അവധിയെടുക്കാത്ത വേലക്കാർ!
1. ഒന്നാം നൂറ്റാണ്ടിലെ സുവിശേഷ ഘോഷകർ ശുശ്രൂഷയിൽനിന്ന് ഒരിക്കലും അവധിയെടുത്തിരുന്നില്ലെന്ന് നമുക്ക് എങ്ങനെ അറിയാം?
1 ഒന്നാം നൂറ്റാണ്ടിലെ തീക്ഷ്ണരായ സുവിശേഷ ഘോഷകർ “അവിരാമം” സുവാർത്ത പ്രസംഗിച്ചു; ആളുകളെ കണ്ടുമുട്ടിയ സ്ഥലങ്ങളിലെല്ലാം. (പ്രവൃ. 5:42) വീടുകൾതോറും പോകുന്നതിനിടെ വഴിയിൽവെച്ച് കണ്ടുമുട്ടുന്നവരോടും അവർ സുവാർത്ത പ്രസംഗിച്ചിട്ടുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. വയൽശുശ്രൂഷ കഴിഞ്ഞ് മടങ്ങവെ ചന്തസ്ഥലത്ത് സാധനങ്ങൾ വാങ്ങുമ്പോഴും സുവിശേഷം അറിയിക്കാനുള്ള അവസരങ്ങൾ അവർ പാഴാക്കിയിട്ടുണ്ടാവില്ല. ശുശ്രൂഷയുടെ കാര്യത്തിൽ യേശുവിനെപ്പോലെയായിരുന്നു അവരും, ഒരിക്കലും അവർ പ്രസംഗവേലയിൽനിന്ന് അവധിയെടുത്തില്ല.—മർക്കോ. 6:31-34.
2. നമ്മുടെ പേരിനെ അന്വർഥമാക്കുംവിധം ജീവിക്കുന്നതിൽ എന്ത് ഉൾപ്പെടുന്നു?
2 സദാ സജ്ജരായിരിക്കുക: യഹോവയുടെ സാക്ഷികൾ എന്ന നമ്മുടെ പേര് കേവലം നമ്മൾ എന്തു ചെയ്യുന്നു എന്നതിനെക്കാൾ, നമ്മൾ ആരാണ് എന്നതിനെയാണ് കുറിക്കുന്നത്. (യെശ. 43:10-12) അതുകൊണ്ട്, വീടുതോറുമുള്ള സാക്ഷീകരണത്തിൽ മാത്രമല്ല, മറ്റു സാഹചര്യങ്ങളിലും നമ്മുടെ പ്രത്യാശയെക്കുറിച്ച് വിശദീകരിക്കാൻ നാം ഒരുങ്ങിയിരിക്കണം. (1 പത്രോ. 3:15) അനൗപചാരികമായി സാക്ഷീകരിക്കാനുള്ള അവസരങ്ങൾ മുൻകൂട്ടിക്കാണാനും അതിനായി തയ്യാറാകാനും നിങ്ങൾ ശ്രമിക്കാറുണ്ടോ? താത്പര്യം കാണിക്കുന്നവർക്ക് നൽകാനായി നിങ്ങൾ സാഹിത്യങ്ങൾ കൂടെക്കരുതാറുണ്ടോ? (സദൃ. 21:5) വീടുതോറും പോകുമ്പോൾ മാത്രമാണോ നിങ്ങൾ സുവാർത്ത പ്രസംഗിക്കുന്നത്? അതോ സാഹചര്യം കിട്ടുമ്പോഴൊക്കെ നിങ്ങൾ അതു ചെയ്യാറുണ്ടോ?
3. തെരുവിലും ബസ് സ്റ്റോപ്പിലും റെയിൽവേ സ്റ്റേഷനിലും പാർക്കിലും ബിസിനസ് സ്ഥലങ്ങളിലും മറ്റുമുള്ള സാക്ഷീകരണത്തെ കുറിക്കാൻ “പരസ്യ” സാക്ഷീകരണം എന്ന പദം ഉപയോഗിക്കാവുന്നത് എന്തുകൊണ്ട്?
3 “പരസ്യ” സാക്ഷീകരണം: തെരുവിലും ബസ് സ്റ്റോപ്പിലും റെയിൽവേ സ്റ്റേഷനിലും പാർക്കിലും ബിസിനസ് സ്ഥലങ്ങളിലും മറ്റും നടത്തുന്ന സാക്ഷീകരണത്തെ കുറിക്കാൻ എന്തു പദമാണ് ഉപയോഗിക്കാൻ കഴിയുക? “പരസ്യമായും” വീടുതോറും താൻ പ്രസംഗിച്ചുവെന്ന് അപ്പൊസ്തലനായ പൗലോസ് പറയുകയുണ്ടായി. (പ്രവൃ. 20:20) അതുകൊണ്ട് പ്രസ്തുത സാക്ഷീകരണത്തെ കുറിക്കാൻ “പരസ്യ” സാക്ഷീകരണം എന്ന പദം ഉചിതമായിരിക്കും. വീടുതോറുമുള്ള സാക്ഷീകരണം എത്ര ഫലപ്രദമാണെന്നു നമുക്കറിയാം. തുടർന്നും, ആളുകളുടെ പക്കൽ രാജ്യസന്ദേശം എത്തിക്കാൻ പ്രധാനമായും നാം ആ രീതിതന്നെയായിരിക്കും അവലംബിക്കുക. എന്നുവരികിലും, ഒന്നാം നൂറ്റാണ്ടിലെ രാജ്യഘോഷകർ വീടുകളിലല്ല, ആളുകളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത് എന്ന കാര്യം നാം മനസ്സിൽപ്പിടിക്കണം. സത്യത്തെക്കുറിച്ചു സംസാരിക്കാനുള്ള ഒരവസരവും അവർ പാഴാക്കിയില്ല. പരസ്യമായും അനൗപചാരികമായും വീടുതോറും അവർ സുവിശേഷം അറിയിച്ചു. ആ ആദിമ ക്രിസ്ത്യാനികളെപ്പോലെ സുവാർത്ത പ്രസംഗിക്കാനുള്ള ധാരാളം അവസരങ്ങൾ നമുക്കുമുണ്ട്—തെരുവിലും ബസ് സ്റ്റോപ്പിലും റെയിൽവേ സ്റ്റേഷനിലും പാർക്കിലും ബിസിനസ് സ്ഥലങ്ങളിലും ഒക്കെ. ആ ക്രിസ്ത്യാനികളുടെ മനോഭാവം പകർത്തിക്കൊണ്ട് നമുക്കും നമ്മുടെ ശുശ്രൂഷ പൂർണമായി നിറവേറ്റാം!—2 തിമൊ. 4:5.