻ നമുക്കെതിരെ ഉപയോഗിക്കുന്ന ആയുധം. ചിലരുടെ കാര്യത്തിൽ, ഉപദ്രവം സഹിക്കേണ്ടിവരുന്നതിനെക്കാൾ അവരെ ഭയപ്പെടുത്തുന്നതു തങ്ങൾ സത്യം സ്വീകരിച്ചതിന്റെ പേരിൽ കുടുംബാംഗങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന ചിന്തയാണ്. (മത്താ. 10:36) അവർക്ക് അവരുടെ വീട്ടുകാരെ ഒരുപാട് ഇഷ്ടമാണ്. വീട്ടുകാർ യഹോവയെ അറിയണമെന്നും സ്നേഹിക്കണമെന്നും അവർ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ബന്ധുക്കൾ സത്യദൈവത്തെക്കുറിച്ചും സത്യാരാധകരെക്കുറിച്ചും മോശമായി സംസാരിക്കുന്നത് അവരെ വളരെ വിഷമിപ്പിക്കുന്നു. ചില സന്ദർഭങ്ങളിൽ ആദ്യമൊക്കെ സത്യത്തെ എതിർത്തിരുന്ന ബന്ധുക്കൾ പിന്നീട് സത്യം സ്വീകരിക്കാൻ തയ്യാറായിട്ടുണ്ടെന്നുള്ളതു ശരിയാണ്. എന്നാൽ നമ്മുടെ വിശ്വാസത്തിന്റെ പേരിൽ കുടുംബാംഗങ്ങൾ നമ്മളുമായിട്ടുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നെങ്കിലോ? നമുക്ക് ഏതു കാര്യം മനസ്സിൽപ്പിടിക്കാം?
13. കുടുംബാംഗങ്ങൾ ഉപേക്ഷിച്ചാലും യഹോവ സ്നേഹിക്കുന്നുണ്ട് എന്ന അറിവ് നമ്മളെ എങ്ങനെ സഹായിക്കും? (സങ്കീർത്തനം 27:10)
13 സങ്കീർത്തനം 27:10-ലെ മനോഹരമായ ആ വാക്കുകൾ നമുക്കു വലിയൊരു ആശ്വാസമാണ്. (വായിക്കുക.) യഹോവ നമ്മളെ എത്രമാത്രം സ്നേഹിക്കുണ്ടെന്ന് ഓർക്കുന്നെങ്കിൽ എതിർപ്പുകളൊക്കെ ഉണ്ടാകുമ്പോഴും നമുക്കു പേടി തോന്നില്ല. നമ്മൾ സഹിച്ചുനിൽക്കുകയാണെങ്കിൽ യഹോവ നമ്മളെ അനുഗ്രഹിക്കുമെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കും. യഹോവ നമ്മുടെ ശാരീരികവും ആത്മീയവും ആയ ആവശ്യങ്ങൾക്കായി കരുതും. മനസ്സമാധാനവും സന്തോഷവും ഉണ്ടായിരിക്കാൻ സഹായിക്കും. മറ്റാരെക്കാളും നന്നായി ഇതൊക്കെ ചെയ്യാൻ കഴിയുന്നത് യഹോവയ്ക്കാണ്. നമ്മൾ നേരത്തേ പറഞ്ഞ ബിനിയം തന്റെ ജീവിതത്തിൽ അത് അനുഭവിച്ചറിഞ്ഞു.
14. ബിനിയമിന്റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
14 യഹോവയുടെ സാക്ഷികൾ തന്റെ നാട്ടിൽ ഉപദ്രവം സഹിക്കുന്നുണ്ടെന്നു ബിനിയമിന് അറിയാമായിരുന്നു. എന്നിട്ടും ഒരു സാക്ഷിയാകാൻ അദ്ദേഹം തീരുമാനിച്ചു. ഉപദ്രവിക്കപ്പെടുമോ എന്നുള്ള ആ ഭയത്തെ മറികടക്കാൻ അദ്ദേഹത്തെ സഹായിച്ചത് എന്താണ്? യഹോവ തന്നെ സ്നേഹിക്കുന്നുണ്ടെന്ന അറിവ്. തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് അദ്ദേഹം പറയുന്നു: “ഞാൻ വിചാരിച്ചതിനെക്കാൾ കടുത്ത ഉപദ്രവമായിരുന്നു അത്. എന്നാൽ ഗവൺമെന്റ് അധികാരികളിൽനിന്നുള്ള ഉപദ്രവത്തെക്കാൾ ഞാൻ പേടിച്ചതു കുടുംബാംഗങ്ങളിൽനിന്നുള്ള എതിർപ്പിനെയാണ്. ഒരു സാക്ഷിയാകാനുള്ള എന്റെ തീരുമാനത്തെക്കുറിച്ച് അറിയുമ്പോൾ വിശ്വാസത്തിലില്ലാത്ത എന്റെ അപ്പന് ഒരുപാടു വിഷമമാകുമെന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ എന്റെ ജീവിതം നശിപ്പിച്ചെന്നു കുടുംബാംഗങ്ങൾ ചിന്തിക്കുമെന്നും ഞാൻ ഭയന്നു.” എന്നാൽ യഹോവ താൻ സ്നേഹിക്കുന്നവർക്കുവേണ്ടി എപ്പോഴും കരുതുമെന്നു ബിനിയമിന് ഉറപ്പുണ്ടായിരുന്നു. അദ്ദേഹം പറയുന്നു: “സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടായപ്പോഴും മുൻവിധിക്ക് ഇരയായപ്പോഴും മറ്റ് ആളുകളിൽനിന്നുള്ള ഉപദ്രവം സഹിക്കേണ്ടിവന്നപ്പോഴും യഹോവ എങ്ങനെയാണു മുമ്പ് മറ്റു സഹോദരങ്ങളെ സഹായിച്ചിട്ടുള്ളത് എന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു. ഞാൻ യഹോവയോടു പറ്റിനിൽക്കുന്നെങ്കിൽ യഹോവ എന്നെയും അനുഗ്രഹിക്കുമെന്ന് എനിക്കു മനസ്സിലായി. എന്നെ പല തവണ അറസ്റ്റു ചെയ്തു, ഒത്തിരി ഉപദ്രവിക്കുകയും ചെയ്തു. നമ്മൾ യഹോവയോടു വിശ്വസ്തരാണെങ്കിൽ നമ്മളെ സഹായിക്കാൻ യഹോവ എപ്പോഴും കൂടെയുണ്ടായിരിക്കുമെന്ന് ആ ഓരോ സന്ദർഭത്തിലും എനിക്കു നേരിട്ട് അനുഭവിച്ചറിയാനായി.” അങ്ങനെ യഹോവ ബിനിയമിന് സ്വന്തം അപ്പനെപ്പോലെയായി, യഹോവയുടെ ജനം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും.
മരിച്ചുപോകുമോ എന്ന് ഓർത്തുള്ള ഭയം
15. നമ്മളെല്ലാം മരണത്തെ ഭയക്കുന്നത് എന്തുകൊണ്ടാണ്?
15 എല്ലാവർക്കുംതന്നെ മരണത്തെ പേടിയുണ്ട്. അതുകൊണ്ട് നമുക്കോ നമ്മുടെ പ്രിയപ്പെട്ടവർക്കോ ഗുരുതരമായ രോഗം വരുമ്പോൾ നമുക്ക് ഉത്കണ്ഠ തോന്നുന്നു. മരണം ഒരു ശത്രുവാണെന്നു ബൈബിളും പറയുന്നുണ്ട്. (1 കൊരി. 15:25, 26) എന്തുകൊണ്ടാണു നമ്മൾ മരണത്തെ ഭയപ്പെടുന്നത്? കാരണം എന്നെന്നും സന്തോഷത്തോടെ ജീവിക്കാനുള്ള ആഗ്രഹത്തോടെയാണ് യഹോവ നമ്മളെ സൃഷ്ടിച്ചത്. (സഭാ. 3:11) മരണത്തെക്കുറിച്ച് കുറച്ചൊക്കെ പേടി തോന്നുന്നതു നല്ലതാണ്. അതു നമുക്കൊരു സംരക്ഷണമാണ്. ഉദാഹരണത്തിന്, അങ്ങനെയൊരു പേടിയുണ്ടെങ്കിൽ നമ്മൾ ആഹാരകാര്യത്തിൽ ശ്രദ്ധിക്കും, നന്നായിട്ടു വ്യായാമം ചെയ്യും, രോഗം വരുമ്പോൾ ഡോക്ടറെ കാണും, നമ്മുടെ ജീവൻ അപകടപ്പെടുത്തിയേക്കാവുന്ന കാര്യങ്ങൾ ചെയ്യുകയുമില്ല.
16. മരണത്തെക്കുറിച്ചുള്ള നമ്മുടെ ഭയത്തെ സാത്താൻ മുതലെടുക്കുന്നത് എങ്ങനെ?
16 നമ്മളെല്ലാം നമ്മുടെ ജീവനെ ഒരുപാടു സ്നേഹിക്കുന്നുണ്ടെന്നു സാത്താന് അറിയാം. ജീവൻ രക്ഷിക്കാൻവേണ്ടി നമ്മൾ എന്തും ഉപേക്ഷിക്കാൻ തയ്യാറാകും, യഹോവയോടുള്ള നമ്മുടെ സ്നേഹബന്ധംപോലും നമ്മൾ വിട്ടുകളയും എന്നാണ് അവന്റെ വാദം. (ഇയ്യോ. 2:4, 5) പക്ഷേ സാത്താന്റെ ആ ചിന്ത എത്ര തെറ്റാണ്, അല്ലേ? എന്നാലും സാത്താനു ‘മരണം വരുത്താൻ കഴിവുള്ളതുകൊണ്ട്’ മരിക്കാനുള്ള നമ്മുടെ ഈ പേടിയെ മുതലെടുക്കാൻ അവൻ നോക്കും. കാരണം അതിലൂടെ യഹോവയുമായുള്ള നമ്മുടെ ബന്ധം തകർക്കാനാകുമെന്ന് അവന് അറിയാം. (എബ്രാ. 2:14, 15) അതിനുവേണ്ടി അവൻ പല രീതികൾ ഉപയോഗിച്ചേക്കാം. ചിലപ്പോൾ, ‘വിശ്വാസം ഉപേക്ഷിച്ചില്ലെങ്കിൽ കൊന്നുകളയും’ എന്നുള്ള ഭീഷണി നമുക്കു നേരിടേണ്ടിവന്നേക്കാം. അല്ലെങ്കിൽ ഗുരുതരമായ ഒരു രോഗം വരുമ്പോൾ ദൈവകല്പന ലംഘിച്ചുകൊണ്ട് രക്തം സ്വീകരിക്കാൻ ഡോക്ടർമാരോ വിശ്വാസത്തിലില്ലാത്ത കുടുംബാംഗങ്ങളോ നമ്മളെ നിർബന്ധിച്ചേക്കാം. അതല്ലെങ്കിൽ ബൈബിൾതത്ത്വങ്ങൾക്കു വിരുദ്ധമായ ഏതെങ്കിലും ചികിത്സ സ്വീകരിക്കാനുള്ള സമ്മർദം നമുക്കു നേരിട്ടേക്കാം.
17. റോമർ 8:37-39 പറയുന്നതനുസരിച്ച് നമ്മൾ മരണത്തെ ഭയപ്പെടേണ്ടതില്ലാത്തത് എന്തുകൊണ്ട്?
17 മരിക്കാൻ നമ്മളാരും ആഗ്രഹിക്കുന്നില്ല. എന്നാൽ നമുക്ക് ഒരു കാര്യം അറിയാം. നമ്മൾ മരിച്ചുപോയാലും യഹോവ നമ്മളെ തുടർന്നും സ്നേഹിക്കും. (റോമർ 8:37-39 വായിക്കുക.) തന്റെ സ്നേഹിതർ മരിക്കുമ്പോൾ യഹോവ അവരെ ഓർമയിൽ സൂക്ഷിക്കുന്നുണ്ട്, അവർ അപ്പോഴും ജീവനോടെയുണ്ടായിരുന്നാൽ എന്നപോലെ. (ലൂക്കോ. 20:37, 38) അവരെ തിരികെ ജീവനിലേക്കു കൊണ്ടുവരാൻവേണ്ടി യഹോവ കാത്തിരിക്കുകയാണ്. (ഇയ്യോ. 14:15) നമുക്കെല്ലാം ‘നിത്യജീവൻ കിട്ടാൻവേണ്ടി’ സ്വന്തം മകനെത്തന്നെയാണ് യഹോവ ഒരു വിലയായി കൊടുത്തിരിക്കുന്നത്. (യോഹ. 3:16) യഹോവ നമ്മളെ ഒരുപാടു സ്നേഹിക്കുന്നുണ്ടെന്നും നമുക്കെല്ലാംവേണ്ടി കരുതുന്നുണ്ടെന്നും നമുക്ക് അറിയാം. അതുകൊണ്ട് ഒരു അസുഖം വരുമ്പോഴോ വിശ്വാസത്തിന്റെ പേരിൽ ആരെങ്കിലും നമ്മളെ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുമ്പോഴോ യഹോവയെ ഉപേക്ഷിക്കുന്നതിനു പകരം ആശ്വാസത്തിനും ജ്ഞാനത്തിനും ശക്തിക്കും ആയി നമുക്ക് യഹോവയിലേക്കു തിരിയാം. അതാണു വാലറിയും ഭർത്താവും ചെയ്തത്.—സങ്കീ. 41:3.
18. വാലറിയുടെ അനുഭവത്തിൽനിന്ന് നമ്മൾ എന്താണു പഠിക്കുന്നത്?
18 വാലറിക്കു 35 വയസ്സുള്ളപ്പോൾ പെട്ടെന്നു പടരുന്ന തരം ക്യാൻസർ പിടിപെട്ടിരിക്കുന്നതായി കണ്ടെത്തി. വളരെ കുറച്ച് പേർക്കു മാത്രം കാണുന്ന ഒരുതരം ക്യാൻസറായിരുന്നു അത്. മരിച്ചുപോകുമെന്നുള്ള പേടി തോന്നിയെങ്കിലും അതിനെ മറികടക്കാൻ യഹോവയുടെ സ്നേഹം സഹോദരിയെ എങ്ങനെയാണു സഹായിച്ചത്? സഹോദരി പറയുന്നു: “എനിക്കു ക്യാൻസറാണെന്ന് അറിഞ്ഞതോടെ ഞങ്ങളുടെ ജീവിതം ആകെ മാറിമറിഞ്ഞു. രക്ഷപ്പെടണമെങ്കിൽ വലിയ ഒരു ഓപ്പറേഷൻ വേണ്ടിവരുമെന്നു ഡോക്ടർമാർ പറഞ്ഞു. ഞങ്ങൾ പല ഡോക്ടർമാരെ കണ്ടു. പക്ഷേ രക്തം കൂടാതെ ഓപ്പറേഷൻ ചെയ്യാൻ അവർ ആരും തയ്യാറായില്ല. എനിക്കു ശരിക്കും പേടി തോന്നി. എന്നാൽ എന്തുവന്നാലും ദൈവകല്പന ലംഘിച്ചുകൊണ്ട് ഞാൻ രക്തം സ്വീകരിക്കില്ലായിരുന്നു. എന്റെ ജീവിതകാലത്തെല്ലാം, യഹോവ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് പല വിധങ്ങളിൽ കാണിച്ചിട്ടുണ്ട്. ഇപ്പോൾ യഹോവയോടുള്ള എന്റെ സ്നേഹം തെളിയിക്കാനുള്ള ഒരു അവസരമാണു കിട്ടിയിരിക്കുന്നതെന്നു ഞാൻ തിരിച്ചറിഞ്ഞു. എന്റെ അവസ്ഥ വഷളായിരിക്കുന്നതായി ഓരോ തവണ ഡോക്ടർമാർ പറയുമ്പോഴും, യഹോവയോടു വിശ്വസ്തയായിരിക്കുമെന്നും സാത്താൻ ഒരു നുണയനാണെന്നു തെളിയിക്കുമെന്നും ഉള്ള എന്റെ തീരുമാനം കൂടുതൽക്കൂടുതൽ ശക്തമായി. അവസാനം രക്തം കൂടാതെതന്നെ എന്റെ ഓപ്പറേഷൻ വിജയകരമായി നടന്നു. ഇപ്പോഴും എനിക്കു പല ആരോഗ്യപ്രശ്നങ്ങളുമുണ്ട്. എന്നാൽ യഹോവ എപ്പോഴും ഞങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളത് എന്താണോ അതു ചെയ്തുതരുന്നുണ്ട്. ഉദാഹരണത്തിന്, എനിക്കു ക്യാൻസറാണെന്നു കണ്ടുപിടിച്ചതിനു തലേ ആഴ്ച വീക്ഷാഗോപുരപഠനത്തിൽ ഞങ്ങൾ പഠിച്ചത്, ‘ദുരന്തങ്ങളിൻമധ്യേ ധൈര്യത്തോടെ’ എന്ന ലേഖനമാണ്.c ശരിക്കും ആ ലേഖനം പഠിച്ചതു ഞങ്ങൾക്ക് ഒത്തിരി ആശ്വാസമായി. ഞങ്ങൾ വീണ്ടുംവീണ്ടും അതു വായിച്ചു. അത്തരം ലേഖനങ്ങൾ പഠിച്ചതും ആത്മീയപ്രവർത്തനങ്ങൾ പതിവായി ചെയ്തുകൊണ്ടിരുന്നതും മനസ്സമാധാനത്തോടെയിരിക്കാനും ശരിയായ തീരുമാനങ്ങളെടുക്കാനും ഞങ്ങളെ സഹായിച്ചു.”
നമുക്കു ഭയത്തെ കീഴടക്കാനാകും
19. പെട്ടെന്നുതന്നെ എന്തു സംഭവിക്കും?
19 യഹോവയുടെ സഹായത്താൽ ലോകമെങ്ങുമുള്ള നമ്മുടെ സഹോദരങ്ങൾ പിശാചിനോട് എതിർത്തുനിൽക്കുകയും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ മറികടക്കുകയും ചെയ്തിട്ടുണ്ട്. (1 പത്രോ. 5:8, 9) നിങ്ങൾക്കും അതിനു കഴിയും. പെട്ടെന്നുതന്നെ യഹോവ യേശുവിനെയും സഹഭരണാധികാരികളെയും ഉപയോഗിച്ചുകൊണ്ട് ‘പിശാചിന്റെ പ്രവൃത്തികളെ തകർക്കും.’ (1 യോഹ. 3:8) അതിനു ശേഷം, ഈ ഭൂമിയിലുള്ള ദൈവജനം ‘ഒന്നിനെയും പേടിക്കില്ല, ഭയം തോന്നാൻ അവർക്ക് ഒരു കാരണവുമുണ്ടായിരിക്കില്ല.’ (യശ. 54:14; മീഖ 4:4) എന്നാൽ അതുവരെ ഭയത്തെ കീഴടക്കാൻ നമ്മൾ നല്ല ശ്രമം ചെയ്യണം.
20. ഭയത്തെ കീഴടക്കാൻ നമ്മളെ എന്തു സഹായിക്കും?
20 യഹോവ നമ്മളെ സ്നേഹിക്കുന്നുണ്ടെന്നും തന്റെ ദാസന്മാരെ സംരക്ഷിക്കുന്നുണ്ടെന്നും ഉള്ള വിശ്വാസം നമ്മൾ ശക്തമാക്കിക്കൊണ്ടിരിക്കണം. അതിനുവേണ്ടി യഹോവ മുമ്പ് എങ്ങനെയാണു തന്റെ ദാസന്മാരെ സംരക്ഷിച്ചിട്ടുള്ളത് എന്നതിനെക്കുറിച്ച് നമുക്കു ചിന്തിക്കാം. അതെക്കുറിച്ച് മറ്റുള്ളവരോടു സംസാരിക്കാം. കൂടാതെ, യഹോവ നമ്മളെ ഓരോരുത്തരെയും എങ്ങനെയാണു സഹായിച്ചിട്ടുള്ളത് എന്നതിനെക്കുറിച്ചും നമുക്ക് എപ്പോഴും ഓർക്കാം. യഹോവ കൂടെയുള്ളതുകൊണ്ട് നമുക്കു ഭയത്തെ കീഴടക്കാനാകും.—സങ്കീ. 34:4.
ഗീതം 129 നമ്മൾ എന്നും സഹിച്ചുനിൽക്കും
a പേടി തോന്നുന്നതു സ്വാഭാവികമാണ്. പലപ്പോഴും നമുക്ക് അതൊരു സംരക്ഷണവുമാണ്. എന്നാൽ ചില സമയങ്ങളിൽ ഭയം നമുക്കു ദോഷം ചെയ്തേക്കാം. കാരണം സാത്താൻ നമ്മുടെ പേടിയെ മുതലെടുക്കും. അതുകൊണ്ട് അത്തരം ഭയത്തെ മറികടക്കാൻ നമ്മൾ നല്ല ശ്രമം ചെയ്യണം. യഹോവ നമ്മുടെ കൂടെയുണ്ടെന്നും നമ്മളെ സ്നേഹിക്കുന്നുണ്ടെന്നും ഉള്ള അറിവ് ഭയത്തെ കീഴടക്കാൻ നമ്മളെ സഹായിക്കും. അതെക്കുറിച്ചാണ് ഈ ലേഖനത്തിൽ നമ്മൾ പഠിക്കാൻപോകുന്നത്.
b ചില പേരുകൾക്കു മാറ്റമുണ്ട്.
d ചിത്രങ്ങളുടെ വിവരണം: സഭയിലെ ഒരു ദമ്പതികൾ, കഷ്ടപ്പെട്ട് പണിയെടുക്കുന്ന ഒരു സഹോദരിക്കും കുടുംബത്തിനും വേണ്ട ആഹാരവുമായി വരുന്നു.
e ചിത്രങ്ങളുടെ വിവരണം : ചെറുപ്പക്കാരനായ ഒരു സഹോദരന്റെ മാതാപിതാക്കൾ അദ്ദേഹം യഹോവയെ ആരാധിക്കുന്നതിനെ എതിർക്കുന്നു. പക്ഷേ ദൈവം തന്നെ സഹായിക്കുമെന്ന് ആ സഹോദരന് ഉറപ്പുണ്ട്.