മറ്റു ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങൾ എളുപ്പം ലഭിക്കാൻ
ചിലപ്പോഴെങ്കിലും മറ്റു ഭാഷകളിലുള്ള സാഹിത്യങ്ങൾ വായിക്കാൻ താത്പര്യപ്പെടുന്നവരെ നാം കണ്ടുമുട്ടാറുണ്ട്. നമ്മുടെ സഭയിൽ അവയുടെ സ്റ്റോക്ക് ഉണ്ടായെന്നുവരില്ല. അങ്ങനെവരുമ്പോൾ എന്തു ചെയ്യാനാകും? ഇന്റർനെറ്റ് കണക്ഷനും പ്രിന്ററുമുണ്ടെങ്കിൽ 400-ഓളം ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങൾ പ്രിന്റ് ചെയ്തെടുക്കാനാകുമെന്ന കാര്യം നിങ്ങൾക്ക് അറിയാമോ? അതിനുള്ള നടപടിക്രമങ്ങളാണ് ചുവടെ.
• www.watchtower.org എന്ന നമ്മുടെ ഔദ്യോഗിക വെബ്സൈറ്റിലേക്കു പോകുക.
• ഹോം പേജിന്റെ വലതുവശത്ത് ഭാഷകളുടെ ഭാഗികമായ ഒരു ലിസ്റ്റ് കൊടുത്തിട്ടുണ്ട്. അവിടെ കൊടുത്തിരിക്കുന്ന ഭൂഗോളത്തിൽ ക്ലിക്കുചെയ്താൽ പ്രസിദ്ധീകരണങ്ങൾ ലഭ്യമായിരിക്കുന്ന എല്ലാ ഭാഷകളുടെയും ലിസ്റ്റ് കാണാം.
• നിങ്ങൾക്കു വേണ്ട ഭാഷ ക്ലിക്കുചെയ്യുക. ലഘുലേഖകളും ലഘുപത്രികകളും ഉൾപ്പെടെ നിങ്ങൾക്കു പ്രിന്റുചെയ്യാൻ സാധിക്കുന്ന പ്രസിദ്ധീകരണങ്ങൾ കാണിച്ചുകൊണ്ടുള്ള ഒരു പേജ് അപ്പോൾ പ്രത്യക്ഷപ്പെടും. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഭാഷയിൽത്തന്നെയായിരിക്കും ഈ പേജ്.
• ഏതെങ്കിലുമൊരു പ്രസിദ്ധീകരണത്തിൽ ക്ലിക്കുചെയ്താൽ അത് സ്ക്രീനിൽ തെളിയും. തുടർന്ന് അതിന്റെ പ്രിന്റ് എടുക്കാവുന്നതാണ്.
ഏതാനും പ്രസിദ്ധീകരണങ്ങൾ മാത്രമാണ് നമ്മുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്; കൂടുതൽ പ്രസിദ്ധീകരണങ്ങൾ വേണമെങ്കിൽ സഭമുഖാന്തരം ആവശ്യപ്പെടാവുന്നതാണ്. താത്പര്യം വളർത്തിയെടുത്തതിനുശേഷം പ്രസിദ്ധീകരണങ്ങൾക്കായി അപേക്ഷിക്കുന്നതായിരിക്കും നല്ലത്.