പ്രസംഗിക്കുന്നതിനു മുമ്പ് അന്വേഷിക്കേണ്ടതാണ്
1. ബഹുഭാഷാപ്രദേശങ്ങളിൽ പ്രദേശനിയമനങ്ങൾ ഭാഷയുടെ അടിസ്ഥാനത്തിൽ നടത്തിയിരിക്കുന്നത് എന്തുകൊണ്ട്?
1 എ.ഡി. 33-ലെ പെന്തെക്കൊസ്തിൽ പരിശുദ്ധാത്മാവു ലഭിച്ചശേഷം യേശുവിന്റെ ശിഷ്യന്മാർ ഭൂമിയുടെ അതിവിദൂരഭാഗങ്ങളിൽനിന്ന് വന്നവരോടു “വ്യത്യസ്ത ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി.” (പ്രവൃ. 2:4) തത്ഫലമായി 3,000 പേർ സ്നാനമേറ്റു. മിക്കവാറും സന്ദർശകർ അന്നത്തെ പൊതുഭാഷയായ ഹീബ്രുവോ ഗ്രീക്കോ അറിഞ്ഞിരുന്നു. എങ്കിലും രാജ്യസന്ദേശം ഓരോരുത്തരുടെയും മാതൃഭാഷയിൽത്തന്നെ പ്രസംഗിക്കപ്പെടണമെന്ന് യഹോവ ആഗ്രഹിച്ചു. ഇതിന്റെ ഒരു കാരണം, ആളുകൾ മാതൃഭാഷയിൽ കേൾക്കുമ്പോഴാണ് സത്വരം പ്രതികരിക്കുന്നത്. അതിനാൽ ഇന്ന് ബഹുഭാഷാപ്രദേശങ്ങളിൽ സഭകൾക്കു പ്രദേശം നിയമിച്ചുകൊടുക്കുന്നതു ഭാഷയുടെ അടിസ്ഥാനത്തിലാണ്. (സംഘടിതർ പുസ്തകം പേ. 107 ഖ. 2-3) ഭാഷാക്കൂട്ടങ്ങൾക്കു പ്രത്യേകപ്രദേശം നിയമിച്ചുകൊടുക്കാറില്ലെങ്കിലും അവർ മാതൃസഭയുടെയോ അടുത്തുള്ള സഭകളുടെയോ പ്രദേശത്ത് അവരുടെ സ്വന്തഭാഷയിൽ പ്രസംഗിക്കുന്നു.
2. (എ) അന്വേഷണവേല നടത്തുക എന്നാൽ എന്ത്, അത് ആവശ്യമായേക്കാവുന്നത് എവിടെയാണ്? (ബി) ബഹുഭാഷാപ്രദേശങ്ങളിൽ പ്രവർത്തിക്കുമ്പോൾ സഭകൾക്ക് അന്യോന്യം സഹായിക്കാനാകുന്നത് എങ്ങനെ? (സി) മറ്റൊരു ഭാഷ സംസാരിക്കുന്ന താത്പര്യക്കാരനെ കണ്ടെത്തുമ്പോൾ എന്തു ചെയ്യണം?
2 നിങ്ങൾ താമസിക്കുന്നിടത്ത് എല്ലാവരും ഒരേ ഭാഷയാണു സംസാരിക്കുന്നതെങ്കിൽ പതിവുപോലെ ഒരു വീട്ടിൽ സംസാരിച്ചശേഷം അടുത്ത വീട്ടിലേക്കു പോകാനാകും. എന്നാൽ നിങ്ങൾ താമസിക്കുന്നത് പല ഭാഷകൾ സംസാരിക്കുന്ന ഒരു നഗരത്തിലാണെങ്കിൽ സാഹചര്യം വ്യത്യസ്തമായിരുന്നേക്കാം. മറ്റു ഭാഷാസഭകൾ സമീപത്തു പ്രസംഗിക്കുന്നുണ്ടാകാം. സഭയുടെ പ്രദേശത്ത് വ്യത്യസ്തഭാഷകൾ സംസാരിക്കുന്നവരുടെ ഒരു വലിയ കൂട്ടം ഉണ്ടെങ്കിൽ വിവിധ സഭകൾ പ്രദേശം ഊഴമനുസരിച്ചു പ്രവർത്തിക്കുന്നതിനായുള്ള ക്രമീകരണം സേവന മേൽവിചാരകൻ ചെയ്യേണ്ടതാണ്. നേരെമറിച്ച് സഭയുടെയോ കൂട്ടത്തിന്റെയോ ഭാഷ സംസാരിക്കുന്ന ചുരുക്കം ചിലരെയുള്ളുവെങ്കിൽ ഒരു അന്വേഷണം സംഘടിപ്പിക്കണം. ആ സഭകൾ നിങ്ങളുടെ ഭാഷ സംസാരിക്കുന്നവരെക്കുറിച്ചു വിവരങ്ങൾ നൽകിയേക്കാമെങ്കിലും നിങ്ങളുടെ ഭാഷ സംസാരിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള ഉത്തരവാദിത്വം പ്രാഥമികമായും നിങ്ങളുടെ സഭയ്ക്കോ കൂട്ടത്തിനോ ആണ്. (“അന്യോന്യം സഹായിക്കുക” എന്ന ചതുരം കാണുക.) ആയതിനാൽ ഒരു അന്വേഷണം നടത്തി നിങ്ങളുടെ ഭാഷ സംസാരിക്കുന്നവരെ കണ്ടെത്തേണ്ടതുണ്ടായിരിക്കാം. ഈ അന്വേഷണവേല എങ്ങനെ നടത്താനാകും?
3. ഒരു സഭയോ കൂട്ടമോ അന്വേഷണവേല എവിടെ നടത്തും എന്നും എത്ര സമയം ചെലവഴിക്കും എന്നും തീരുമാനിക്കുന്നതിന്റെ അടിസ്ഥാനം എന്താണ്?
3 അന്വേഷണവേല സംഘടിപ്പിക്കുന്നു: ബഹുഭാഷാപ്രദേശങ്ങളിൽ അന്വേഷണവേലയ്ക്കു ചെലവഴിക്കേണ്ട സമയം സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന്, ആ ഭാഷ സംസാരിക്കുന്ന എത്ര ആളുകൾ സമൂഹത്തിലുണ്ട്? എത്ര പ്രസാധകരുണ്ട്? സഭയുടെയോ കൂട്ടത്തിന്റെയോ പക്കൽ എത്ര മേൽവിലാസങ്ങളുണ്ട്? ചുറ്റുമുള്ള ഓരോ പ്രദേശവും ഒരുപോലെ തിരയേണ്ടതില്ല, മറിച്ച് പ്രദേശാതിർത്തിക്കുള്ളിൽ ഏറെ ജനസാന്ദ്രതയുള്ള സ്ഥലങ്ങളും താരതമ്യേന അടുത്തുള്ളവയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തണം. എന്നിരുന്നാലും പരമാവധി ആളുകൾക്കു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കാനുള്ള അവസരം ലഭിക്കേണ്ടതിന് അന്വേഷണവേലയ്ക്കു സുസംഘടിതമായ ഒരു ക്രമീകരണം പ്രധാനമാണ്.—റോമ. 10:13, 14.
4. (എ) അന്വേഷണവേല എങ്ങനെ സംഘടിപ്പിക്കാം? (ബി) നിങ്ങളുടെ ഭാഷ സംസാരിക്കുന്നവരെ കണ്ടെത്താനുള്ള വഴികൾ ഏതൊക്കെയാണ്?
4 അന്വേഷണം ആവശ്യമായിരിക്കുന്നിടങ്ങളിൽ ഒന്നിലധികം തവണ പോകുന്നത് ഒഴിവാക്കാനായി മൂപ്പന്മാരുടെ സംഘം, വിശേഷിച്ച് സേവന മേൽവിചാരകൻ, അന്വേഷണവേല സംഘടിപ്പിക്കുകയും മേൽനോട്ടം വഹിക്കുകയും വേണം. (1 കൊരി. 9:26) ഭാഷാക്കൂട്ടങ്ങളിൽ നേതൃത്വമെടുക്കാൻ മാതൃസഭയിലെ മൂപ്പന്മാരുടെ സംഘം തിരഞ്ഞെടുക്കുന്നത് യോഗ്യതയുള്ള ഒരു സഹോദരനെ ആയിരിക്കണം; ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ആണെങ്കിൽ ഏറെ നല്ലത്. അനേകം സഭകൾക്കും കൂട്ടങ്ങൾക്കും അന്വേഷണത്തിനായി ക്രമീകൃതമായ ഒരു രീതിയുണ്ട്. ഒരുപക്ഷേ അവർ ഡയറക്റ്ററിയോ ഇന്റർനെറ്റോ ഉപയോഗിച്ച് തങ്ങളുടെ മാതൃഭാഷ സംസാരിക്കുന്നവരുടെ ഇടയിലുള്ള സാധാരണപേരുകൾ കണ്ടെത്തുന്നു. എന്നിട്ട്, ഏതെല്ലാം മേൽവിലാസങ്ങൾ സഭാപ്രദേശത്തിൽ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കാനായി ഫോൺവിളിക്കുകയോ സന്ദർശനം നടത്തുകയോ ചെയ്യുന്നു. പ്രായോഗികമാണെങ്കിൽ മാതൃസഭയിലെ മൂപ്പന്മാരുടെ സംഘം സഭയിലുള്ളവരെയെല്ലാം ഇടക്കിടെ അന്വേഷണവേലയിൽ ഉൾപ്പെടുത്താൻ ക്രമീകരിച്ചേക്കാം.—“പ്രത്യേകഭാഷ സംസാരിക്കുന്നവരെ കണ്ടെത്തുക” എന്ന ചതുരം കാണുക.
5. (എ) അന്വേഷണവേലയിൽ ഏർപ്പെടുന്ന പ്രസാധകർക്കുള്ള ചില നിർദേശങ്ങൾ ഏവ? (ബി) അന്വേഷണം നടത്തുമ്പോൾ നമുക്ക് ആളുകളോട് എന്തു പറയാനാകും?
5 അന്വേഷണവേലയിൽ ഓരോ തവണയും ഏർപ്പെടുമ്പോൾ നമുക്കു വ്യക്തമായ ലക്ഷ്യമുണ്ടായിരിക്കണം. ഇതും ശുശ്രൂഷയുടെ ഭാഗമായതിനാൽ നാം യോഗ്യമായ വസ്ത്രം ധരിക്കണം. അന്വേഷണത്തിനിടെ ആ ഭാഷ സംസാരിക്കുന്നതും അവതരണങ്ങൾ പരിശീലിക്കുന്നതും, ഉത്സാഹം നിലനിർത്താനും ഭാഷാപ്രാപ്തി മെച്ചപ്പെടുത്താനും സഹായിക്കുന്നതായി അനേകർ കണ്ടെത്തിയിരിക്കുന്നു. അന്വേഷണത്തിൽ ചെലവഴിക്കുന്ന സമയം റിപ്പോർട്ടു ചെയ്യാമെങ്കിലും പ്രദേശഭൂപടങ്ങളും പട്ടികകളും തയ്യാറാക്കുന്നതിനു ചെലവഴിക്കുന്ന സമയം റിപ്പോർട്ടു ചെയ്യരുത്. ആ ഭാഷ സംസാരിക്കുന്ന ഒരുവനെ കണ്ടുമുട്ടുമ്പോൾ സുവാർത്ത പങ്കുവെക്കാൻ നമ്മാലാവതു ചെയ്യുകയും പിന്നീടു സത്വരം ആ വ്യക്തിയെക്കുറിച്ചു സേവന മേൽവിചാരകനെയോ പ്രദേശരേഖകൾ പുതുക്കാൻ ഏൽപ്പിച്ചിരിക്കുന്ന സഹോദരനെയോ അറിയിക്കണം. വീട്ടുകാരൻ താത്പര്യം കാണിച്ചാലും ഇല്ലെങ്കിലും ഇതു ചെയ്യണം. അന്വേഷണവേല പ്രധാനമാണെങ്കിലും നാം സമനിലയോടെ ശുശ്രൂഷയുടെ എല്ലാ വശങ്ങളിലും പങ്കുപറ്റണം.—“അന്വേഷണവേലയിൽ പറയേണ്ടത്” എന്ന ചതുരം കാണുക.
6. ബധിരരെ അന്വേഷിക്കുന്നതിൽ ഏതൊക്കെ വെല്ലുവിളികളാണുള്ളത്?
6 ബധിരരെ അന്വേഷിക്കുക: ബധിരരെ അന്വേഷിക്കുന്നത് വെല്ലുവിളികൾ നിറഞ്ഞതും കാര്യമായ ശ്രമവും ക്ഷമയും വേണ്ടതുമായ ഒരു വേലയാണ്. ഒരു ബധിരനെ പേരിലൂടെയോ ബാഹ്യാകാരത്താലോ വസ്ത്രധാരണത്താലോ തിരിച്ചറിയാനാവില്ല. കൂടാതെ, കുടുംബാംഗങ്ങളും സുഹൃത്തുക്കളും സുരക്ഷയെപ്രതി പ്രസാധകർക്കു വേണ്ട വിവരങ്ങൾ നൽകാൻ മടിച്ചേക്കാം. ബധിരരെ അന്വേഷിക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ മറ്റു ഭാഷ സംസാരിക്കുന്നവരെ അന്വേഷിക്കുന്നതിലും ഉപയോഗിക്കാവുന്നതാണ്.
7. (എ) ബധിരരെ കണ്ടെത്താൻ ഏതു മാർഗങ്ങൾ ഉപയോഗിക്കാം? (ബി) വീട്ടുകാരന്റെ ആശങ്കകൾ എങ്ങനെ അകറ്റാം?
7 അന്വേഷണവേല നടത്തുന്നതിൽ ആംഗ്യഭാഷാ സഭകളും കൂട്ടങ്ങളും വിജയിച്ചിരിക്കുന്നു. അയൽവാസിയോ സഹപ്രവർത്തകനോ സഹപാഠിയോ ആംഗ്യഭാഷ ഉപയോഗിക്കുന്നതായി വീട്ടുകാരൻ നിരീക്ഷിച്ചിട്ടുണ്ടാകാം. ചില രാജ്യങ്ങളിൽ, ബധിരരായ കുട്ടികളുണ്ടെന്ന് പൊതുജനത്തെ അറിയിക്കുന്നതിനുള്ള അടയാളങ്ങൾ വഴിയോരത്ത് അദ്ദേഹം കണ്ടിട്ടുണ്ടാകാം. ചിലപ്പോൾ അദ്ദേഹത്തിനു ബധിരനായ ബന്ധുവുണ്ടാകാം. നിങ്ങളുടെ സന്ദർശനോദ്ദേശം ഏറെക്കുറെ സന്ദേഹമുണ്ടാക്കുമെന്ന് ഓർക്കുക. ആത്മാർഥമായ സൗഹൃദമനോഭാവവും സത്യസന്ധവും ആദരവോടുകൂടിയതും ആയ വിശദീകരണം ചുരുക്കിപ്പറയുന്നതു വീട്ടുകാരന്റെ ആശങ്ക അകറ്റിയേക്കാം. ബധിരനായ ഒരാളെ പരിചയമുണ്ടോ എന്നു വീട്ടുകാരനോട് അന്വേഷിക്കുന്നതിനിടെ ആംഗ്യഭാഷയിലുള്ള ബൈബിളോ മറ്റു ഡി.വി.ഡി.-കളോ കാണിച്ചതിനാൽ ചിലർക്ക് നല്ല ഫലം ലഭിച്ചിരിക്കുന്നു. ബധിരരായ അത്തരക്കാരോടു ബൈബിൾപ്രത്യാശയെക്കുറിച്ചു പറയാൻ ആഗ്രഹിക്കുന്നെന്നും അവർ സൂചിപ്പിക്കും. വിവരങ്ങൾ നൽകാൻ വീട്ടുകാരൻ മടിച്ചേക്കാമെങ്കിലും നിങ്ങളുടെ മേൽവിലാസമോ സഭായോഗങ്ങൾക്കുള്ള ക്ഷണക്കത്തോ ബധിരനായ ബന്ധുവിനോ സുഹൃത്തിനോ കൊടുക്കാനായി അദ്ദേഹം സ്വീകരിച്ചേക്കാം.
8. അടുത്തുള്ള സഭയ്ക്ക് എങ്ങനെയാണ് ഒരു ആംഗ്യഭാഷാസഭയെ സഹായിക്കാൻ കഴിയുന്നത്?
8 വർഷത്തിൽ ഒന്നോ രണ്ടോ ദിവസം ആംഗ്യഭാഷാസഭയ്ക്കു തങ്ങളുടെ പ്രദേശത്തുള്ള നഗരത്തിലെ ബധിരരെ കണ്ടെത്താനായി അടുത്തുള്ള മറ്റൊരു ഭാഷ സംസാരിക്കുന്ന സഭയെ ക്ഷണിക്കാവുന്നതാണ്. ആംഗ്യഭാഷാസഭ നടത്തുന്ന വയൽസേവനയോഗത്തിൽ ഇതു സംബന്ധിച്ചുള്ള നിർദേശങ്ങളും അവതരണവും ഉൾപ്പെടുത്താം. അന്വേഷണവേലയിൽ ഏർപ്പെടുന്ന ഓരോ ചെറിയ കൂട്ടത്തിലും ആംഗ്യഭാഷയിലെ കുറഞ്ഞത് ഒരു പ്രസാധകനെയോ പ്രസാധികയെയോ, അവർ അന്വേഷിക്കേണ്ട പ്രദേശത്തിന്റെ ഭൂപടം നൽകി നിയമിക്കുക.
9. ബധിരരായ ആളുകൾ വിനോദത്തിനും സഹവാസത്തിനും പോകുന്ന സ്ഥലങ്ങളിലും പൊതുസേവനങ്ങൾ ലഭിക്കുന്നിടങ്ങളിലും അവരെ എങ്ങനെ അന്വേഷിക്കാനാകും?
9 ബധിരരായ ആളുകൾ വിനോദത്തിനും സഹവാസത്തിനും പോകുന്ന സ്ഥലങ്ങളിലും അവർക്ക് പൊതുസേവനങ്ങൾ ലഭിക്കുന്നിടങ്ങളിലും അവരെ അന്വേഷിക്കാവുന്നതാണ്. പ്രസാധകർ സാഹചര്യത്തിനു ചേരുന്ന വസ്ത്രം ധരിക്കേണ്ടതാണ്. സന്നിഹിതരായിരിക്കുന്ന മുഴുകൂട്ടത്തിന്റെയും മുമ്പാകെ സംസാരിക്കുന്നതിനു പകരം വിവേചനയോടെ ഒന്നോ രണ്ടോ വ്യക്തികളുമായി സംഭാഷണം നടത്തുന്നതാണ് നല്ലത്. സംഭാഷണം ഫലകരമാണെങ്കിൽ, ബന്ധപ്പെടുന്നതിനുള്ള വിവരങ്ങൾ കൈമാറാനായേക്കും.
10. ബിസിനെസ്സ് സ്ഥാപനങ്ങളിൽ പ്രസാധകർക്ക് ഏതു രീതിയിൽ അന്വേഷണം നടത്താം?
10 ബിസിനെസ്സ് സ്ഥാപനങ്ങളുടെ ഭൂപടം തയ്യാറാക്കി അനുയോജ്യമായ സമയത്ത് സന്ദർശിക്കുന്നതായിരിക്കും മറ്റൊരു സാധ്യത. ഒരു ഭൂപടത്തിൽ അനേകം പെട്രോൾ പമ്പുകൾ കണ്ടേക്കാം. മറ്റൊന്നിൽ കടകളും അലക്കുശാലകളും ഹോട്ടലുകളും മറ്റു ബിസിനെസ്സ് സ്ഥാപനങ്ങളും ഉണ്ടായിരുന്നേക്കാം. ഒരു ഭൂപടത്തിൽ ഒരേ തരത്തിലുള്ള ബിസിനെസ്സ് സ്ഥാപനങ്ങളാണുള്ളതെങ്കിൽ പ്രസാധകർക്ക് സമാനമായ സമീപനരീതി അവലംബിച്ചുകൊണ്ട് വൈദഗ്ധ്യവും പരിചയസമ്പത്തും നേടാനാകും. ഉദാഹരണത്തിന്, ഹോട്ടലുകളിൽ ബധിരരെയും താമസിപ്പിക്കുമെന്നതിനാൽ അവിടത്തെ അധികാരികളോട് നമ്മുടെ സന്ദർശനോദ്ദേശം ചുരുക്കമായി വിശദീകരിക്കാനും അവിടെ വരുന്ന ബധിരർക്കു കൊടുക്കാനായി ഡി.വി.ഡി.-യും സഭായോഗങ്ങൾക്കുള്ള ക്ഷണക്കത്തും അടങ്ങിയ പാക്കറ്റ് ഹോട്ടൽ അധികാരികളെ ഏൽപ്പിക്കാനാകും. ചില ബിസിനെസ്സ് സ്ഥാപനങ്ങളിലെ ജോലിക്കാരോ സ്ഥിരം ഇടപാടുകാരോ ആയ ആരെങ്കിലും ആംഗ്യഭാഷ ഉപയോഗിക്കുന്നുണ്ടോ എന്ന് ആരായാവുന്നതാണ്. പ്രദേശത്ത് ബധിരർക്കുള്ള സ്കൂളുണ്ടെങ്കിൽ അവരുടെ ലൈബ്രറിയിലേക്കായി നമ്മുടെ ഡി.വി.ഡി.-കൾ കൊടുക്കാവുന്നതാണ്.
11. അന്വേഷണവേല ശുശ്രൂഷയുടെ പ്രധാനഭാഗമായിരിക്കുന്നത് എന്തുകൊണ്ട്?
11 ഒരു പ്രധാനപ്പെട്ട വേല: ഒരു പ്രത്യേക ഭാഷ സംസാരിക്കുന്നവരെ കണ്ടെത്തുക ശ്രമകരമാണ്. കൂടാതെ, താമസത്തിനായി ആളുകൾ വരികയും പോകുകയും ചെയ്തുകൊണ്ടിരിക്കുന്നതിനാൽ പ്രദേശരേഖ പുതുക്കുന്നത് ഒരു വെല്ലുവിളിയാണ്. എങ്കിൽതന്നെയും അനേകം പ്രദേശങ്ങളിൽ അന്വേഷണവേല ശുശ്രൂഷയുടെ ഒരു പ്രധാനവശമാണ്. നമുക്ക് ഈ നിയമനം നൽകിയ യഹോവ പക്ഷപാതമുള്ളവനല്ല. (പ്രവൃ. 10:34) “സകലതരം മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തിൽഎത്തണമെന്നുമത്രേ അവൻആഗ്രഹിക്കുന്നത്.” (1 തിമൊ. 2:3, 4) ആയതിനാൽ സകലഭാഷയിൽനിന്നും “ഉത്തമവും നല്ലതുമായ ഹൃദയ”നിലയുളളവരെ കണ്ടെത്തുന്നതിൽ നമുക്ക് യഹോവയോടും മറ്റുള്ളവരോടും സഹകരിക്കാം.—ലൂക്കോ. 8:15.
[5-ാം പേജിലെ ചതുരം]
അന്യോന്യം സഹായിക്കുക
ഒരു അന്യഭാഷാസഭയ്ക്കോ കൂട്ടത്തിനോ തങ്ങളുടെ ഭാഷയിലുള്ളവരെ കണ്ടെത്താൻ അയൽസഭകളിൽനിന്നു സഹായം ആവശ്യമാണെങ്കിൽ സേവന മേൽവിചാരകന് മറ്റു ഭാഷാസഭകളിലെ മൂപ്പന്മാരെ സമീപിക്കാം. അടുത്തുള്ളതും ആ ഭാഷ ഉപയോഗിക്കുന്ന മതിയായ ജനസംഖ്യയുള്ളതും ആയ സഭകളെ സമീപിക്കുന്നതായിരിക്കും അഭികാമ്യം. ആ സഭകളിലെ പ്രസാധകർ പ്രസ്തുത ഭാഷക്കാരെ കണ്ടെത്തുമ്പോൾ അവരുടെ മേൽവിലാസം എഴുതി സ്വന്തം സഭയിലെ സേവന മേൽവിചാരകന്റെ പക്കൽ കൊടുക്കണമെന്ന് പ്രസാധകരെ അറിയിക്കേണ്ടതാണ്. സേവന മേൽവിചാരകൻ ഈ മേൽവിലാസങ്ങൾ സഹായം അഭ്യർഥിക്കുന്ന സഭയ്ക്കോ കൂട്ടത്തിനോ കൈമാറണം. ബഹുഭാഷാ പ്രദേശം പ്രവർത്തിക്കുന്നതിനും താത്പര്യക്കാരെ അനുയോജ്യമായ സഭയിലേയ്ക്കോ കൂട്ടത്തിലേയ്ക്കോ നയിക്കുന്നതിനും ഉൾപ്പെട്ടിരിക്കുന്ന സഭകളിലെ സേവന മേൽവിചാരകന്മാർക്ക്, വേണ്ട ക്രമീകരണം നടത്താവുന്നതാണ്.
ഏതെങ്കിലും വ്യക്തി യഥാർഥതാത്പര്യം കാണിക്കുന്നെങ്കിൽ (അഥവാ ബധിരനാണെങ്കിൽ) ഉടനടി പ്രസാധകർ ദയവായി ബന്ധപ്പെടുക (S-43) ഫാറം പൂരിപ്പിച്ച് സഭാ സെക്രട്ടറിക്കു നൽകേണ്ടതാണ്. ഇത് ആ വ്യക്തിക്ക് ആത്മീയസഹായം വേഗത്തിൽ ലഭിക്കാൻ ഇടയാക്കും.—km 5/11 പേ. 3 കാണുക.
[6-ാം പേജിലെ ചിത്രം]
പ്രത്യേകഭാഷ സംസാരിക്കുന്നവരെ കണ്ടെത്തുക
• മറ്റുള്ളവരോട് അന്വേഷിക്കുക—ബൈബിൾവിദ്യാർഥികൾ, കുടുംബാംഗങ്ങൾ, സഹജോലിക്കാർ എന്നിവരോട്.
• പൊതുവായ പേരുകൾ കണ്ടെത്താൻ ടെലിഫോൺ ഡയറക്റ്ററി ഉപയോഗിക്കുക. പേരുകൾ മേൽവിലാസത്തിനനുസരിച്ച് ക്രമീകരിച്ചിരിക്കുന്ന ഒരു ഡയറക്റ്ററി ഇന്റർനെറ്റിൽനിന്നോ ടെലിഫോൺ കമ്പനിയിൽനിന്നോ ലഭ്യമായേക്കാം.
• വായനശാല, സർക്കാർ ഓഫീസുകൾ, കോളേജുകൾ എന്നിങ്ങനെ പൊതുസേവനങ്ങൾ ലഭ്യമാക്കുന്ന സ്ഥലങ്ങളിൽ വിവേചനയോടെ അന്വേഷിക്കുക.
• ഭാഷാസമൂഹങ്ങൾ ക്രമീകരിക്കുന്ന പൊതുപരിപാടികൾ സംബന്ധിച്ച അറിയിപ്പുകൾക്കായി ദിനപത്രം പരിശോധിക്കുക.
• അന്യഭാഷക്കാർക്കു സേവനങ്ങൾ ലഭ്യമാക്കുന്ന കടകൾ, ബിസിനെസ്സ് സ്ഥാപനങ്ങൾ എന്നിവ സന്ദർശിക്കുക.
• അന്യഭാഷക്കാരെ കാണാറുള്ള ബിസിനെസ്സ് സ്ഥാപനങ്ങളിലും സർവകലാശാലാ വിദ്യാർഥികേന്ദ്രങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും അധികാരികളുടെ സമ്മതത്തോടെ സാഹിത്യം പ്രദർശിപ്പിക്കുക.
[7-ാം പേജിലെ ചതുരം]
അന്വേഷണവേലയിൽ പറയേണ്ടത്
സൗഹാർദപരമായ തുറന്ന സമീപനം ആളുകളുടെ സംശയം ദൂരികരിക്കും. അന്യഭാഷയിലുള്ള സാഹിത്യം ആദ്യമേ കാണിക്കുന്നത് സഹായകമായിരിക്കും.
അഭിവാദനത്തിനു ശേഷം നിങ്ങൾക്ക് ഇങ്ങനെ പറയാം: “ഞങ്ങൾ ______ ഭാഷ സംസാരിക്കുന്നവരെ അന്വേഷിക്കുകയാണ്. അങ്ങനെയുള്ള ആരെയെങ്കിലും നിങ്ങൾക്ക് അറിയാമോ?”
ബധിരരെ അന്വേഷിക്കുമ്പോൾ നിങ്ങൾക്ക് ഈ രീതി അവലംബിക്കാം: “ഹലോ. ഞാൻ നിങ്ങളെ ഒരു സംഗതി കാണിക്കട്ടേ? (കൊണ്ടുനടക്കാവുന്ന വീഡിയോ ഉപയോഗിച്ചുകൊണ്ട് ഡി.വി.ഡി.-യിലുള്ള പുതിയ ലോക ഭാഷാന്തരത്തിൽനിന്ന് ഒരു വാക്യം കാണിക്കുക.) ഇത് അമേരിക്കൻ ആംഗ്യഭാഷയിലുള്ള ബൈബിളിന്റെ ഒരു ഭാഗമാണ്. ഈ ബൈബിൾ കൂടാതെ സൗജന്യമായി ബധിരരുടെ ആത്മീയാവശ്യങ്ങൾ നിവർത്തിക്കാനുതകുന്ന അനേകം വീഡിയോകൾ ഞങ്ങളുടെ പക്കലുണ്ട്. ആംഗ്യഭാഷ ഉപയോഗിക്കുന്ന ബധിരരെയോ കേൾക്കാൻ പ്രയാസമുള്ള ആരെയെങ്കിലുമോ നിങ്ങൾക്ക് അറിയാമോ?” വീട്ടുകാരന് ആരെയും ഓർക്കാൻ കഴിയുന്നില്ലെങ്കിൽ, അദ്ദേഹം ബധിരരെ കണ്ടിരിക്കാനിടയുള്ള സ്ഥലങ്ങളെക്കുറിച്ച് (ഉദാഹരണത്തിന് ജോലിസ്ഥലം, സ്കൂൾ, സമീപപ്രദേശം) പറയുന്നത് പലപ്പോഴും നന്നായിരിക്കും.