‘മനസ്സലിവ് ഉള്ളവരായിരിക്കുവിൻ’
1. ഇന്ന് ആളുകൾക്ക് എന്ത് ആവശ്യമാണ്?
1 ചരിത്രത്തിൽ മുമ്പൊരിക്കലും മനുഷ്യർ ഇത്ര ദുഷ്കരമായ അവസ്ഥയിലായിരുന്നിട്ടില്ല. അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ലോകരംഗം ജനങ്ങളെ അസന്തുഷ്ടിയിലേക്കും വിഷാദത്തിലേക്കും നിരാശയിലേക്കും തള്ളിവിട്ടിരിക്കുന്നു. ദശലക്ഷങ്ങൾ സഹായത്തിനായി കേഴുകയാണ്. അവരിൽ ആത്മാർഥമായ താത്പര്യം കാണിക്കാനും ആവശ്യമായ സഹായം നൽകാനും പറ്റിയ സ്ഥാനത്താണ് ക്രിസ്ത്യാനികളായ നാം. (മത്താ. 22:39; ഗലാ. 6:10) ആകട്ടെ, അവരുടെ ക്ഷേമത്തിൽ താത്പര്യമുണ്ടെന്നു കാണിക്കാൻ നമുക്കെന്തു ചെയ്യാനാകും?
2. മനസ്സലിവ് പ്രകടിപ്പിക്കാനുള്ള ഏറ്റവും പറ്റിയ മാർഗം ഏതാണ്?
2 അനുകമ്പ പ്രതിഫലിക്കുന്ന ഒരു വേല: യഹോവയാണ് യഥാർഥവും നിലനിൽക്കുന്നതും ആയ ആശ്വാസത്തിന്റെ ഏക ഉറവിടം. (2 കൊരി. 1:3, 4) സഹാനുഭൂതിയുള്ള നമ്മുടെ ദൈവം, ‘മനസ്സലിവ്’ ഉള്ളവരായിരുന്നുകൊണ്ട് അവനെ അനുകരിക്കാൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു. (1 പത്രോ. 3:8) ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത മറ്റുള്ളവരെ അറിയിക്കാനുള്ള നിയമനവും അവൻ നമുക്കു നൽകിയിരിക്കുന്നു. ഈ വേലയിൽ സജീവമായി പങ്കുപറ്റുന്നതാണ് “ഹൃദയം തകർന്നവരെ” ആശ്വസിപ്പിക്കാനുള്ള ഏറ്റവും പറ്റിയ മാർഗം. കാരണം, കഷ്ടപ്പെടുന്ന മനുഷ്യവർഗത്തിനുള്ള ഏക പ്രത്യാശയാണ് ദൈവരാജ്യം. (യെശ. 61:1) തന്റെ ജനത്തോടുള്ള അനുകമ്പനിമിത്തം യഹോവ പെട്ടെന്നുതന്നെ ഭൂമിയിൽനിന്ന് ദുഷ്ടത തുടച്ചുനീക്കുകയും നീതിയുള്ള ഒരു പുതിയ ലോകം സ്ഥാപിക്കുകയും ചെയ്യും.—2 പത്രോ. 3:13.
3. യേശു ആളുകളെ വീക്ഷിച്ച വിധം നമുക്ക് എങ്ങനെ അനുകരിക്കാം?
3 യേശു വീക്ഷിച്ചതുപോലെ ആളുകളെ വീക്ഷിക്കുക: വലിയ പുരുഷാരത്തോടു സംസാരിച്ചപ്പോൾപ്പോലും കേവലം ഒരുകൂട്ടം ആളുകളായിട്ടല്ല പിന്നെയോ ആത്മീയ വിശപ്പുള്ള വ്യക്തികളായിട്ടാണ് യേശു അവരെ കണ്ടത്. ഇടയനില്ലാത്ത ആടുകളെപ്പോലെയായിരുന്നു അവർ. അവരുടെ അവസ്ഥ കണ്ട് അവന് അലിവു തോന്നിയെന്നും അവൻ പല കാര്യങ്ങളും അവരെ പഠിപ്പിച്ചെന്നും തിരുവെഴുത്തുകൾ പറയുന്നു. (മർക്കോ. 6:34) യേശുവിനെ അനുകരിക്കുന്നെങ്കിൽ ആളുകളെ വ്യക്തികളെന്നനിലയിൽ വീക്ഷിക്കാനും അവരോട് അനുകമ്പ കാണിക്കാനും നമുക്കാകും. നമ്മുടെ ശബ്ദത്തിലും മുഖഭാവത്തിലുമെല്ലാം അതു പ്രതിഫലിക്കും. മാത്രമല്ല പ്രസംഗവേലയ്ക്ക് നാം ജീവിതത്തിൽ പ്രഥമസ്ഥാനം കൊടുക്കും. ഓരോ വ്യക്തിയുടെയും സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് വാക്കുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കാനും നാം ശ്രമിക്കും.—1 കൊരി. 9:19-23.
4. നാം മനസ്സലിവ് കാണിക്കുന്നതിൽ തുടരേണ്ടത് എന്തുകൊണ്ട്?
4 സകല ജനതകളിൽനിന്നുമുള്ള ഒരു മഹാപുരുഷാരം രാജ്യസന്ദേശം സ്വീകരിക്കുകയും നാം അവരോടു കാണിക്കുന്ന ആത്മാർഥമായ താത്പര്യം വിലമതിക്കുകയും ചെയ്യുന്നു എന്നത് സന്തോഷകരമല്ലേ? മനസ്സലിവ് കാണിക്കുന്നതിൽ നാം തുടരുന്നെങ്കിൽ അത് മനസ്സലിവുള്ള നമ്മുടെ ദൈവമായ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും അവനു മഹത്ത്വം കരേറ്റുകയും ചെയ്യും.—കൊലോ. 3:12.