ചോദ്യപ്പെട്ടി
◼ പയനിയർമാരെ സഹായിക്കാൻ നമുക്ക് പ്രായോഗികമായി എന്തു ചെയ്യാനാകും?
2009 സേവനവർഷത്തിൽ ലോകമെമ്പാടുമായി 8,00,000 സഹോദരീസഹോദരന്മാരാണ് സാധാരണ പയനിയർമാരും പ്രത്യേക പയനിയർമാരുമായി സേവിച്ചത്. ഈ മുഴുസമയ സേവകർ തങ്ങളുടെ സമയത്തിന്റെയും ഊർജത്തിന്റെയും ആസ്തികളുടെയും നല്ലൊരു പങ്ക് രാജ്യസുവാർത്ത പ്രചരിപ്പിക്കാനായി ചെലവഴിച്ചിരിക്കുന്നു. അങ്ങനെ അവർ തങ്ങളുടെ ‘ആദ്യഫലം’കൊണ്ട് യഹോവയെ ബഹുമാനിച്ചിരിക്കുന്നു. (സദൃ. 3:9) അവരുടെ ശ്രമങ്ങൾ യഹോവയെ എത്ര സന്തോഷിപ്പിക്കുന്നുണ്ടാകും! നമുക്കെങ്ങനെ യഹോവയെ അനുകരിക്കാം? സന്തോഷത്തോടെ ശുശ്രൂഷയിൽ തുടരാൻ പയനിയർമാരെ സഹായിക്കാനായി നമുക്ക് എന്തു ചെയ്യാനാകും?
നമ്മുടെ പ്രോത്സാഹനവാക്കുകൾ സേവനത്തിൽ തുടരാൻ അവർക്കു പ്രചോദനമാകും എന്നതിൽ സംശയമില്ല. (സദൃ. 25:11) എന്നാൽ അതോടൊപ്പം, ഓരോ വാരവും ശുശ്രൂഷയിൽ അവരോടൊപ്പം പ്രവർത്തിക്കാനായി നമ്മുടെ കാര്യാദികളിൽ ചില ഭേദഗതികൾ വരുത്താൻ നമുക്കാകുമോ? വയലിലേക്കു പോകുമ്പോൾ നമുക്ക് അവരുടെ യാത്രാച്ചെലവുകൂടെ വഹിക്കാനാകുമോ? ഇനി, അവരുടെ വാഹനത്തിൽ നാം യാത്ര ചെയ്യുന്ന സാഹചര്യത്തിൽ നമുക്ക് അവരുമായി ഇന്ധനച്ചെലവ് പങ്കിടാൻ കഴിയുമോ? (1 കൊരി. 13:5; ഫിലി. 2:4) ഇതിനുപുറമേ, ഭക്ഷണത്തിനു വേണ്ടിയോ മറ്റോ അവരെ വീട്ടിലേക്കു ക്ഷണിച്ചുകൊണ്ടും നമുക്ക് നമ്മുടെ സ്നേഹം പ്രകടിപ്പിക്കാവുന്നതാണ്.—1 പത്രോ. 4:8, 9.
രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കുന്നവരുടെ അടിസ്ഥാന ആവശ്യങ്ങൾ യഹോവ നിറവേറ്റിക്കൊടുക്കുമെന്ന് ബൈബിൾ ഉറപ്പു നൽകുന്നു. (സങ്കീ. 37:25; മത്താ. 6:33) നമ്മുടെ ക്രിസ്തീയ സഹോദരങ്ങളെ യഹോവ അതിനായി ഉപയോഗിക്കുന്നുണ്ട്. (1 യോഹ. 3:16-18) തങ്ങളുടെ സാമ്പത്തിക ബാധ്യതകൾ മറ്റുള്ളവർ ഏറ്റെടുക്കാൻ പയനിയർമാർ പ്രതീക്ഷിക്കുന്നില്ല എന്നതു ശരിയാണ്. എന്നുവരികിലും വിശ്വസ്തരായ ഈ പയനിയർമാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് വേണ്ട സഹായം നൽകാൻ നമുക്കാകും, അവർ ആവശ്യപ്പെട്ടില്ലെങ്കിൽക്കൂടി.—2 കൊരി. 8:14, 15.
ഒന്നാം നൂറ്റാണ്ടിലെ കെംക്രെയ സഭയിൽ ഉണ്ടായിരുന്ന ഫേബ എന്ന സുവിശേഷക റോമിലേക്കു പോകവെ പൗലോസ് റോമിലെ സഹോദരന്മാരോട് ഇപ്രകാരം ആവശ്യപ്പെട്ടു: “വിശുദ്ധന്മാർക്കു യോഗ്യമാംവണ്ണം കർത്താവിൽ അവളെ കൈക്കൊണ്ട് അവൾക്ക് ആവശ്യമുള്ള ഏതു സഹായവും ചെയ്തുകൊടുക്കുക.” (റോമ. 16:1, 2) സതീക്ഷ്ണം സുവിശേഷം ഘോഷിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സഭയിലെ സാധാരണ പയനിയർമാർക്കും പ്രത്യേക പയനിയർമാർക്കും അതേ പിന്തുണ നൽകാനുള്ള പദവി നമുക്ക് ഓരോരുത്തർക്കുമുണ്ട്.—പ്രവൃ. 5:42.